സ്വന്തം ഗ്രാമത്തിൽ ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത ഏതെങ്കിലുമൊരു പ്രദേശം ഉണ്ടോ? ‘ഉണ്ട്’ എന്നാണ് മറുപടിയെങ്കിൽ ഈയാഴ്ച അവിടേക്കു യാത്ര നടത്തുക. പിന്നീടുള്ള ഓരോ അവധി ദിവസങ്ങളിലും ഗ്രാമത്തിലെ ഓരോ ഇടവഴികളിലൂടെയും സഞ്ചരിക്കുക. ജനിച്ചു വളർന്ന നാടിന്റെ സംസ്കാരവും പ്രകൃതി ഭംഗിയും കണ്ണു തുറന്ന് ആസ്വദിക്കുക. ഗ്രാമങ്ങളിൽ നിന്നു വിനോദ സഞ്ചാരം പുനരാരംഭിക്കാൻ ആഹ്വാനം ചെയ്യുന്നു യുഎൻ ടൂറിസം ഓർഗനൈസേഷൻ. ‘ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് ’ – ഇക്കുറി ലോക ടൂറിസം ദിനത്തിൽ ഇതാണു സന്ദേശം.
നഗരത്തിൽ നിന്നു ഗ്രാമങ്ങളിലേക്കു നീങ്ങുക. ഗ്രാമച്ചന്തവും നാടൻപാട്ടും ആസ്വദിക്കുക. നാടിന്റെ സാംസ്കാരിക പ്രൈതൃകവും കാടുകളും സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക. മഹാമാരിയെ മറികടന്നു വിനോദ സഞ്ചാരത്തിന് ഉണർവേകാൻ നാട്ടിൻപുറങ്ങളിൽ ടൂറിസം വികസിക്കണമെന്നു യുഎൻ നിർദേശിക്കുന്നു.
സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് സഞ്ചാരികൾക്കു ബോധ്യപ്പെടണം. പ്രാദേശിക ടൂറിസം മേഖലകളാണ് ഇപ്പോൾ സുരക്ഷിതം. രാജ്യാന്തര ടൂറിസം മേഖലയിലെ തകർച്ചയെ ഗ്രാമങ്ങൾ മറികടക്കണം. വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ഗ്രാമത്തിന്റെയും സാമൂഹിക, സാംസ്കാരിക സവിശേഷതകളാണ് പ്രദർശിപ്പിക്കപ്പെടേണ്ടത്.
കോവിഡ് വൈറസ് പ്രതിസന്ധി സൃഷ്ടിക്കാത്ത ഒരു രാഷ്ട്രം പോലും ഭൂമിയിൽ ഇല്ല. ദേശീയോദ്യാനങ്ങൾ, ഇക്കോ ടൂറിസം, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ മേഖലകൾ പ്രവർത്തിച്ചിരുന്നത് ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനത്തിലൂടെയാണ്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പൈതൃക കേന്ദ്രങ്ങൾ പടിവാതിൽ അടച്ചിട്ട് മാസങ്ങളായി. ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ മടങ്ങി വരവിന് ഇനി എത്ര മാസങ്ങൾ വേണ്ടി വരുമെന്നു വ്യക്തമല്ല. ടൂറിസം അനുബന്ധ മേഖലയിലെ ജോലിക്കാർ, ഹോട്ടൽ, റസ്റ്ററന്റ്, എയർലൈൻസ്, വഴിയോര കച്ചവടക്കാർ... – നേരിടുന്നതു കനത്ത പ്രതിസന്ധിയാണ്.
1980ൽ രാജ്യാന്തര തലത്തിൽ ലോക ടൂറിസം ദിനാഘോഷം ആരംഭിച്ചതിനു ശേഷം ആദ്യമാണ് ഇങ്ങനെയൊരു സാഹചര്യം. ഇന്ത്യയുടെ വിനോദസഞ്ചാര മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു. ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികൾ സന്ദർശനത്തിന് എത്തുന്ന തമിഴ്നാട് (385 മില്യൻ) ടൂറിസം വാതിലുകളെല്ലാം അടച്ചിരിക്കുന്നു. യുകെ, അമേരിക്ക, ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ഏറ്റവുമധികം വിദേശ സഞ്ചാരികൾ എത്തുന്നത്. ഈ മേഖലയിലെ നഷ്ടം ഇപ്പോൾ കണക്കാക്കിയ ശതകോടികളെക്കാൾ ഇരട്ടിയാണ്.
ഇക്കുറി, സെപ്റ്റംബർ 27ന് വേൾഡ് ടൂറിസം ദിനത്തിൽ ആഘോഷങ്ങളില്ല. രാജ്യങ്ങൾ പരസ്പര സഹകരണത്തോടെ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഗ്രാമീണ പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് യുഎൻഡബ്ല്യുടിഒയുടെ തീരുമാനം.