Saturday 08 October 2022 03:50 PM IST

മൃഗങ്ങളെ കൊല്ലാം, കറിവയ്ക്കാം: കാടിനുള്ളിൽ സുഖവാസം‌

Baiju Govind

Sub Editor Manorama Traveller

1 fin

കോവിഡ് വ്യാപനത്തിന്റെ ആഘാതമേൽക്കാത്ത രാജ്യമാണു ഫിൻലൻഡ‍്. ജനസംഖ്യ ഒരു കോടിയിൽ താഴെയായതിനാൽ സമൂഹവ്യാപനം ഒഴിവായി. കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യമെന്നു പ്രശസ്തി നേടിയ ഫിൻലൻഡ് കോവിഡിനെ അതിജീവിച്ചത് ടൂറിസം മേഖലയ്ക്ക് ഗുണകരമായി. പ്രകൃതിയെ അടുത്തറിയാൻ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ ഇവിടെ എത്തുന്നു.

വർഷം മുഴുവൻ നീണ്ടു നിൽക്കുന്നതാണു ഫിൻലൻഡിന്റെ ടൂറിസം സീസൺ. പൂക്കാലം, വേനൽക്കാലം, വേനലിൽ നിന്നു തണുപ്പിലേക്കു മാറുന്ന ദിനങ്ങൾ, മഞ്ഞുറയുന്ന ദിവസങ്ങൾ... ഒരു വർഷത്തെ ഇങ്ങനെ തരംതിരിക്കാം. വെയിലുള്ള ദിനങ്ങളിലാണ് ഫിൻലൻഡിന്റെ പ്രകൃതിയെ അടുത്തറിയാൻ കഴിയുക. നിറമണിയുന്ന ഇലച്ചാർത്തുകളും വർണം വിതറുന്ന ആകാശവും മഞ്ഞു പെയ്യുന്ന മലനിരയും വേനൽക്കാലത്ത് ആസ്വദിക്കാം. മാത്രമല്ല, ഗ്രീഷ്മകാലത്ത് പാശ്ചാത്യ സഞ്ചാരികളുടെ എണ്ണം കുറവാണ്. ഇലപൊഴിയുന്ന സീസണിൽ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും.

കാടും മലയും ജനങ്ങളുടെതാണെന്നു ബോധ്യപ്പെടുത്തിയ രാജ്യമാണു ഫിൻലൻഡ്. കാടിനുള്ളിൽ താമസിക്കാനും ക്യാംപ് ചെയ്യാനും നിയമപരമായി അനുമതിയുണ്ട്. വംശനാശം നേരിടുന്ന മൃഗങ്ങളൊഴികെ വന്യജീവികളെ കൊല്ലുന്നതു കുറ്റകൃത്യമല്ല. കാടിനുള്ളിൽ ക്യാംപ് ചെയ്യുന്നവർക്കായി ഹട്ടുകളുണ്ട്. ‘കോത്ത’ എന്നറിയപ്പെടുന്ന കുക്കിങ് ഹട്ടുകളുമുണ്ട്. കരടി, കുറുക്കൻ, റെയിൻഡീർ എന്നിവയെ കാണാം. പക്ഷികളുടെ ചിത്രം പകർത്താം. കായലിൽ കയാക്കിങ് നടത്താം. മീൻപിടിത്തമാണ് മറ്റൊരു വിനോദം. സാഹസികർക്കു വേണ്ടി മലകളിലൂടെ ട്രെക്കിങ്, ട്രെയിൽ പാതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണു ഫിൻലൻഡിലെ ‘സൗന’ ബാത്ത്. തണുത്തുറഞ്ഞ നാട്ടിൽ എത്തുന്നവർ ഒറ്റമുറിയിൽ കയറി നീരാവി സ്നാനം ചെയ്യുന്നു. ഫിൻലൻഡിന്റെ സംസ്കാരത്തിന്റെ ഭാഗമാണു സൗന. ഇവിടെ എല്ലാ വീടുകളിലും സൗന ബാത്തിനു സൗകര്യമുണ്ട്.

2 fin

നഗരജീവിതത്തിന്റെ ആഡംബരം ആസ്വദിക്കാൻ എത്തുന്നവരും ‘ഇക്കോ ലക്ഷ്വറി’ അനുഭവിച്ചറിയാൻ കാടുകളിലെത്താറുണ്ട്. ഹെൽസിങ്കി നഗരത്തിൽ നിന്ന് എൺപതു കിലോമീറ്റർ യാത്ര െചയ്താൽ നൂക്സിയോ ദേശീയോദ്യാനത്തിൽ എത്താം. കേരളത്തിലേതു പോലെ, കായലും കടലും കാടും മലനിരയും ഒരേ യാത്രയിൽ ആസ്വദിക്കാമെന്നു ചുരുക്കം.

ജൂൺ – ഓഗസ്റ്റ് മാസങ്ങളാണ് ഫിൻലൻഡിൽ വേനൽക്കാലം. വെയിലുണ്ടെങ്കിലും ചൂട് അനുഭവപ്പെടില്ല. ഈ മാസങ്ങളിൽ പകലൊടുങ്ങില്ല. അതായത്, രാത്രി പന്ത്രണ്ടിനു പുറത്തിറങ്ങിയാലും വെളിച്ചമുണ്ടായിരിക്കും. ലോകത്തു മറ്റൊരിടത്തും ഇങ്ങനെയൊരു അനുഭവം ആസ്വദിക്കാൻ സാധിക്കില്ല. കാലാവസ്ഥയുടെ സവിശേഷത തിരിച്ചറിയണമെങ്കിൽ പത്തോ പന്ത്രണ്ടോ ദിവസം ഇവിടെ താമസിക്കണം. രാജ്യത്തിന്റെ നാലു പ്രദേശങ്ങളും ആസ്വദിക്കാൻ പത്തു ദിവസമെങ്കിലും വേണം. പ്രകൃതിഭംഗി കണ്ടറിയാൻ ട്രെയിൻ യാത്രയാണ് അനുയോജ്യം.

നിലമ്പൂർ സ്വദേശിയും ഫോറസ്റ്റ് റിസർച്ചറുമായ ഡോ. ഉണ്ണികൃഷ്ണൻ ശിവദാസനുമായി ചേർന്ന് ഫിൻലൻഡ് സന്ദർശകരെ സഹായിക്കാനായി ‘ഗ്രീൻ എസ്കേപ്’ ആരംഭിച്ചു. പാരിസ്ഥിതിക ഗവേഷണത്തിലായിരുന്നു തുടക്കം. പിന്നീട് ഫിൻലൻഡിന്റെ ഇക്കോ ടൂറിസം മുഴുവനായും മനസ്സിലാക്കാനുള്ള യാത്രകൾ ആസൂത്രണം ചെയ്തു. ഉണ്ണികൃഷ്ണൻ വിവാഹം കഴിച്ചിട്ടുള്ളതു ഫിന്നിഷ് വംശജയെയാണ്– മായ ലൂഹ്താസെല. പ്രവാസികളായ ഉണ്ണിയും ഞാനും ഞങ്ങളുടെ ജീവിത പങ്കാളികളും ഫിൻലൻഡിന്റെ പ്രകൃതി സൗഹൃദ കേന്ദ്രങ്ങളിലൂടെ യാത്രകൾ തുടരുന്നു.

മഞ്ഞു മൂടിയ മലനിരയിൽ നിർമിച്ച ‘ഗ്ലാസി ഇഗ്ലു’വിൽ താമസിക്കാൻ മാത്രമായി ഫിൻലൻഡ് സന്ദർശിക്കുന്നവരുണ്ട്. ഹണിമൂൺ ആഘോഷിക്കാൻ എത്തുന്നവരാണ് അവരിലേറെയും. ഇഗ്ലുവിൽ താമസിക്കുമ്പോൾ ചില്ലു കൂടാരത്തിനുള്ളിലിരുന്ന് നോർത്തേൺ ലൈറ്റ്സ് ആസ്വദിക്കാം. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഫിൻലൻഡ് സർക്കാർ സുരക്ഷിതമാക്കി പരിപാലിക്കുന്നു. സാന്താക്ലോസിന്റെ ഗ്രാമം എന്നറിയപ്പെടുന്ന റൊവാനീമി ഇക്കൂട്ടത്തിൽ പ്രശസ്തം. ഫിൻലൻഡിലെ ഒട്ടുമിക്ക റോഡുകളും പാലങ്ങളും മഞ്ഞു മൂടുമെങ്കിലും ഒരിക്കലും ഗതാഗതം തടസ്സപ്പെടാറില്ല. ലോകത്ത് ഏറ്റവും മികച്ച ‘സ്നോ മാനേജ്മെന്റ് സിസ്റ്റ’മാണ് ഫിൻലൻഡിലേത്.

തടാകങ്ങളുടെ രാജ്യം എന്ന വിശേഷണം ഗതാഗത രീതിയിലും ഫിൻലൻഡിനെ വ്യത്യസ്തമാക്കുന്നു. ഹെൽസിങ്കി നഗരത്തിൽ നിന്ന് അയൽ രാജ്യമായ റഷ്യയിലേക്കു മാത്രമേ റോഡുള്ളൂ. സ്വന്തം രാജ്യത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് കപ്പലും വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ഹെൽസിങ്കി മാത്രമായി കാണാൻ എത്തുന്ന വിദേശികൾ സമീപ രാജ്യങ്ങളായ നോർവെ, റഷ്യ എന്നിവിടങ്ങളും പാക്കേജിൽ ഉൾപ്പെടുത്തുന്നു. ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലേക്കും ഫിൻലൻഡിൽ നിന്ന് യാത്ര എളുപ്പമാണ്.

പാക്കേജ് ടൂറിൽ എത്തുന്നവർക്ക് ബുട്ടീക് ഹോട്ടലിലും കോട്ടേജുകളിലുമാണു താമസം. സന്ദർശകർക്ക് തദ്ദേശീയരുമായി ഇടപഴകാനും ‘ഫിന്നിഷ് പാചകം’ ആസ്വദിക്കാനും അവസരം ഒരുങ്ങുന്നു. പ്രകൃതിയെ അടുത്തറിയുന്നതിനൊപ്പം വിനോദ പരിപാടികളിൽ ഏർപ്പെടാം, ബെറി പഴങ്ങൾ വിളയുന്ന തോട്ടങ്ങൾ സന്ദർശിക്കാം. റിവോൾവിങ് റസ്റ്ററന്റ്, മേനർ ഹൗസ്, ജംഗിൾ ജിം, ഇൻഫിനിറ്റി സ്പാ, പിക്നിക് കേന്ദ്രങ്ങൾ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളുമുണ്ട്.

3 fin

ഇക്കോ ട്രാവൽ യാത്രയിൽ സഹായത്തിന് ഫിന്നിഷ് വംശജരുണ്ടാകും. ഒട്ടുമിക്ക ഗൈഡുമാർക്കും ഇംഗ്ലിഷ് അറിയാം. അവർ ഫിൻലൻഡിലെ രുചികരമായ വിഭവങ്ങൾ പരിചയപ്പെടുത്തും. മീൻ വിഭവങ്ങളുടെ കലവറയാണു ഫിൻലൻഡ്. കേരളത്തിൽ കിട്ടുന്നതു പോലെയുള്ള ചെറുമീനാണ് ഫിൻലൻഡിൽ പ്രചാരമേറിയ മത്സ്യം. പുഴുങ്ങിയതും വേവിച്ചതുമായ മറ്റു മീൻരുചികളുണ്ട്. സാൽമൺ സൂപ്പ് സ്വാദിഷ്ടം. എണ്ണ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതിനാൽ കൊളസ്ട്രോളിനെ ഭയക്കേണ്ടതില്ല. റെയിൻഡീർ, മ്ലാവ് എന്നിവയാണ് മാംസാഹാരം. സമീപകാലത്ത് ഇവിടെ സസ്യാഹാരം പ്രചരിച്ചിട്ടുണ്ട്. ഓട്സ്, ഇലക്കറി, ഗോതമ്പ് വിഭവങ്ങൾ എന്നിവയ്ക്കു മാത്രമായി റസ്റ്ററന്റുകൾ ആരംഭിച്ചിരിക്കുന്നു. ലാപ് ലാൻഡിൽ ഇറച്ചി വിഭവങ്ങളും ലേക് ലാൻഡിൽ പച്ചക്കറിയും മത്സ്യവുമാണു സ്പെഷൽ. കോസ്റ്റൽ പ്രദേശത്ത് ഒട്ടുമിക്ക വിഭവങ്ങളും ലഭ്യമാണ്.

ലാപ് ലാൻഡ് സന്ദർശനത്തിൽ സാമി ഗോത്രത്തെ കാണാം. ഒറിജിനൽ ഫിന്നിഷ് വംശജരാണ് അവർ. കാലാവസ്ഥയെ അതിജീവിക്കാനും കൊടും തണുപ്പിൽ ഭക്ഷണം പാകം ചെയ്യാനും അവർ കണ്ടെത്തിയ മാർഗങ്ങൾ വിദേശികൾക്കു കൗകുതം പകരുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന ഒട്ടേറെ ഐലൻഡുകൾ ഇവിടെയുണ്ട്.