Friday 24 November 2023 03:20 PM IST

വന്ദേഭാരതിൽ കയറുന്നവരുടെ ശ്രദ്ധയ്ക്ക്: യാത്രയ്ക്ക് തൊട്ടു മുന്‍പ് കൗണ്ടറില്‍ നിന്നു ടിക്കറ്റ് കിട്ടില്ല

Baiju Govind

Sub Editor Manorama Traveller

1 - vande

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘ശിവജി’ റിലീസായത് 2007ലാണ്. അക്കാലത്ത് തലൈവരുടെ ആരാധകർ നെഞ്ചേറ്റിയ ഡയലോഗിന്റെ പഞ്ചിന് ഇപ്പോഴും യു ട്യൂബിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങുണ്ട്. പുത്തൻ ഗെറ്റപ്പിൽ മിന്നിത്തിളങ്ങുന്ന നായകന്റെ മാസ് എൻട്രിയാണ് രംഗം. ആ സീനിന്റെ പളപളപ്പിൽ സ്‌റ്റൈൽ മന്നൻ കൊളുത്തിവിട്ട തീപ്പൊരി സംഭാഷണം ആലങ്കാരികമായി വന്ദേഭാരതിനു മുന്നിൽ എടുത്തു വീശുകയാണ് ‘‘സിങ്കം സിങ്കിളാ താൻ വരും...’’

ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ. സമയം വൈകിട്ട് 5.30. ട്രെയിൻ നമ്പർ 20632 വന്ദേഭാരത് എക്സ്പ്രസ്, പ്ലാറ്റ്ഫോം നമ്പർ ആറിലേക്ക് എത്തിച്ചേർന്നു. ട്രെയിനിന്റെയുള്ളിൽ നിന്ന് അനൗൺസ്മെന്റ് ! ‘വാതിലുകൾ തുറക്കുകയാണ്; പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലെ അകലം ശ്രദ്ധിക്കുക’ .

സ്ലൈഡിങ് ഡോറിന്റെ പാളികൾ ഇരുവശത്തേക്കും തുറന്നു. ആളുകൾ ബാഗും പെട്ടികളുമായി ട്രെയിനിൽ കയറി. കൃത്യം രണ്ടു മിനിറ്റ്. ചൂളം വിളി ഉയർന്നു; വാതിലടഞ്ഞു, വണ്ടി നീങ്ങി.

മറ്റു ട്രെയിനുകളിലേതു പോലെ തിരക്കില്ല. കാപ്പി, ചായ വിളിയുമായി കച്ചവടക്കാരില്ല. ലക്ഷൂറിയസ് സൈലൻസ് !

Photo: Rinkuraj Mattancheriyil Photo: Rinkuraj Mattancheriyil

എൻട്രൻസിലെ ചില്ലു വാതിലിനരികെ പച്ച ബട്ടനിൽ വിരലമർത്തി. ഇ–1 കോച്ചിന്റെ നിശബ്ദതയിലേക്ക്, എസിയുടെ തണുപ്പിലേക്ക് നടന്നു കയറി. റിവോൾവിങ് ചെയറിൽ കാലിന്മേൽ കാൽ കയറ്റിയിരുന്ന് വഴിയോരക്കാഴ്ചകൾ ആസ്വദിക്കുകയാണ് യാത്രക്കാർ. സിംഹാസനം പോലെയുള്ള കസേരയിലിരിക്കുമ്പോൾ രാജാവാണെന്നു തോന്നലുണ്ടാകുന്നതു സ്വാഭാവികം മാത്രം ! രജനിയുടെ മാസ് ഡയലോഗ് വീണ്ടും ഓർത്തു.

ഇന്ത്യയിലെ ട്രെയിൻ യാത്രയിൽ ഇതുപോലൊരു ആഡംബരം ഇതിനു മുൻപ് കണ്ടിട്ടില്ല. കുഷ്യൻ സീറ്റ്. എൽഇഡി ലൈറ്റ്, മൊബൈൽ ഫോൺ ചാർജർ, പേപ്പർ ഹോൾഡർ, വാട്ടർ ബോട്ടിൽ ഹോൾഡർ. വിൻഡോ ഗ്ലാസിനഭിമുഖമായി തിരിയുന്ന കസേര... വന്ദേഭാരതിൽ ആഡംബരം അൺലിമിറ്റഡ് !

റിവോൾവിങ് ലക്ഷ്വറി

രണ്ടാമത്തെ വന്ദേഭാരത് കാസർഗോട്ടേക്ക് ഓടിത്തുടങ്ങിയതിനു ശേഷവും അതിവേഗ ട്രെയിനിൽ തിരക്കിന് യാതൊരു കുറവുമില്ല. തലേദിവസം സീറ്റ് റിസർവ് ചെയ്യാൻ ശ്രമിച്ചാൽ അതു മനസ്സിലാകും. ഏറെക്കാലം മലയാളികൾ ആഗ്രഹിച്ച ‘അത്യാവശ്യ’മാണ് കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കും വിധം സർവീസ് നടത്തുന്ന അതിവേഗ ട്രെയിൻ. അതിനാലായിരിക്കാം ടിക്കറ്റ് നിരക്ക് അധികമാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നില്ല. ഒരിക്കൽ ഇതിൽ കയറിയവർ ട്രെയിനിലെ ആഡംബരങ്ങളെ കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നു.

ഒരു വശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകൾ. വിസ്താരമുള്ള നടവഴി. ലഗേജുമായി സുഖമായി നടക്കാം. എക്സിക്യൂട്ടിവ് കോച്ചിലാണെങ്കിൽ, സീറ്റുകളുടെ മുന്നിൽ ആവശ്യത്തിന് ‘ലെഗ് സ്പേസ്’ ഉണ്ട്. വിമാനത്തിലെ ഇക്കോണമി ക്ലാസ് യാത്രയെക്കാൾ സുഖകരമായി ഇരിക്കാം, ലഗേജ് റാക്കിന്റെ നിർമാണവും എയർലൈൻസ് മാതൃകയിലാണ്.

ലക്ഷേ്വറി വിഭാഗത്തിലുള്ള റിവോൾവിങ് ചെയറിൽ ഇരുന്നു. വിൻഡോ ക്ലാസിന് അഭിമുഖമായി കസേര തിരിച്ചു. വലുപ്പമുള്ള ചില്ലു ജാലകം. തെളിഞ്ഞ കാഴ്ചകൾ. രണ്ടു കസേരകൾ ഒന്നിച്ചായതിനാൽ, സീറ്റ് ഒരുമിച്ചു മാത്രമേ റിവോൾവ് ചെയ്യാൻ സാധിക്കൂ. ഹാൻഡ് റെസ്റ്റ് ഉയർത്തിയാൽ ഭക്ഷണം വയ്ക്കാനുള്ള ട്രേയായി മാറുന്നു. പാത്രം സുരക്ഷിതമായി വയ്ക്കാനുള്ള വീതിയുണ്ട്. വിൻഡോ ഗ്ലാസിലൂടെയുള്ള വെയിലിന്റെ ചൂട് തടയാനായി കർട്ടനു പകരം മനോഹരമായ ‘ബ്ലൈൻഡ്സ്’ ആണ് സ്ഥാപിച്ചിട്ടുള്ളത്. റിവോൾവിങ് ചെയറിന്റെ ഹാൻഡ് റെസ്റ്റ് ഇരട്ട ഉപയോഗത്തിനുള്ളതാണ്.

വീടുകളിലെ അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ മാതൃകയിൽ വൃത്തിയുള്ളതാണ് എക്സിക്യൂട്ടിവ് കോച്ചിലെ വെസ്‌റ്റേൺ, ഇന്ത്യൻ സ്‌റ്റൈൽ വാഷ് റൂം. വാഷ് ബേസിൻ, സോപ്പ് ഡിസ്പെൻസർ, ടിഷ്യൂ ഹോൾഡർ, ഫ്ളഷ് ബട്ടൻ എന്നിവ മികച്ച നിലവാരം പുലർത്തുന്നു.

5 - vande

മോഡുലർ പാൻട്രി

തൃശൂർ സ്‌റ്റേഷൻ എത്താറായെന്ന് അനൗൺസ്മെന്റ് മുഴങ്ങി. കുറച്ചു പേർ ട്രെയിനിൽ നിന്ന് ഇറങ്ങി, കുറേ പേർ കയറി. ഓട്ടമാറ്റിക്കായി തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളാണ് വന്ദേഭാരതിലേത്. പരമാവധി മൂന്നു മിനിറ്റാണ് സ്‌റ്റേഷനിൽ നിർത്തുക. മറ്റു ട്രെയിനുകളിൽ യാത്രക്കാർ ചെയ്യാറുള്ളതു പോലെ, ചായയും ബിസ്കറ്റും വാങ്ങാൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയോടരുത്.

ട്രെയിൻ നീങ്ങി. പെട്ടന്നു വേഗതയാർജിച്ചു. ‘മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അടുത്ത സ്‌റ്റേഷൻ ആലുവ. തൃശൂരിൽ നിന്ന് ആലുവയിലേക്ക് 60 കിലോമീറ്റർ’ വാതിലിനരികെയുള്ള മോണിറ്ററിൽ വിവരങ്ങൾ തത്സമയം എഴുതി കാണിക്കുന്നുണ്ട്. ‘കണക്ട് വന്ദേഭാരത് വൈഫൈ ഇൻഫോടെയ്ൻമെന്റ്’ എന്നും തെളിഞ്ഞു. സൗജന്യ വൈ ഫൈ ലഭ്യമാണെന്ന് വന്ദേഭാരതിന്റെ ടിക്കറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ക്രീനിനോടു ചേർന്നു ഭിത്തിയിൽ മറ്റൊരു ഇൻഡിക്കേറ്റർ കണ്ടു. ‘‘എമർജൻസി അലർട്ട് സംവിധാനമാണ്. ഇതിലൂടെ ലോക്കോ പൈലറ്റുമായി സംസാരിക്കാം’’ ടിക്കറ്റ് എക്സാമിനർ വിശദീകരിച്ചു. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റെനയും സിസിടിവിയുമുണ്ട്.

3 - vande

ഡിജിറ്റൽ ഡിസ്പ്ലെയുടെ സമീപത്ത് രണ്ടു ജോലിക്കാരുണ്ട്. വന്ദേഭാരതിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ കസ്‌റ്റോഡിയൻ ഡ്യൂട്ടിയിലുള്ളവരാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിത്ത് ഫുഡ്, വിത്തൗട്ട് ഫുഡ് എന്നിങ്ങനെ ഓപ്ഷൻ ഉണ്ട്. വന്ദേഭാരത് യാത്രക്കാർക്ക് ഭക്ഷണം തയാറാക്കുന്നത് മോഡുലർ പാൻട്രി കാറിലാണ്. വെജിറ്റേറിൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം ലഭ്യമാണ്. രണ്ടു കോച്ചുകളുടെ ഇടയിലുള്ള ‘ഹോട്ട് കെയ്സ്’ കാബിനുകളിലാണ് ഭക്ഷണം സൂക്ഷിക്കുന്നത്. കുപ്പിവെള്ളം സൂക്ഷിക്കുന്ന ഫ്രീസറും ഉണ്ട്. ഉച്ചഭക്ഷണം, ടിഫിൻ, വെള്ളം എന്നിവ സീറ്റിനരികെ എത്തും. ‘ചായ, കാപ്പി’ വിളി കേൾക്കില്ല. എന്തിനേറെ, ട്രെയിനിന്റെ ശബ്ദം പോലും കോച്ചിനുള്ളിൽ കേൾക്കില്ല !

ഇഡലിയും സാമ്പാറും കുഴച്ച് ചട്നിയും ചേർത്ത് കഴിച്ചു. ഭക്ഷണം വിളമ്പിയ ഡിസ്പോസേബിൾ ട്രേ മാലിന്യകുട്ടയിൽ നിക്ഷപിച്ചു. അതിനു ശേഷം ‘ചെയർകാർ’ കാണാനായി നടന്നു.

നീലനിറമുള്ള മനോഹരമായ കുഷ്യൻ സീറ്റുകൾ. വിസ്താരമേറിയതും സുരക്ഷിതവുമായ ലഗേജ് റാക്കുകൾ. പകൽ സമയത്തു മാത്രം സർവീസ് നടത്തുന്ന ട്രെയിൻ ആയതിനാൽ സ്ലീപ്പർ ബെർത്തുകൾ ഇല്ല. പുസ്തകം വായിക്കുന്നവർക്ക് വെളിച്ചം കിട്ടാൻ എൽഇഡി ലൈറ്റുണ്ട്. മുന്നു വശത്തേക്കും തിരിക്കാവുന്ന ടച്ച് ലൈറ്റുകളാണ്. സെമി സ്ലീപിങ് പൊസിഷനിൽ ഇരിക്കുമ്പോൾ കാൽ നീട്ടിവയ്ക്കാൻ പറ്റുംവിധം നീക്കാവുന്ന ലെഗ് റെസ്റ്റാണ്. അതിനു മുകളിലായി മാഗസിൻ ഹോൾഡർ. ഇടതുവശത്ത് കുപ്പിവെള്ളം സൂക്ഷിക്കാനുള്ള കാരിയർ. ഭക്ഷണം വിളമ്പാനുള്ള ട്രേ മറ്റു ട്രെയിനുകളിലേതു പോലെ ഇരിപ്പിടത്തിന്റെ പിൻവശത്താണു ഘടിപ്പിച്ചിട്ടുള്ളത്.

സുഖയാത്ര, ശുഭയാത്ര

4 - vande

രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.20ന് കാസർകോടെത്തും, എട്ടു മണിക്കൂർ യാത്ര. തലസ്ഥാനത്തു നിന്ന് എറണാകുളത്തേക്ക് 3 മണിക്കൂർ. കാസർകോടു നിന്ന് ഷൊർണൂരിലേക്കും 3 മണിക്കൂർ. കേരളത്തിന്റെ രണ്ടറ്റത്ത് താമസിക്കുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഓടിയെത്താൻ പറ്റുന്നൊരു യാത്രാമാർഗം – അതാണ് വന്ദേഭാരതിന്റെ പ്രധാന ആകർഷണം. 140 സെക്കൻഡിൽ 160 കിലോമീറ്റർ വേഗതയിലെത്താൻ ശക്തിയുള്ളതാണ് എൻജിൻ.

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഇന്ത്യയുടെ സാങ്കേതിക മികവു പ്രകടിപ്പിക്കാൻ നൽകിയ പേരാണ് ‘വന്ദേഭാരത്.’ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു നിർമാണം. ഇന്ത്യയിലെ ആദ്യത്തെ സെമി – ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ എന്നാണു വിശേഷണം. ഡൽഹി – വാരാണസി റൂട്ടിലാണ് രാജ്യത്ത് ആദ്യത്തെ വന്ദേഭാരത് സർവീസ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാരുടെ നിര നീണ്ടതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും വന്ദേഭാരത് അനുവദിച്ചു. വന്ദേഭാരതിന്റെ രാത്രി കാല സർവീസ് ട്രെയിനുകൾ വരുന്നുണ്ട്. ഹോട്ടൽ മുറികളിലേതു പോലെ സൗകര്യമുള്ള സ്ലീപ്പറുകളാണത്രെ മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുന്നത്.