കൊയ്ത്തു കഴിഞ്ഞ് പാടത്തു ചെളി ചവിട്ടിയൊതുക്കിയാണ് മരമടിക്കു നിലമൊരുക്കുക. ചേറു കുഴഞ്ഞതിനു ശേഷം ആവശ്യത്തിനു വെള്ളമൊഴുക്കും. 70 – 100 മീറ്റർ വിസ്താരമുള്ള പാടമാണു മത്സരക്കളം. സ്റ്റാർട്ടിങ് പോയിന്റ്, ഫിനിഷിങ് പോയിന്റ് എന്നിവ വേർതിരിച്ചറിയാൻ ചുവന്ന കൊടി സ്ഥാപിക്കുന്നു. ഫിനിഷിങ് പോയിന്റിനു സമീപത്താണു കാണികൾക്കുള്ള പവിലിയൻ. വിധി കർത്താക്കൾക്കുള്ള ഇരിപ്പിടവും പവിലിയനിലാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളാക്കി തിരിച്ചാണു മത്സരം. കയറിട്ടും കയറില്ലാതെയും കാളകളുടെ ഓട്ട മത്സരം നടത്താറുണ്ട്. കേരളത്തിൽ തെക്കും വടക്കും ജില്ലകളിൽ മത്സരത്തിന്റെ ചിട്ടവട്ടങ്ങളിൽ വ്യത്യാസമുണ്ട്.
പാലക്കാട്, തമിഴ്നാട്ടിലെ പുളിയൻകുടി എന്നിവിടങ്ങളിൽ നിന്നാണു മത്സരത്തിനുള്ള കാളയെ വാങ്ങുന്നത്. കൊമ്പിന്റെ വലുപ്പം മുതുകിലെ ‘ഉപ്പുരുണി’ (മുഴ) എന്നിവ നോക്കി കാളയുടെ മികവു മനസ്സിലാക്കാൻ പരിശീലനം നേടിയവരാണ് കാളപൂട്ടുകാർ. രണ്ട്, മൂന്ന് വയസ്സുള്ള കാളകളാണു ‘ബെസ്റ്റ് പെർഫോമൻസ്’. നാക്ക്, പല്ല്, കൊമ്പ് എന്നിവ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കുന്നു. നാവിൽ കറുത്ത പുള്ളിയുള്ള (കരിനാക്ക്) കാളയ്ക്ക് വാശി കൂടുമത്രേ. സൗന്ദര്യത്തിന്റെ അളവുകോലാണ് തൊലിയുടെ നിറം. വെളുത്ത കാളയ്ക്കാണു ഡിമാൻഡ്. പോര്, കരിമ്പോര്, മൈല, പളുങ്കി, മാല്, വെള്ള എന്നിങ്ങനെ ‘പൂട്ടുകാളകൾ’ നിറമനുസരിച്ച് വേർ തിരിക്കുന്നു. കരിമ്പോര് വിഭാഗം കുതിരയെപ്പോലെ പായും. സ്റ്റാർട്ടിങ് പോയിന്റിൽ നിന്നു കുതിക്കുമ്പോൾ വാലുയർത്തി വീറു തെളിയിക്കും. മൈലക്കാളയ്ക്കു ചാര നിറം. തവിട്ട് നിറമുള്ളതു മാല്. ശരീരത്തിൽ പല നിറത്തിലുള്ള പുള്ളിയും കുത്തുമുള്ളതു പോര്. പളുങ്കുപോലെ പുള്ളിയതാണു പളുങ്കി. വളഞ്ഞ കൊമ്പും മുതുകിലെ ഉപ്പുരുണിയുമുള്ളവയാണു മികച്ചയിനം കാളയുടെ ലക്ഷണം.
പുളിയൻകുടി കാളയാണു മത്സരത്തിനു മികച്ചതെന്നു വിശ്വസിക്കപ്പെടുന്നു. സൗന്ദര്യവും വാശിയുമുള്ളവയാണത്രേ അവ. തമിഴ്നാട്ടിലെ പുളിയൻകുടിയിൽ മത്സരക്കാളകളെ വളർത്തി വിൽക്കുന്നവരുണ്ട്. കയർ കെട്ടാതെയാണ് അവർ കാളക്കുട്ടികളെ വളർത്തുന്നത്. കാളയുടെ ഇനം, വലുപ്പം, വാശി എന്നിവ അടിസ്ഥാനമാക്കിയാണു വില. കാളയെ മത്സരയോട്ടത്തിനു പ്രാപ്തമാക്കുന്നതിനു ദൈർഘ്യമേറിയ പരിശീലനം നിർബന്ധം.
മൂക്കു തുളച്ചു കയറിട്ടതിനു ശേഷം ഒരാഴ്ച കാളയ്ക്കു വിശ്രമം. ഈ സമയത്ത് തീറ്റ കൊടുക്കാൻ മാത്രമേ കാളയുടെ സമീപത്തേയ്ക്കു പോകാറുള്ളൂ. പുതിയ ഉടമയുമായി ഇടപഴകിയാൽ നുകം കെട്ടി പരിശീലനം തുടങ്ങും. കലപ്പ കെട്ടി പൂട്ടിയതിനു ശേഷം ഓട്ടമത്സരത്തിന്റെ പരിശീലനം. മത്സരക്കാളയ്ക്ക് ദിവസം തീറ്റ നൽകാൻ ആയിരം രൂപ ചെലവാകും. സാധാരണ തീറ്റയ്ക്കൊപ്പം മുതിര, മുട്ട, ചിക്കൻസൂപ്പ് എന്നിവയും നൽകും. കരിങ്കോഴിയിറച്ചി ചതച്ചു ചേർത്ത് അങ്ങാടി മരുന്നു ചേർത്തുണ്ടാക്കുന്ന സൂപ്പ് മത്സരക്കാളയ്ക്കു നൽകാറുണ്ട്. തൊഴുത്തിന്റെ വൃത്തിയും കാളയുടെ പരിപാലനവും പ്രാധാന്യം അർഹിക്കുന്നു. വേനൽ കനക്കുമ്പോൾ തൊഴുത്തിൽ ഫാൻ വയ്ക്കാറുണ്ട്.
കാണികളുടെ ആവേശവും പൂട്ടുകാരന്റെ മെയ്വഴക്കവുമാണ് മരമടിയുടെ സൗന്ദര്യം. ചേറിലൂടെ കുതിച്ചു പാഞ്ഞ് ഒന്നാം സ്ഥാനത്ത് എത്തിയാൽ കിട്ടുന്ന ട്രോഫിയും ചെറിയ തുകയുമാണു പൂട്ടുകാരന്റെ വരുമാനം. കാളപൂട്ടിന്റെ ആവേശം ഹൃദയത്തിൽ കൊണ്ടു നടക്കുന്നവർക്കു മുന്നിൽ അത്തരം പരിമിതികൾ തടസ്സമാകാറില്ല.