ആലപ്പുഴയുടെ കായൽ സമൃദ്ധിയെ വെല്ലുവിളിക്കാവുന്നത്രയും മനോഹരമായ കായൽക്കാഴ്ചകൾ തൃശൂരിലുമുണ്ട്. പക്ഷേ, സഞ്ചാരികൾ ഇക്കാര്യം അറിഞ്ഞതായി നടിക്കുന്നില്ല. ആ വഴിക്ക് വെറുതെയൊന്നു പോയി നോക്കാമെന്നു പോലും കരുതുന്നില്ല. സ്ഥിരമായി യാത്ര ചെയ്യുന്നയാളുകൾ എന്തുകൊണ്ടാണ് തൃശൂരിലെ കായലിനോട് ഇത്ര അകലം പാലിക്കുന്നത്? കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ചേറ്റുവയിലാണെന്ന വാസ്തവത്തിനു വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല – അതുതന്നെ കാരണം. ഒരു കാര്യം കേട്ടോളൂ, നമ്മൾ മലയാളികൾക്ക് താത്പര്യമില്ലെങ്കിലും ചേറ്റുവയിലെ കായൽ സവാരി വിദേശികൾ ശരിക്കും ആസ്വദിക്കുന്നുണ്ട്. ദേശാടനക്കിളികൾ പകലിനെ പാട്ടു പാടി ഉണർത്തുന്നതും കക്ക നീറ്റുന്നതും കള്ളു ചെത്തുന്നതും കണ്ടാസ്വദിച്ച് അവർ ചേറ്റുവക്കായലിലൂടെ സവാരി നടത്തുന്നു.
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറാണു ചേറ്റുവ. തൃശൂരിൽ നിന്നു ഗുരുവായൂരിലേക്കു പോകുമ്പോൾ വാടാനപ്പള്ളി കഴിഞ്ഞുള്ള വലിയ പാലത്തിന്റെ കിഴക്കു വശത്തു കാണുന്നതാണു ചേറ്റുവ കായൽ. അറബിക്കടലിനോടു ചേർന്നു കിടക്കുന്ന ഈ കായലിനെക്കുറിച്ചൊരു ഔട് ലൈൻ കിട്ടിയാൽ ചേറ്റവു ബോട്ട് സവാരിയുടെ ഔട് ലൈൻ കിട്ടും. മണലൂർ, ചേറ്റുവ, കണ്ടശ്ശാംകടവ്, തൃപ്പയാർ എന്നിവിടങ്ങളെ അതിരാക്കി രണ്ടു കായലുകളുണ്ട് – ചേറ്റുവ, ഏനാമ്മാവ്. ഈ രണ്ടു കായലുകളിലേക്കാണ് കാനോലി കനാൽ വന്നു ചേരുന്നത്. ഇതു മൂന്നും ചേർന്നുണ്ടായ തടാകത്തിന്റെ വിശാലതയിലൂടെ ഒരു വട്ടം ബോട്ടിൽ കറങ്ങാൻ അഞ്ചു മണിക്കൂർ വേണം.
ചേറ്റുവ കായലിന്റെ നടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്. കാനോലി കനാലിന്റെയും ഏനാമ്മാവ് കായലിന്റെയും സമൃദ്ധിയാണ് ചേറ്റുവയിൽ നിബിഢമായ കണ്ടൽവനമുണ്ടാക്കിയത്. ഏങ്ങണ്ടിയൂരിൽ നിന്നു ബോട്ട് കയറി പടിഞ്ഞാറേക്കു യാത്ര ചെയ്താൽ കണ്ടൽക്കാടിലൂടെ ചുറ്റിക്കറങ്ങാം. തൃശൂരിൽ നിന്ന് ഏങ്ങണ്ടിയൂരെത്താൻ 21 കി.മീ. ദേശീയ പാതയിൽ നിന്ന് വലത്തോട്ട് രണ്ടു കിലോമീറ്റർ ചെറിയ വഴി. വേട്ടയ്ക്കൊരുമകൻ കടവിന്റെ മുന്നിലാണ് റോഡ് അവസാനിക്കുന്നത്. അവിടെ നിന്നാണ് ചേറ്റുവ കായൽ സവാരി ആരംഭിക്കുന്നത്.
കായലിൽ മീൻ പിടിക്കുന്നതു തത്സമയം കാണാനുള്ള യാത്രയാണ് ആദ്യം. കോടം മുക്കിൽ ഫ്രെഷ് മീൻ കിട്ടുന്ന കടയുണ്ട്. കടയുടമയുടെ പേര് ഉണ്ണി. പണ്ടൊക്കെ കായലിൽ അമ്പതു കിലോയുള്ള മീൻ കിട്ടുമെന്ന് ഉണ്ണിയേട്ടൻ പറഞ്ഞു. ചേറ്റുവ ഗ്രാമത്തിലെ ഒട്ടുമിക്ക പുരുഷന്മാരും മീൻപിടുത്തത്തിൽ അഗ്രഗണ്യരാണ്. വീശുവല, കുത്തുവല, ചൂണ്ട തുടങ്ങിയവയ്ക്കു പുറമെ കായലിൽ മുങ്ങി കക്ക വാരാനും പുഴുങ്ങി ഇറച്ചിയെടുക്കാനും അവർക്കറിയാം.
അവിടെ നിന്നു പുറപ്പെട്ട് തുരുത്തുകളും തോപ്പുകളും താണ്ടി കാനോലി കനാലിൽ നിന്നു പുറപ്പെട്ട് ഏനാമാവ് കായലിലൂടെ കറങ്ങി ചേറ്റുവ കായലിന്റെ നടുവിലെത്താം. കൈവഴികൾ പിരിഞ്ഞ പുഴ വട്ടക്കായലിലേക്ക് ഇറങ്ങിയ പോലെ വിശാലമായൊരു വെള്ളക്കെട്ടിന്റെ നടുവിൽ നിൽക്കുമ്പോൾ കുട്ടനാട്ടിലെ ആർ ബ്ലോക്കാണെന്നു തോന്നും. അവിടെ നിന്നാൽ ചേറ്റുവ പാലവും പാലത്തിനു താഴെ പച്ചനിറത്തിൽ രണ്ടു കുടകൾ കമിഴ്ത്തിയ പോലെ കണ്ടൽക്കാടുകളും തെളിഞ്ഞു കാണാം.
കണ്ടൽക്കാടിന്റെ സമീപത്തു ബോട്ട് നിർത്താം. പകുതിയോളം വെള്ളത്തിനടിയിലും പകുതിയിലേറെ ഭാഗം വെള്ളത്തിനു മുകളിലേക്കും ഉയർന്നു നിൽക്കുന്ന കണ്ടൽമരങ്ങൾ. ചില്ലയേത് വേരുകളേത് എന്നു തിരിച്ചറിയാൻ പറ്റാത്ത വിധം ചെടികൾ വളർന്നു നിൽക്കുന്നു. മരമാണോ അതോ കുറേ മരങ്ങൾ ചേർന്നുണ്ടായ വള്ളിപ്പടർപ്പാണോ എന്നു തിരിച്ചറിയാനാവില്ല. ഈ വള്ളിക്കാടിനുള്ളിൽ കായൽപ്പരപ്പിലേതുപോലെ ചൂടില്ല. കോറിയിട്ട വരകൾപോലെ ചെടികൾ നിൽക്കുന്ന കണ്ടൽക്കാട്ടിലെ തണുപ്പിന്റെ സുഖം അനുഭവിച്ചറിയുക തന്നെ വേണം. ചേറ്റുവയിലെ കള്ള് ഷാപ്പാണ് മടക്ക യാത്രയിലെ ഹൈലറ്റ്. കപ്പയും അയലക്കറിയുമാണു സ്പെഷൽ. ഷാപ്പ് കറികളിൽ പെരുമയുള്ള വിഭവങ്ങളെല്ലാം അവിടെയുണ്ട്.
ചേറ്റുവ ബോട്ട് സവാരി:
തൃശൂർ – ഗുരുവായൂർ റൂട്ടിൽ ഏങ്ങണ്ടിയൂർ (21. കി.മീ). വലത്തോട്ട് 2 കി.മീ. യാത്ര ചെയ്താൽ വേട്ടക്കൊരുമകൻ കടവ്. അവിടെ നിന്നാണ് റൈസ് ബോട്ട് സവാരി ആരംഭിക്കുന്നത്. സന്ദർശന സ്ഥലങ്ങൾ: ഏനാമാവ്, കണ്ടശ്ശാംകടവ്, ചേറ്റുവ, കണ്ടൽക്കാട്. ട്രിപ്പുകളുടെ സമയക്രമം: പുലർച്ചെ 5.45ന് ആദ്യ സവാരി. മൂന്നര മണിക്കൂർ. രാവിലെ 9.00, ഉച്ചയ്ക്ക് 12.00, ഉച്ച കഴിഞ്ഞ് 3.00. ഫുൾ ഡേ ട്രിപ്പ് : രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 3.00 വരെ. കോക്കനട്ട് ഐലന്റിൽ ഉച്ച മുതൽ പിറ്റേന്ന് ഉച്ചവരെയാണു താമസം. നാലു ദിവസം മുൻപ് ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ: 9847178455.
1.