പ്രിയപ്പെട്ട എലെയ്നർ... അങ്ങനെ വിളിക്കാമല്ലോ അല്ലേ?
ഈ സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറയുടെ അരികിൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണു നിറയുന്നു. വെറുമൊരു കാഴ്ചക്കാരനായി മരിച്ചവരുറങ്ങുന്ന പറമ്പിലേക്കു കയറുന്ന സമയത്ത് തെല്ലും പേടി തോന്നിയില്ല. പക്ഷേ, പൂച്ചെടികളുടെ നടുവിൽ നീ വിശ്രമിക്കുന്ന പേടകത്തിന്റെ മുന്നിലെത്തിയപ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ. ഇങ്ങോട്ടു നടന്നു കയറുന്നതിനിടെ കാലിലും കയ്യിലും മുള്ളു തറച്ചതിനെക്കാൾ മനസ്സു നീറുകയാണ്. തൊട്ടടുത്ത് ആരുമില്ലെന്നുറപ്പുണ്ടായിട്ടും അരികത്തുനിന്ന് ആരോ തേങ്ങുന്നതു പോലെ. നിനക്കറിയാമല്ലോ, മന്ത്രകോടി പുതച്ച് ഒടുവിൽ നീ ഇതുവഴി കടന്നു പോകുമ്പോൾ ഹെൻറി തനിച്ചായിരുന്നു. വേർപാടിന്റെ നൂറ്റിയിരുപത്തിമൂന്നു വർഷങ്ങൾ... എലെയ്നർ, ഇതാ നോക്കൂ ഭൂമിയിൽ നിനക്കേറ്റവും പ്രിയപ്പെട്ട മൂന്നാറിൽ വീണ്ടും പിൻകാലത്തിന്റെ മഞ്ഞുതുള്ളികൾ പെയ്തു തുടങ്ങുന്നു.
എലെയ്നർ ഇസബൽ മെയ്
1894, നവംബർ. രാജമലയുടെ നെറുകയിൽ നീലക്കുറിഞ്ഞിയുടെ വസന്തം കിരീടമണിഞ്ഞ കാലം. എലെയ്നറെയുടെ കൈപിടിച്ച് ഹെൻറി മദ്രാസിൽ നിന്നു തീവണ്ടി കയറി. അവളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു മൂന്നാർ. ഇംഗ്ലണ്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപു മധുവിധു മൂന്നാറിലാണെന്ന് ഹെൻറി ഭാര്യക്കു വാക്കു കൊടുത്തിരുന്നു.
അക്കാലത്ത് തിരുച്ചിറപ്പള്ളിയാണ് ദക്ഷിണേന്ത്യയിലെ ഒടുവിലത്തെ റെയൽവെ േസ്റ്റഷൻ. മദ്രാസ് റെജിമെന്റിലെ പട്ടാളക്കാരുടെ സുരക്ഷയിൽ നവദമ്പതികൾ തിരുച്ചിറപ്പള്ളിയിൽ നിന്നു കുതിരവണ്ടിയിൽ ബോഡിനായ്ക്കന്നൂരിലേക്കു നീങ്ങി. അവിടെനിന്നു കുതിരപ്പുറത്തു കയറി കാട്ടിലൂടെ മൂന്നാറിലെത്തി. ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന എലെയ്നറെ സംബന്ധിച്ചിടത്തോളം സ്വർഗതുല്യമായിരുന്നു ആ യാത്ര.
‘‘ഞാൻ മരിക്കുമ്പോൾ എന്റെ മൃതദേഹം ഇവിടെ അടക്കം ചെയ്യണം.’’ മഞ്ഞു പെയ്യുന്ന തേയിലത്തോട്ടങ്ങളിലൂടെ കുതിരപ്പുറത്തു യാത്ര ചെയ്യുന്നതിനിടെ എലെയ്നർ ഹെൻറിയുടെ കാതുകളിൽ മന്ത്രിച്ചു. പ്രണയം പൂമഴ പെയ്ത സന്ധ്യയിൽ അയാൾ ഭാര്യയെ ചേർത്തുപിടിച്ചു. പക്ഷേ, ആ വാക്കുകളുടെ ഇരുണ്ട പകുതിയിൽ മരണം പതിയിരിക്കുന്ന വിവരം ഹെൻറി അപ്പോൾ അറിഞ്ഞിരുന്നില്ല.
വരയാടുകൾ മേയുന്ന രാജമലയും തലയാറൊഴുകുന്ന താഴ്‌വരയും മഞ്ഞു പെയ്യുന്ന മലഞ്ചെരിവുകളും കണ്ടുനടക്കുന്നതിനിടെ എലെയ്നർക്കു കോളറ ബാധിച്ചു. 1894 ലെ ക്രിസ്മസിനു രണ്ടു നാൾ മുൻപ്, ഡിസംബർ 23ന് ഹെൻറിയുടെ മടിയിൽ കിടന്ന് അവൾ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു. മകളുടെ മൃതദേഹം ബ്രിട്ടനിൽ സംസ്കരിക്കാമെന്ന് വ്യവസായി ആയിരുന്ന ബ്യുഫോർട് ബ്രാൻസൻ പറഞ്ഞെങ്കിലും എലെയ്നറുടെ ആഗ്രഹം സാധിച്ചു നൽകണമെന്നു ഹെൻറി വാശി പിടിച്ചു. തലയാറിന്റെ തീരത്തെ കുന്നിനു മുകളിൽ, എലെയ്നർ അവസാന ആഗ്രഹം പ്രകടിപ്പിച്ച സ്ഥലത്ത് ഹെൻറി അവൾക്കു വേണ്ടി കുഴിമാടമൊരുക്കി. ഒരായുസ്സിന്റെ മുഴുവൻ വേദനയും പ്രണയമായി സമ്മാനിച്ച് അവൾ മടങ്ങിയ പാതയിൽ ശിഷ്ടകാലം അയാൾ ഒറ്റയ്ക്കു ജീവിച്ചു തീർത്തു.
എലെയ്നർ അന്ത്യവിശ്രമം കൊള്ളുന്ന കുന്നിന്റെ താഴ്‌വാരത്തായിരുന്നു ഹെൻറി താമസിച്ചിരുന്ന ബംഗ്ലാവ്. പഴയ മൂന്നാറിൽ തലയാറിനോടു ചേർന്നുള്ള ആ കുന്നിന്റെ ചെരിവിൽ ഇപ്പോൾ ഇംഗ്ലീഷ് വാസ്തുവിദ്യയിലുള്ള ഒരു പള്ളിയാണ്. എലെയ്നറുടെ വേർപാടിനുശേഷം പതിനാറു വർഷം കഴിഞ്ഞ് 1911 ലാണ് പള്ളി നിർമിക്കപ്പെട്ടതെന്ന് ആരാധനാലയത്തിലെ ലിഖിതങ്ങൾ പറയുന്നു.
പള്ളിയുടെ മുന്നിൽ നിന്നാൽ ഇരുപത്തിനാലാം വയസ്സിൽ ജീവിതത്തിന്റെ പൂമുഖത്തു നിന്നു പടിയിറങ്ങേണ്ടി വന്ന എലെയ്നറുടെ മുഖം കാണാം, ഹെൻറിയുടെ ഹൃദയ വേദന കേൾക്കാം... യമുനാ നദിയുടെ തീരത്ത് താജ്മഹലിന്റെ രൂപത്തിൽ ഷാജഹാൻ ചക്രവർത്തി അനശ്വരമാക്കിയതു പ്രിയതമയോടുള്ള പ്രണയമാണെങ്കിൽ, മൂന്നാറിലെ മുംതാസാണ് എലെയ്നർ ഇസബൽ മെയ്.