Friday 09 February 2018 02:15 PM IST

കൈലാസം തൊട്ടറിയാം; 19 നാൾ നീളുന്ന യാത്രയുടെ വിശേഷങ്ങൾ

Baiju Govind

Sub Editor Manorama Traveller

Kailasam-1 കൈലാസ പർവതം (ഫോട്ടോ: സി.എ. ഹരികൃഷ്ണൻ)

അഞ്ചെട്ടു വർഷം മുൻപ് രാത്രി ഒൻപതരയ്ക്ക് ദൂരദർശനിലാണ് ആദ്യമായി സ്വാമി സന്ദീപ് ചൈതന്യയെ കണ്ടത്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ജീവിതവുമായി കൂട്ടിയിണക്കാൻ ലളിതമായ ഉദാഹരണങ്ങൾ അദ്ദേഹം പറഞ്ഞു.

‘‘ഇന്നത്തെ കാലത്ത് മത്സ്യത്തിന്റെ രൂപത്തിൽ ഭഗവാൻ അവതരിച്ചാൽ എന്താകും അവസ്ഥ? സ്വാമി എറിഞ്ഞു തന്ന ഒരു ചോദ്യം ഇതായിരുന്നു. കിടപ്പു മുറിയിൽ ഭഗവാന്റെ ഫോട്ടോ വയ്ക്കാൻ നമുക്കൊക്കെ മടിയാണ്. അരുതാത്തത് ഭഗവാൻ കണ്ടാലോ, അല്ലേ? എല്ലാവരോടുമായി സ്വാമിയുടെ രണ്ടാമത്തെ ചോദ്യം. രണ്ടാഴ്ച കഴിഞ്ഞാലും ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന പ്രസാദം കളയാൻ എല്ലാവർക്കും പേടിയാണ്. ദൈവത്തിന്റെ പ്രസാദമല്ലേ വലിച്ചെറിയാൻ പറ്റ്വോ എന്നൊരു ശങ്ക. ഇത്തരം ഭയമൊക്കെ മാറണം. എല്ലായിടത്തും ഈശ്വരനുണ്ട്. പ്രകൃതിയിലാണ് ഈശ്വരനെ കണ്ടെത്തേണ്ടത്. കൈലാസ യാത്രികരോട് നമ്മൾ അതു പറയാറുണ്ട്.’’

സന്ദീപാനന്ദ ഗിരി എന്ന പേരു സ്വീകരിക്കുന്നതിനു മുൻപ് അദ്ദേഹം നടത്തിയ സപ്താഹ യജ്ഞത്തിൽ കേട്ടതാണ് ഈ വാക്കുകൾ. ഗൗരീകുണ്ഠ്, രാക്ഷസ്ഥാൽ, മാനസസരോവർ, അഷ്ടപദ് തുടങ്ങിയ സ്ഥലപ്പേരുകൾ ആദ്യമായി കേട്ടതും അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെയാണ്. പ്രകൃതിയിൽ ഈശ്വരനെ കണ്ടെത്താനായി എല്ലാ വർഷവും കൈലാസ യാത്ര നടത്തുന്ന മലയാളി എന്ന നിലയിൽ അദ്ദേഹത്തോട് അടുപ്പം തോന്നി. എട്ടു വർഷങ്ങൾക്കു ശേഷം സ്വാമി സന്ദീപാനന്ദ ഗിരിയെ നേരിൽ കണ്ടപ്പോൾ സംസാരിക്കാനുള്ള ഒരേയൊരു വിഷയം കൈലാസ യാത്രയായിരുന്നു. ഹിമാലയത്തിന്റെ നെറുകയിൽ പോയി പതിനേഴു തവണ കൈലാസ പർവതം കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു.

മീശപ്പുലിമലയുടെ നെറുകയിൽ എത്തിയപ്പോഴേക്കും കിതച്ചു വലഞ്ഞ് തളർന്നു വീണിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം സ്വാമിയുടെ നേട്ടം അതി വിശിഷ്ടമാണ്. ഊണും ഉറക്കവുമില്ലാതെ ടിബറ്റൻ പീഠഭൂമിയിലൂടെ യാത്ര ചെയ്ത് മഞ്ഞിൽ കാലൂന്നി കൈലാസത്തിലെത്തിയ സ്വാമിയോടു ബഹുമാനം തോന്നി. പത്തൊമ്പതു നാൾ നീളുന്ന കൈലാസ യാത്രയുടെ വിശേഷങ്ങൾ അദ്ദേഹത്തോടു ചോദിച്ചറിഞ്ഞു. കൈലാസം കയറി മടങ്ങുന്ന നിമിഷങ്ങൾ സിനിമ കാണുന്നതുപോലെ സന്ദീപാനന്ദ ഗിരി പറഞ്ഞു തന്നു.

1998ലായിരുന്നു ആദ്യത്തെ കൈലാസ യാത്ര. കേരളത്തിൽ നിന്നു നേരേ ഡൽഹി. ഡൽഹിയിൽ നിന്നു കാഠ്മണ്ഡ‍ു. ബസ്സിൽ കയറി തുടർയാത്ര. താത്വപ്പാനി എന്ന സ്ഥലത്ത് എത്തണമെങ്കിൽ പൊടോക്കൊസി നദി കടക്കണം.

താത്തോപ്പാനി കഴിഞ്ഞാൽ സഞ്ചാര യോഗ്യമായ റോഡുണ്ടായിരുന്നില്ല. ലാൻഡ് ക്രുയിസർ ജീപ്പുകളാണ് ആശ്രയം. ന്യാലം എന്ന സ്ഥലമാണ് അടുത്ത േസ്റ്റാപ്പ്. ടിബറ്റൻ പീഠഭൂമിയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കാവുന്ന സ്ഥലമാണു ന്യാലം. എണ്ണയിൽ പുഴുങ്ങിയ വിഭവങ്ങളായിരുന്നു പണ്ടു കാലത്തെ യാത്രയിൽ മറ്റൊരു വെല്ലുവിളി. വിശന്നു പൊരിഞ്ഞപ്പോൾ നിവൃത്തിയില്ലാതെ അതു വാങ്ങിക്കഴിച്ചു.

Kailasam-2 കൈലാസത്തിലേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്കിടെ പകർത്തിയ ചിത്രം

ടിബറ്റിലെ അന്തരീക്ഷവും കേരളത്തിൽ നിന്നു വരുന്നവരുടെ ശരീരവുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കും. അതിനായി ന്യാലത്ത് രണ്ടു ദിവസം താമസിക്കുകയാണു പതിവ്. ചെറിയ കടകളും കുറച്ച് ആശ്രമങ്ങളും മാത്രമുള്ള സ്ഥലമായിരുന്നു അക്കാലത്തെ ന്യാലം.

ന്യാലത്തു നിന്നുള്ള യാത്ര സാഗയിലാണ് ചെന്നവസാനിക്കുക. മഞ്ഞു പെയ്തു തുടങ്ങിയാൽ മഞ്ഞിന്റെ കൂടാരമായി മാറുന്ന സ്ഥലമാണു സാഗ. താമസിക്കാൻ ടെന്റുകളാണ് ഒരുക്കിയിരുന്നത്. ആ പ്രദേശത്തെവിടെയും ടോയ്‌ലെറ്റുണ്ടായിരുന്നില്ല. വെളിമ്പ്രദേശങ്ങളിൽ പോയവർക്കു നേരേ നായ്ക്കൾ കുരച്ചു ചാടി. അതോടെ ദിനചര്യകൾ പ്രതിസന്ധിയിലായി. നേരം ഇരുട്ടിയ ശേഷമാണ് എല്ലാവരും അസ്വസ്ഥത മാറ്റിയത്.

മിലരേഡ് കേവ് എന്ന സ്ഥലമായിരുന്നു അടുത്ത വിശ്രമ സ്ഥലം. മരുഭൂമിയും മഞ്ഞിന്റെ കൂനയുമല്ലാതെ ഈ വഴിയിൽ കാഴ്ചകളൊന്നുമില്ല. കുന്നിൻ ചെരിവുകളിൽ അങ്ങിങ്ങായി കാണുന്ന ആശ്രമങ്ങളിൽ മാത്രമാണ് മനുഷ്യരുള്ളത്. അൽപ്പദൂരം ചെന്നപ്പോൾ ബ്രഹ്മപുത്ര നദി കടക്കാനായി ജീപ്പുകൾ നിർത്തി. വണ്ടികളെല്ലാം ചങ്ങാടത്തിൽ കയറ്റി അക്കരെയെത്തിച്ചു.

മാനസരോവറിലേക്ക് അൽപ്പദൂരമേയുള്ളൂ എന്നു ഷെർപ്പകൾ പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

Kailasam-3 മാനസസരോവറിൽ നിന്നു കൈലാസത്തിന്റെ ദൃശ്യം

മഞ്ഞിൽ പുതഞ്ഞ മലഞ്ചെരിവാണ് മാനസരോവര തീരം. തൊണ്ണൂറ്റൊൻപതു കിലോമീറ്റർ ചുറ്റളവുള്ള, ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണു മാനസരോവരം. നാലു ദിവസം കുളിച്ചില്ലെന്ന മനോവിഷമത്തിന് മനസരോവരത്തിലെ നീലജലത്തിൽ പരിഹാരം കണ്ടെത്തി.

കുളി കഴിഞ്ഞ ശേഷം മാനസരോവറിന്റെ തീരത്ത് മൃത്യുഞ്ജയ ഹോമം നടത്തി. മരണം എന്ന വേർപാടിനോടുള്ള ഭയം നീക്കാനാണ് മൃത്യുഞ്ജയ ഹോമം. പ്രാർഥന കഴിഞ്ഞ് കിഴക്കോട്ടു നോക്കിയപ്പോൾ ആകാശച്ചെരുവിൽ കൈലാസത്തിന്റെ മുകൾ ഭാഗം തെളിഞ്ഞു കണ്ടു.

മാനസരോവറിനടുത്താണ് രാക്ഷസ്ഥൽ എന്ന തടാകം. പക്ഷികളും മൃഗങ്ങളും സ്പർശിച്ചിക്കാത്ത ജലമാണ് രാക്ഷസ്ഥലിലേത്.

പ്രഭാതകൃത്യങ്ങൾക്കു ശേഷം ഡാർചനിലേക്കു തിരിച്ചു. ഡാർചനിൽ നിന്നാൽ കൈലാസത്തിന്റെ വിദൂര ദർശനം ലഭിക്കും. ‘ദർശൻ’ എന്ന വാക്കായിരിക്കാം ഡാർചനായി മാറിയത്. കൈലാസത്തിൽ പോയി വരുന്നതുവരെ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും ഡാർചനിൽ നിന്നു വാങ്ങി. അതിനപ്പുറം കടകളോ മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല.

Kailasam-4 ടിബറ്റൻ താഴ്‌വരയിലെ വീടുകൾ

ഡാർചൻ കടന്നാൽ ‘പരിക്രമ’ ആരംഭിക്കുന്നു. കൈലാസ പർവതത്തെ പ്രദക്ഷിണം വയ്ക്കുന്നതിനെയാണ് പരിക്രമ എന്നു പറയുന്നത്. പരിക്രമ ചെയ്യാനുള്ള നടപ്പാതയിൽ ആദ്യം കാണുന്ന സ്ഥലം അഷ്ടപദാണ്. ബുദ്ധ വിശ്വാസങ്ങളിലെ എട്ടു തത്വങ്ങൾക്ക് ആധാരമായ കുന്നുകളാണ് അഷ്ടപദ്. അഷ്ടപദിൽ നിന്നാൽ കൈലാസ പർവതം തെളിഞ്ഞു കാണാം.

അഞ്ചു പേരുമായി കുതിച്ചു കയറിയ ജീപ്പ് അപകടത്തിൽപ്പെട്ടതിനു ശേഷം അഷ്ടപദിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി. ഇപ്പോൾ അവിടേക്ക് പ്രവേശനമില്ല.

ഡാർചനിൽ വാഹനങ്ങൾ നിർത്തിയിട്ടു. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും ടെന്റുകളുമായി ഷെർപ്പകൾ മുന്നിൽ നടന്നു. യമപുരിയുടെ വാതിൽ എന്നു കരുതുന്ന ഗുഹാമുഖത്ത് തമ്പടിച്ചു. ജീവിതത്തിന്റെ രണ്ടു ഭാഗങ്ങൾ കണ്ടു നിൽക്കാവുന്ന സ്ഥലമാണ് അത്. വലതു ഭാഗത്ത് തെളിമയോടെ ആകാശം മുട്ടി നിൽക്കുന്ന കൈലാസ പർവതം. ഇടതു വശത്ത് ഇരുൾ മൂടിയ യമപുരി.

യമപുരിയിലെ ഗുഹ കടന്നു പോകുമ്പോൾ നന്ദി പർവതം കാണാം. മഹേശ്വരന്റെ വാഹനമായ നന്ദിയുടെ രൂപത്തിലുള്ള മലനിര അദ്ഭുതക്കാഴ്ചയാണ്.

കൈലാസത്തെ പ്രദക്ഷിണം ചെയ്യാൻ പതിനാലു കിലോമീറ്റർ നടക്കണം. മൂന്നു ദിവസംകൊണ്ടാണ് തീർഥാടകർ ഇത്രയും ദൂരം നടന്ന് പരിക്രമ പൂർത്തിയാക്കുക. ആദ്യത്തെ ദിവസം ദറാപുക് എന്ന മല താണ്ടുന്നു. പരിക്രമയിൽ ഏറ്റവും വ്യക്തമായി കൈലാസം കാണാവുന്ന സ്ഥലമാണു ദറാപുക്.

Kailasam-5 സ്വാമി സന്ദീപാനന്ദ ഗിരി. (ഫോട്ടോ: സരുൺ മാത്യു)

രണ്ടാം ദിനം സുതോൾപുക് പർവതം കയറണം. രാവിലെ ആറു മണിക്ക് നടത്തം തുടങ്ങിയാൽ വൈകിട്ട് ആറാകുമ്പോഴേക്കും സുതോൾപുക് കടക്കാം. ഡോൾമാ പാസ് എന്ന അതികഠിനമായ പാതയാണ് ഈ യാത്രയിൽ നടന്നു തീർക്കാൻ ഏറ്റവും കഷ്ടപ്പാടുള്ള സ്ഥലം.

ശിവഭക്തനായ രാവണൻ കൈലാസ പർവതത്തെ കയറു കെട്ടി അമ്മാനമാടിയെന്നാണ് ഐതിഹ്യം. രാവണൻ വടം കെട്ടിയപ്പോഴുണ്ടായ പാടുകളാണത്രെ കൈലാസത്തിൽ കാണുന്നത്. കയറുരഞ്ഞതുപോലെ കൈലാസത്തിൽ കാണുന്ന ഈ അടയാളത്തിന്റെ പേരാണ് പരിക്രമ.

സുതോൾപുക്ക് പർവതം ഇറങ്ങുമ്പോഴേക്കും യാത്രികരുടെ ശരീരം ക്ഷീണിക്കും. എങ്കിലും കൈലാസ ദർശനത്തിന്റെ ഊർജം നിറച്ച മനസ്സുമായി അവർ പൂർണാരോഗ്യത്തോടെ ഡാർചനിൽ വന്നു ചേരുന്നു.

Kailasam-6 കൈലാസ പർവതത്തിലെ പ്രഭാതം

കൈലാസ യാത്രികർ പണ്ടു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചാണ് സന്ദീപാനന്ദഗിരി വിശദമായി പറഞ്ഞു തന്നത്. ഇപ്പോഴത്തെ കൈലാസ യാത്ര എത്രയോ സുഖകരമാണ്. പരമ്പരാഗത പാതകളെല്ലാം വീതിയുള്ള ടാറിട്ട റോഡുകളായി. സാഗ, ഡാർചൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഹോട്ടലുകളും റസ്റ്ററന്റുകളുമുണ്ട്. ഡാർചനപ്പുറത്തുള്ള യമദ്വാർ വരെ വാഹനം കടന്നു ചെല്ലും. കൈലാസത്തിനു ചുറ്റും നടക്കാൻ വയ്യാത്തവർക്ക് കുതിരപ്പുറത്തു കയറി പരിക്രമ ചെയ്യാം. അപകടത്തിൽപ്പെടുന്നവരെ താഴെയെത്തിക്കാൻ യമദ്വാറിൽ ആംബുലൻസ് സർവീസുണ്ട്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് കൈലാസയാത്രയ്ക്ക് അനുകൂലമായ സമയം. സെപ്റ്റംബറാണ് യാത്രയ്ക്ക് അനുയോജ്യമായ കാലാവസ്ഥ.

മഞ്ഞു ചൂടിയ കൈലാസം കാണാൻ സ്വാമി ക്ഷണിച്ചു. അടുത്ത യാത്രയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൈലാസ യാത്രയുടെ മാഹാത്മ്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആ നിമിഷം കാതിൽ മുഴങ്ങിയത്.

‘‘കൈലാസത്തിൽ എത്തിച്ചേരുക എന്നതു മഹാഭാഗ്യമാണ്. ധനമുണ്ടായതുകൊണ്ടോ അധികാരമുള്ളതുകൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ല. മഹേശ്വരന്റെ പീഠം നേരിൽ കാണാൻ യോഗമുള്ളവർക്ക് അതാതു സമയത്ത് അതിനുള്ള അവസരം വന്നു ചേരും...’’

baijugovind@gmail.com