Tuesday 07 May 2019 12:41 PM IST : By സ്വന്തം ലേഖകൻ

കരിമ്പിൻ പാടത്തിനു നടുവിലെ പാക്ക് ഹൗസ്; ഗുജറാത്തിനെ ആഗോള ഭക്ഷ്യമാപ്പിൽ എത്തിച്ച ആർകിടെക്ചർ വിപ്ലവം

pack-house

വളരെ വ്യത്യസ്തമായ ഒരു കെട്ടിട നിർമിതിയെപ്പറ്റിയാണ് വനിത വീട് ഇൗ ലക്കത്തിൽ അന്വേഷിക്കുന്നത്. ദക്ഷിണ ഗുജറാത്തിലെ ധരംപുരയിലാണ് ഇൗ കെട്ടിടം. ഹൈവേയിൽ നിന്ന് 50 കിമീ അകത്തേക്കു കിടക്കുന്ന ആദിവാസി ഗ്രാമമാണിതെന്നു പറയാം. സൂററ്റിൽ നിന്ന് ഉദ്ദേശം 70 കിമീ അകലെ.

വിശേഷയിനം പഴങ്ങളും പച്ചക്കറികളും കണ്ണെത്താ ദൂരത്തോളം വിളഞ്ഞുകിടക്കുന്ന കൃഷിസ്ഥലങ്ങളുടെ പറുദീസയാണിവിടം. അവിടെയാണ് ‘ദി ഇന്റഗ്രേറ്റഡ് പാക്ക്ഹൗസ് ആൻഡ് കോൾഡ് സ്റ്റോറേജ്’ എന്ന കെട്ടിടം.

ഹിരൺ ആഹിർ ആണ് ഇൗ കഥയിലെ നായകൻ. ഒരു കർഷക കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ. കാനഡയിൽ പോയി എംബിഎ നേടിയപ്പോഴും ഹിരണിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. തിരിച്ചുവന്ന് കൃഷി അനുബന്ധ വ്യവസായം തുടങ്ങണം, താനുൾപ്പെടുന്ന കർഷക സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തണം. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്നങ്ങളായി. നാട്ടിലെ പഴം, പച്ചക്കറികൾക്ക് യൂറോപ്പിലെയും അമേരിക്കയിലെയും വിപണി പ്രയോജനപ്പെടുത്തുക. കർഷകരിൽ നിന്ന് നേരിട്ട് ഫ്രഷ് ഉൽപന്നങ്ങൾ ശേഖരിച്ച്, കാര്യക്ഷമമായ രീതിയിൽ പാക്ക് ചെയ്ത് ആഗോള വിപണികളിലെത്തിക്കുന്ന ഒരു അത്യന്താധുനിക പാക്ക്ഹൗസ് സജ്ജീകരിക്കുക.

ph-3

സ്വന്തം കുടുംബത്തിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഇതിനുവേണ്ട സാങ്കേതിക, ഒൗദ്യോഗിക കാര്യങ്ങളെപ്പറ്റി ഹിരൺ വിശദമായി പഠിച്ചു. ആ പ്രദേശത്ത് കേട്ടുകേൾവി പോലുമില്ലാത്ത പാക്ക്ഹൗസിനെപ്പറ്റി പറഞ്ഞപ്പോൾ കുടുംബത്തിൽനിന്ന് പ്രതികൂല അഭിപ്രായമാണ് ഉണ്ടായത്. എന്നാൽ, ഹിരണിന്റെ അന്വേഷണങ്ങൾ പിനാക്കിൻ പരീഖ് എന്ന നാസിക്കുകാരനിൽ എത്തിച്ചേർന്നു. 30 വർഷമായി ഭക്ഷ്യ കയറ്റുമതി രംഗത്തുള്ള പിനാക്കിൻ, ഹിരണിന് പകർന്നത് പുതിയൊരു ഉൗർജം. കാലക്രമേണ, ഹിരണിന് പാക്ക്ഹൗസ് തുടങ്ങാനുള്ള സ്ഥലം വീട്ടുകാർ വിട്ടുകൊടുത്തു.

ആർക്കിടെക്ചർ ടീമിന്റെ ഇടപെടൽ

തന്റെ ഉദ്യമത്തിനു കൂട്ടായി അതേ ഉൗർജസ്വലതയുള്ള ഒരു ആർക്കിടെക്ട് ടീം ആയിരുന്നു ഹിരണിന്റെ അടുത്ത ലക്ഷ്യം. മുംബൈ ആസ്ഥാനമായ ആർക്കിടെക്ചർ ഡിസൈൻ റിസർച് ഗിൽഡിലെ നാല് യുവ ആർക്കിടെക്ടുമാരാണ് ഹിരണിന്റെ സ്വപ്നങ്ങൾക്കു രൂപം കൊടുത്തത്.

സ്ഥലം കാണാൻ ആർക്കിടെക്ടുമാർ എത്തിയപ്പോൾ അവരെ വരവേറ്റത് തിങ്ങിനിറഞ്ഞു വളരുന്ന കരിമ്പിൻപാടങ്ങൾ മാത്രം. അവർക്ക് പ്ലോട്ടിന്റെ ഭാഗം തിട്ടപ്പെടുത്താൻ പോലുമായില്ല. ഒരു മാസം കഴിഞ്ഞ് വീണ്ടും അവിടേക്ക്... അപ്പോഴേക്കും കരിമ്പിൻ പാടങ്ങളിലെ വിളവെടുപ്പു കഴിഞ്ഞിരുന്നു. അവിടെ പാക്ക്ഹൗസിനുവേണ്ടി കുറച്ചുസ്ഥലം. ഏക്കറു കണക്കിന് പരന്നുകിടക്കുന്ന ഇൗ കൃഷിസ്ഥലങ്ങൾക്കു നടുവിലെ സ്ഥലം ഉപയോഗപ്പെടുത്തുമ്പോൾ ആർക്കിടെക്ട് ടീമിന് രണ്ട് വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് ആവശ്യമുള്ള സ്ഥലം മാത്രം എടുക്കുക, ബാക്കിയുള്ളത് കൃഷി ന ടത്താൻ തിരികെ കൊടുക്കുക.

കയറ്റുമതി പ്രവർത്തനങ്ങൾക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത് – വിളവെടുപ്പിനു മുൻപ്, വിളവെടുപ്പ് സമയത്ത്, വിളവെടുപ്പിനുശേഷം. വിളവെടുപ്പ് കഴിഞ്ഞാൽ വിളകൾക്ക് ശരിയായ പരിചരണവും താപ ക്രമീകരണവും ആവശ്യമാണ്. കെട്ടിടത്തിലെ പ്രവർത്തനങ്ങൾക്ക് രണ്ട് പ്രധാന ഘടകങ്ങളുണ്ട്, പാക്ക്ഹൗസും കോൾഡ് സ്റ്റോറേജും. സോർട്ടിങ്, സ്റ്റോറേജ് ഏരിയയിലാണ് ആർക്കിടെക്ചറിന് സഹായിക്കാനുള്ളതെന്ന് തിരിച്ചറിഞ്ഞ ആർക്കിടെക്ട് ടീം കെട്ടിടത്തെ മൂന്നാക്കി തിരിച്ചു.

ph-1

1. കാര്യാലയ വിഭാഗം: കെട്ടിടത്തിന്റെ മുൻവശമായ വടക്കുഭാഗത്ത് നീളത്തിലാണ് കാര്യാലയ വിഭാഗം. ഒാഫിസുകൾ, ടോയ‌്ലറ്റുകൾ, യൂണിഫോം മാറ്റാനുള്ള മുറികൾ എന്നിവ ഒരു വശത്ത്. ലബോറട്ടറി, പ്ലാന്റ് ക്വാറന്റൈൻ ഒാഫിസ്, ബോക്സ് നിർമാണ യൂണിറ്റ് തുടങ്ങിയവ മറുവശത്ത്. ഇൗ രണ്ടു ഭാഗങ്ങളും വേർതിരിച്ചിരിക്കുന്നത് സൂര്യപ്രകാശം വഴിഞ്ഞൊഴുകുന്ന ഒരു കോർട്‌യാർഡ് വഴിയാണ്. പാക്ക്ഹൗസിൽ നിന്ന് വേറിട്ടു നിൽക്കുന്ന രീതിയിലാണ് ഇൗ ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. ദിവസം മുഴുവൻ ഇവിടെ നല്ല സൂര്യപ്രകാശം ലഭിക്കുന്നു. മാത്രമല്ല, തെക്കുവശത്തുനിന്നുള്ള തീവ്രമായ സൂര്യരശ്മികളെ തടയുകയും ചെയ്യുന്നു.

2. പാക്ക്ഹൗസ് ഫ്ലോർ, അതിന്റെ അനുബന്ധ പ്രവർത്തനങ്ങളായ അൺലോഡിങ് ബേ, ക്രേറ്റ് സ്റ്റോറേജ് ഏരിയ തുടങ്ങിയവ.

3. പ്രീ കൂളിങ്ങിനുള്ള റൂം, കോൾഡ് സ്റ്റോറേജ്, മെഷീൻ റൂം, ലോഡിങ് ബേ എന്നിവയാണ് മൂന്നാമത്തെ ഭാഗം.

ph-4

പാക്ക്ഹൗസും കോൾഡ് സ്റ്റോറേജും ഒരു ബോക്സ് പോലെയാണ് നിർമിച്ചിരിക്കുന്നത്. ഇവയ്ക്ക് ചുറ്റുപാടുമായി യാതൊരു ബന്ധവുമില്ല. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ ഒാപനിങ്ങുകൾ വളരെ കുറച്ചു മാത്രം. പുറംഭിത്തിയിൽ ജൈവവളർച്ച ഉണ്ടാവാനും പാടില്ല. വിളവെടുപ്പു കഴിഞ്ഞെത്തുന്ന ഭക്ഷ്യവസ്തുക്കളും ചുറ്റുപാടും തമ്മിൽ യാതൊരു വിധത്തിലുള്ള സമ്പർക്കവും ഉണ്ടാകാതിരിക്കാൻ ഡിസൈൻ സഹായിക്കുന്നു. വിളകൾ ശേഖരിക്കുന്ന സ്ഥലത്തുനിന്ന് താപനില പതിെയ കുറ ഞ്ഞാണ് കോൾഡ് സ്റ്റോറേജിലെത്തുന്നത്. ഇത് വിളകളെ ‘തെർമൽ ഷോക്കി’ൽ നിന്നു രക്ഷിക്കും.

‘‘ഞങ്ങൾക്കും ഇതു വലിയൊരു പഠനാനുഭവം ആയിരുന്നു,’’ ആർക്കിടെക്ട് ടീമിലെ ജോർജ് പറയുന്നു. കൃഷിരീതിയിലെ ‘ഗ്രിഡ്’ സംവിധാനവും ലാൻഡ്സ്കേപ്പിലെ വയലുകളും ആർക്കിടെക്ടുമാർക്ക് പ്രചോദനമായി മാറി. കെട്ടിടത്തിന്റെ രൂപഘടനയിലും ചട്ടക്കൂടിലും ഇവ ധാരാളം സഹായിച്ചു. കോർട്‌യാർഡിനെ ഒരു മാന്തോപ്പോ സപ്പോട്ടതോട്ടമോ ഒക്കെയായി കാണാനാണ് ആർക്കിടെക്ട് ടീമിനിഷ്ടം.

ചുറ്റുമുള്ള വയലുകളിൽ വർഷം മുഴുവൻ വിളകൾ പച്ചയും മഞ്ഞയും ഷേഡുകളിൽ വരുന്നതു നിരീക്ഷിച്ച ആർക്കിടെക്ടുമാർ പ്രധാന കെട്ടിടത്തിന് മഞ്ഞയും ഹൈലൈറ്റ് ചെയ്യാൻ പച്ചയും ആകാശവുമായുള്ള ബന്ധത്തിനായി നീലയും ഉപയോഗിച്ചു.

2017 ൽ പൂർത്തിയായ പാക്ക്ഹൗസിൽ ഹിരണിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ മുപ്പതോളം ജോലിക്കാരുണ്ട്. ബാക്കി ഹിരൺ പറയട്ടെ: ‘‘ ഞാൻ ഒരു കർഷകനാണ്. അതുകൊണ്ട് കർഷകരുടെ ഉന്നമനമാണ് ലക്ഷ്യം. 200 കിമീ ദൂരെ വരെയുള്ള കർഷകരിൽ നിന്ന് ഞങ്ങൾ പച്ചക്കറി ശേഖരിക്കുന്നുണ്ട്. യൂറോപ്, കാനഡ മാർക്കറ്റുകളിൽ രണ്ടു മൂന്നു ദിവ സം കൊണ്ട് അവ എത്തിക്കും. കർഷർക്ക് ബാങ്ക് വഴിയാണ് പണം കൈമാറുന്നത്. വിപണിയിലുള്ളതിനേക്കാൾ കൂടുതൽ വിലയാണ് കൊടുക്കുന്നത്. ബാങ്കിലൂടെയുള്ള പണമിടപാടായതിനാൽ അതാണ് ഞങ്ങളുടെ സമ്പാദ്യം എന്ന് മിക്ക കർഷകരും എ ന്നോടു പറയാറുണ്ട്. അവർക്ക് ‘മണ്ടി’ കളിൽ പോയി സാധനങ്ങൾ വിൽക്കേണ്ടതില്ല, ഞങ്ങൾ പോയി ശേഖരിക്കുന്നു. അവർ സന്തുഷ്ടരാണ്; ഞാനും.’’

ദിവസവും മൂന്നു നാലു കണ്ടെയ്നറുകളാണ് ഹിരണിന്റെ പാക്ക്ഹൗസിൽ നിന്ന് ലോകവിപണികളെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. ആഗോളഭക്ഷ്യമാപ്പിൽ ധർമപുര ഗ്രാമത്തിന് സ്ഥാനമുണ്ടാക്കി ഇൗ ചെറുപ്പക്കാരൻ. ■

pack-house

തയ്യാറാക്കിയത്; സോന തമ്പി

ചിത്രങ്ങൾ: അപൂർവ പരീഖ്,

സെബാസ്റ്റ്യൻ സഖറിയ

ആർക്കിടെക്ട് ടീം;

അപൂർവ പരീഖ്, ജിനെല്ല ജോർജ്, സോണൽ സുന്ദരരാജൻ, ജോർജ് ജെ. ജേക്കബ്

design.adrg@gmail.com