നല്ലതുപോലെ വായൂസഞ്ചാരം വേണം; പക്ഷേ, എപ്പോഴും ജനൽ തുറന്നിടുക പ്രായോഗികമല്ല. ഇതിനു ഡിസൈനർ കണ്ട പ്രതിവിധിയാണ് അടൂരിലെ ‘പത്മശ്രീ’ വീടിന്റെ ഹൈലൈറ്റ്. എന്താണാ പ്രിതിവിധി എന്ന ചോദ്യത്തിന് ‘പൂജാമുറി’ എന്നാണ് ഉത്തരം. പൂജാമുറി എന്നാൽ വെറുമൊരു പൂജാമുറിയല്ല; ഡബിൾഹൈറ്റിൽ ‘ചിമ്മിനി’ പോലെയാണ് പൂജാമുറിയുടെ ഘടന.
ചിമ്മിനിയിലൂടെ അടുപ്പിലെ പുക പുറത്തുപോകുന്നതു പോലെ വീടിനുള്ളിലെ ചൂടുവായു മുഴുവൻ ഇതുവഴി പുറത്തുപോകും. അതിനുള്ള സൗകര്യത്തിനായി വീടിന്റെ മേൽക്കൂരയേക്കാൾ മൂന്നടി ഉയരത്തിലാണ് പൂജാമുറിയുടെ മേൽക്കൂര നൽകിയത്.
മഴവെള്ളം അകത്തുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് പൂജാമുറിയുടെ മേൽക്കൂരയിൽ ഓപ്പനിങ്ങുകൾ ഒന്നും നൽകിയില്ല. പകരം, രണ്ട് വശങ്ങളിലായി ചുമരിൽ വെന്റിലേഷൻ നൽകി. ഇതുവഴി ചൂടുവായു പുറത്തുകടക്കും. വെയിലും മഴവെള്ളവും ഉള്ളിലെത്തുകയുമില്ല.
പൂജാമുറിയിലേക്ക് വായുപ്രവാഹം സാധ്യമാകുന്ന വിധത്തിലാണ് മറ്റ് മുറികളിലെ വാതിലുകളുടെയും ജനലുകളുടെയും സ്ഥാനം. വീടിനുള്ളിൽ എപ്പോഴും ‘പോസിറ്റീവ് എനർജി’ നിറഞ്ഞു നിൽക്കണം എന്നുള്ള വീട്ടുകാരുടെ ആഗ്രഹമാണ് ഇത്തരത്തിലൊരു സംവിധാനമൊരുക്കാൻ ഡിസൈനർ അശോക് ചുരുളിക്കലിനെ പ്രേരിപ്പിച്ചത്.
2885 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, വർക് ഏരിയ, രണ്ട് കിടപ്പുമുറി എന്നിവയാണ് പൂജാമുറി കൂടാതെ താഴത്തെ നിലയിലുള്ളത്.
രണ്ട് കിടപ്പുമുറി, ഫാമിലി ലിവിങ്, ഹോംതിയേറ്റർ എന്നിവ മുകൾനിലയിൽ വരുന്നു. ഇഷ്ടിക കൊണ്ടാണ് ചുമരു കെട്ടിയത്. ഇതും ചൂട് കുറയ്ക്കാൻ സഹായിച്ചു. 4 x2.75 അടി അളവിലുള്ള വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചാണ് ഫ്ലോറിങ്.
ഗ്രേ - വൈറ്റ് കളർ കോംബിനേഷനിലാണ് അടുക്കളയിലെ കാബിനറ്റ്. മറൈൻ പ്ലൈയിൽ ലാമിനേറ്റ് ഒട്ടിച്ചാണ് ഇതു നിർമിച്ചത്.
ജനലുകൾ അടച്ചിട്ടാലും അസ്വസ്ഥത തോന്നാത്ത അന്തരീക്ഷമുള്ള വീട് സ്വന്തമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാരായ രമേഷ് കുമാറും ഇന്ദുജയും.
വിസ്തീർണം: 2885 ചതുരശ്രയടി, സ്ഥലം: അടൂർ, ഡിസൈൻ: അശോക് ചുരുളിക്കൽ, കൺസൽറ്റന്റ് സിവിൽ എൻജിനീയർ, അശോക് അസോഷ്യേറ്റ്സ്, പന്തളം, ഫോൺ: 8547420526, ഇ മെയിൽ: ashokchurulickal@gmail.com