പഴയ അഗ്രഹാരത്തെരുവില്‍ ഓഫിസ് സ്പേസ് ഒരുക്കാന്‍ അവസരം ലഭിച്ചപ്പോൾ അതിന് എങ്ങനെ തനതായ വ്യക്തിത്വം നൽകാം എന്നാണ് ആർക്കിടെക്ട് രാഹുൽകുമാർ ആലോചിച്ചത്. തിരുവനന്തപുരം കരമനയിലാണ് 300 ചതുരശ്രയടിയിലുള്ള ‘ഈണം’ എന്ന ഓഫിസ്. വെഡ്ഡിങ് ഫോട്ടോഗ്രഫി, ക്യാമറ റെന്റൽ എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി ഒരു മൾട്ടിപർപസ് ഓഫിസ് സ്പേസ് ആയിരുന്നു ക്ലയന്റിന് ആവശ്യം. സന്ദർശകരെ ചിത്രങ്ങളും വിഡിയോയും കാണിക്കാനും എഡിറ്റിങ്ങിനുമുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ടായിരുന്നു.
സ്പേസ് വിശാലമാക്കി തോന്നിക്കുക എന്നതാണ് രാഹുൽ ഇവിടെ പിന്തുടർന്ന നയം. പല കാര്യങ്ങൾ നടക്കുന്നയിടം ആയതു കൊണ്ട് ഇടുക്കം തോന്നിക്കാനുള്ള സാധ്യത കൂടുതലാണ്. അതൊഴിവാക്കാനാണ് ശ്രദ്ധിച്ചത്. കെട്ടിടത്തിന്റെ ഉയരത്തിലും നീളത്തിലും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി. പാർട്ടീഷനുകൾ ഒഴിവാക്കി. പകരം ഫർണിച്ചർ ലേഔട്ട് വഴിയാണ് ഇടങ്ങൾ വേർതിരിച്ചത്. ലോബി, ഡയറക്ടേഴ്സ് ടേബിൾ, എഡിറ്റേഴ്സ് സ്യൂട്ട് എന്നിങ്ങനെ മൂന്നിടങ്ങളായി തിരിച്ചു.
ട്രോപ്പിക്കൽ ശൈലിയിലാണ് ഓഫിസ് ഡിസൈൻ. ചരിഞ്ഞ മേൽക്കൂരയാണ്. ഫ്ലോറിങ്ങിന് മഞ്ഞനിറത്തിലുള്ള ടൈൽ നൽകി. സീലിങ്ങിലെ ഓടിന്റെ നിറവും തറയുടെ മഞ്ഞനിറവും ചുമരിന്റെ വെള്ളയും ചേരുന്ന കോംബിനേഷൻ മനോഹരമാണ്. സോഫയുടെ ഇൻഡിഗോ നിറത്തിലെ ബാക്റെസ്റ്റ് പാർട്ടീഷന്റെ ഫലം ചെയ്യുന്നു. ലൈറ്റിങ്ങിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വശങ്ങളിലെ സ്റ്റോറേജ് ഇന്റീരിയറിലെ മറ്റു ഘടകങ്ങളുമായി ഒത്തിണങ്ങുന്ന രീതിയിൽ നൽകി.
മുന്നിലെ വഴിയിലേക്കിറങ്ങിയാണ് കെട്ടിടത്തിന്റെ രൂപകൽപന. മതിൽ ഒഴിവാക്കി പടികൾ ഉയർത്തി നൽകിയതും ചരിഞ്ഞ മേൽക്കൂരയും എക്സ്റ്റീരിയറിലെ പാതി ഭിത്തി മഞ്ഞനിറത്തിലാക്കിയതുമെല്ലാം അഗ്രഹാരങ്ങളുടെ ഓർമയുണർത്തുന്ന പഴമയുടെ ഘടകങ്ങളാണ്.
കടപ്പാട്: ആർക്കിടെക്ട് രാഹുൽകുമാർ, ആർക് ആർക്കിടെക്ചർ സ്റ്റുഡിയോ, തിരുവനന്തപുരം