Monday 17 October 2022 02:52 PM IST

കാൽ കഴുകാതെ കാട്ടിൽ കയറിയാൽ ജയിൽ: നിയമം ലംഘിച്ചാൽ പിഴ

Baiju Govind

Sub Editor Manorama Traveller

1 forest

സന്ദർശകർ കാൽ കഴുകിയ ശേഷം പ്രവേശിക്കുന്ന ഒരു വനമുണ്ട് ന്യൂസീലൻഡിൽ. ഓക്‌ലാൻഡ‍ിൽ നിന്നു 35 കി.മീ. അകലെ വൈറ്റാക്കര മലനിര അക്ഷരാർഥത്തിൽ വെർജിൻ ലാൻഡാണ്. പാദരക്ഷയുടെ അടിയിൽ പതിഞ്ഞ ചെളിയും കഴുകിക്കളഞ്ഞ ശേഷമേ വനത്തിൽ പ്രവേശിക്കാവൂ.

ജോഷി തോമസ്, അലിൻഡ, അനുഗ്രഹ, മേഴ്‌സി എന്നിവരോടൊപ്പമാണു വൈറ്റാക്കരയിൽ എത്തിയത്. പാദരക്ഷകളും കാലുകളും കഴുകിയ ശേഷം കാട്ടിലേക്കു നടന്നു. തണുത്ത കാറ്റിനു സുഗന്ധം അനുഭവപ്പെട്ടു. ആ കാട്ടിൽ വളരുന്നത് ഔഷധസസ്യങ്ങളാണെന്നു തോന്നി. സന്ദർശകർക്കുള്ള നിർദേശങ്ങൾ കവാടത്തിനരികെ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. ബലം പ്രയോഗിച്ച് നിർദേശം നടപ്പാക്കാൻ അവിടെ ജോലിക്കാരെ നിയമിച്ചിട്ടില്ല. കാടിനെ സ്വന്തം വീടു പോലെ പരിപാലിക്കേണ്ടത് സന്ദർശകരാണെന്ന് അവിടെ എത്തുന്നവർ ബോർഡ് വായിച്ച് മനസ്സിലാക്കുന്നു.

കാൽ കഴുകി പ്രവേശിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അപ്പോഴാണ് ‘കൗറി’ മരങ്ങളെക്കുറിച്ച് അറിഞ്ഞത്. ന്യൂസീലാൻഡിന്റെ സ്വന്തം വൃക്ഷമെന്ന് അറിയപ്പെടുന്നു കൗറി. കൗറി മരത്തിന്റെ വേരുകൾ പടരാൻ ശുദ്ധമായ മണ്ണു വേണം. ആയിരം വർഷം ആയുസ്സുള്ള കൗറി വംശനാശം സംഭവിച്ച വൃക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മാലിന്യത്തിൽ നിന്നുദ്ഭവിക്കുന്ന കീടങ്ങളാണ് ഈ മരങ്ങളുടെ ശത്രു. ചെളിയിലുണ്ടാകുന്ന കീടങ്ങൾ കൗറിയുടെ വേരുകൾക്കു നാശം വരുത്തുന്നു. മരത്തിന്റെ സുരക്ഷാ ഭീഷണി ഗവേഷകർ കണ്ടെത്തിയതോടെ (കൗറി ഡൈബാക്ക്) കൗറി സംരക്ഷണത്തിനു മാർഗനിർദേശം തയാറാക്കി. പാദരക്ഷകൾ വൃത്തിയാക്കിയ ശേഷം സന്ദർശകരെ വനത്തിൽ പ്രവേശിപ്പിച്ചാൽ മതിയെന്നു തീരുമാനിച്ചു. കൗറി മരങ്ങളുടെ പ്രാധാന്യം അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അൻപത്തിരണ്ടു മീറ്റർ ഉയരമുള്ള ടാൻ മഹുവാണ് ഉയരമേറിയ കൗറി. വലിയ കൗറി മരത്തിനു രണ്ടു മീറ്ററാണു ചുറ്റളവ്. പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷകരാണു കൗറിയെന്നു ന്യൂസിലൻഡുകാർ വിശ്വസിക്കുന്നു. അതിനാൽത്തന്നെ അവയെ ബഹുമാനിക്കാനും പരിപാലിക്കാനും സന്ദർശകർക്കു നിർദേശം നൽകുന്നു.

2 forest

ന്യൂസീലൻഡിന്റെ വനസംരക്ഷണം മാതൃകാപരം. സർക്കാർ അനുമതി പ്രകാരം 100 മരം മുറിച്ചാൽ 200 വൃക്ഷത്തൈകൾ നടണം. മഴയും വെയിലും കൃത്യമായി ലഭിക്കുന്നതിനാൽ മരങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് അവിടത്തേത്. വീടു നിർമാണത്തിനും മതിലു കെട്ടുന്നതിനും അവർ മരം ഉപയോഗിക്കുന്നു. എന്നാൽ, വനനശീകരണം സംഭവിച്ചിട്ടില്ല.

മഞ്ഞു പെയ്ത് ഐസിന്റെ കൂമ്പാരം സൃഷ്ടിക്കപ്പെടുന്ന ന്യൂസീലന്‍ഡില്‍ പാമ്പും ചിതലുമില്ല ! പൈന്‍ മരങ്ങള്‍ നിരയിട്ട മലനിരയ്ക്കു സിനിമാസ്‌കോപ് ഭംഗിയാണ്. താഴ് വരയിലൂടെ കടന്നു പോകുന്നവരുടെ മനസ്സ് കാല്‍പനികതയിലേയ്ക്കു വഴുതിവീഴും. ശുദ്ധവായു, തെളിഞ്ഞ വെള്ളം, കൂറ്റന്‍ മരങ്ങള്‍, ചാറ്റല്‍ മഴ, തണുപ്പ്, പൂത്തുലഞ്ഞ ചെടികള്‍.... അങ്ങനെയങ്ങനെ.

അവിടെ പണ്ട് അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടായിട്ടുണ്ട്, ആ രാജ്യം ഒട്ടേറെ യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ അതിജീവിച്ച് മനോഹാരിത വീണ്ടെടുത്തു.

3 forest

പച്ചപ്പരവതാനി വിരിച്ച പോലെയുള്ള കുന്നുകളും മൈതാനങ്ങളും താഴ് വരയുമാണു ന്യൂസീലന്‍ഡിന്റെ പ്രകൃതി. ഈ രാജ്യത്തെ പ്രധാന നഗരമാണ് ഓക് ലാന്‍ഡ്. അവിടെ നിന്ന് 215 കി.മീ. അകലെ റൊട്ടാറ്യായില്‍ ഒട്ടേറെ തടാകങ്ങളുണ്ട്. ഈ തടാകങ്ങളിലെല്ലാം വെള്ളം ചൂടുള്ളതാണ്. ആ പ്രദേശത്തുകൂടി കടന്നു പോകുമ്പോള്‍ കിണറുകളും കുഴികളും കാണാം. അവയില്‍ താപനില നൂറു ഡിഗ്രിയിലേറെയെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. അവിടത്തെ കാറ്റിനു മണ്‍പാത്ര നിര്‍മാണ കേന്ദ്രങ്ങളിലേതു പോലെ ഗന്ധമാണ്. സള്‍ഫര്‍ സിറ്റിയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പ്രകൃതിയിലെ ഈ കൗതുകം ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സഞ്ചാരികള്‍ ന്യൂസീലന്‍ഡില്‍ എത്തുന്നു.