Thursday 20 December 2018 04:51 PM IST : By സ്വന്തം ലേഖകൻ

ഗാബിയൻ ആർച്ചിന്റെ രാജകീയഭാവം; സ്വാദേകും ഡിസൈനിൽ ‘ദി അവ്ൻ’ റസ്റ്ററന്റ്

acn-1 ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലുള്ള ‘ദി അവ്ൻ’ റസ്റ്ററന്റ് മികച്ച ഹോസ്പിറ്റാലിറ്റി പ്രോജക്ടിനുള്ള പുരസ്കാരവും സ്വന്തമാക്കി.

പഞ്ചാബിൽ നിന്നും ലാഹോറിൽ നിന്നുമുള്ള കൊതിയൂറും വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ, തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റിനരികിൽ 240 സ്ക്വയർഫീറ്റ് മാത്രം വലുപ്പമുള്ളൊരു കെട്ടിടം, പിന്നെ അങ്ങേയറ്റം ആവേശവും ചുറുചുറുക്കുമുള്ള ഉടമസ്ഥനും. ഇത്രയുമായിരുന്നു ഞങ്ങളുടെ റസ്റ്ററന്റ് പ്രോജക്ടിന്റെ ചേരുവകൾ.

‘തന്തൂർ’ എന്ന ആശയത്തിൽ നിന്നാണ് അക്ഷരാർഥത്തിൽ ഡിസൈൻ രൂപപ്പെട്ടത് എന്നു പറയാം. കട്ട വിരിച്ച തറയും അവിടെനിന്നുയർന്നു വരുന്ന ‘ഗാബിയൻ ഭിത്തി’യും (Gabion Wall) എല്ലാം തന്തൂർ അടുപ്പിൽ നിന്ന് പാകപ്പെട്ടു വന്നതാണ്.

കോൺക്രീറ്റിങ്ങിനുപയോഗിക്കുന്ന ഇരുമ്പ് കമ്പികൊണ്ടുള്ള ആർച്ചിനുള്ളിൽ കളിമൺ പാത്രങ്ങളും കുപ്പികളും നിറച്ചുണ്ടാക്കിയ ഗാബിയൻ ഭിത്തി തന്നെയാണ് ഈ പ്രോജക്ടിന്റെ ഹൈലൈറ്റ്. ഭക്ഷണം പാകം ചെയ്യുന്ന കിച്ചൻ ഏരിയയെയും റസ്റ്ററന്റിന്റെ ഡൈനിങ് ഏരിയയെയും തമ്മിൽ വേർതിരിക്കുന്നത് ഈ ഭിത്തിയാണ്. സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ നല്ലൊരു പരിധി വരെ മറികടക്കുകയും ഷെഫിനും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കും ഇടയിൽ മതിൽക്കെട്ടില്ലെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു, ദി അവ്ൻ. മൂന്ന് ഗാബിയൻ ആർച്ചുകളാണ് റസ്റ്ററന്റിനുള്ളിൽ ഉള്ളത്. ആകെയുള്ള 240 ചതുരശ്രയടി സ്ഥലത്തെ കിച്ചൻ സ്പേസ്, ടേക്ക് എവേ കൗണ്ടർ, ഡൈനിങ് ഏരിയ എന്നിങ്ങനെ വിഭജിക്കുന്നതിനൊപ്പം എല്ലാത്തിനെയും കൂട്ടിയിണക്കുകയും ചെയ്യുന്ന ‘ഇരട്ടദൗത്യം’ ആണ് ഗാബിയൻ ഭിത്തി നിർവഹിക്കുന്നത്.

avn

‘ദി അവ്ൻ’ (The Oven) എന്നാണ് ഈ റസ്റ്ററന്റിനിട്ടിരിക്കുന്ന പേര്. തീർത്തും സുതാര്യമായ (Transparent) രീതിയിലാണ് അവ്ന്റെ മുൻഭാഗം. ഇവിടെ ഭിത്തി പൂർണമായി ഒഴിവാക്കി ഗ്ലാസ് പാർട്ടീഷൻ നൽകി. റോ‍ഡിലൂടെ പോകുന്നവരുടെ ശ്രദ്ധ പെട്ടന്നുതന്നെ പിടിച്ചുപറ്റാൻ ഇതു സഹായിക്കും. റോ‍‍ഡിൽ നിന്നുതന്നെ കണ്ണിൽപ്പെടുന്ന ഗാബിയൻ ഭിത്തിയും കറുപ്പ് നിറത്തിലുള്ള ചുമരുകളുമെല്ലാം ഒറ്റനോട്ടത്തിൽതന്നെ കൗതുകം ജനിപ്പിക്കും.

റസ്റ്റിക് ഫിനിഷിലാണ് ഇന്റീരിയർ. ചുമരു മാത്രമല്ല, സീലിങ്ങും കറുപ്പു നിറത്തിലാണ്. എക്സ്പോസ്ഡ് കോൺക്രീറ്റ് ലൈറ്റ് ഫിക്സ്ചറുകൾ ഒരുക്കുന്ന നാടകീയത നിറഞ്ഞ വെളിച്ചവിതാനം തനിമയാർന്നൊരു വ്യക്തിത്വം ഇന്റീരിയറിന് നൽകുന്നു. ചെറിയ സ്ഥലമാണെങ്കിലും, ആർഭാടം ഒട്ടുമില്ലെങ്കിലും ഇവിടം നിങ്ങളുടെ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിക്കും. തീർച്ച.

avn-3 ആതിരയും ഭൈരവും പുരസ്കാരവുമായി