മഴക്കാലമായാൽ പലർക്കും തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ് ചോർച്ച. പഴക്കം ചെന്ന വീടുകളിൽ ചോർച്ചയ്ക്കു സാധ്യത കൂടും. ഇത്തരം പ്രശ്നങ്ങൾ വാട്ടർ പ്രൂഫിങ്ങിലൂടെ പൂർണമായി മാറ്റാൻ പറ്റും. എവിടെ, എന്തുകൊണ്ട് ചോർച്ച വന്നു എന്നത് ആദ്യം കണ്ടെത്തണം. വിള്ളൽ ആണ് കാരണമെങ്കിൽ അത് ഉണ്ടാകാൻ കാരണമെന്താണ്? തറ ഇരുന്നുപോയിട്ടുണ്ടോ? കമ്പിക്ക് തുരുമ്പ് ഉണ്ടായിട്ടുണ്ടോ? കമ്പിക്കു ചുറ്റും വേണ്ടവിധത്തിൽ കവറിങ് ഇല്ലേ? തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തണം.
സീലിങ്ങിൽ നനവ് കാണുന്നിടത്ത് ടെറസിൽ വിള്ളലോ പൊട്ടലോ ഉണ്ടോ എന്ന് പരിശോധിക്കണം. വിള്ളൽ വലുതാണെങ്കിൽ അരികുകൾ രാകി വൃത്തിയാക്കിയ ശേഷം വേണം ക്രാക്ക് ഫില്ലർ വച്ച് അടയ്ക്കാൻ. ഹെയർലൈൻ വിള്ളലുകൾ വൃത്തിയാക്കി ക്രാക്ക് ഫില്ലർ തേച്ച് അടച്ചാൽ മതി. ഗുരുതരമായ വിള്ളലുകൾ ഉണ്ടെങ്കിൽ പഴയ പ്ലാസ്റ്റർ പൊട്ടിച്ചുകളഞ്ഞ് വീണ്ടും പ്ലാസ്റ്റർ ചെയ്യേണ്ടിവരും.
വീണ്ടും പ്ലാസ്റ്റർ ചെയ്യേണ്ടിവന്നാൽ, പുതിയ വീടുകളിൽ ചെയ്യുന്നതുപോലെ പ്ലാസ്റ്ററിങ്ങിനൊപ്പവും വാട്ടർ പ്രൂഫിങ് ഏജന്റ് ചേർക്കാം. ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് എന്ന ഈ സംവിധാനം ചെറിയ വിള്ളലുകൾ ഉണ്ടാകുന്നതു തടയാൻ സഹായിക്കും. പ്ലാസ്റ്ററിങ്ങിനു മുകളിൽ പ്രൈമർ അടിച്ച് ഒരു കോട്ട് വാട്ടർ പ്രൂഫിങ് ഏജന്റ് കൂടി ചേർക്കുന്നത് വെള്ളം ഒട്ടും അകത്തേക്കിറങ്ങാതിരിക്കാൻ സഹായിക്കും. ചെറിയ ചോർച്ചകൾക്ക് ഫില്ലർ വച്ച് അടച്ച ശേഷം പ്രൈമർ അടിച്ച് മുകളിൽ വാട്ടർ പ്രൂഫിങ് ഏജന്റ് അടിച്ചാൽ മതി. ചതുരശ്രയടിക്ക് 20 രൂപയിൽ താഴെയേ ഇതിനു ചെലവു വരൂ.
വിവരങ്ങൾക്കു കടപ്പാട്: ഇ.വി. ചിത്ര, എൻജിനീയർ, കോഴിക്കോട്