Monday 28 September 2020 04:48 PM IST

വീട്ടിൽ റേഞ്ച് ഇല്ലെങ്കിലെന്താ പുലിമട ഉണ്ടല്ലോ; ഓൺലൈൻ പഠനകാലത്തെ വ്യത്യസ്ത കാഴ്ച...

Sunitha Nair

Sr. Subeditor, Vanitha veedu

Sun1

വർഷങ്ങളായി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരാണ് കണ്ണൂർ ശ്രീകണ്ഠപുരം മടമ്പത്തെ സുനിൽ ഫിലിപ്പ് സാറും ബീന ടീച്ചറും. ടീച്ചർക്ക് ഏറ്റവും മികച്ച മലയാളം ടീച്ചർക്കുള്ള അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ കൊറോണ കാരണം ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ സാറും ടീച്ചറും പെട്ടു! ഒപ്പം പത്തിലും ഒൻപതിലും അഞ്ചിലും പഠിക്കുന്ന, മക്കളായ ക്രിസ്റ്റാൻഡോ, ലിയാൻഡോ, ലിയോണ എന്നിവരും. കാരണം വീട്ടിലെങ്ങും റേഞ്ചില്ല!
സാറും ടീച്ചറും തോറ്റു കൊടുത്തില്ല. ഏഴ് ഏക്കർ പുരയിടത്തിലാണ് വീട്. മക്കൾ മൂന്നു പേർക്കും പല കണക്‌ഷനുകളുള്ള ഓരോ ഫോണും കൊടുത്ത് പറമ്പിലേക്കിറക്കി. എവിടെയാണ് നെറ്റ് വർക് ലഭിക്കുന്നതെന്ന് നോക്കി വരാൻ പറഞ്ഞു. അങ്ങനെ മൂവർ സംഘം പുരയിടം ചുറ്റിയടിച്ച് റേഞ്ചുള്ള ഇടം കണ്ടെത്തി. പിന്നെ അവിടെ തടിയും പൈപ്പും ടാർപോളിനും കൊണ്ട് ഒരു താൽക്കാലിക കെട്ടിടം നിർമിക്കാനായി ശ്രമം. അപ്പനും അമ്മയും മക്കളും ചേർന്ന് രണ്ടാഴ്ച കൊണ്ട്  കെട്ടിടമൊരുക്കി. കുട്ടികൾ 'പുലിമട ' എന്നു പേരിട്ടിരിക്കുന്ന ഇവിടെയാണ് ഇപ്പോൾ പഠിത്തവും പഠിപ്പിക്കലും. എന്തിന്, ചില ദിവസങ്ങളിൽ രാത്രി ഇവിടെ കിടന്നുറങ്ങാറുമുണ്ടെന്ന് ബീന ടീച്ചർ പറയുന്നു.
പറമ്പിൽ തന്നെയുള്ള തേക്കും മഹാഗണിയും മാഷും മക്കളും കൂടി മുറിച്ച് മില്ലിൽ കൊണ്ടുപോയി അറപ്പിച്ചെടുത്തു. കട്ടിങ്, ഡ്രില്ലിങ് മെഷീനുകൾ സ്വന്തമായി ഉള്ളതിനാൽ അതിനൊരു പ്രയാസവുമുണ്ടായില്ല. ജിഐ പൈപ്പ് കൊണ്ടുള്ള തൂണുകളിലാണ് കെട്ടിടം പണിതത്.

Sun2


 തറയിൽ നിന്ന് 10 അടി ഉയരത്തിൽ, തൂണുകൾക്കു മേൽ തേക്കും മഹാഗണിയും കൊണ്ടുള്ള പലകകൾ കൊണ്ട് തട്ട് നൽകി. 10 x 10 അടിയുള്ള ഈ പലകകൾ ജിഐ പൈപ്പിൽ സ്ക്രൂ ചെയ്തു പിടിപ്പിച്ചിരിക്കുകയാണ്. ഇവിടേക്ക് കയറാൻ ഗോവണിയും നൽകി. റെയിലുകൾക്ക് മൂന്ന് അടിയുടെ റീപ്പർ ആണ് ഉപയോഗിച്ചത്. ഇവയും സ്ക്രൂ ചെയ്തു പിടിപ്പിച്ചു. ഭംഗിക്കായി കയർ ചുറ്റിവരിയുകയും ചെയ്തു. 750 ജിഎസ്എം ഉള്ള ടാർപോളിൻ ഷീറ്റ്  കൂടി വിരിച്ചതോടെ സംഭവം റെഡി. തൂണുകളും ഗോവണിയും കോൺക്രീറ്റ് ചെയ്തു. വെൽഡിങ്ങിന് തൊട്ടടുത്തുള്ള ജോസിന്റെ സഹായവും ഉണ്ടായിരുന്നു. ഏഴ് അടി നീളമുള്ള ബെഞ്ചും ലാപ്ടോപ്പ് ടേബിളും ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം കൂടി 35,000 രൂപ ചെലവായി. അടി ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് അര ഭിത്തി കെട്ടിയെടുക്കണമെന്നാണ് സുനിലിന്റെ ആഗ്രഹം.
അധ്യാപനം കഴിഞ്ഞാൽ കൃഷിയാണ് ഇവരുടെ ഹോബി. അതിൽ മക്കളെയും കൂടെ കൂട്ടും. ലോക്ക്‌ഡൗൺ കാലത്ത് പശുവിനെ കറക്കാനും കുട്ടികളെ പഠിപ്പിച്ചു. മക്കൾ ഏതു നേരവും മൊബൈലിൽ ആണെന്നു പരാതി പറയുന്നവരോട് സുനിലിന് ഒന്നേ പറയാനുള്ളൂ. "അവർക്ക്  ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം നൽകുക. " അടുത്തതായി ചെറിയ എൻജിൻ കൊണ്ട് ഒരു വണ്ടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മൂവർ സംഘം. അങ്ങനെ പoനം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് തെളിയിക്കുന്നു ഈ കുടുംബം.