ചിത്രമൂലയിലെ ഗുഹയിൽ ശങ്കരാചാര്യർ ധ്യാനിച്ച പീഠത്തിലിരുന്ന് രാവിലെ ഏഴു മണിക്കാണ് ഇതെഴുതുന്നത്. കിഴക്കേമാനത്തു സൂര്യനുദിച്ചിട്ടും സൗപർണികയുടെ ഉദ്ഭവസ്ഥാനത്ത് കോടമഞ്ഞ് മൂടി നിന്നു. പഞ്ഞിക്കെട്ടിന്റെ രൂപത്തിൽ കാറ്റ് തണുപ്പിനെ ഊതിമാറ്റുന്ന ശബ്ദം മാത്രം. രാത്രി മുഴുവൻ കനംകെട്ടിയ കുളിരിനു പുറത്തേയ്ക്ക് കുടജാദ്രി ഉണരുകയാണ്. ഒന്നും കാണാൻ പറ്റുന്നില്ല, വെള്ളത്തുണികൊണ്ടു മുന്നിലൊരു കർട്ടൻ കെട്ടിയതുപോലെ മഞ്ഞിന്റെ കൂടാരമായിരിക്കുന്നു ഇവിടം. നാലായിരം വർഷം മുമ്പുള്ള പ്രഭാതങ്ങളിൽ ഇതേ കാഴ്ചകൾ കണ്ട്, ഇവിടെയിരുന്നാണ് ശങ്കരാചാര്യർ ധ്യാനിച്ചത്.
ഇരുപതു മീറ്ററോളം നീളമുള്ള പാറയിടുക്കാണു ചിത്രമൂല. ഇവിടെ ശിവലിംഗം സ്ഥാപിച്ച് ആദിശങ്കരൻ പൂജിച്ചാരാധിച്ചു. ചിത്രമൂലയിലെ പീഠത്തിൽ ഒരാൾക്ക് കാലുനീട്ടി നിവർന്നിരിക്കാനും കിടക്കാനുമുള്ള സ്ഥലമുണ്ട്. മലയുടെ ചെരിവിലെ ദ്വാരമായതിനാൽ വെയിലും മഴയുമേൽക്കില്ല. പാറയിൽ അള്ളിപ്പിടിച്ചു വേണം ഇവിടെ കയറിപ്പറ്റാൻ. മരത്തടി കൂട്ടിച്ചേർത്തൊരു ഏണി പാറയിൽ കെട്ടിവച്ചിട്ടുണ്ട്. അതിലൂടെയാണ് ആളുകൾ പീഠത്തിൽ കയറുന്നത്. ഏണിയുടെ അറ്റത്തെത്തിയാലും ബാക്കിയുള്ള രണ്ടു പടവുകൾ പാറയുടെ വിള്ളലിൽ പിടിച്ചു കയറണം. ഇവിടെയിരുന്നു നേരേ നോക്കിയാൽ കൊടുംകാട്, അതിനപ്പുറത്തു നാലഞ്ചു മലകൾ. അതിലൊന്നാണു ശൃംഗേരി.
പത്തര മണിയായപ്പോഴേയ്ക്കും സൂര്യൻ സൗപർണികയുടെ മുന്നിൽ വെട്ടിത്തിളങ്ങി. പുകമഞ്ഞു നീങ്ങുംതോറും കാടുകളും മരക്കൂട്ടങ്ങളും തെളിഞ്ഞു തുടങ്ങി. ശങ്കരന്റെ ധ്യാനപീഠവും അവിടേയ്ക്കുള്ള വഴിയും ഇപ്പോൾ കാണാം. പീഠത്തിനടുത്ത് ശിവലിംഗത്തിനരികെ ഒരു തളികയിൽ കുറച്ചു കുങ്കുമവും തൊട്ടടുത്തു രണ്ടു പ്ലാസ്റ്റിക് ഡബ്ബകളും വച്ചിട്ടുണ്ട്. ദേവീക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം ആരോ ഇവിടെ വച്ചതാണ്. അങ്ങകലെ ശൃംഗേരി മലയെ നോക്കി അദ്വൈതം മന്ത്രിച്ച ശങ്കരനെ മനസ്സിൽ വിചാരിച്ച് കുറച്ചു നേരം അവിടെയിരുന്നു. ആ പീഠത്തിൽ കണ്ണടച്ചിരുന്ന സമയത്ത് സൗപർണികയുടെ ‘കാലൊച്ച’യൊഴികെ ബാക്കിയെല്ലാം നിശ്ശബ്ദം.
പീഠത്തിനോടു ചേർന്നുള്ള പാറയിടുക്കിൽ നിന്നു തെളിഞ്ഞൊഴുകുന്ന നീരുറവ കണ്ടു – സൗപർണിക നദി. ചിന്നിത്തെറിച്ച പാറക്കഷണത്തിന്റെ വിടവിലാണ് സൗപർണിക പിറവിയെടുക്കുന്നത്. പാറയിടുക്കിൽ നിന്നു ചൂണ്ടുവിരൽ വണ്ണത്തിൽ സൗപർണിക തുള്ളിച്ചാടിയൊഴുകുന്നു. വിജ്ഞാനത്തിന്റെ പീഠം തൊട്ടുവണങ്ങി ഇതുപോലെ യാത്ര ആരംഭിക്കുന്ന നദി ലോകത്തു വേറെയില്ല, ഉറപ്പ്.
ചിത്രമൂലയിൽ എത്തുന്നവർ സൗപർണികയുടെ ആദ്യത്തെ തുള്ളികൾ തീർഥമായി വീട്ടിലേക്കു കൊണ്ടുപോകാറുണ്ട്. പതിവുതെറ്റിച്ചില്ല, ഒരു കുപ്പി നിറയെ തീർഥമെടുത്ത് ശങ്കരപീഠത്തോടു യാത്ര പറഞ്ഞു.
നെറുകയിൽ മഞ്ഞുചൂടിയ സുന്ദരിയാണു കുടജാദ്രി. മലയുടെ അടിവാരത്തു പൊരിവെയിലാണെങ്കിൽ, മുകളിൽ ഇരുൾമൂടിയ മഞ്ഞായിരിക്കും. അതിന്റെ രണ്ടിരട്ടി കോടയാണ് ചിത്രമൂലയിൽ. പ്രഭാതങ്ങളിലെ കാര്യം പറയുകയേ വേണ്ട. കുടജ പുഷ്പങ്ങളുടെ മലയാണു കുടജാദ്രി. ഗിരിമല്ലികയെന്നു കർണാടകക്കാർ പറയും. കുടജാദ്രി മലയുടെ സ്വന്തം പൂവിന് പകലന്തിയോളം പലനിറം. അതിനുമപ്പുറം, ഒരായിരം ഔഷധസസ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടത്തിലെ ഈ മല. ‘നാച്ചുറൽ ഹെറിറ്റേജ് സൈറ്റായി’ അംഗീകരിച്ച് കർണാടക സർക്കാർ ഇതു സ്ഥിരീകരിച്ചു.
കൂടെ വരണമെന്നു ശങ്കരൻ അഭ്യർഥിച്ചപ്പോൾ സരസ്വതീ ദേവി നടന്ന വഴിയിലൂടെ സർവജ്ഞപീഠത്തിലേക്കു നീങ്ങുകയാണ്. മരങ്ങളുടെ വേരുകൾ നിറഞ്ഞ വഴിയിലൂടെയാണു മല കയറ്റം. ചിത്രമൂല കാണാനെത്തുന്നവർ നടന്നു നടന്ന് കാട്ടുപാത നാട്ടുവഴിയായി മാറിയിട്ടുണ്ട്. കടുവയും പുലിയും മലമ്പാമ്പും രാജവെമ്പാലയുമുള്ള കാടാണിതെന്ന കാര്യം മറക്കരുത്. ആദിശങ്കരന്റെ പാത പിന്തുടരുമ്പോൾ അത്തരം വേവലാതികൾക്കു സ്ഥാനമില്ല. കുത്തനെയുള്ള കുന്നിലൂടെ മുകളിലേക്കാണു നീക്കം. പലയിടങ്ങളിലും കാലുവഴുതി. വഴിയിലേക്കു തൂങ്ങിയ വള്ളികളും ഇലപ്പടർപ്പും വകഞ്ഞു മാറ്റി അര മണിക്കൂർ നടന്ന് പുല്ലു നിറഞ്ഞ മേട്ടിലെത്തി. മഴവെള്ളപ്പാച്ചിലിൽ കല്ലുകൾ വീണുണ്ടായ ചാലുകളിലൂടെ കുറച്ചു ദൂരംകൂടി നീങ്ങിയപ്പോൾ കുന്നിനു മുകളിൽ ആ മന്ദിരം തെളിഞ്ഞു, സർവജ്ഞപീഠം.
ചിത്രമൂലയിൽ നിന്നു മല കയറി വരുന്നവർ സർവജ്ഞപീഠത്തിന്റെ നേരേ പിന്നിലുള്ള ഇടുക്കിലൂടെ ഏങ്ങിവലിഞ്ഞു കയറേണ്ടതില്ല. പീഠത്തിന്റെ പിൻഭാഗത്ത് ഇടതു വശത്തായി (ഇരുമ്പുവേലി കെട്ടിയ സ്ഥലത്ത്) അൽപ്പംകൂടി നല്ല വഴിയുണ്ട്. മണ്ണിടിയുമെന്ന ഭയമില്ലാതെ മുകളിലേക്കു കയറാൻ ഈ വഴിയാണ് നല്ലത്.
കുടജാദ്രിയുടെ ചൈതന്യമാണു സർവജ്ഞപീഠം. കരിങ്കല്ലുകൊണ്ടു മേൽക്കൂരയും ചുമരുമുള്ള മണ്ഡപം. ക്ഷേത്രത്തിനകത്ത് ശങ്കരാചാര്യരുടെ ഒരു ശിൽപ്പമുണ്ട്. കൽച്ചുമരുകളിൽ യന്ത്ര, ചക്ര രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നു. ‘കൊടാഷിപ്പൂക്കളു’ടെ ചൈതന്യം ശിരസിലേറ്റു വാങ്ങി, ആദിശങ്കരന്റെ പാദങ്ങളെ പിന്തുടർന്ന് ചിത്രമൂലയിൽ നിന്നൊരു മടക്ക യാത്രയാണ് ഞങ്ങൾ നടത്തിയത്. മലകയറിയ ശങ്കരനെയല്ല, ജ്ഞാനിയായി പർവതമിറങ്ങിയ പണ്ഡിതനെയാണു പിന്തുടർന്നത്.
baijugovind@gmail.com