പതിനൊന്ന് മാസം, അല്ലെങ്കിൽ ഒരു കൊല്ലം... അങ്ങനെയൊരു കാലാവധി നിശ്ചയിച്ച ശേഷമാണ് മിക്കവരും വീടുപണി തുടങ്ങുക. തീരുമാനിച്ച സമയത്തിനുള്ളിൽ തീർക്കാനുള്ള തത്രപ്പാടിൽ പലപ്പോഴും വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ‘നിലാവ്’ എന്ന തിരുവനന്തപുരം കാര്യവട്ടത്തെ വീട് നിർമിക്കുമ്പോൾ അധ്യാപകനായ വിമൽ രാജും സർക്കാർ ഉദ്യോഗസ്ഥയായ പ്രഭയും ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ഒട്ടേറെ കടമ്പകൾ താണ്ടിയാണെങ്കിലും മോഹിച്ച വീടുതന്നെ അവർ സ്വന്തമാക്കി.

തടിയും ഓടും വെട്ടുകല്ലുമെല്ലാമുള്ള പരമ്പരാഗത കേരളീയ ശൈലിയോടായിരുന്നു വിമൽരാജിനും കുടുംബത്തിനും താൽപര്യം. പുറമെ കാണുമ്പോൾ ഒറ്റനിലയായി തോന്നുമെങ്കിലും ഇതൊരു ഇരുനില വീടാണ്. ചരിഞ്ഞു കിടക്കുന്ന പ്ലോട്ടാണ്. താഴെ ഹാളും കിടപ്പുമുറിയും അടുക്കളയുമടങ്ങിയ യൂണിറ്റ് പണിതു വാടകയ്ക്കു കൊടുക്കാം എന്ന ആശയം ആദ്യമേ ഉണ്ടായിരുന്നു. അതിനു മുകളിൽ പണിയുന്ന വീട് റോഡ് നിരപ്പിൽ വരികയും ചെയ്യും. ആദ്യം താഴെത്തെ നില പണിത് വാടകയ്ക്കു കൊടുത്തശേഷം സാവകാശമാണ് മുകളിൽ പണി തുടങ്ങിയത്.
കോട്ടയം പള്ളിക്കൂടം സ്കൂളിൽ അധ്യാപകനായ കാലത്ത് വിമൽ പഠിപ്പിച്ച നിഷ മേരി പൗലോസ്, കെ. ടി. ജോസഫ് എന്നീ ആർക്കിടെക്ടുമാരുടെ നിർലോഭമായ സഹായം വീടുപണി നിഷ്പ്രയാസമാക്കിയെന്ന് പറയാതെ വയ്യ.

വെട്ടുകല്ലുകൊണ്ടുവേണം വീട് എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, നല്ല കല്ല് കിട്ടാൻ വടക്കൻ കേരളത്തിൽ ചെല്ലണം. ചെലവ് കയ്യിൽ നിൽക്കില്ല. ഒടുവിൽ സിമന്റ് ഇഷ്ടികകൊണ്ട് സ്ട്രക്ചർ പൂർത്തിയാക്കുക എന്ന തീരുമാനത്തിലെത്തി. സ്ട്രക്ചർ പൂർത്തിയാകുന്നതു വരെ കോൺട്രാക്ട് കൊടുക്കുകയായിരുന്നു. ഫിനിഷിങ് സ്റ്റേജിലെ എല്ലാ പണികളും വീട്ടുകാർ നേരിട്ട് ചെയ്യിച്ചു.
തടിപ്പണിയാണ് ഫിനിഷിങ്ങിൽ ഏറ്റവും മുന്നിട്ടു നിന്നത്. പ്രധാനവാതിലുകൾ തേക്കുകൊണ്ടും മറ്റുള്ളവ ആഞ്ഞിലി കൊണ്ടും പണിതു. തൂണുകൾ മഹാഗണിയും. സ്വീകരണമുറിയും ഡൈനിങ്ങുമടങ്ങിയ കോമൺ ഏരിയയുടെ മുകളിൽ പഴയ വീടുകളിലേതുപോലെ തട്ട് ഇട്ടിട്ടുണ്ട്. അക്കേഷ്യയുടെ തടി കൊണ്ടാണ് തട്ടിന്റെ ഫ്രെയിം. പലകയ്ക്ക് ഹൈലം ഷീറ്റ് ഉപയോഗിച്ചു. തട്ടിന്റെ വിശദാംശങ്ങളെല്ലാം വരച്ചു വ്യക്തമാക്കിത്തന്നത് ആർക്കിടെക്ട് നിഷയാണ്. കോർട്‍യാർഡിന്റെ ഭിത്തിയിലെ തടി കൊണ്ടുള്ള ക്ലാഡിങ് പഴയ അറയുടെ പ്രതീതിയുണർത്താനാണ്.

ആത്തംകുടി ടൈലാണ് കോമൺ ഏരിയയിലും കിടപ്പുമുറികളിലുമെല്ലാം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് തവണ ചെട്ടിനാട് പോയാണ് ടൈലും പംപ്കിൻലാംപ് ഉൾപ്പെടെ അകത്തള അലങ്കാരത്തിനുവേണ്ട പല സാധനങ്ങളും തിരഞ്ഞെടുത്തത്. തൂണുകൾ നേരത്തേ ഉണ്ടാക്കിയിരുന്നു. അല്ലെങ്കിൽ അതും അവിടെനിന്നു വാങ്ങാമായിരുന്നു. ആത്തംകുടി ടൈൽ വിരിക്കാൻ അവിടെ നിന്നുള്ള ആളുകൾ വരാമെന്നാണ് തീരുമാനിച്ചതെങ്കിലും കോവിഡ് ലോക്ഡൗൺ എല്ലാം തകിടംമറിച്ചു. കുറച്ചുനാൾ കാത്തിരുന്നു ഫലമില്ലാതായപ്പോൾ നാടൻ പണിക്കാരെ യൂട്യൂബ് വീഡിയോ കാണിച്ചു പഠിപ്പിച്ചു.
ജനലിന്റെയും വാതിലിന്റെയും ഡിസൈൻ ആർക്കിടെക്ട് നിഷ നൽകിയതാണ്. ജനലിൽ പച്ചയും ഗോൾഡൻ മഞ്ഞയും ഫ്ലോറ ഗ്ലാസ് നൽകി കേരളത്തനിമ വരുത്തി. തിരുവനന്തപുരം ചാല മാർക്കറ്റിൽ ലഭ്യമായ ഏറ്റവും അവസാനത്തെ കഷണം ഫ്ലോറ ഗ്ലാസ് കൂടി വാങ്ങിയിട്ടും സിറ്റ്ഔട്ടിലേക്കു തികഞ്ഞില്ല. ഒടുവിൽ ഫൈബർ കളർ ഗ്ലാസ് വാങ്ങി വയ്ക്കേണ്ടിവന്നു.

വെട്ടുകല്ലിനോടുള്ള ആരാധന മൂത്ത് ക്ലാഡിങ് ചെയ്തു. എക്സ്റ്റീരിയറിൽ ഒന്നാംനിലയ്ക്കു മുകളിലും അകത്ത് അടുക്കളയുടെ ഭിത്തിയിലും ക്ലാഡിങ് ഉണ്ട്. ചതുരശ്രയടിക്ക് 120 രൂപയായി ക്ലാഡിങ്ങിന്.
പരമ്പരാഗതശൈലിയിലുള്ള വീടായതിനാൽ മുകളിൽ എന്തായാലും ഓടിടേണ്ടിവരും. രണ്ട് തട്ടായി മേൽക്കൂര നിർമിച്ചാൽ ഭംഗി കൂടുകയും ചെയ്യും. മുകളിലെ സ്ഥലം തുണി കഴുകിയിടാനും അത്യാവശ്യമില്ലാത്ത സാധനങ്ങൾ സൂക്ഷിക്കാനും പ്രയോജനപ്പെടുത്തി.