Friday 09 February 2018 03:23 PM IST

ഒരു വടക്കൻ വീരഗാഥ! ഇത് ഉദയായുടെ സിനിമാ സ്കോപ് കഥയല്ല, അങ്കക്കലിയുടെ ചരിത്രം

Baiju Govind

Sub Editor Manorama Traveller

lokanarkavu ലോകനാർകാവ് ക്ഷേത്രം, ഫോട്ടോ: അരുൺ പയ്യടിമീത്തൽ

വടക്കൻ പാട്ടുകളിലൂടെ അമരത്വം നേടിയ വീരന്മാരുടെ നാട് – കടത്തനാട്. ഇന്നത്തെ വടകര. അങ്കം വെട്ടിയ ചേകവന്മാർ കുറിച്ച ധീരകഥകൾ പാണനാരുടെ പാട്ടിലൂടെയാണ് ലോകം കേട്ടത്. ലോകനാർ കാവിൽ തൊഴുത് അങ്കത്തട്ടിൽ ജയത്തിന്റെ ചരിതമെഴുതിയ തച്ചോളി ഒതേനൻ. ആയോധന കലയിലെ നടുനായകനായ പുത്തൂരം ആരോമൽ ചേകവർ. മലയാള നാടിന്റെ ഝാൻസി റാണിയെന്നു പുകഴ്പെറ്റ ഉണ്ണിയാർച്ച... കളരിയിൽ പതിനെട്ടടവും പരിചയിച്ച് എതിരാളികളെ തറ പറ്റിച്ച ചേകവന്മാരുടെ നാടാണ് കടത്തനാട്. ഒതേനനും ആരോമലും ചന്തുവും ഉണ്ണിയാർച്ചയും നാഗമഠത്തു തമ്പുരാട്ടി വരെയുള്ള മറ്റ് അദ്ഭുത ജീവിതങ്ങളും സിനിമയിലൂടെ പിൽക്കാലത്ത് മലയാളികളുടെ മനസ്സിൽ പതിഞ്ഞു. കടത്തനാടിന്റെ ആ വീരചരിതം അവിടെ അവസാനിച്ചു. വീറും വാശിയും ജന്മരാശിയായി കൊണ്ടു നടന്ന കടത്തനാട്ടെ ചേകവന്മാർ വരച്ചിട്ട അധ്യായങ്ങൾ അങ്ങനെ നിസ്സാരമായി മറന്നു കളയാവുന്ന ചരിത്രമാണോ ? ഒതേനനും ആരോമലുമൊക്കെ എന്നും ഓർമിക്കപ്പെടേണ്ട ധീര നായകന്മാരല്ലേ? അതെ എന്നു മനസ്സുകൊണ്ടു സമ്മതിക്കുന്നവർ വടകരയിലേക്ക്, പഴയ കടത്തനാട്ടേക്ക് പുറപ്പെടുക. അവിടെ ഒതേനക്കുറുപ്പിന്റെയും കേളുക്കുറുപ്പിന്റെയും കളരികളിൽ ഇപ്പോഴും വീരകഥകൾക്ക് ജീവൻ തുടിക്കുന്നുണ്ട്.

കടത്തനാടിന്റെ അമ്മയും രക്ഷാധികാരിയുമാണ് ലോകനാർകാവ് ദേവീ ക്ഷേത്രം. ഈ ക്ഷേത്ര മുറ്റത്തെ പീഠത്തിൽ ധ്യാനിച്ച ശേഷം നടത്തിയ അങ്കങ്ങളിലെല്ലാം തച്ചോളി ഒതേനൻ വിജയം വരിച്ചെന്നാണ് ചരിത്രം. ദുർഗ, ശിവൻ, വിഷ്ണു പ്രതിഷ്ഠകളുള്ള മൂന്നു ക്ഷേത്രങ്ങളുടെ സമുച്ഛയമാണ് ലോകനാർകാവ്. ദുർഗാ ക്ഷേത്രമാണു പ്രധാനം. ആൽത്തറ, ഒതേനൻ ഇരുന്ന പീഠത്തറ, മനോഹരമായ ചുമർചിത്രങ്ങൾ, ദാരു ശിൽപ്പങ്ങൾ എന്നിവ ക്ഷേത്രത്തിന്റെ കാലപ്പഴക്കം വ്യക്തമാക്കുന്നു. വലിയ ചിറ, പൈൻ മരം, ആൽമരത്തറകൾ എന്നിവയാണ് ക്ഷേത്ര പരിസരത്തെ മറ്റു കാഴ്ചകൾ. ആൽ, മാവ്, പ്ലാവ് – മൂന്നു മരങ്ങൾ ചുറ്റിപ്പിണഞ്ഞ് വളർന്നു നിൽക്കുന്ന തെക്കു ഭാഗത്തെ ആൽത്തറ കൗതുകക്കാഴ്ചയായി നിലകൊള്ളുന്നു.

othenan_kalari ഒതേനന്റെ പേരിൽ കാത്തു സംരക്ഷിക്കുന്ന വീട്

ലോകനാർ കാവിന്റെ സമീപത്ത് പഴയൊരു വീടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹമാണ് അത്. ചെമ്പൈയ്ക്ക് അഞ്ചു വയസ്സായ ശേഷം കുടുംബം പാലക്കാട്ടേക്കു താമസം മാറിയെന്നു കരുതുന്നു. വലിയ സംഗീതജ്ഞനായ ശേഷവും ഭാഗവതർ വടകരയിലെ ലോകനാർ കാവിലെത്തുമായിരുന്നു.

തച്ചോളിത്തറവാട്

ponpatta പൊൻപറ്റ ഭഗവതി ക്ഷേത്രം

ലോകനാർ കാവിലെ ഉത്സവത്തിനിടെയാണ് ഒതേനനും ഗുരുവായ കതിരൂരും തമ്മിൽ അങ്കം കുറിച്ചത്. പത്തൊമ്പത് അടവുകളും പരിശീലിച്ച ഗുരുവിനെ പൊന്നിയത്തെ അങ്കത്തട്ടിൽ വച്ച് ഒതേനൻ അടരാടി മുറിച്ചിട്ടു. ആ കഥ ഓർത്തുകൊണ്ടാണ് മാണിക്കോത്ത് തറവാട്ടിലേക്കു പോയത്. മേപ്പയിൽ മാണിക്കോത്ത് ഒതേനക്കുറുപ്പ്, സഹോദരൻ കോമക്കുറുപ്പ്, കേളുക്കുറുപ്പ് എന്നിവർ താമസിച്ചിരുന്ന സ്ഥലത്തെത്തി. ആൽത്തറയും വിശാലമായ മുറ്റവുമുള്ള വീട് ഒരു കുന്നിൻ ചെരിവിലാണ്. കളരി പരിശീലിച്ചിരുന്ന മുറ്റത്ത് ഇപ്പോൾ കുട്ടികൾ പന്തു കളിക്കുന്നു. വീരന്മാരുടെ തറവാട് ക്ഷേത്രമാക്കി മാറ്റിയിട്ടുണ്ട്. എൻഎസ്എസിനാണ് മേൽനോട്ടം. ഒതേനക്കുറുപ്പിനെ ഒളിച്ചിരുന്ന് വെടിവച്ചു കൊലപ്പെടുത്തിയ മായിൻകുട്ടിയെ വധിച്ച പുള്ളുവനു വേണ്ടി ഒരു ക്ഷേത്രം ഇതിനടുത്തു നിർമിച്ചിട്ടുണ്ട്. പണ്ടൊരിക്കൽ ഇവിടെ ജീവിച്ചിരുന്ന ഇരട്ടച്ചങ്കുള്ള വീരന്മാരായിരുന്നു തച്ചോളിത്തറവാട്ടുകാരെന്ന സത്യം കടത്തനാടിനെ ഇപ്പോഴും പുളകമണിയിക്കുന്നു.

ഇളവന്നൂർ മഠം

chembai ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ ജന്മഗൃഹം

വാളും പരിചയും ചേർത്ത് കടത്തനാട്ടുകാർ എഴുതിയ ധീര, വീര, അദ്ഭുത കഥകൾ സൂപ്പർ ഹിറ്റ് സിനിമകളായി പുറത്തിറങ്ങിയിട്ടുണ്ട്. ഒതേനൻ, ആരോമൽ എന്നൊക്കെ കേട്ടാൽ സത്യന്റെയും നസീറിന്റെയും മുഖമാണ് കൺമുന്നിൽ തെളിയുക. കടത്തനാടൻ കളരിയുടെ വീര്യവും കരുത്തും ആ കഥകളെക്കാൾ എത്രയോ മുകളിലാണ്. ആരോമൽ ചേകവരും ഉണ്ണിയാർച്ചയുമാണ് അതിൽ ഏറെ ഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇളവന്നൂർമഠത്തിലാണ് ഉണ്ണിയാർച്ച ജനിച്ചത്.

‘‘നാദാപുരത്തിനപ്പുറം കല്ലാച്ചിയിൽ പോവുക. ജാതിയേരി എന്ന സ്ഥലത്ത് വിഷ്ണുമംഗലം പുഴയുടെ തീരത്ത് ഒരു ക്ഷേത്രമുണ്ട്. ഉണ്ണിയാർച്ച ജനിച്ചു വളർന്ന ഇളവന്നൂർമഠം അതാണ്. പുത്തൂരം കണ്ണപ്പച്ചേകവരുടെ വീട് നിലനിന്നിരുന്ന കണ്ണച്ചംപറമ്പാണ് ആ പ്രദേശം. നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്കാവും കിണറും ക്ഷേത്ര മുറ്റത്ത് അതേപടി നിലനിൽക്കുന്നുണ്ട്.’’ കടത്തനാടിനെക്കുറിച്ചു ഗവേഷണം നടത്തിയ ഭാസ്കരൻ മാനന്തേരി എന്നയാളുടെ കണ്ടെത്തലുകൾ ഇങ്ങനെ...

വിഷ്ണുമംഗലം പുഴയുടെ കിഴക്കേ കരയിൽ പൊൻപറ്റ ക്ഷേത്രം. പടിഞ്ഞാറേ കരയിൽ വിഷ്ണു ക്ഷേത്രം. പൊൻപറ്റ ക്ഷേത്രമുറ്റത്ത് വള്ളിപ്പടർപ്പു മൂടിയ കിണറും നാഗക്കാവുമുണ്ട്. ദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം അടുത്ത കാലത്ത് നാട്ടുകാർ ചേർന്നു നവീകരിച്ചു. വടക്കൻപാട്ടിൽ കേട്ടു പരിചയിച്ച ഉണ്ണിയാർച്ചയുടെ ജീവിത കഥ, വിഷ്ണു മംഗലം പുഴ, നാഗക്കാവ്, കണ്ണച്ചംപറമ്പ് എന്നിവ കൂട്ടിച്ചേർത്ത് വടക്കൻപാട്ടുമായൊരു കണക്‌ഷനുണ്ടാക്കാം. അതേ സമയം, ആ കഥ ന്യായീകരിക്കാൻ തെളിവുകളൊന്നും അവശേഷിക്കുന്നില്ല.

vishnu_mangalam വിഷ്ണുമംഗലം പുഴ

­കേരളത്തിന്റെ സാംസ്കാരിക കലയാണ് കളരി. അതിന്റെ ഈറ്റില്ലമാണ് വടകര. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ തങ്കത്തിളക്കത്തോടെ പ്രതിഷ്ഠിക്കപ്പെടണം ഈ നാടും അതിന്റെ ചരിത്രവും. നമ്മുടെ ചേകവന്മാരുടെ പ്രശസ്തി അങ്ങനെ ലോകം അംഗീകരിക്കട്ടെ.

vadakara വടകര (പയംകുറ്റി മലയിൽ നിന്നുള്ള ദൃശ്യം)