Thursday 15 July 2021 04:25 PM IST

കെട്ടിലും മട്ടിലും ജനലുകൾ മാറിക്കഴിഞ്ഞു, അറിയാം ജനലിലെ പുതിയ ട്രെൻഡുകൾ

Sunitha Nair

Sr. Subeditor, Vanitha veedu

window 1

കാറ്റും വെളിച്ചവും കയറിയിറങ്ങാൻ മാത്രമല്ല ഇന്ന് ജനാലകൾ. വീടിന്റെ ഭംഗിയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം കൂടിയാണ്. അതിനാൽ ജനാലകളുടെ രൂപത്തിലും ഭാവത്തിലും നിറയെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ജനൽ തന്നെ അലങ്കാര വസ്തുവായി മാറി. അഴികളുടെ എണ്ണവും കനവും എത്രയും കൂട്ടാമോ അത്രയും നല്ലത് എന്നതായിരുന്നു പഴയ രീതി. എന്നാൽ ഇപ്പോൾ കഴിവതും അഴികൾ വേണ്ട എന്നാണ്. പകരം പുറത്തെ കാഴ്ചകൾ കാണാനും തടസ്സമില്ലാതെ കാറ്റും വെളിച്ചവും അകത്തു ലഭിക്കാനും വലിയ ഗ്ലാസ്സ് ജനാലകൾ നൽകുന്നതാണ് ട്രെൻഡ്. സുരക്ഷയ്ക്ക് പുതിയ സാങ്കേതിക വിദ്യകളുമായി ഹോം ഓട്ടമേഷൻ രംഗത്തെത്തിയതോടെ ജനലഴികൾക്ക് പ്രാധാന്യമില്ലാതായി. 

balcony 4

സ്റ്റീൽ, അലുമിനിയം, യുപിവിസി തുടങ്ങിയ പ്രീഫാബ്രിക്കേറ്റഡ് മെറ്റീരിയലുകളാണ് ഇന്ന് ജനൽ നിർമിക്കാൻ കൂടുതലായും ഉപയോഗിക്കുന്നത്. തടിയോടുള്ള താൽപര്യം കുറഞ്ഞു. ചെലവു കുറവ്, മെയിന്റനൻസ് ഫ്രീ, വേഗത്തിൽ പണി തീർക്കാം, ഭാരക്കുറവ് എന്നിവയാണ് ഗുണങ്ങൾ. ജനാലകളുടെ വലുപ്പവും ഇപ്പോൾ പഴയതു പോലെയല്ല. മുൻ ജനാലകൾ നീളത്തിലുള്ള ഫ്രഞ്ച് വിൻഡോയും മറ്റു മുറികളിൽ ചെറിയ ജനാലകളുമായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ ജനാലയുടെ വലുപ്പം എത്രയും കൂട്ടാമോ അത്രയും നല്ലത് എന്ന അവസ്ഥയാണ്. വാതിലോളം വലുപ്പമുള്ള സുന്ദരൻ ജനലുകളോടാണ് പ്രിയം. വീടിനുള്ളിൽ കൂടുതൽ ‘ഓപൻ ഫീലിങ്’ സൃഷ്ടിക്കാൻ വലിയ ജനാലകൾ സഹായിക്കുന്നു.

ഭിത്തിയുടെ അളവു കുറഞ്ഞ് ആ സ്ഥാനത്തു വലിയ ജനലുകൾ വന്നതാണ് ശ്രദ്ധേയമായ മാറ്റം. മുറികളെ പരസ്പരം ബന്ധിപ്പിക്കാനും വീടിനെ ഔട്ട്ഡോറുമായി ബന്ധിപ്പിക്കാനും വലിയ ഗ്ലാസ്സ് വിൻഡോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. പ്രക‍ൃതിയോട് ഇണങ്ങിയ വീടുകൾ, തുറന്ന മുറി എന്നീ ആശയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഭിത്തിക്കു പകരം ജനൽ എന്ന ശൈലിയോടാണ് താൽപര്യം. വാതിലിന്റെ അതേ വലുപ്പത്തിൽ തന്നെ ലാമിനേറ്റഡ് ടഫൻഡ് ഗ്ലാസ്സ് വിൻഡോ പണിയാൻ സാധിക്കും. നല്ല ഉറപ്പുള്ളതിനാൽ ചുമരിനു പകരം എക്സ്റ്റീരിയറിലേക്കു തുറക്കുന്ന രീതിയിലും പണിയാം. മുന്‍പ് കിടപ്പുമുറികൾക്ക് ചെറിയ ജനാലകളാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ വലിയ ജനലുകളോടാണ് പ്രിയം. കിടപ്പുമുറികളിൽ തറയിൽ നിന്ന് 45 സെമീ ഉയരത്തിലാണ് ജനലുകൾ തുടങ്ങേണ്ടത്. കട്ടിലിന്റെ ഉയരത്തിൽ ജനാലകൾ തുടങ്ങണം എന്നുള്ളതു കൊണ്ടാണിത്. കാറ്റും വെളിച്ചവും കാഴ്ചകളും കട്ടിലിൽ കിടന്നുകൊണ്ട് ആസ്വദിക്കണമെങ്കിൽ ഇതാവശ്യമാണ്. വായുസഞ്ചാരം ലഭിക്കണമെങ്കിൽ കട്ടിലിന്റെ ഉയരത്തിൽ ജനൽ തുടങ്ങണം. ജനാലയുടെ മുകളിലെ അളവ് ലിന്റൽ ലെവൽ വരെയോ സ്ലാബ് ലെവൽ വരെയോ ആകാം. ചുമരുകൾക്കു പകരം ചില്ലു ജാലകങ്ങൾ നൽകുമ്പോൾ അവയുടെ സ്ഥാനം ശ്രദ്ധിക്കണം. വീടിനുള്ളിൽ വെന്തുരുകി ഇരിക്കേണ്ട അവസ്ഥ വരരുത്.

window 3

ഇരുനില വീടുകളിലാണ് ജനലിന്റെ ഡിസൈൻ സാധ്യതകൾ കൂടുതലായി പ്രയോജനപ്പെടുന്നത്. ലിവിങ് സ്പേസോ ഡൈനിങ്ങോ ഡബിൾ ഹൈറ്റിലുള്ള വീടാണെങ്കിൽ ഭിത്തിയുടെ മുകൾ ഭാഗത്ത് ആകർഷകമായ ഡിസൈനിലുള്ള ജനലുകൾ നൽകി വീടിനു പകിട്ടേകാം. വീടിന്റെ ഡിസൈനിനോടു പൊരുത്തപ്പെടുന്ന തരത്തിൽ ചെറിയ സ്പ്ലിറ്റ് വിൻഡോ മുതൽ ചുമരിന്റെ നല്ലൊരു ഭാഗം ഉൾക്കൊള്ളുന്ന ഷോ വിൻഡോ വരെ ഈ ഭാഗം സുന്ദരമാക്കാൻ ഉപയോഗിക്കാം. ജനലഴികൾ നൽകുന്നുണ്ടെങ്കിൽ അതെത്രയും ലളിതമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ. പൂക്കളുടെയും കിളികളുടെയും ആകൃതിയിലുള്ള ജനലഴികൾ ഔട്ട് ഓഫ് ഫാഷൻ ആയി. മിനിമലിസത്തോടാണ് ലോകം മുഴുവനും താൽപര്യം. മാത്രമല്ല, ഇത്തരം രൂപങ്ങൾക്കിടയിൽ പൊടി അടിഞ്ഞാൽ വൃത്തിയാക്കാൻ പ്രയാസമാണെന്നതും അവയോടുള്ള ഇഷ്ടം കുറച്ചു.

ഒന്നുകിൽ ലംബം അല്ലെങ്കിൽ തിരശ്ചീനം ഇവയില്‍ ഏതെങ്കിലും ഒരു തരത്തിലുള്ള അഴികൾ നൽകുന്നതാണ് ട്രെൻഡ്. ഇങ്ങനെ ഒരു വശത്തേക്കു മാത്രം നൽകുന്നതാണ് ആവശ്യത്തിനു കാറ്റും വെളിച്ചവും കാഴ്ചയും കിട്ടാൻ നല്ലത്. പെയിന്റ് ചെയ്യാനും ഇതാണ് എളുപ്പം. ഉരുണ്ട കമ്പികളേക്കാൾ ബലം ചതുരക്കമ്പികൾക്കാണ്. ഒരു സ്ക്വയർ ഇഞ്ച് പൈപ്പ് ആണ് ചതുരക്കമ്പികളിൽ സാധാരണയായി ഉപയോഗിക്കുന്നത്. കമ്പികൾ നേരിട്ട് കോൺക്രീറ്റിൽ ഉറപ്പിക്കുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാർഗം.

ജാളികൾ പുതിയ വീടുകളുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ജനലുകളുടെ സ്ഥാനം കൈയടക്കിയ ജാളികളുടെ ഭംഗിയാണ് എല്ലാവരുടെയും മനസ്സ് കീഴടക്കുന്നത്. അകത്തും പുറത്തും ഭംഗിയേകുന്നതിനൊപ്പം കാറ്റും വെളിച്ചവും എത്തിക്കുന്നു, ജാളി. ടെറാക്കോട്ട ജാളിയാണ് ട്രെൻഡ്. സിഎൻസി കട്ടിങ് ചെയ്ത മെറ്റൽ ജാളികളും ജനപ്രിയമാണ്. കോർട്‌യാർഡ് പോലെയുള്ള ഇടങ്ങളുടെ ചുമരുകളിൽ ജാളിയാണ് താരം. ടെറാക്കോട്ട ജാളി ബ്രിക് വാങ്ങാൻ കിട്ടും. ഒരേ തരത്തിലുള്ള കട്ടകളോ പലതരം കട്ടകളുടെ കോംബിനേഷനോ ആയി ജാളി പണിയാം. ടെറാക്കോട്ട ഹോളോ ബ്രിക്സ് കൊണ്ടും ജാളി പണിയാം.

window 2

പറത്തേക്ക് തള്ളി സാധാരണ ജനലിനേക്കാളും വലുപ്പത്തിൽ നിർമിക്കുന്ന ബേ വിൻഡോ വീടിന്റെ പുറമേക്കുള്ള കാഴ്ചയും മനോഹരമാക്കുന്നു. ജനലിനോടു ചേർന്നൊരുക്കുന്ന ഇരിപ്പിടങ്ങൾ കാറ്റും കാഴ്ചയും ആസ്വദിക്കാൻ പാകത്തിലുള്ളതാണ്. ഇതിന്റെ അടിഭാഗം സ്റ്റോറേജ് ആയും ഉപയോഗിക്കാം. ഈ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നതു കൊണ്ട് അകത്ത് തുറന്ന പ്രതീതി ലഭിക്കും. ഇവിടെ ഇരിക്കുമ്പോൾ ചുറ്റുമുള്ള മൂന്നു ഭാഗത്തേക്കും കാഴ്ചയെത്തുമെന്നതാണ് മറ്റൊരു ഗുണം. ബേ വിൻഡോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവിടം മഴ നനയാനുള്ള സാധ്യത കൂടുതലാണെന്നതാണ്. അതു കൊണ്ട് വേണ്ടത്ര സുരക്ഷതത്വം കിട്ടുന്ന രീതിയിൽ റൂഫ് സ്ലാബ് തള്ളിയിടണം. തടിയിൽ ജനൽ പണിതാൽ വെയിലടിച്ച് ഭംഗി നഷ്ടപ്പെടാനും കേടുപാടുകൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ യുപിവിസിയിലെ പൗഡർ കോട്ടഡ് അലുമിനിയത്തിലോ പണിയാം.

Tags:
  • Vanitha Veedu