മീശപ്പുലിമലയിൽ വച്ചാണ് ജ്യോതിസിനെ പരിചയപ്പെട്ടത്. റോഡോ വാലിയിൽ നിന്ന് മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ്ങിൽ വഴികാട്ടിയാണ് കക്ഷി. ലൗഡ് സ്പീക്കർ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്ക് എന്ന കഥാപാത്രത്തെ ഓർമയില്ലേ ? തോപ്രാംകുടിക്കാരനായ മൈക്കിനെ ഓർമിപ്പിക്കുന്ന പെരുമാറ്റമാണ് ജ്യോതിസിന്റേത്. തനി നാട്ടിൻ പുറത്തുകാരൻ. നിഷ്കളങ്കത തെളിഞ്ഞു നിൽക്കുന്ന നോട്ടം. തൊട്ടടുത്തു നിന്നാലും ഉറക്കെ സംസാരിക്കും. ആരും മിണ്ടാതായാൽ മൊബൈൽ ഫോണിൽ പാട്ടു വച്ച് കൂടെ പാടും. ഒരു സംശയം ചോദിച്ചാൽ വലിയൊരു കഥയായി മറുപടി പറയും. ആദ്യമായി കാണുന്നവരോടു പോലും സ്വന്തം കുടുംബക്കാരോടെന്ന പോലെയാണ് ജ്യോതിസ് ഇടപെടുക. വനംവകുപ്പിൽ താൽക്കാലിക ജോലിക്കാരനായി റോഡോ വാലിയിൽ ജ്യോതിസ് എത്തിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തുള്ള ‘റോഡോ മാൻഷൻ’ എന്ന കോട്ടേജിലാണ് ജ്യോതിസിനു ഡ്യൂട്ടി. മീശപ്പുലിമല കാണാൻ വരുന്നവർക്ക് വഴികാട്ടുക, അവർക്കു ഭക്ഷണമുണ്ടാക്കി കൊടുക്കുക എന്നിവയാണ് ജ്യോതിസിന്റെ ചുമതലകൾ. റോഡോവാലിയിലെ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബെയ്സ് ക്യാംപിൽ വച്ചു പരിചയപ്പെട്ടപ്പോൾത്തന്നെ ഇക്കാര്യങ്ങളെല്ലാം ജ്യോതിസ് പറഞ്ഞു. നാളെ രാവിലെ മീശപ്പുലി മലയിലേക്കുള്ള യാത്ര അടിപൊളിയാക്കാം എന്നൊരു ഉറപ്പും തന്നു.
മീശപ്പുലിമലയിൽ എപ്പോഴും മഞ്ഞു പെയ്യുമെന്നു ‘ചാർലി’യുടെ വേഷമണിഞ്ഞ് ദുൽഖർ സൽമാൻ പറയുന്നതു കേട്ടിരുന്നു. ആ ചിത്രത്തിലെ നായകൻ, തിരക്കഥകഥാകൃത്ത്, സംവിധായകൻ എന്നിവരിലാരെങ്കിലും മീശപ്പുലിമലയിൽ പോയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, മീശപ്പുലിമലയിൽ ഇന്നുവരെ ഒരു സിനിമയും ചിത്രീകരിച്ചിട്ടില്ല. നായകനെക്കൊണ്ട് അങ്ങനെയൊരു പേര് പറയിപ്പിച്ച് മീശപ്പുലിമലയെ സഞ്ചാരികളുടെ സ്വർഗമാക്കിയ തിരക്കഥാകൃത്തിനും നായകനും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
റോഡോ മാൻഷനിൽ നിന്നു മീശപ്പുലി മലയിലെത്തണമെങ്കിൽ ആറു കിലോമീറ്റർ കുന്നും മലയും താണ്ടണം. രാവിലെ എട്ടരയ്ക്ക് റോഡോയിൽ നിന്നു നടത്തം തുടങ്ങി. ആദ്യത്തെ മല കയറിയപ്പോൾത്തന്നെ തൊണ്ടയിലെ വെള്ളം വറ്റി. കിതപ്പു കാരണം ശ്വാസം കിട്ടാതായി. ഉടുക്കു കൊട്ടുന്നതുപോലെ നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്തു കേട്ടു. എല്ലാ ദിവസവും സഞ്ചാരികൾക്കാപ്പം പന്ത്രണ്ടു കിലോമീറ്റർ നടക്കുന്ന ജ്യോതിസിനോട് ബഹുമാനം തോന്നി.
മൊട്ടക്കുന്നുകളും മലകളും താണ്ടി മൂന്നു കിലോമീറ്റർ നടന്നപ്പോൾ ഹൃദയ സരസ്സിനു മുന്നിലെത്തി. വയനാട്ടിലെ ചെമ്പ്ര മലയിൽ മാത്രമല്ല, മീശപ്പുലിമലയുടെ താഴ്‌വരയിലും ഹൃദയത്തിന്റെ ആകൃതിയുള്ള തടാകമുണ്ട്. അവിടവും കടന്ന് കുത്തനെയുള്ള എട്ടോ ഒൻപതോ മലകൾ കയറിയിറങ്ങി. പ്രകൃതി പലഭാവങ്ങളിൽ ഓരോയിടത്തും അണിഞ്ഞൊരുങ്ങി നിൽക്കുന്നതു നേരിൽ കണ്ടു. നടന്നു ക്ഷീണിച്ച്, കിതച്ചു വലഞ്ഞ് മീശപ്പുലിമലയുടെ നെറുകയിൽ കാലു കുത്തിയപ്പോൾ നട്ടുച്ച.
പന്ത്രണ്ടരയ്ക്കാണ് മീശപ്പുലിമലയുടെ മുകളിൽ എത്തിയത്. ആ സമയത്തും മലയുടെ മീതെ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. മലകളും കുന്നുകളും കാട്ടാറും അരുവിയുമെല്ലാം ചേർന്ന് മറ്റൊരു ലോകം. നടന്നു നടന്ന് കാലുകൾ തളർന്നെങ്കിലും ആ കാഴ്ചയിൽ ക്ഷീണം മാറി. രണ്ടു മണിക്കൂർ നേരം മീശപ്പുലിമലയെ ലെൻസിലും മനസ്സിലും പതിച്ച ശേഷം മടക്ക യാത്ര ആരംഭിച്ചു. പേരറിയാത്ത ഏതൊക്കെയോ പൂക്കളും ചെടികളും തലോടിയെത്തിയ കാറ്റ് മലഞ്ചെരിവിൽ ചൂളമടിച്ചു. മറുമലയുടെ ചെരുവിൽ തട്ടി റോഡോയുടെ ഈണമായി അതങ്ങനെ മുഴങ്ങിക്കൊണ്ടേയിരുന്നു.
‘‘ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ മല ആനമുടി. അതിനെക്കാൾ ഇരുപതു മീറ്റർ ഉയരക്കുറവുള്ളതു മീശപ്പുലിമല. ആ മല നിങ്ങൾ കീഴടക്കി. വലിയൊരു നേട്ടം സ്വന്തമാക്കിയെന്ന് നിങ്ങൾക്ക് അഭിമാനിക്കാം.’’ എല്ലാ ദിവസവും മീശപ്പുലിമലയിൽ കയറിയിറങ്ങുന്ന ജ്യോതിസ് നാമജപം പോലെ പറഞ്ഞു.
baijugovind@gmail.com