നഗരത്തിൽ എന്തെല്ലാം സൗകര്യങ്ങളാണ് നമ്മുടെ യുവജനത പ്രതീക്ഷിക്കുന്നത്? അവർ മറ്റ് നഗരങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നത് ഇവിടം സംതൃപ്തി നൽകാത്തതുകൊണ്ടാണോ? ഗൗരവമേറിയതും കാലികപ്രസക്തിയുള്ളതുമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലായി ആലുവ കെഎംഇഎ കോളജ് ഓഫ് ആർക്കിടെക്ചർ വിദ്യാർഥികൾ നടത്തിയ ‘പീപ്പിൾ പ്ലാനിങ് ക്യാംപെയ്ൻ’. നിലവിൽ നടപ്പിലാക്കുന്ന നഗരവികസന പദ്ധതികളും ഉപഭോക്താക്കളായ പൊതുജനങ്ങളുടെ പ്രതീക്ഷകളും തമ്മിലുള്ള അന്തരം മനസ്സിലാക്കുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. ജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ അഭിപ്രായം അറിയാനായുള്ള സർവേ, നഗരമാതൃകകളുടെ പ്രദർശനം, അർബൻ ഡിസൈൻ പബ്ലിക് എക്സിബിഷൻ എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ് ആയി കൊച്ചി മാറുമ്പോൾ എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടാകണം എന്നതായിരുന്നു സർവേയിലെ മുഖ്യ അന്വേഷണം. അങ്കമാലി, കളമശേരി, ആലുവ മേഖലകൾ കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്. കുസാറ്റ് മെട്രോ സ്റ്റേഷൻ, മറൈൻഡ്രൈവ് വാട്ടർമെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. കെഎംഇഎ കോളജ് ഓഫ് ആർക്കിടെക്ചറിലെ എൺപതോളം വിദ്യാർഥികൾ സർവേയ്ക്ക് നേതൃത്വം നൽകി.
മുഖച്ഛായ മാറണം- നഗരത്തിന്റെ മുഖച്ഛായ മാറണം എന്നായിരുന്നു സർവേയിൽ പങ്കെടുത്ത ഭൂരിഭാഗത്തിന്റെയും ആവശ്യം. വിദേശത്തെ പ്രമുഖ സർവകലാശാലകളുടെ മാതൃകയിൽ ‘നോളജ് സിറ്റി’യായി കളമശ്ശേരി മാറണം എന്നായിരുന്നു ഏറ്റവും അധികം ഉയർന്ന ആവശ്യം. പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്കെല്ലാമുള്ള സൗകര്യങ്ങൾ ഇവിടെ വേണം. താമസസൗകര്യമാണ് ഏറ്റവുമധികം പേർ ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം. നോളജ് സിറ്റിക്കുള്ളിൽ തന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും താമസിക്കാനുള്ള പലതരം കേന്ദ്രങ്ങൾ ഉണ്ടാകണം. പകൽ മാത്രമല്ല, രാത്രിയിലും ക്ലാസ് നടത്താനും യാത്ര ചെയ്യാനുമെല്ലാമുള്ള സൗകര്യം വേണം. രാത്രിയിൽ തെരുവ് വിളക്കുകൾ കത്താത്തതും നായ്ക്കൾ വിഹരിക്കുന്നതുമായ ഇപ്പോഴത്തെ അവസ്ഥ മാറിയേതീരൂ എന്നായിരുന്നു ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യം.
സുസ്ഥിരജീവിതശൈലി പ്രോൽസാഹിപ്പിക്കും വിധം കാർബൺ ന്യൂട്രൽ ക്യാംപസാകണം നോളജ് സിറ്റിയിലേത് എന്ന പ്രതീക്ഷ പങ്കുവച്ചവരും ഏറെയാണ്. റോഡിനോട് ചേർന്ന് സൈക്കിൾ ട്രാക്കുകൾ, ക്യാംപസിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിച്ചുള്ള പൊതുഗതാഗത സൗകര്യങ്ങൾ, സൗരോർജം പ്രയോജനപ്പെടുത്തൽ എന്നിവ നിർബന്ധമായും ഉണ്ടാകണം എന്നായിരുന്നു ഇവരുടെ ആവശ്യം.
സ്ത്രീകൾക്ക് പ്രത്യേക പരിഗണന- വിദ്യാർഥികളെ എന്നപോലെ വിവാഹിതരായ സ്ത്രീകളെയും പരിഗണിക്കുന്ന രീതിയിലാകണം നോളജ് സിറ്റിയുടെ ഡിസൈൻ എന്നായിരുന്നു സർവേയിൽ പങ്കെടുത്ത വനിതകളുടെ ആവശ്യം. ചെറുപ്പക്കാർ മാത്രമല്ല, പല പ്രായത്തിലുള്ള സ്ത്രീകൾ പഠനത്തിനും ഗവേഷണത്തിനുമായി എത്തുമ്പോൾ അവർക്കാവശ്യമായ സൗകര്യങ്ങളും ഉണ്ടാകണം. കുട്ടികൾക്കായുള്ള ഡേ കെയർ, വ്യായാമ കേന്ദ്രങ്ങൾ, പാർക്കുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയൊക്കെ നിർബന്ധമായും ഉണ്ടാകണം. രാത്രിയിൽ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ വേണമെന്നതായിരുന്നു വനിതകൾ കൂടുതലായി ആവശ്യപ്പെട്ട കാര്യം.
പരിപാടിയുടെ ഭാഗമായി ടൗൺ ഹാളിൽ നടന്ന ദ്വിദിന ഓപ്പൻ എക്സിബിഷൻ കൊച്ചി കോർപറേഷൻ മേയർ എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ ഒരുക്കിയ നഗരത്തിന്റെ ത്രീഡി മോഡൽ എക്സിബിഷൻ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
2019 - 24 ബാച്ച് ആർക്കിടെക്ചർ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. അധ്യാപകരായ അഞ്ജിത് അഗസ്റ്റിൻ, നമിത കൃഷ്ണൻ, നിർമൽ ചാണ്ടി, നന്ദന, മിനു, ഐശ്വര്യ, റിച്ചു എന്നിവർ മേൽനോട്ടം വഹിച്ചു. പരിപാടിയുടെ വിശദമായ റിപ്പോർ്ട്ട് ഗവൺമെന്റിന് സമർപ്പിക്കും.