Thursday 22 August 2019 11:25 AM IST

അവൾ അരുണിനൊപ്പം സന്തോഷവതിയായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു; അഞ്ജുവിന്റെ സ്വന്തം അച്ചച്ചൻ‌ പറയുന്നു

Rakhy Raz

Sub Editor

aju

പണ്ടൊക്കെ സുന്ദരിപ്പെങ്കൊച്ചുങ്ങളെ ചെക്കന്മാർ ലൈനടിച്ചു തുടങ്ങുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു. ‘നോക്കീം കണ്ടും മതി...ലവള്ക്ക് ചൊങ്കനൊര് ആങ്ങളയുണ്ടെടാ... ’ പിന്നെ ലൈൻ വലിക്കുന്നതിന് മുൻപ് ആങ്ങളയുടെ മുന്നിൽ ഇമേജ് ഉണ്ടാക്കിയെടുക്കാനുള്ള തത്രപ്പാടായിരിക്കും പ്രേമനായകൻ നടത്തുക.

പെൺകുട്ടികൾക്കാകട്ടേ കുഞ്ഞിപ്പെങ്ങൾ ആയിരിക്കുമ്പോൾ മുതൽ കല്യാണം കഴിഞ്ഞ് മറ്റൊരാളുടെ സ്വന്തമായിക്കഴിഞ്ഞാലും അവൾക്ക് ചുറ്റുമുള്ള അദൃശ്യമായ സുരക്ഷാ വലയം ആണ് ഏട്ടൻ. അവൾക്ക് കാലൊന്നിടറിയാൽ, ആരെങ്കിലും മോശമായൊന്ന് നോക്കിയാൽ തെളിഞ്ഞു വരുന്ന സാന്നിധ്യം.. കുഞ്ഞിപ്പെങ്ങളുള്ള ഓരോ ഏട്ടന്മാരുടെയും നെഞ്ച് പിടയുന്ന ഒരു ദിവസമുണ്ട്. അവളുടെ കല്യാണ നാൾ. ആ ദിവസം ആ കണ്ണുകൾ നിയന്ത്രണം വിട്ട് നിറയും. വാക്കുകൾ ഇടറും..

ajuy-2 അജു വർഗീസും ഭാര്യ അഗസ്റ്റീനയും സഹോദരി അഞ്ജുവിനും ഭർത്താവ് അരുൺ കുര്യൻ മാണിക്കുമൊപ്പം

എന്നും ഉത്തരവാദിത്തമുള്ള ഏട്ടൻ

കുഞ്ഞനിയത്തിയുടെ കല്യാണ നാൾ ഓർക്കുകയാണ് ഏട്ടൻ അജു വർഗീസ്, അവർ പറയുന്നു.. ‘ ആ ദിവസം ഒാർത്താൽ ശരിക്കും ചങ്ക് പറിഞ്ഞു പോകുന്നതു പോലെ തോന്നും’

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനിയത്തി അഞ്ജു ജനിക്കുന്നത്. ഞങ്ങൾ തമ്മിൽ പത്ത് വയസ്സ് വ്യത്യാസം ഉണ്ട്. ഞാൻ പത്തിൽ പഠിക്കുമ്പോൾ അവൾ ഒന്നാം ക്ലാസിലായിട്ടേയുള്ളു.’’ അജു ഓർമകളിലേക്കിറങ്ങി.

‘‘ഞാൻ സ്കൂൾ കാലമായിരുന്നപ്പോൾ അവൾ കുഞ്ഞ് ആയിരുന്നല്ലോ. അവൾ സ്കൂളിൽ പോയി തുടങ്ങിയ സമയത്ത് ഞാൻ എൻട്രസ് കോച്ചിങ്ങും ഒക്കെയായി തിരക്കിലായി. ഹോസ്റ്റലിൽ നിന്നായിരുന്നു എന്റെ പഠിത്തം. അതുകൊ ണ്ട് അവളെ അധികം കാണാൻ കിട്ടിയിരുന്നില്ല.

എൻജിനീയറിങ് കഴിഞ്ഞ് ഞാൻ ജോലിക്ക് കയറി. ജോലി രാജി വച്ച് സിനിമാ ചർച്ചയും പ്ലാനിങ്ങും ഒക്കെ തുടങ്ങിയ സമയത്ത് ഒന്നര വർഷം ഞാൻ വീട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ പ്ലസ് ടുവും എൻട്രൻസ് കോച്ചിങ്ങും ഒക്കെയായി അവൾ തിരക്കിൽ. അവളുടെ പഠിത്തവും തിരക്കും ഒക്കെ കഴിഞ്ഞപ്പോഴേക്ക് എനിക്ക് സിനിമയിൽ തിരക്കായി.’’ തിരക്കിന്റെ കഥ പറഞ്ഞ് അജു ചിരിച്ചു.

‘‘ചേട്ടന്റെ അധികാരം എടുക്കുന്ന ചേട്ടനല്ലായിരുന്നു ഞാൻ. അവൾക്ക് അവളുടെ സ്പെയ്സ് നൽകുന്ന, അവരുടെ ഇഷ്ടങ്ങൾ വില വയ്ക്കുന്ന ഏട്ടനായിരുന്നു.’’

അഞ്ജു : അച്ചച്ചാ.. എന്നാണ് ഞാൻ വിളിക്കുക. ചേട്ടൻ എന്നെ അഞ്ജു.. എന്നോ, മോളേ എന്നോ മാത്രമേ വിളിച്ചിക്കാറുള്ളു..

അജു: നന്നായി പഠിക്കുന്ന കുട്ടി ആയതു കൊണ്ട് അവളോട് പഠിക്കണം എന്നൊന്നും പറയേണ്ടി വന്നിട്ടേയില്ല, മാത്രമല്ല ഞാനൊരു സാധാരണ സ്റ്റുഡന്റ് ആയിരുന്നെങ്കിൽ അവൾ ബ്രില്യന്റ് ആയിരുന്നു. എൻട്രൻസ് എഴുതി എൻജിനീയറിങ് അഡ്മിഷൻ നേടിയ ആളാണ് കക്ഷി. ഞാൻ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ തരമാക്കിയ പാവം ആളാണ്.’’

aju-1

അഞ്ജു : ഒരിക്കൽ പോലും ചേട്ടൻ എന്റെ മാർക്ക് ചോദിച്ചിട്ടില്ല. പഠിക്കേണ്ട സമയത്ത് മാത്രം പഠിക്കാനാണ് ചേട്ടൻ പറയുക. മറ്റു കാര്യങ്ങൾ ചെയ്യേണ്ട സമയത്തും പഠിച്ചോണ്ടിരിക്കരുത് എന്ന് പറയും.

അജു: ചെങ്ങന്നൂർ ഗവൺമെന്റ് കോളജിൽ ആണ് അവൾ പഠിച്ചത്. എൻജിനീയറിങ് ഇലക്ട്രിക്കൽ ആയിരുന്നു. പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടി. എന്നാൽ ഇനി കല്യാണം ആലോചിക്കട്ടേ എന്ന് ഞാനും അച്ഛനും അമ്മയും അവളോട് ചോദിച്ചു. അവൾ ഒകെ പറഞ്ഞപ്പോൾ കല്യാണാലോചന തുടങ്ങി.

അച്ഛന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു അരുണിന്റെ അച്ഛൻ. ഒരു ബന്ധു വഴി ആലോചന വന്ന ശേഷമാണ് പരിചയമൊക്കെ ഞാനും അഞ്ജുവും അറിയുന്നത്. അരുണും എൻജിനീയർ ആണ്.

അഞ്ജു: കല്യാണക്കാര്യത്തിലും ഒരു നിബന്ധനയും ചേട്ടൻ എന്ന നിലയിൽ ഞാൻ വച്ചില്ല. രണ്ട് പേർ വിവാഹം കഴിക്കുന്നതിൽ മറ്റുള്ളവർ കുറേ അന്വേഷണം നടത്തുന്നതിലും നിർദേശം വയ്ക്കുന്നതിലും ഒന്നും എനിക്ക് അഭിപ്രായമില്ല. വിവാഹിതരാകാൻ പോകുന്നവർക്ക് പരസ്പരം തോന്നുന്ന സമ്മതത്തിന് തന്നെയാണ് ഏറ്റവും പ്രാധാന്യം.

അജു: അരുൺ പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ ഒരു ഷൂട്ടുമായി തിരക്കിലായിരുന്നു. പക്ഷേ, പിന്നീട് കണ്ടപ്പോൾ തന്നെ എനിക്ക് അരുണിനെ ഇഷ്ടപ്പെട്ടു.

‘നല്ല ഒാമനത്തം’ എന്നാണ് ആദ്യകാഴ്ചയിൽ തോന്നിയത്. കൂടുതൽ അടുത്തപ്പോൾ മനസ്സിനും ആ ഓമനത്തമുണ്ടെന്ന് മനസ്സിലായി. അഞ്ജു അരുണിനൊപ്പം സന്തോഷവതിയായിരിക്കും എന്നെനിക്ക് ഉറപ്പായി. എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ..’’

അഞ്ജു: അരുണിനെ കണ്ടപ്പോൾ പലരും പറഞ്ഞത് എന്നെയും അരുണിനെയും കണ്ടാൽ സഹോദരനും സഹോദരിയും ആയി തോന്നുമെന്നാണ്. അച്ചച്ചനും അതു തന്നെ പറഞ്ഞു.

അജു: ആർഭാടം ഉള്ള വിവാഹത്തോട് താൽപര്യമില്ലാത്തയാളാണ് ഞാൻ. എന്റെ വിവാഹത്തിന് ഞാൻ പർച്ചെയ്സ് ചെയ്യാൻ എടുത്ത സമയം അര മണിക്കൂർ ആണ്. എന്റെ അച്ഛനും അമ്മയും അഞ്ജുവും ഒക്കെ ഇതേ മനസ്ഥിതിക്കാരാണ്. എന്റെ മേഖല സിനിമയായതുകൊണ്ട് ഒരുപാട് പേരെ ക്ഷണിക്കാനുണ്ടായിരുന്നതിനാൽ അതിഥികൾ ഏറെയുണ്ടായിരുന്നു എന്നു മാത്രം.

ഭക്ഷണം നന്നായിരിക്കണം എന്ന ഒറ്റക്കാര്യത്തിലേ എനിക്ക് നിർബന്ധമുണ്ടായിരുന്നുള്ളു. എന്റെ വിവാഹത്തിനും അഞ്ജുവിന്റെ വിവാഹത്തിനും ഞാനാക്കാര്യം ശ്രദ്ധിച്ചിരുന്നു. അഞ്ജുവിന്റെ വിവാഹ വസ്ത്രത്തിന്റെ കാര്യമൊക്കെ എന്റെ ഭാര്യ അഗസ്റ്റീനയാണ് ചെയ്തത്. ’’

അഞ്ജു: ചേച്ചി ഫാഷൻ ഡിസൈനർ കൂടിയാണല്ലോ. എന്റെ ഇഷ്ട നിറങ്ങൾ എനിക്കിഷ്ടമുള്ള പാറ്റേണുകൾ ഒക്കെ ചോദിച്ച് അറിഞ്ഞ് എനിക്ക് ചേരുന്ന വിധത്തിൽ ചേച്ചി ഡ്രസ് ഡിസൈൻ ചെയ്തു തന്നു. എൻഗേജ്മെന്റിന് ലാച്ച ആയിരുന്നു. വിവാഹത്തിന് വൈറ്റ് സാരിയും. മന്ത്രകോടി ചില്ലി റെഡ് നിറത്തിലുള്ള സാരിയായിരുന്നു.

അജു: ഒത്തിരി സ്നേഹപ്രകടനം നടത്തുന്നയാളല്ല ഞാൻ. എന്നാലും അവളുടെ വിവാഹ ദിവസം ഏതൊരു ഏട്ടനും തോന്നുന്ന വിഷമം എനിക്കും തോന്നി. മറ്റൊരു വീട്ടിൽ, ഞങ്ങളാരും കൂടെയില്ലാതെ, എന്നോർത്തപ്പോൾ. അരുൺ സ്നേഹം ഉള്ളയാളാണ് എന്ന ആശ്വാസം ഉണ്ടായിരുന്നു. പിന്നെ അവൾക്ക് ഒരാവശ്യം വന്നാൽ ഞാനുണ്ടല്ലോ...

If there is a rewind Button...I wish to rewind

‘‘എന്റെ ഇഷ്ടമായിരുന്നു എന്നും അച്ചച്ചന്റെയും ഇഷ്ടം. കല്യാണത്തിന്റെ തലേന്ന് അച്ചച്ചൻ എന്റെ അടുത്ത് വന്ന് ചേർത്തു പിടിച്ചു പറഞ്ഞു.

നിന്നെ നാളെ കെട്ടിച്ചു വിടും. മറ്റൊരാളോടൊപ്പം ആയിരിക്കും ഇനി നിന്റെ ജീവിതം. പക്ഷേ, എന്നും നീയെനിക്ക് എന്റെ മോളായിരിക്കും.’ അത് കേട്ടപ്പോ എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.

ആ വാക്കുകൾ എനിക്ക് തരുന്ന ധൈര്യവും സന്തോഷവും എത്രയെന്ന് പറയാനാകില്ല. അച്ചച്ചനെക്കുറിച്ചുള്ള ഓർമകളിൽ ഏറ്റവും സുന്ദരമായത് ആ നിമിഷമായിരിക്കും.’’