ടെക്നോപാർക്കിനടുത്തായി 4.8 സെന്റ് ആണ് ജയകൃഷ്ണനും ശിൽപയും വാങ്ങിയത്. രണ്ട് വശത്തും ചെറിയ റോഡുകൾ വരുന്ന പ്ലോട്ട്. വീട്ടുകാരുടെ ആഗ്രഹം പോലെ രണ്ട് കാറുകൾ പാർക്ക് ചെയ്യുക എന്നതായിരുന്നു ആർക്കിടെക്ട് രോഹിത്ത് നേരിട്ട വെല്ലുവിളി.
പോർച്ചിന് മുകളിലായി കാന്റിലിവർ ചെയ്ത് അതിൽ മാസ്റ്റർ ബെഡ്റൂം ഒരുക്കിയാണ് ആർക്കിടെക്ട് ഇൗ പ്രശ്നം പരിഹരിച്ചത്. രണ്ടു നിലകൾക്കിടയിലുള്ള മെസനിൻ ഫ്ലോറിലാണ് ഇൗ ഭാഗം. പോർച്ചിനു മുകളിലായി വരുന്നതുകൊണ്ട് പില്ലർ ഒന്നും ഇല്ലാത്ത പോർച്ചിൽ രണ്ട് കാറുകൾക്കുള്ള സ്ഥലം ലഭിച്ചു.
മാസ്റ്റർ ബെഡ്റൂമിന്റെ പുറത്തേക്കുള്ള ഭിത്തിയിലുള്ള, ഏകദേശം രണ്ട് ലക്ഷം രുപ വരുന്ന ഒറ്റപ്പീസ് ഗ്ലാസ്സ് ആണ് എക്സ്റ്റീരിയറിന്റെ ശ്രദ്ധാകേന്ദ്രം. പോരാത്തിന് ക്ലാഡിങ്ങും. മതിലിൽ ജാളി വർക്ക് കൊടുത്തു.
ജനലുകൾ ആണ് മറ്റൊരു ഹൈലൈറ്റ്. പുറത്തേക്ക് ചരിച്ചു തുറക്കാവുന്ന ജനലുകൾക്ക് ഒാരോ മുറിയിലും ഒാരോ ഡിസൈൻ ആണ്. പാളികളിൽ ചിലത് ഫിക്സഡും മറ്റു ചിലത് തുറക്കാവുന്ന രീതിയിലുമാണ്.
ലിവിങ് ചെറുതാണെങ്കിലും അവിടെനിന്ന് ഇറങ്ങിയിരിക്കാൻ പാകത്തിൽ ഒരു കോർട്യാർഡിനും ആർക്കിടെക്ട് ഇടം കൊടുത്തിട്ടുണ്ട്. അവിടത്തെ വെർട്ടിക്കൽ ഗാർഡൻ സ്വകാര്യത മാത്രമല്ല, പച്ചപ്പും പ്രദാനം ചെയ്യുന്നു.
വാസ്തുവനുസരിച്ച് ലിവിങ്ങിൽ നിന്ന് രണ്ട് പടികൾ കയറിയാണ് തുറസ്സായ ഡൈനിങ് കം കിച്ചൻ ഏരിയയിലേക്കെത്തുന്നത്. ഇവിടെ നിന്നാൽ വീട്ടുകാർ ആഗ്രഹിച്ച പോലെ എല്ലായിടത്തേക്കും നോട്ടം കിട്ടും.
കിച്ചനും ഡൈനിങ്ങിനും ഇടയ്ക്ക് ബ്രേക്ഫാസ്റ്റ് കൗണ്ടർ മാത്രമേ മറയായുള്ളൂ. ‘ടെക്കി’കൾ ആയതിനാൽ ഒരു കിച്ചൻ മാത്രമായി ചുരുക്കി എന്നത് വീട്ടുകാർ ബുദ്ധിപൂർവം ചെയ്ത കാര്യമാണ്. അത്യാവശ്യം കാര്യങ്ങൾക്കു മാത്രമേ പുറത്തേക്കു നീട്ടിയെടുത്ത വർക്ഏരിയ ഉപയോഗിക്കാറുള്ളൂ.
താഴെ ഒരു ബെഡ്റൂമിന് മാത്രമാണ് സ്ഥലം. സെൻട്രലൈസ്ഡ് എസി യൂണിറ്റ് ഡൈനിങ്ങിന്റെ സീലിങ്ങിലാണ് കൊടുത്തിരിക്കുന്നത്. ഡൈനിങ്ങിൽ നിന്ന് തുടങ്ങുന്ന ഗോവണി വീടിന്റെ പല ലെവലുകളെ ബന്ധിപ്പിക്കുന്ന ഘടകമാണ്. ഗോവണിയുടെ മുകളിൽ സ്കൈലൈറ്റ് ഒാപ്പനിങ് കൊടുത്തതിനാൽ ഗോവണിയിലൂടെ വീടിനകം മുഴുവൻ പ്രകാശപൂരിതമാകുന്നു.
മുകളിലെ നിലയിലെ ഒരു ബെഡ്റും കിടുക്കാച്ചി ഹോംതിയറ്ററാക്കി രൂപാന്തരം ചെയ്തിട്ടുണ്ട്. പൂജാ ഏരിയയും മുകളിലാണ്. അവിടെ നിന്ന് ടെറസിലേക്ക് വീണ്ടും കയറുമ്പോൾ ഇടയ്ക്കുള്ള ലെവലിൽ ബാൽക്കണിയെന്ന സർപ്രൈസ്. കൃത്രിമപ്പുല്ല് വിരിച്ച ഇവിടം സായാഹ്നവേളകൾക്ക് ഏറെ ചേരും.
ഏറ്റവും മുകളിലെ ടെറസ് പോലും വീടിന്റെ ഭാഗമായി തുടരുന്നു. വാഷിങ്മെഷീനും തുണി വിരിച്ചിടുന്നതുമെല്ലാമായി ഇവിടവും വളരെ ആക്ടീവ് ആണ്. പല ലെവലുകളിലായി ഇടങ്ങൾ ക്രമീകരിച്ചതുകൊണ്ട് പടികൾ കയറുന്നത് ആയാസമായി തോന്നുകയേയില്ല.
സെന്റ് ആൻഡ്രൂസ് കടൽത്തീരത്തുനിന്ന് വീശുന്ന തണുത്ത കാറ്റ് ബാൽക്കണിയിലും ടെറസിലുമൊക്കെ പകൽസമയത്തുപോലും തത്തിക്കളിച്ചുകൊണ്ടിരിക്കുന്നു.
ചിത്രങ്ങൾ: സ്റ്റുഡിയോ ഇക്ഷ
PROJECT FACTS
Area: 2650 sqft Owner: ജയകൃഷ്ണൻ & ശിൽപ Location: കണിയാപുരം, തിരുവനന്തപുരം Design: ആർആർ ആർക്കിടെക്ട്സ്, തിരുവനന്തപുരം rrarchitects2015@gmail.com