Tuesday 02 November 2021 02:26 PM IST : By സ്വന്തം ലേഖകൻ

വെട്ടിപ്പിന്റെ ‘നവ’ വഴികൾ

Online 1

ഫെയ്സ്ബുക് ഗ്രൂപ്പും യൂട്യൂബ് വീഡിയോയുമാണ് വീടുപണിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ പുതിയ വിഹാര കേന്ദ്രം. 

അടുത്തിടെ നടന്ന രണ്ടു സംഭവങ്ങൾ ഇങ്ങനെ:യൂട്യൂബ് വീഡിയോയിൽ കണ്ട വീട് ഇഷ്ടപ്പെട്ടാണ് സൗദി യിൽ എണ്ണക്കമ്പനിയിൽ ജോലിയുള്ള കൊയിലാണ്ടി സ്വദേശി വീടുപണി ഏൽപ്പിച്ചത്. അതേപോലെയുള്ള വീട് ഉ ത്തരവാദിത്വത്തോടെ നിർമിച്ചു നൽകും എന്നായിരുന്നു വാഗ്ദാനം. 2000 ചതുരശ്രയടി വീടിന് ആദ്യ ഘട്ടമായി അഞ്ച് ലക്ഷം രൂപ നൽകി. പണം അക്കൗണ്ടിൽ ഇടാൻ സമ്മതിക്കാതെ കൊയിലാണ്ടിയിലെ തറവാട്ടിലെത്തി വാങ്ങുകയായിരുന്നു.

കോവിഡ് കാരണം ഉടനെയൊന്നും നാട്ടിൽ വരാൻ കഴിയില്ല. പ്രായമായ അച്നമ്മമാരും ഭാര്യയും മാത്രമേ വീട്ടിലുള്ളൂ. അപ്പോൾപ്പിന്നെ വിശ്വസ്തരായ ആരെയെങ്കിലും വീടുപണി ഏൽപ്പിക്കാം എന്നു കരുതി ചെയ്തതാണ്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. പരാതിപ്പെടാനൊട്ട് യൂട്യൂബ് ചാനലുമില്ല. ഫോൺ നമ്പരുകളെല്ലാം നിലവിലില്ല എന്നു പറയുന്നു. പണം വാങ്ങിയവരുടെ ശരിയായ വിലാസം പോലും അറിയാത്തതിനാൽ എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല.

online 3

തിരുവനന്തപുരത്ത് അധ്യാപികയായ ഭാര്യ. ഹൈദരാബാദിൽ സോഫ്ട്‌വെയർ എൻജിനീയറായ ഭർത്താവ്. ഇരുവരും അംഗമായ, ഫെയ്സ്ബുക് ഗ്രൂപ്പിൽ വന്ന പരസ്യം കണ്ടാണ് വീടുപണി ഏൽപ്പിച്ചത്. എട്ട് ലക്ഷം രൂപ അഡ്വാൻസ് നൽകി. ശ്രീകാര്യത്തെ പത്ത് സെന്റിൽ വീടുപണിയും തുടങ്ങി. അടിത്തറ കെട്ടിയപ്പോൾ തന്നെ വീട്ടുകാർക്ക് സംഗതി പന്തിയല്ലെന്നു തോന്നി. പറഞ്ഞതുപോലെയല്ല ഒന്നും നടക്കുന്നത്. കട്ടിള വെച്ചതോടെ തട്ടിപ്പ് ബോധ്യമായി. ഒടുവിൽ പരാതി പൊലീസ് സ്റ്റേഷനിലെത്തി. എന്നിട്ടും ഫലമുണ്ടായില്ല. കേസ് കോടതിയിലാണിപ്പോൾ.

വീടുപണിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ അരങ്ങായി നവമാധ്യമങ്ങൾ മാറുന്നതാണ് പുതിയ കാഴ്ച. രണ്ടു വർഷത്തിനിടയിൽ ഇത്തരത്തിലുള്ള നൂറു കണക്കിനു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പലർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. ഫെയ്സ്ബുക് ഗ്രൂപ്പ്, യൂട്യൂബ് എന്നിവിടങ്ങളിലെ വീടുകളും പരസ്യങ്ങളും കണ്ടിഷ്ടപ്പെട്ട് വീടുപണി ഏൽപിച്ചവരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലും. ഭീമമായ തുക അഡ്വാൻസ് വാങ്ങി മുങ്ങുക, വാഗ്ദാനം ചെയ്ത രീതിയിലും ഗുണനിലവാരത്തിലും പണിയാതിരിക്കുക എന്നിവയാണ് തട്ടിപ്പിന്റെ പൊതുസ്വഭാവം.

മനോഹരങ്ങളായ വീടുകളുടെ ത്രീഡി ചിത്രങ്ങൾ കാണിച്ച് ആളുകളെ മയക്കുന്നതായിരുന്നു അടുത്തകാലം വരെ തട്ടിപ്പിന്റെ രീതി. ഇതേപ്പറ്റി ജനം ബോധവാന്മാരായതോടെ പുതിയ തന്ത്രമാണ് ഇപ്പോൾ തട്ടിപ്പുകാർ പയറ്റുന്നത്. കുറഞ്ഞ സ്ക്വയർഫീറ്റ് നിരക്കും ബാങ്ക് ലോൺ സംഘടിപ്പിച്ചു കൊടുക്കലുമാണ് തട്ടിപ്പിന്റെ ഇപ്പോഴത്തെ സൂത്രവാക്യം. ഒപ്പം ‘പ്ലാനും ത്രീഡിയും ഫ്രീ’ എന്ന ഓഫറും. പണ്ട് പരസ്യങ്ങൾ വഴിയായിരുന്നു ആളുകളെ വലവീശിപ്പിടിച്ചിരുന്നത്. ഇപ്പോൾ അതിനും മാറ്റം വന്നു. ഫെയ്സ്ബുക്കിലും യൂട്യൂബിലും വീഡിയോ നൽകി ഇരകളെ വീഴ്ത്തുന്ന രീതിയാണ് ഇപ്പോൾ ട്രെൻഡ്. മികച്ച വീടുകളുടെ വീഡിയോ ദൃശ്യവും പൊലിപ്പിച്ചുള്ള അവതരണവും ഓഫറുകളുടെ പ്രലോഭനവും എല്ലാംകൂടിയാകുമ്പോൾ ആരും വീണുപോകും! പലപ്പോഴും വീഡിയോയിൽ കാണുന്ന വീടുമായി ഇവർക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.

വീട് പൂർത്തിയായ ശേഷം നിർമാണതുകയുടെ 20% തിരികെ നൽകും. പുതിയ വാഗ്ദാനമാണിത്. പരസ്യത്തിലെ നമ്പരിലേക്ക് ‘വീട് ടീം’ വിളിച്ചപ്പോൾ സംഭാഷണം ഇങ്ങനെയായിരുന്നു: ‘‘ഒരു പുതിയ കമ്പനി കൂടി തുടങ്ങിയതിനാൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന നൂറ് വീടുകൾക്ക് നൽകുന്ന ഓഫറാണിത്. ഇപ്പോൾ 92 വീടായി. ഉടനേ ചെയ്താൽ സാറിനും ഓഫർ കിട്ടും. ഉടനേ വീടുപണി തുടങ്ങണം.’’ അപ്പോൾ പ്ലാൻ വരയ്ക്കണ്ടേ? ‘‘അതൊന്നും പ്രശ്നമില്ല. അതൊക്കെ ഞങ്ങൾ അയച്ചു തരും. സൈറ്റ് കാണണ്ടേ...? ‘‘അതിന്റെയൊന്നും ആവശ്യമില്ല. ഇപ്പോൾ കേരളത്തിൽ അഞ്ഞൂറിലധികം വീടുകളുടെ പണി നടക്കുന്നുണ്ട്. പ്ലാനും ത്രീഡിയും ഫ്രീ ആയി തരും.’’ തുടർന്ന് എപ്പോഴാണ് അഡ്വാൻസ് നൽകുന്നത് എന്നു ചോദിച്ച് ഫോൺ വിളികളുടെ ബഹളമായിരുന്നു.

പ്രവാസികളാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകാരുടെ മുഖ്യ ഇര. ഇവർക്ക് പലപ്പോഴും കാര്യങ്ങൾ നേരിട്ട് അന്വേഷിക്കാൻ കഴിയാറില്ല. മാത്രമല്ല, ‘നിങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി, ആഗ്രഹങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉത്തരവാദിത്വത്തോടെ വീടു പണിയുന്നു’ എന്ന വാഗ്ദാനത്തിൽ വിദേശത്തിരുന്ന് നാട്ടിൽ വീടുപണിയാൻ ആഗ്രഹിക്കുന്നവർ വീണുപോകുകയും ചെയ്യും.

online 2

‘‘ചെലവ് കുറച്ചു വീടുപണിയാം എന്നു മോഹിപ്പിച്ചാണ് പ്രവാസികളെ കെണിയിൽ വീഴ്ത്തുന്നത്. സ്ക്വയർഫീറ്റിന് 2,000 രൂപ നിരക്കിൽ പോലും വീടു പൂർത്തിയാക്കാൻ സാധിക്കാത്തപ്പോൾ 1,200 രൂപ നിരക്കിൽ വീടു നിർമിച്ചു നൽകാം എന്നു പറഞ്ഞാണ് ആളെ വലയിലാക്കുന്നത്.’’ ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ ചൂണ്ടിക്കാട്ടുന്നു. വീടുപണിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പരാതിപ്പെട്ടാലും നടപടി ഉണ്ടാകാൻ വൈകും എന്നതാണ് നിലവിലെ സ്ഥിതി. മിക്കതും സിവിൽ കേസുകളായേ പരിഗണിക്കൂ. വിധി വരാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിയും വരും. തട്ടിപ്പുകാർക്ക് ഇക്കാര്യങ്ങൾ കൃത്യമായി അറിയാം. ഐടി ആക്ട്, സൈബർ സുരക്ഷാ നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാലേ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളിൽ ശിക്ഷ ഉറപ്പാക്കാനാകൂ.

വളരെ കരുതലോടെ നീങ്ങിയാൽത്തന്നെ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണ് വീടുപണി. അപ്പോൾ എന്നെയൊന്നു പറ്റിക്കൂ എന്നു പറഞ്ഞ് തലവെച്ചു കൊടുത്താലത്തെ കാര്യം പറയേണ്ട. കരുതൽ മാത്രമാണ് പ്രതിവിധി