Thursday 19 March 2020 03:02 PM IST

3 പെണ്ണുങ്ങൾ ഒന്നിച്ചപ്പോൾ മിന്നിയ ഐഡിയ; ഹോം ഡെക്കർ ബിസിനസിലൂടെ മാസം നേടുന്നത് 80,000 രൂപ വരെ

Sunitha Nair

Sr. Subeditor, Vanitha veedu

home-decor

ദു‍ബായിലെ ജോലി വിട്ട് അ‍ഞ്ജു മാത്യു നാട്ടിലെത്തുന്നത് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. ബന്ധുക്കളായ ഷാരൺ തോമസും സ്വപ്നയും ആ സ്വപ്നത്തിന് പിന്തുണയുമായി എത്തിയതോടെ ‘ദ് പെർഫെക്ട് പീസി’ന് തുടക്കമായി. വേറിട്ട ചില ഹോം ഡെക്കർ ഉൽപന്നങ്ങളാണ് ഇവരുടെ ബിസിനസ് െഎഡിയ.അതിൽ പ്രധാനം ജയ്പൂരിൽ നിന്നുള്ള ടൈൽ കൊണ്ടുള്ള കണ്ണാടി, കീ ഹോൾഡർ, വോൾ ഹാങ്ങിങ്, പ്ലാറ്റർ എന്നിവയാണ്. തേക്ക്, മഹാഗണി എന്നീ തടികൾ കൊണ്ടാണ് ഫ്രെയിം.

home-d

ടൈൽ ഉൽപന്നങ്ങളോടൊപ്പം ലാംപുകളും പ്ലാന്ററുകളുമുണ്ട്. ഡ്രിഫ്റ്റ്‌വുഡും തേക്കും കൊണ്ടാണ് ലാംപിന്റെ സ്റ്റാൻഡുകൾ; ഷേഡിന് ഫാബ്രിക്കും. കുളവാഴ കൊണ്ടുള്ള പ്ലാന്ററുകൾ, തഴപ്പായ കൊണ്ടുള്ള ടേബിൾ മാറ്റ്, റണ്ണറുകൾ എന്നിവയും ജനപ്രീതി നേടിയ ഉൽപന്നങ്ങളാണ്. കർണാടകയിലും നാട്ടിലുമുള്ള എൻജിഒകൾക്ക് ഡിസൈൻ പറഞ്ഞു കൊടുത്താണ് ഇവ ചെയ്യിക്കുന്നത്. എക്സിബിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് വിൽപന. ആവശ്യമനുസരിച്ച് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നു. സ്വന്തം വീട് അലങ്കരിക്കാൻ മാത്രമല്ല സമ്മാനം നൽകാനായും ഇവ വാങ്ങുന്നവരുണ്ട്. ഹാൻഡിക്രാഫ്റ്റ് ഉൽപന്നങ്ങൾ ആണെന്നതാണ് ഇവയുടെ പ്രത്യേകത.

hd-5

250 രൂപ മുതലാണ് ഉൽപന്നങ്ങളുടെ വില. പ്ലാന്ററുകൾ 550 രൂപ മുതൽ ലഭിക്കും. ലാംപുകൾ 4,000 രൂപ മുതലും, ട്രേയും പ്ലാറ്ററും 1,800 രൂപ മുതലും വോൾ ഹാങ്ങിങ് 850 രൂപ മുതലും കീഹോൾഡർ 650 രൂപയ്ക്കും ലഭിക്കും.

hd-4

‘‘ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ പുതിയ ആശയങ്ങൾ മുളപൊട്ടി വരും. ഇപ്പോൾ സമൂഹമാധ്യമങ്ങൾ സജീവമായതിനാൽ എവിടെ നിന്നും സാധനങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. ജയ്പൂരിൽനിന്നും കർണാടകയിൽനിന്നുമൊക്കെ ആളുകളെ കണ്ടെത്തിയത് അങ്ങനെയാണ്. പുതിയ ആശയങ്ങളും അതിനുള്ള സാമഗ്രികളും തൊഴിലാളികളുമൊക്കെ നമുക്കു ചുറ്റും തന്നെയുണ്ട്. കണ്ടെത്തുകയേ വേണ്ടൂ. ആറ് മാസം കൂടുമ്പോൾ പുതുമയുള്ള എന്തെങ്കിലും അവതരിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട്,’’ അഞ്ജുവും ഷാരണും പറയുന്നു.

hd-3

നിലവിലുള്ള ഇന്റീരിയറിനെ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് ഭംഗിയാക്കിക്കൊടുക്കുന്ന ഹോം സ്റ്റൈലിങ്ങിലേക്കും ഇവർ കാലെടുത്തുവച്ചുകഴിഞ്ഞു.  

hd-6

e-mail:theperfectpiecein@gmail.com

hd-2
hd1

Mob:9946810350