Saturday 23 July 2022 03:18 PM IST

ഇത്തിരി അഭ്യാസം പഠിക്കാതെ ഇവിടെ രക്ഷയില്ല! മീനാക്ഷിയും അച്യുതനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

Baiju Govind

Sub Editor Manorama Traveller

1 - kalari

സാമൂതിരിയുടെ തലയറുക്കാൻ പണിക്കരോടൊപ്പം തറവാട്ടിൽ നിന്നിറങ്ങുമ്പോൾ ചന്ദ്രോത്ത് ചന്തുണ്ണിക്കു പൊടിമീശ മുളയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ചന്തുണ്ണിയായി മാമാങ്കത്തിൽ അഭിനയിച്ച എട്ടു വയസ്സുകാരനോട് അന്നു കൊച്ചിയിലെ ലൊക്കേഷനിൽ വച്ച് പേരു ചോദിച്ചപ്പോൾ സ്കൂളിൽ അറ്റൻഡൻസ് എടുക്കും പോലെ ‘അച്യുതൻ ബി. നായർ’ എന്നാണു മറുപടി പറഞ്ഞത്. നാലാം ക്ലാസിൽ പഠിക്കുന്ന പയ്യൻസ് വാളും ഉറുമിയും ചുഴറ്റുന്നതു കണ്ട് അന്ന് ചുറ്റുമുള്ളവർ അമ്പരന്നു.

മാമാങ്കം റിലീസാകുന്നതിനു മൂന്നു വർഷം മുൻപ് പുറത്തിറങ്ങിയ ഒപ്പത്തിന്റെ ലൊക്കേഷനിലും ഇതുപോലൊരു ‘കൗതുക കുട്ടിയെ’ കണ്ടു. റിട്ടയേ‍ഡ് സുപ്രീംകോടതി ജഡ്ജി കൃഷ്ണമൂർത്തിയുടെ മകൾ നന്ദനിയായി അഭിനയിച്ച ആറാം ക്ലാസുകാരി ആ സിനിമയിലെ നായകനായ മോഹൻലാലിന്റെ ചുറ്റും നടക്കുന്നുണ്ടായിരുന്നു. ‘എന്റെ പേര് മീനാക്ഷി’യെന്നു പറഞ്ഞ് ലൊക്കേഷനിലൂടെ പാഞ്ഞിരുന്ന മീനാക്ഷിയുടെ കുസൃതികളെ ചേർത്തുപിടിക്കാൻ അവിടെ പ്രിയദർശനുമുണ്ടായിരുന്നു.

ഒപ്പത്തിലേയും മാമാങ്കത്തിലേയും ബാലതാരങ്ങൾ ഇപ്പോൾ ഹൈസ്കൂൾ വിദ്യാർഥികളാണ്.

അച്യുതൻ എട്ടാം ക്ലാസിൽ. മീനാക്ഷി പത്താംക്ലാസ് പരീക്ഷ എഴുതുന്നു. ഇവർ രണ്ടാളും കളരി പരിശീലിക്കുന്നുണ്ട്. കേരളത്തിന്റെ ആയോധനകലയായ കളരിയെ ടൂറിസത്തിന്റെ പുതുമുഖമായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇരുവരും ഒരുമിച്ച് കച്ച കെട്ടി, മനോരമ ട്രാവലറിനു വേണ്ടി.

2 - kalari

കോട്ടയത്തു പുതുപ്പള്ളിക്കു സമീപം ഇരവിനല്ലൂരിലുള്ള തടിക്കൽ കളരി. ബൈജു വർഗീസ് ഗുരുക്കൾ‌ ആചാര്യന്മാരെ വണങ്ങി തിരി തെളിച്ചു. കിടങ്ങൂരിൽ നിന്നെത്തിയ മീനാക്ഷിയും ഇരവിനല്ലൂരിൽ താമസിക്കുന്ന അച്യുതനും ഗുരുവിന്റെ കാൽ തൊട്ടു വന്ദിച്ച് കച്ച കെട്ടി. കളരിമുറ പരിശീലനം കഠാരയിലെത്തി നിൽക്കുന്ന അച്യുതൻ ഇടംവലം ചുവടു വച്ചു. മെയ്പയറ്റു പൂർത്തിയാക്കിയ മീനാക്ഷി ചാടിയമർന്ന് കൂടെ ചേർന്നു. തടിക്കൽ കളരിയിൽ പരിശീലനം നടത്തുന്ന മറ്റു ശിഷ്യരും ഇറങ്ങിയതോടെ വാളും പരിചയും കൂട്ടിമുട്ടി.

അച്യുതൻ ഒന്നാം പയറ്റു കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. കളരിയുടെ ഉമ്മറത്തെ തിണ്ണയിൽ സിനിമാ വിശേഷങ്ങളുമായി മീനാക്ഷിയും ഒപ്പമുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ അച്യുതൻ അഭിനയിച്ച ചിത്രം. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിനു ശേഷം മാത്രമേ പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കൂ എന്നുള്ള തീരുമാനത്തിലാണു മീനാക്ഷി. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് സ്കൂൾ തുറന്നപ്പോഴുണ്ടായ തമാശകളാണ് രണ്ടാൾക്കും പറയാനുള്ളത്. പൊടുന്നനെ വർത്തമാനം ചുറ്റിക്കറങ്ങി അച്യുതന്റെ ആദ്യ ചിത്രമായ മാമാങ്കത്തിലെത്തി.

മാമാങ്കത്തിൽ അവസരം ലഭിച്ചത് എങ്ങനെയാണ് ?

കങ്ങഴയിൽ അമ്മയുടെ വീട്ടിൽ പോയ ദിവസം സുബീഷ് ഫോൺ വിളിച്ചു. കളരിയിൽ ഓഡിഷൻ നടക്കുകയാണ്. വേഗം വരണമെന്നു സുബീഷ് പറഞ്ഞു. ഞാൻ എത്തിയപ്പോൾ എല്ലാവരും മെയ്പയറ്റു കഴിഞ്ഞ് നിൽക്കുകയായിരുന്നു. എന്നോട് വടി ചുഴറ്റിക്കാണിക്കാൻ ആവശ്യപ്പെട്ടു. ചുവടു വയ്ക്കുന്നതിനിടെ വടി കറങ്ങിത്തിരിഞ്ഞ് കയ്യിൽ കൊണ്ടു. വേദന പുറത്തു കാണിക്കാതെ ഞാൻ മാറിയിരുന്നു. എന്റെ കുറച്ചു ഫോട്ടോ എടുത്തിട്ടാണ് ഓഡിഷൻ നടത്താൻ വന്നവർ മടങ്ങിപ്പോയത്.

രണ്ടു മാസം കഴിഞ്ഞ് മാമാങ്കം സിനിമയുടെ പ്രൊഡക്ഷൻ സംഘത്തിന്റെ വിളി വന്നു. എറണാകുളത്തു മറൈൻ ഡ്രൈവിനടുത്തുള്ള ഫ്ളാറ്റിൽ രണ്ടാമത്തെ ഓഡിഷനു പോയി. ഇരുപതു കുട്ടികൾ എത്തിയിരുന്നു. കളരി ചെയ്യിക്കുമെന്നു കരുതി കുറേ നേരം പ്രാക്ടീസ് ചെയ്താണ് ഞാൻ അവിടേക്കു ചെന്നത്. പക്ഷേ, ഡയലോഗുകൾ പറയിച്ചു കൊണ്ടുള്ള ടെസ്റ്റാണ് അവർ നടത്തിയത്. അതു കഴി‍ഞ്ഞ് സ്ക്രീൻ ടെസ്റ്റിനായി വീണ്ടും എറണാകുളത്തേക്ക് വിളിപ്പിച്ചു.

4 - kalari

നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് സിലക്‌ഷൻ ലഭിച്ചതായി അറിയിപ്പു കിട്ടി. അക്കാലത്തു കളരിയിൽ ഞാൻ വടി പയറ്റി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അഭിനയിക്കാനുള്ള ഗ്രൂമിങ്ങിനൊപ്പം വാളും ഉറുമിയും വീശാൻ സിനിമാ സംഘം പരിശീലനം നൽകി.

എവിടെ വച്ചാണ് ആദ്യമായി മമ്മൂട്ടിയെ കണ്ടത് ?

മാമാങ്കത്തിന്റെ സഹസംവിധായകൻ രോഹിത്താണ് എന്നെ പനമ്പിള്ളി നഗറിലേക്കു കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് അതു മമ്മൂക്കയുടെ വീടാണെന്നു മനസ്സിലായത്. മഞ്ഞ നിറമുള്ള സിൽക്ക് ഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നോട് കളരി പഠിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഞാൻ അറിയാമെന്നു തലയാട്ടി.

ഷൂട്ടിങ് തീരുന്നതു വരെ മമ്മൂക്കയെ അടുത്തു നിന്നു കണ്ടു. അഭിനയിക്കുമ്പോൾ അദ്ദേഹം വഴക്കു പറയുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ, അത് എന്റെ മനസ്സിലെ പേടി മാത്രമാണെന്നു പിന്നീട് തിരിച്ചറിഞ്ഞു.

രണ്ടാം ഷെഡ്യൂളിൽ മമ്മൂക്ക ചിത്രം വരയ്ക്കുന്ന സീനുണ്ട്. ആ സമയത്ത് ഞാൻ അദ്ദേഹത്തെ ഒരു കാര്യം അറിയിക്കുന്ന രംഗം വന്നപ്പോൾ ഡയലോഗ് മറന്നു. ഒന്നു കൂടി കടലാസ് നോക്കിയിട്ട് പറയട്ടെയെന്ന് ഞാൻ ചോദിച്ചു. ‘‘വേണ്ട, ഓർമിച്ചെടുത്ത് പറഞ്ഞാൽ മതി. ഞാൻ കാത്തു നിൽക്കാം’’ മമ്മൂക്ക ഇതു പറഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്നവർ ചിരിച്ചു.

ഷൂട്ടിങ് സമയത്ത് പഠനം മുടങ്ങിയില്ലേ ?

നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണം പൂർത്തിയാകാൻ ഏഴുമാസം വേണ്ടി വന്നു. ഒരു വർഷം സ്കൂളിൽ പോകാൻ പറ്റിയില്ല.

കോട്ടയത്ത് ‘പള്ളിക്കൂടം’ സ്കൂളിലാണ് ഞാൻ പഠിക്കുന്നത്. കൂടെ പഠിക്കുന്നവരുടെ നോട്ടു പുസ്തകം വാങ്ങി പഠിച്ച് അഞ്ചാം ക്ലാസ് പരീക്ഷയെഴുതി.

സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തോടെയാണോ കളരി പരിശീലിച്ചത്?

എന്റെ അമ്മ ശോഭയാണ് സെൽഫ് ഡിഫൻസ് പഠിക്കണമെന്നു പറഞ്ഞത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്നെ വീടിന്റെയുടുത്തുള്ള ‘തടിക്കൽ കളരി’യിൽ ചേർത്തു. ഇപ്പോൾ കഠാരയിൽ എത്തി നിൽക്കുന്നു പരിശീലനം. കളരി പരിശീലിക്കുന്ന കുട്ടികളെ തിരഞ്ഞുള്ള ഓഡിഷനിൽ പങ്കെടുത്തു, സിനിമയിൽ അവസരം കിട്ടി.

അച്ഛൻ ബാലഗോപാലനും അനിയത്തി അരുന്ധതിയും നൽകിയ പ്രോത്സാഹനമാണ് സിനിമയിൽ അഭിനയിക്കാൻ സാഹചര്യമൊരുക്കിയത്. ഈ സിനിമയുടെ ഓഡിഷനായി പോയപ്പോഴാണ് ഞാൻ ആദ്യമായി എറണാകുളം കണ്ടത്. ഷൂട്ടിങ് സമയത്ത് മരടിലുള്ള ഫ്ളാറ്റിലാണു താമസിച്ചിരുന്നത്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ ന്യൂക്ലിയസ് മാളിലെ തിയേറ്ററിൽ സിനിമ കാണാൻ പോകുമായിരുന്നു.

എന്നെപ്പോലെ ഓഡിഷനിൽ പങ്കെടുത്ത് മാമാങ്കത്തിൽ അഭിനയിക്കാൻ എത്തിയ നടിയാണ് ഉണ്ണിമായയായി മാമാങ്കത്തിൽ അഭിനയിച്ച പ്രാചി ടെഹ്‌ലാൻ. ആ സിനിമയുടെ ലൊക്കേഷനിൽ ഞാൻ ഏറ്റവുമധികം വർത്തമാനം പറഞ്ഞത് പ്രാചിയോടാണ്. പിന്നീട് അവരുടെ വിവാഹത്തിനു ക്ഷണിച്ചിരുന്നു. കോവിഡ് ലോക്ഡൗൺ ആയതിനാൽ പോകാൻ സാധിച്ചില്ല.

‘‘ചോദ്യങ്ങൾ ഒരു ഭാഗത്തേക്കു മാത്രം പോരാ’’അച്യുതൻ മീനാക്ഷിയെ നോക്കി. ‘‘ഓ കെ. ഞാൻ റെഡി’’ മീനാക്ഷി മറുപടി പറയാൻ തയാറായി.

മീനാക്ഷി എന്നാണ് കളരി പഠിച്ചു തുടങ്ങിയത്?

രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു ചേട്ടൻ എന്റെ വീട്ടിൽ വന്ന് കളരി പരിശീലിപ്പിക്കുമായിരുന്നു. പിന്നീട് ളാക്കാട്ടൂരുള്ള കളരിയിൽ ചേർന്നു. ഡാൻസില്ല, ഫിസിക്കൽ ആക്ടിവിറ്റികൾ ഇല്ല. അപ്പോൾ പിന്നെ സെൽഫ് ഡിഫൻസ് പരിശീലനമെങ്കിലും വേണമെന്ന് എന്റെ അച്ഛൻ അനൂപാണ് നിർബന്ധിച്ചത്.

ആദ്യ സിനിമ ഏതാണ്?

നാലു വയസ്സുള്ളപ്പോഴാണ് ആദ്യമായി മൂവി ക്യാമറയ്ക്കു മുന്നിൽ നിന്നത്. തൗസന്റ് എന്നായിരുന്നു സിനിമയുടെ പേര്. വീടിന്റെ അയൽപക്കത്തുള്ള നിഖിൽ, അഖിൽ എന്നിവർ ‘മധുരം നൊമ്പരം’ എന്നൊരു ആൽബം ചെയ്തിരുന്നു. അതിൽ അഭിനയിച്ചതിനു ശേഷമാണ് ആനമയിൽ ഒട്ടകം എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചത്.

വിഷ്ണു ഉണ്ണികൃഷ്ണനാണ് ആ സിനിമയിലെ നായകൻ. അമർ അക്ബർ ആന്റണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് വിഷ്ണു ഏട്ടൻ. അദ്ദേഹം പറഞ്ഞതു പ്രകാരം നാദിർഷ എന്നെ വിളിച്ചു. എന്റെ കഥയിലെ പാത്തു ഇവളാണെന്ന് അദ്ദേഹം പറഞ്ഞു. അമർ അക്ബർ അന്തോണിയുടെ ഷൂട്ടിങ് കൊച്ചിയിലെ ചില കോളനികളിലായിരുന്നു.

ഒപ്പത്തിൽ നന്ദിനിയായി അഭിനയിക്കുമ്പോൾ ഏതു ക്ലാസിലാണ് പഠിച്ചിരുന്നത്?

3 - kalari

ഒപ്പം ഷൂട്ടിങ് നടക്കുമ്പോൾ കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിലായിരുന്നു. അമർ അക്ബർ ആന്റണി കണ്ടതിനു ശേഷം പ്രിയദർശന്റെ നിർദേശ പ്രകാരമാണ് എന്നെ വിളിച്ചത്.

എറണാകുളത്ത് ഹോട്ടലിൽ പോയാണ് മോഹൻലാലിനെ കണ്ടത്. പ്രിയൻ അങ്കിളും അവിടെ ഉണ്ടായിരുന്നു. എത്രമാത്രം പ്രശസ്തരായ ആളുകളുടെ മുന്നിലാണ് നിൽക്കുന്നതെന്ന് ആലോചിക്കാനുള്ള പക്വതയൊന്നും അന്ന് ഉണ്ടായിരുന്നില്ല. മോഹൻലാലിനെ ഞാൻ ‘‘ലാൽ അങ്കിൾ’’ എന്നു വിളിച്ചു. അദ്ദേഹം സ്നേഹവാത്സല്യത്തോടെ ചേർത്തു പിടിച്ചു. ആ സിനിമയുടെ ഷൂട്ടിങ് കഴിയുന്നതുവരെ ലാൽ അങ്കിളും പ്രിയൻ അങ്കിളും സ്വന്തം മകളെ പോലെ കൈപിടിച്ച് കൊണ്ടു നടന്നു.

ഒപ്പത്തിന്റെ ഒരു ഷെഡ്യൂൾ ചിത്രീകരണം ഊട്ടിയിലായിരുന്നു. ഓരോ സീൻ കഴിയുമ്പോഴും ലാൽ അങ്കിൾ തണുപ്പ് ഏൽക്കാതിരിക്കാൻ എന്നെ എടുത്ത് ഹീറ്ററിനരികെ കൊണ്ടു പോയി നിർത്തുമായിരുന്നു. ഷോപ്പിങ് മാളിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ ആവശ്യപ്പെട്ടതൊക്കെ ലാൽ അങ്കിളും പ്രിയൻ അങ്കിളും വാങ്ങിത്തന്നു.

പുതിയ സിനിമകൾ ഏതൊക്കെയാണ്?

ടി.പദ്മനാഭൻ എഴുതിയ പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന കഥ സംവിധായകൻ ജയരാജ് സിനിമയാക്കി. അതിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയായി ഞാനാണ് അഭിനയിച്ചത്. അതാണ് ഏറ്റവുമൊടുവിൽ ഞാൻ അഭിനയിച്ച സിനിമ.

ഞാൻ ഇപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത മാസം എസ്എസ്എൽസി പരീക്ഷയാണ്. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് സ്കൂൾ തുറന്നതല്ലേയുള്ളൂ. ഒരുപാട് പഠിക്കാനുണ്ട്. ഇപ്പോൾ അതിൽ മാത്രമാണു ശ്രദ്ധ. ഒന്നു രണ്ടു പ്രൊജക്ടുകൾ വന്നു. പരീക്ഷ കഴിഞ്ഞതിനു ശേഷം നോക്കാമെന്നാണ് അവരോടു പറഞ്ഞിട്ടുള്ളത്.

Tags:
  • Columns