സുഖമായി മൂടിപ്പുതച്ചുറങ്ങിയ രാത്രികൾ ഒാർമ മാത്രമാകുമോ? രാത്രിയിലെ ഉഷ്ണതരംഗ പ്രതിഭാസം കേരളം നേരിടാൻ പോകുന്ന വലിയ വെല്ലുവിളി
മഴക്കാലരാത്രികളിൽ പോലും ചൂട് കൂടുന്ന ഉഷ്ണതരംഗം പ്രതിഭാസം കേരളത്തിലും പിടിമുറുക്കുന്നതായി ക്ലൈമറ്ററ് ട്രെൻഡ്സും ക്ലൈമറ്റ് സെൻട്രലും ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ 300 നഗരങ്ങളിലെ പകൽ -രാത്രി താപനിലയാണ് പഠനവിധേയമാക്കിയത്. ഇതിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ഏഴ് നഗരങ്ങളും ഉൾപ്പെട്ടിരുന്നു.
വർഷത്തിൽ 80 ദിവസം വരെ ഉഷ്ണരാവായി മാറുന്നു എന്നതാണ് കേരളത്തെ സംബന്ധിച്ച പ്രധാന കണ്ടെത്തൽ. രാത്രിതാപനില ക്രമാധീതമായി കൂടുന്നതിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും പങ്കുണ്ടെന്ന് പഠനം പറയുന്നു. കോൺക്രീറ്റിന്റെ അമിതമായ ഉപയോഗവും മുറ്റം മുഴുവൻ പേവ്മെന്റ് ടൈൽ വിരിക്കുന്നതും, മരങ്ങളും പച്ചപ്പും ഇല്ലാതാക്കുന്നതും പോലെയുള്ള പ്രവർത്തനങ്ങളാണ് ചൂട് കൂടാനുള്ള കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എസിയുടെ വർധിച്ച ഉപയോഗം, ചോർച്ച ഒഴിവാക്കാനും മറ്റുമായി വീടുകൾക്കു മുകളിൽ മെറ്റൽ ഷീറ്റ് പിടിപ്പിക്കുന്നത് എന്നിവയെല്ലാം അന്തരീക്ഷ താപനില കൂട്ടാൻ കാരണമാകുന്നതായി പഠനം വ്യക്തമാക്കുന്നു.
കോൺക്രീറ്റും പേവ്മെന്റ് ടൈലുമെല്ലാം പകൽ സമയം ചൂടുപിടിക്കും. സാവകാശമേ ഇവ തണുക്കുകയുള്ളൂ. അതിനാൽ രാത്രിയിലും ഇവ ചൂട് പുറന്തള്ളും. അടുത്തടുത്ത് വീടുകളും കെട്ടിടങ്ങളുമുള്ള നഗരങ്ങളിൽ രാത്രിതാപനില കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.
രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പോകുന്ന അസ്വസ്ഥദിനങ്ങളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രതിവർഷം 50 മുതൽ 80 എണ്ണം വരെയായി ഉയർന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. പകൽ താപനില ഉയർന്നാലും രാത്രി താപനില 20-22 ഡിഗ്രിയിലേക്ക് താഴുന്നതായിരുന്നു മുൻപത്തെ പതിവ്. ഇതിന്റെ സ്ഥാനത്ത് താപനില 25 ഡിഗ്രിയിൽ കൂടുതലായി നിലകൊള്ളുന്നതാണ് പുതിയ പ്രവണത. 2024 ജൂൺ 18 ന് രാജസ്ഥാനിലെ ആൽവാറിൽ 37 ഡിഗ്രിയും ജൂൺ 19 ന് ഡൽഹിയിൽ 35.2 ഡിഗ്രിയുമായിരുന്നു രാത്രി താപം. കേരളത്തിൽ 26 ഡിഗ്രിയും. ഈ സ്ഥിതി തുടർന്നാൽ ഉഷ്ണതരംഗം സൃഷ്ടിക്കുന്ന അസ്വസ്ഥരാത്രികളുടെ എണ്ണം കുതിച്ചുയരുമെന്ന മുന്നറിയിപ്പും പഠന റിപ്പോർട്ട് നൽകുന്നു.