എയർഹോസ്റ്റസ് ജോലിയിൽ നിന്ന് അവധിയെടുത്ത മീനാക്ഷി നെടുമ്പാശേരിയിൽ പറന്നിറങ്ങുമ്പോൾ എറണാകുളത്തേക്കുള്ള റോഡിൽ മെട്രോ റെയിലിന്റെ തൂണുകൾ ഉയരുന്നതേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിയിലേക്കു നീണ്ടു കിടന്ന ഗതാഗതക്കുരുക്കിലൂടെ തിക്കിത്തിരക്കിയ ബസ്സ് എംജി റോഡിലെത്താൻ രണ്ടു മണിക്കൂർ വേണ്ടി വന്നു. പിന്നീടുള്ള വർഷങ്ങൾ മീനാക്ഷിയുടെ കൺമുന്നിലൂടെ സിനിമാ റീൽ പോലെ കടന്നു പോയി. ഇതിനിടെ, കൊച്ചി നഗരത്തിന് ഒരുപാടു മാറ്റങ്ങളുണ്ടായി. അപ്പോഴേക്കും ആലപ്പുഴയിലെ മാരാരിക്കുളത്തു നിന്ന് മീനാക്ഷി എറണാകുളത്തെ കൊച്ചുകടവന്ത്രയിലേക്കു താമസം മാറി; സിനിമയിൽ അഭിനയിച്ചു, ടിവി പ്രോഗ്രാമുകളിൽ സ്ഥിര സാന്നിധ്യമായി, മീനാക്ഷിക്ക് ആരാധകരുണ്ടായി... സ്വന്തം ഫോട്ടോ പതിച്ച പടുകൂറ്റൻ ഫ്ളക്സിനു മുന്നിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ അഭിനയ രംഗത്തേക്കുള്ള ചുവടുമാറ്റത്തിൽ മീനാക്ഷി അഭിമാനിച്ചു.
‘‘എയർ ഹോസ്റ്റസ് ജോലി പൂർണമായും ഉപേക്ഷിച്ചിട്ടില്ല കേട്ടോ. അവധിയെടുത്താണ് അഭിനയിക്കാനിറങ്ങിയത്’’ചിരിച്ചുകൊണ്ട് മീനാക്ഷി കൂട്ടിച്ചേർത്തു. ഇടവേളയില്ലാതെ വർത്തമാനം പറയാനുള്ള ഈ മിടുക്കാണ് മീനാക്ഷിയെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത്. വാതോരാതെയുള്ള വാചകമടിയുടെ ഊർജം എന്താണെന്ന് മീനാക്ഷിയോടു ചോദിച്ചു. ‘‘തട്ടുകടയിലെ ചൂടു ചായ’’ ഇതായിരുന്നു മീനാക്ഷിയുടെ മറുപടി.
ആലപ്പുഴയിലാണ് ജനിച്ചതെങ്കിലും ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്ന കായൽ ഞങ്ങളുടെ വീട്ടിൽ നിന്ന് അകലെയാണ്. അച്ഛൻ രവീന്ദ്രക്കുറുപ്പിന്റെ വീട് മാരാരിക്കുളം. അമ്മ ജയയുടെ സ്വദേശം പട്ടണക്കാട്. എന്നെയും സഹോരങ്ങളായ ബാലുവിനേയും പൊന്നുവിനേയും കൂട്ടി പണ്ട് കുടുംബസമേതം ഹൗസ് ബോട്ട് യാത്രയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.
സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചയാളാണു ഞാൻ. അതിനാൽത്തന്നെ ഇഷ്ടപ്രകാരം യാത്ര ചെയ്യാനും വസ്ത്രം ധരിക്കാനും എനിക്കു സാധിക്കുന്നു. ഉദ്ഘാടനത്തിനും സ്‌റ്റേജ് പ്രോഗ്രാമിനും പോകുമ്പോൾ ചിലർ എന്റെ വസ്ത്രരീതിയെ വിമർശിക്കാറുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം അവർക്കുണ്ട്. പക്ഷേ, സെൽഫി എടുക്കാനെന്നു പറഞ്ഞ് അടുത്തെത്തി നുള്ളുന്നതും ശരീരത്തിൽ തൊടുന്നതും മര്യാദയില്ലാത്ത പരിപാടിയാണ്. അതു സ്നേഹപ്രകടനമല്ല, ഉപദ്രവമാണ്.
‘‘മൂന്നു വർഷം സ്പൈസ് ജെറ്റിൽ എയർ ഹോസ്റ്റസായിരുന്നു. ആദ്യത്തെ പറക്കൽ ഡൽഹിയിലേക്കായിരുന്നു’’ മീനാക്ഷി പറഞ്ഞു തുടങ്ങി. പഠിച്ചിറങ്ങിയ സമയമായിരുന്നതിനാൽ പൂർണമായും ജോലിയിലായിരുന്നു ശ്രദ്ധ. ഡൽഹിയിൽ എത്തിയിട്ടും ചുറ്റിക്കറങ്ങാനോ സ്ഥലം കാണാനോ പോയില്ല. ശ്രീനഗറിലും പോർട്ബ്ലെയറിലും പോയെങ്കിലും അവിടെയും വിമാനത്താവളത്തിനു പുറത്തിറങ്ങാൻ തോന്നിയില്ല. ലാൻഡ് ചെയ്യുമ്പോഴുള്ള ചിത്രം മാത്രമാണ് മനസ്സിലുള്ളത്.
കൊച്ചിയിലെ ജീവിതം ഫാസ്റ്റാണ്. ഇവിടെ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്. സുഹൃത്തുക്കളോടൊപ്പം കറങ്ങലാണ് അവധി ദിവസങ്ങളിലെ പ്രോഗ്രാം.
എനിക്കൊരു സ്കൂട്ടിയുണ്ട്, യമഹ എയ്റോ എക്സ് 155. മിക്കപ്പോഴും അതിലാണു യാത്ര. ഒറ്റയ്ക്കുള്ള യാത്ര ബോറാണ്. എല്ലായ്പ്പോഴും കൂട്ടൂകാരിലാരെങ്കിലുമൊക്കെ കൂടെയുണ്ടാകും. ഭൂതത്താൻകെട്ട്, പാണിയേലി പോര് എന്നീ സ്ഥലങ്ങളിൽ അടുത്തിടെ പോയിരുന്നു. ആഴ്ചാവസാനം എല്ലാവർക്കും ലീവ് കിട്ടുമ്പോഴാണ് ട്രിപ്പ് പ്ലാൻ ചെയ്യാറുള്ളത്. എറണാകുളത്ത് ഫോർട് കൊച്ചിയും ക്വീൻസ് വേയുമാണ് ഞങ്ങളുടെ നേരം പോക്കിന്റെ ഇടങ്ങൾ.
പനമ്പിള്ളി നഗറിലും മനോരമ ജംക്‌ഷനിലും രുചികരമായ ചായ കിട്ടുന്ന തട്ടുകടകളുണ്ട്. തട്ടുകടയുടെ മുന്നിൽ വട്ടം കൂടി നിന്ന് വർത്തമാനം പറഞ്ഞുകൊണ്ട് ചായ കുടിക്കുന്നതിന്റെ സുഖം ഹോട്ടലിൽ കയറിയാൽ കിട്ടില്ല.