രണ്ട് സെന്റിലെ സ്വന്തം വീട് പുതുക്കിപ്പണിത എൻജിനീയർ എസ്. എ. നിയാസിന്റെ അനുഭവങ്ങൾ- ’’തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്താണ് മണക്കാട്. ഒരു തുണ്ടു ഭൂമിക്കുപോലും പൊന്നിൻവില! ഒട്ടേറെ അസൗകര്യങ്ങളുണ്ടായിരുന്ന ഇരുനില വീട് പുതുക്കിപ്പണിതാൽ മതി എന്ന തീരുമാനമെടുക്കാൻ ഈ സ്ഥലത്തോടുള്ള മമത കാരണമായി. പിറകിലേക്ക് വരുമ്പോൾ വീതി കുറഞ്ഞ രണ്ട് സെന്റിലാണ് വീട്. പ്രധാന റോഡ് കൂടാതെ, വീടിനോടു ചേർന്നുതന്നെ വീതി കുറഞ്ഞ ഇടവഴിയുമുണ്ട്. പ്ലോട്ടിന്റെ വലുപ്പക്കുറവും ഇരുവശത്തെയും റോഡുകളുമെല്ലാം കാരണം പഴയ വീടിന് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു. കൂടാതെ പഴക്കം ചെന്ന ഡിസൈനും സ്ട്രക്ചറൽ പ്രശ്നങ്ങളുമെല്ലാം വീട് താമസയോഗ്യമല്ലാതെയാക്കി.

പുതുക്കിപ്പണിയാം എന്ന് തീരുമാനിച്ചപ്പോൾ ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടിവന്നു. നിർമാണസാമഗ്രികൾ എവിടെ ഇറക്കും എന്നത് വലിയൊരു പ്രശ്നമായിരുന്നു. അന്നന്നത്തെ പണിക്കുള്ള സാധനങ്ങൾ മാത്രമേ വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. സാധനങ്ങൾ രാത്രി ഇറക്കി പെട്ടെന്നു തന്നെ വീടിനകത്തേക്കു മാറ്റുകയാണ് ചെയ്തത്. തടിപ്പണി പോലെ ചിലത് പണി തീർത്ത് സൈറ്റിലേക്ക് എത്തിക്കാൻ സാധിച്ചു.

പഴയ വീട്ടിൽ പോർച്ചിനു സ്ഥലമില്ലായിരുന്നു. പുതുക്കിപ്പണിതപ്പോൾ കോർണറിൽ ഗെയ്റ്റ് വച്ച് രണ്ടു വശത്തു നിന്നും തുറക്കാൻ സൗകര്യം ചെയ്തു. അങ്ങനെ ഒരു കാർ പാർക് ചെയ്യാൻ ഇടം കിട്ടി. നല്ലൊരു ഡിസൈൻ എക്സ്റ്റീരിയറിനു നൽകിയതോടെ വീട് അടിമുടി മാറി. മുകളിലെ ബാൽക്കണിയിലെ ഇരിപ്പിടം മാറ്റിയില്ലെങ്കിലും ഡിസൈനിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. ടെറസിൽ ഒരു മുറി കൂടിയെടുത്തതും എക്സ്റ്റീരിയർ കൂടുതൽ ആകർഷകമാകാൻ കാരണമായി. മുകളിലെ ഈ മുറി ഭാവിയിൽ ഓഫിസ് ആക്കിമാറ്റാം.
മുറികളെല്ലാം ഒന്നിനു പിറകേ ഒന്നായി ക്രമീകരിച്ചായിരുന്നു പഴയ പ്ലാൻ. ബലപ്പെടുത്തുകയല്ലാതെ ആ സ്ട്രക്‌ചറിൽ വലിയ മാറ്റമൊന്നും വരുത്താൻ സാധിക്കില്ലായിരുന്നു. എങ്കിലും താഴെ ഒരു ചെറിയ കിടപ്പുമുറി കൂട്ടിച്ചേർത്തു. ഈ മുറിയുടെ പ്രാധാന്യം മനസ്സിലായത് അമ്മയ്ക്ക് ഒരു സർജറി വേണ്ടിവന്നപ്പോഴാണ്.
ഇപ്പോഴത്തെ സ്വീകരണമുറി മുൻപ് കിടപ്പുമുറിയായിരുന്നു. പഴയ ലിവിങ് ആൻഡ് ഡൈനിങ് ഇപ്പോൾ ഡൈനിങ് ഏരിയ മാത്രമായി മാറി. ഗോവണിയോടു ചേർന്ന ഭിത്തി പിറകിലെ വീട്ടുകാരുടെ അനുവാദത്തോടെ മതിലിനോടു ചേർത്താണ് പണിതത്. അതുകൊണ്ടുതന്നെ ആ ഭിത്തിയിൽ ജനാലകൾ കൊടുക്കാനാവില്ല.

ഫ്ലോറിങ്, പെയിന്റിങ്, ഇലക്ട്രിക്കൽ സാനിറ്ററി ഫിറ്റിങ്ങുകൾ ഇവയെല്ലാം പൂർണമായി മാറ്റി. വെള്ളയിൽ കറുത്ത ഡിസൈനോടു കൂടിയ ടൈൽ വിരിച്ചത് അകത്തളത്തിന് നവോന്മേഷമേകി. മുൻപ് ഇരുണ്ട നിറങ്ങളായിരുന്നു അകത്തളത്തിൽ. വെളുത്ത പെയിന്റ് നൽകിയതോടെ കൂടുതൽ തെളിച്ചമുള്ളതായി മുറികളെല്ലാം.
കടലിനോടു ചേർന്ന സ്ഥലമായതിനാൽ നല്ല കാറ്റാണ് എപ്പോഴും. ജനാലകൾ തുറന്നിട്ടാൽ ഏതു വേനലിലും ചൂടില്ല. കനത്ത മഴയിൽ വെള്ളം ഭൂമിയിലേക്കിറങ്ങാൻ എളുപ്പമല്ല എന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈ മണ്ണിൽ ഞങ്ങൾ സ്വർഗം കാണുന്നു.’’
ഡിസൈൻ: ഹാംബ്രിക് ബിൽഡേഴ്സ് ആൻഡ് ഡിസൈനേഴ്സ്, മണക്കാട്, തിരുവനന്തപുരം
ഈ വീടിന്റെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും ഏപ്രിൽ ലക്കം വനിത വീടിലുണ്ട്.