ഭൂമികുലുക്കത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിടങ്ങളുടെ മുഖ്യ ചേരുവയായി തെർമോക്കോൾ മാറുമോ? ‘അതേ’ എന്ന് റൂർക്കി ഐഐടിയിലെ ഗവേഷകർ പറയുന്നു. ഉള്ളിൽ തെർമോക്കോൾ ഷീറ്റ് വച്ച് തയാറാക്കുന്ന കോൺക്രീറ്റ് ചുമരിനും മേൽക്കൂരയ്ക്കും ഭൂമികുലുക്കത്തെ അതിജീവിക്കാനാകും എന്നാണ് ഗവേഷകരുടെ പഠനം തെളിയിക്കുന്നത്. സാൻഡ്‌വിച്ച് പോലെ തെർമോക്കോൾ പാളി നടുവിൽ വരുന്ന രീതിയിലാണ് റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് തയാറാക്കുന്നത്.

ഗവേഷണത്തിന്റെ ഭാഗമായി റൂർക്കിയിലെ നാഷനൽ സീസ്മിക് ടെസ്റ്റ് കേന്ദ്രത്തിൽ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ നിർമിച്ചിരുന്നു. എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. യോഗേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
‘‘കോംപസിറ്റ് മെറ്റീരിയൽ എന്ന നിലയിൽ തെർമോക്കോൾ ഉപയോഗിച്ച് നാല് നില കോൺക്രീറ്റ് കെട്ടിടം വരെ നിർമിക്കാനാകും.’’ യോഗേന്ദ്ര സിങ് പറയുന്നു.
അതീവ ഭൂകമ്പസാധ്യതാ മേഖലയായ സോൺ അഞ്ചിൽ പോലും ഇത്തരം കെട്ടിടങ്ങൾ സുരക്ഷിതമായി നിലനിൽക്കുമെന്ന് ഗവേഷകർ പറയുന്നു. ഭൂമികുലുക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചായിരുന്നു പരീക്ഷണം.

ഇത്തരം കെട്ടിടങ്ങൾ നിർമിക്കാനുള്ള തെർമോക്കോൾ പാനൽ ഫാക്ടറിയിൽ നിർമിക്കാനാണ് പദ്ധതി. രണ്ടു വശത്തും ഇരുമ്പുവല പൊതിഞ്ഞ രീതിയിലായിരിക്കും പാനൽ. ഇത് സൈറ്റിലെത്തിച്ച ശേഷം ആവശ്യമായ അളവിൽ മുറിച്ചെടുത്ത് കെട്ടിടത്തിന്റെ ചട്ടക്കൂട് നിർമിക്കും. അതിനുശേഷം ഇതിലേക്ക് കോൺക്രീറ്റ് ചേർക്കും.
‘‘വളരെ വേഗം നിർമാണം പൂർത്തിയാക്കാം എന്നതാണ് ഈ രീതിയുടെ മറ്റൊരു പ്രത്യേകത. തെർമോക്കോൾ ഉപയോഗിക്കുന്നതിനാൽ സിമന്റ്, മണൽ തുടങ്ങിയവയുടെ അളവ് കുറയ്ക്കാം. കെട്ടിടത്തിന്റെ ഭാരം കുറയുമെന്ന മെച്ചവുമുണ്ട്. നടുവിൽ തെർമോക്കോൾ വരുന്നതിനാൽ കെട്ടിടത്തിനുള്ളിലേക്ക് അധികം ചൂട് കടക്കുകയുമില്ല.’’ മുഖ്യ ഗവേഷകനായ ആദിൽ അഹമ്മദ് പറയുന്നു. ഏതായാലും തെർമോക്കോൾ താരമാകുന്ന കാലം അകലെയല്ലെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന.