Thursday 11 August 2022 03:27 PM IST

പെണ്ണുങ്ങൾ കുതിരപ്പുറത്തു കയറിയാൽ എന്താ പ്രശ്നം? കൊട്ടാരക്കരയിലെ സഹോദരിമാർക്കു പറയാനുള്ളത്

Baiju Govind

Sub Editor Manorama Traveller

1 - horse

അശ്വതി പതുക്കെയൊന്നു കടിഞ്ഞാൺ വലിച്ചപ്പോൾ അപ്പു ചെവികൾ രണ്ടുമുയർത്തി. കഴുത്തിന്റെ പിൻഭാഗത്തു കൈകൊണ്ടു തട്ടിയ സമയത്ത് അവൻ കുളമ്പിലെ മണ്ണു ചിതറിയെറിഞ്ഞു. പിന്നെ ചിനക്കിക്കൊണ്ടു മുന്നോട്ടൊരു കുതിപ്പായിരുന്നു. ട്രാക്കിൽ നിന്നു റോഡിലേക്കിറങ്ങിയ കുതിരയുമായി അശ്വതി നാടിനെ വലംവച്ചു വന്നപ്പോഴേക്കും ആർച്ച തയാറായി നിൽപ്പുണ്ടായിരുന്നു. ചേച്ചിയെ കുതിരയുടെ പുറത്തും അനിയത്തിയെ ചാരത്തും നിർത്തി പിന്നീട് കുറച്ചു ഫോട്ടോയെടുത്തു. വടമനങ്ങിയാൽ കുതിച്ചു പായാറുള്ള അപ്പു കുറുമ്പൊതുക്കി നിൽക്കുന്നതു കണ്ട് ഫൊട്ടോഗ്രഫർ അടപടലം ഫ്ളാഷ് മിന്നിച്ചു. റങ്കൂണിൽ അഭിനയിക്കുമ്പോൾ കങ്കണ റണാവത്തിനു പോലും നാലു ടേക്ക് എടുക്കേണ്ടി വന്ന രംഗം അശ്വതിയും ആർച്ചയും ‘പുഷ്പം പോലെ’ കൈകാര്യം ചെയ്തു. ഇവർ കാടാംകുളത്തെ ഝാൻസി റാണിമാരാണെന്നു കൊട്ടാരക്കരയിലുള്ളവർ പറയുന്നതു ചുമ്മാതല്ല.

കുതിച്ചെത്തിയ കുതിര മര്യാദക്കാരനായി

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു മുന്നിലൂടെ റെയിൽവെ േസ്റ്റഷൻ കടന്നു നേരേ യാത്ര ചെയ്താൽ കാടാംകുളം എത്താം. ഇടത്തോട്ടുള്ള റോഡിൽ ജവഹർ നഗറിലേക്കു പ്രവേശിച്ച് അൽപം മുന്നോട്ടു പോയാൽ റബർ തോട്ടമാണ്. അവിടെ നിന്നു താഴേക്കുള്ള പാത ഗോപീകൃഷ്ണന്റെ വീടിനു മുന്നിലൂടെയാണ് കടന്നു പോകുന്നത്. നാലഞ്ചു വർഷം മുൻപു വരെ പശുവിനെയും ആടിനെയും വളർത്തിയിരുന്നയാളാണ് ഗോപീ കൃഷ്ണൻ. നാട്ടുകാർ കൃഷ്ണനെന്നു വിളിക്കുന്ന ഗോപീകൃഷ്ണൻ കോവിഡ് ലോക്ഡൗണിന്റെ സമയത്ത് ജീവിതം വഴിമുട്ടാതിരിക്കാൻ സ്വീകരിച്ച തൊഴിൽ പിന്നീട് അദ്ദേഹത്തിന്റെ മേൽവിലാസമായി മാറി. ‘കുതിരയെ വളർത്തുന്ന കൃഷ്ണൻ’ എന്നു പറഞ്ഞാണ് കാടാംകുളത്തുകാർ ഇപ്പോൾ ഗോപീകൃഷ്ണനെ തിരിച്ചറിയുന്നത്.

നമുക്കൊരു കുതിരയെ വാങ്ങിയാലോ ? ലോക്ഡൗൺ സമയത്ത് കൃഷ്ണൻ മക്കളോടു ചോദിച്ചു.

2- horse

‘‘ലോക് ഡൗണായതിനാൽ സ്കൂളിൽ പോകാൻ പറ്റുന്നില്ല. കുതിരയെ വാങ്ങിക്കോ. ഞങ്ങൾ നോക്കിക്കോളാം’’ മക്കളായ അശ്വതിയും ആർച്ചയും ഇങ്ങനെ മറുപടി പറഞ്ഞപ്പോൾ ഗോപി ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. കാരണം, വഴിയോരത്തു കണ്ടിട്ടുണ്ടെന്നല്ലാതെ കുതിരക്ക് എന്താണു തീറ്റ കൊടുക്കുകയെന്നു പോലും കൃഷ്ണന് അറിയില്ലായിരുന്നു. എന്തായാലും മക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു ലക്ഷം രൂപ മുടക്കി കൃഷ്ണൻ കുതിരയെ വാങ്ങി വീട്ടിൽ കൊണ്ടു വന്നു. സുൽത്താൻ എന്നായിരുന്നു കുതിരയുടെ പേര്.

സുൽത്താനെ രാവിലെ കുളിപ്പിക്കും. കടലയും ഗോതമ്പും കൊടുക്കും. പറമ്പിൽ കൊണ്ടു പോയി മേയ്ക്കും. വൈകിട്ട് തിരികെ കൊണ്ടു വന്നു തൊഴുത്തിൽ കെട്ടും... പശുവിനെ പരിപാലിക്കുന്ന പോലെ മൂന്നു മാസം തീറ്റ കൊടുത്തപ്പോൾ സുൽത്താൻ തടിച്ചു കൊഴുത്തു. മടിയനായി മാറിയ കുതിര പിന്നീട് തീറ്റ കൊടുക്കുന്നവരെ തൊഴിക്കാനും തുടങ്ങിയപ്പോൾ കൃഷ്ണൻ കൺഫ്യൂഷനിലായി. സുൽത്താന്റെ സ്വഭാവം നന്നാക്കിയെടുക്കാൻ എന്തു ചെയ്യുമെന്ന് അന്വേഷിച്ചു. അങ്ങനെയാണ് കരുനാഗപ്പള്ളിക്കാരൻ ഷാനവാസിന്റെയടുത്ത് എത്തിയത്. ഹോഴ്സ് ട്രെയ്നറായ ഷാനവാസ് എത്തിയതോടെ സുൽത്താൻ ‘മര്യാദക്കാരനായി’. അശ്വതിയും ആർച്ചയും കുതിര സവാരി പരിശീലിച്ചു.

3-horse

സ്കൂളിൽ വിദ്യാർഥി, നാട്ടിൽ ഗുരു

സ്വഭാവം മാറിയെങ്കിലും സുൽത്താനെ കൊണ്ടു നടക്കൽ ബുദ്ധിമുട്ടായപ്പോൾ കൃഷ്ണൻ അതിനെ വിറ്റു. മറ്റു രണ്ടു വെള്ളക്കുതിരകളെ വാങ്ങി. അതിലൊന്നാണ് ഇപ്പോഴും കൂടെയുള്ള അപ്പു. കൃഷ്ണന്റെ വീട്ടിൽ അപ്പു എത്തുന്ന സമയത്ത് അശ്വതി പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ആർച്ച എട്ടാം ക്ലാസിൽ. ഇവർ കുതിരപ്പുറത്തു പോകുന്നതു കണ്ടപ്പോൾ അയൽപക്കത്തുള്ളവർക്കും മക്കളെ കുതിര സവാരി പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടായി. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിച്ചിരുന്ന അശ്വതിയും ആർച്ചയും അങ്ങനെ നാട്ടിലെ കുട്ടികൾക്ക് ‘ഗുരുക്കന്മാരായി’.

‘‘സുൽത്താനെ കൊണ്ടു വന്നപ്പോൾ അതിന്റെയടുത്തു ചെല്ലാൻ പേടിയായിരുന്നു. ഷാനവാസ് വന്നതിനു ശേഷമാണ് ഞങ്ങളുമായി കുതിര ഇണങ്ങിയത്. പിന്നീടാണ് അപ്പുവിനേയും റിയയേയും വാങ്ങിയത്. അതിനു ശേഷമാണു ഞങ്ങൾ കുതിരകളുടെ പെരുമാറ്റ രീതി മനസ്സിലാക്കിയത്. ചെവി പുറകോട്ടു മടക്കി നിൽക്കുന്ന കുതിരയുടെ സമീപത്തേക്കു പോകരുത്.’’ നാലു വർഷം കുതിരയെ വളർത്തിയ അനുഭവങ്ങൾ അശ്വതിയും ആർച്ചയും പങ്കുവച്ചു.

പൊടുന്നനെ പ്രതികരിക്കുന്ന വളർത്തു മൃഗമാണു കുതിര. ഭക്ഷണവും വെള്ളവും മുടക്കരുത്. അരി ഭക്ഷണം കൊടുക്കരുത്. കാലുകൾ വൃത്തിയാക്കി പരിപാലിക്കണം. എല്ലാ മാസവും കുളമ്പിലെ ലാഡം മാറ്റണം. രക്തയോട്ടം കൃത്യമാക്കാൻ കാലുകൾ മസാജ് ചെയ്യണം. പേടിയോടെ കുതിരയെ സമീപിക്കരുത്.

4- horse

ഞാനും ആർച്ചയും രണ്ടു മാസത്തിനുള്ളിൽ കുതിര സവാരി പരിശീലിച്ചു. ചെവികൾ പുറകോട്ടു മടക്കിയാണ് കുതിര കോപം പ്രകടിപ്പിക്കുക. ആ സമയത്ത് അടുത്തേക്ക് ചെന്നാൽ തൊഴിക്കും അല്ലെങ്കിൽ കടിക്കും. കുതിര സവാരി പരിശീലിക്കാൻ വരുന്നവർക്ക് ഇക്കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്. മൂന്നു വർഷത്തിനിടെ ഇരുനൂറിലെ പേർ ഇവിടെ കുതിര സവാരി പരിശീലിക്കാനെത്തി.’’ കുണ്ടറ കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളായ അശ്വതിയും ആർച്ചയും പറഞ്ഞു.

കുതിരയെ വളർത്തുന്ന സഹോദരിമാരെ കാണാൻ കൃഷ്ണന്റെ വീട്ടിലേക്ക് നിരവധി പേർ വരാറുണ്ട്. കുതിരയെ വളർത്തുന്ന രീതി ചോദിച്ചറിയാൻ ഫോൺ വിളിക്കുന്നവരും അനവധി. അവരെയെല്ലാം കൃഷ്ണൻ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്യാറാണു പതിവ്.

‘‘ആദ്യത്തെ കുതിരയെ വാങ്ങിയ സമയത്ത് മക്കൾക്കു പരിശീലനം നൽകാനായി നാടു മുഴുവൻ അന്വേഷിച്ചു നടന്നു. ഇരുപതിനായിരം രൂപയാണ് ഫീസ് ആവശ്യപ്പെട്ടത്. ഇനി കുതിര സവാരി പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്തരം തടസ്സങ്ങൾ ഉണ്ടാകരുത്’’ മക്കളുടെ ആഗ്രഹത്തിന്റെ തേരു തെളിച്ചുകൊണ്ട് കൃഷ്ണൻ മനസ്സു പങ്കുവച്ചു.