വെറുതേ ജീവിച്ചു തീർക്കാനുള്ളതല്ല ജീവിതമെന്നു വിശ്വസിക്കുന്നയാളാണു നിധിൻ. അതിനാൽത്തന്നെ സാഹചര്യങ്ങളെ കുറ്റം പറഞ്ഞു വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടാറില്ല. അനിയന്റെ പഴയ സൈക്കിൾ നന്നാക്കിയെടുത്ത് തൃശൂരിൽ നിന്നു കശ്മീരിലേക്കു പുറപ്പെടുമ്പോൾ നിധിന്റെ പോക്കറ്റിൽ ആകെയുണ്ടായിരുന്നതു നൂറ്റിയെഴുപതു രൂപ. യാത്ര ചെയ്ത ദൂരമത്രയും വഴിയോരത്തു ചായ വിറ്റാണു വട്ടച്ചെലവിനു കാശൊപ്പിച്ചത്. 5643 കി.മീ സൈക്കിൾ ചവിട്ടി നൂറ്റിയിരുപതു ദിവസത്തിനു ശേഷം ആമ്പല്ലൂരിലെ വീട്ടിൽ തിരിച്ചെത്തുമ്പോൾ നിധിനോടു സംസാരിക്കാൻ കാത്തിരുന്നവരിൽ സിനിമാ സംവിധായകൻ മുതൽ ലോകസഞ്ചാരി വരെയുണ്ടായിരുന്നു. അവരോടെല്ലാം നിധിൻ പറഞ്ഞത് ഒരേ കാര്യം – ‘എനിക്ക് ഇനിയും യാത്ര ചെയ്യണം, ലോകം മുഴുവൻ സഞ്ചരിക്കണം...’
കല്ലൂർ മാളിയേക്കൽ നാരായണന്റെയും അനിതയുടെയും രണ്ടാമത്തെ മകൻ നിധിൻ ഇപ്പോൾ പ്രശസ്തനാണ്. സമൂഹ മാധ്യമങ്ങളിൽ ‘നിധിൻ മാളിയേക്കൽ’ എന്ന പ്രൊഫൈലിനു താഴെ ‘അടുത്ത യാത്രയിൽ കൂടെ കൊണ്ടു പോകാമോ’ എന്നു ചോദിച്ച് റിക്വസ്റ്റുകളുടെ പ്രളയം; ഫോൺ വിളി പ്രവാഹം. കന്നി യാത്ര ഇത്ര കണ്ടു ‘വൈറൽ’ ആകുമെന്നു നിധിൻ കരുതിയില്ല.
‘‘ലോക്ക്ഡൗണിൽ വീട്ടിലിരുന്നു മടുത്തപ്പോഴാണ് ഒരു യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. വഴിച്ചെലവിന് എങ്ങനെ കാശുണ്ടാക്കുമെന്നുള്ള ആലോചനയ്ക്കൊടുവിൽ അറിയുന്ന ജോലി ചെയ്ത് പണം കണ്ടെത്താമെന്നു തീരുമാനിച്ചു. ’’ സിനിമാക്കഥ പോലെ ‘തൃശൂർ സ്ലാങ്ങിൽ’ നിധിൻ പറഞ്ഞു തുടങ്ങി.
170 രൂപയുമായി പുറപ്പാട്
ആമ്പല്ലൂരിലാണ് പ്ലസ് ടു പഠിച്ചത്. അതു കഴിഞ്ഞ് എറണാകുളത്ത് ഓട്ടമൊബീൽ എൻജിനീയറിങ്ങിനു ചേർന്നു. ഒല്ലൂരിൽ നിന്നു എറണാകുളം വരെ ട്രെയിനിലായിരുന്നു യാത്ര. ജനാലയ്ക്കു പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തോന്നിയപ്പോൾ പത്തനം തിട്ടയ്ക്കും കൊല്ലത്തേയ്ക്കും ടിക്കറ്റെടുത്തു. ക്ലാസിൽ പോകാതെയുള്ള പകൽ യാത്രകളുടെ അവസാനം പഠനം നിലച്ചു. പിന്നീട് ആ വഴിക്കു തിരിഞ്ഞു നോക്കിയില്ല. ജോലി അന്വേഷിച്ചു.
ഒരു ബന്ധുവിന്റെ ശുപാർശയിൽ വീഗാ ലാൻഡിലും വണ്ടർലായിലും ലൈഫ് ഗാർഡായി ജോലി ചെയ്തു. പുതിയ ആളുകൾ, പുതിയ വർത്തമാനങ്ങൾ... അവിടെ നിന്ന് ഇംഗ്ലിഷ് സംസാരിക്കാൻ പഠിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു ദീർഘദൂര യാത്രയ്ക്കു മോഹമുദിച്ചത്. കാലിപ്പോക്കറ്റുമായി റോഡിലേക്ക് ഇറങ്ങി. വഴിയേ പോകുന്ന വാഹനങ്ങൾക്കു കൈകാണിച്ചു – ‘ഹിച് ഹൈക്കിങ്.’ യാത്രാക്കൂലി മുടക്കാതെ വാഹനങ്ങളിൽ ‘ലിഫ്റ്റ്’ ചോദിച്ചുള്ള യാത്ര. തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും പുതിയ ജോലി അന്വേഷിക്കാൻ ‘അവസരമൊരുങ്ങി’.
ഒരു കൂട്ടുകാരനോടു പറഞ്ഞ് ഒല്ലൂരിൽ മലബാർ റെസിപ്പിയിൽ ജോലി തരപ്പെടുത്തി. അവിടെ നിന്നാണു ചായ, ജ്യൂസ്, ഷെയ്ക്ക്, ഫലൂഡ എന്നിവ തയാറാക്കാൻ പഠിച്ചത്.
അഞ്ചുമാസം ഹോട്ടലിൽ ജോലി ചെയ്തു കിട്ടിയ സമ്പാദ്യംകൊണ്ട് ക്യാമറ വാങ്ങി – സോണി സൈബർ ഷോട്. ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ പരിശീലിച്ചപ്പോഴാണു കോവിഡ് വ്യാപിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതു കഴിഞ്ഞു കട തുറന്നപ്പോൾ സ്റ്റാഫിന്റെ എണ്ണം കുറച്ചു. ജോലി നഷ്ടപ്പെട്ടു. പിന്നീട് പത്തു മാസം യാതൊരു പണിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. ഈ സമയത്താണ് സൈക്കിൾ യാത്രയെക്കുറിച്ച് ആലോചിച്ചത്. റൈഡർമാർ ഗിയർ ഉള്ള മികച്ച സൈക്കിളിലാണ് ദീർഘദൂര യാത്ര നടത്താറുള്ളത്. എനിക്ക് സൈക്കിളില്ല. അതു വാങ്ങാൻ കയ്യിൽ പൈസയുമില്ല.
നാണക്കേടു കാരണം ടൗണിലേക്കു കൊണ്ടുപോകാതെ അനിയൻ വീടിന്റെ പിന്നാമ്പുറത്ത് ഉപേക്ഷിച്ച ഹെർക്കുലീസ് സൈക്കിളിൽ ഞാൻ കണ്ണുവച്ചു. അതു നന്നാക്കിയെടുക്കാമെന്നു തീരുമാനിച്ചു. ബാക്കി സാധനങ്ങൾ വാങ്ങാനുള്ള പണം എങ്ങനെ ഉണ്ടാക്കും? അറിയുന്ന ജോലി ചായയുണ്ടാക്കലാണ്. ചായ വിറ്റ് വഴിച്ചെലവിനു കാശുണ്ടാക്കാമെന്ന് ഉറപ്പിച്ചു. മറ്റൊന്നും ആലോചിച്ചില്ല, ഏറെ ആഗ്രഹിച്ചു വാങ്ങിയ ക്യാമറ പതിനായിരം രൂപയ്ക്കു വിറ്റു. സ്റ്റൗ, 50 ചായ നിറയ്ക്കാവുന്ന ഫ്ളാസ്ക്, ഡിസ്പോസേബിൾ ഗ്ലാസ്, ടെന്റ്, വസ്തങ്ങൾ എന്നിവ വാങ്ങി.
ക്യാമറ വിറ്റതോടെ അത്രയും ദിവസം രഹസ്യമാക്കി വച്ച യാത്രാ വിവരം വീട്ടിലറിഞ്ഞു.
‘‘പൈസയുണ്ടോ?’’ അച്ഛൻ ചോദിച്ചു. രണ്ടായിരം രൂപയുണ്ട് – എന്റെ മറുപടി. വാസ്തവം പറഞ്ഞാൽ, സൈക്കിൾ നന്നാക്കിയ ശേഷം ബാക്കി കിട്ടിയ നൂറ്റിയെഴുപതു രൂപയേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. പുഞ്ചിരിക്കുന്ന മുഖവുമായി എന്നെ യാത്രയാക്കുമ്പോൾ അവർക്കു ധൈര്യം പകരാനാണ് രണ്ടായിരം ഉണ്ടെന്നു ഞാൻ പറഞ്ഞത്.
ടെന്റിൽ അന്തിയുറക്കം
സൈക്കിളിന്റെ കാരിയറിൽ കെട്ടിവച്ച ചായപ്പാത്രവുമായി 2021 ജനുവരി ഒന്നിന് ആമ്പല്ലൂരിൽ നിന്നു പുറപ്പെട്ടു. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ആദ്യത്തെ ചായക്കച്ചവടം നടത്തി. ‘ചായ – പത്തു രൂപ’ എന്നെഴുതിയ ബോർഡു കണ്ട് ആളുകൾ ചുറ്റും കൂടി. യാത്രയ്ക്ക് ആശംസകൾ നേർന്നു. കർണാടകയിലും മഹാരാഷ്ട്രയിലും പൂനയിലും മുംബൈയിലും നാൽക്കവലകളിൽ ചായക്കച്ചവടം നടത്തി. ചായ വിറ്റു യാത്ര ചെയ്യുകയാണെന്ന് അറിഞ്ഞപ്പോൾ ആളുകൾ കൗതുകത്തോടെ വിശേഷങ്ങൾ അന്വേഷിച്ചു. ചായക്കാശിനൊപ്പം നോട്ടുകൾ ചുരുട്ടി എന്റെ കയ്യിൽ വച്ച് ‘വഴിച്ചെലവിന് ഇരിക്കട്ടെ’ എന്നു പറഞ്ഞു. പത്രങ്ങളിലും ന്യൂസ് ചാനലുകളിലും എന്റെ യാത്രയെക്കുറിച്ചു വാർത്തകൾ വന്നു.
ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, ചണ്ഡിഗഡ് എന്നിവിടങ്ങൾ കടന്നു കുളു – മണാലി എത്തി. മണാലിയിൽ ഇരുപത്തഞ്ചു ദിവസം താമസിച്ചു. മഞ്ഞു വീഴ്ചയിൽ റോഡ് തടസ്സപ്പെട്ടതിനാൽ മണാലിയിൽ നിന്നു ജമ്മുവിലേക്കു നേർവഴി പോകാനായില്ല. പഞ്ചാബിലെ പത്താൻകോട്ട് മടങ്ങി എത്തിയ ശേഷം ജമ്മുവിലേയ്ക്കു നീങ്ങി. മൂന്നു ദിവസം ജമ്മുവിൽ താമസിച്ചു. അവിടെ നിന്നു കശ്മീരിലെ ശ്രീനഗറിലെത്തി. ചായ വിറ്റ് പതിനഞ്ചു ദിവസം അവിടെ അന്തിയുറങ്ങി.
ഓരോ സ്ഥലങ്ങളിൽ എത്തിയപ്പോഴും ആളുകൾ സൈക്കിളിൽ കെട്ടിയ ബോർഡ് തിരിച്ചറിഞ്ഞു. അവരിൽ ചിലർ വീട്ടിലേക്കു ക്ഷണിച്ചു. എങ്കിലും ഞാൻ എല്ലായിടത്തും ടെന്റിലാണ് ഉറങ്ങിയത്. പെട്രോൾ പമ്പിന്റെയും ഹോട്ടലുകളുടേയും സമീപത്തായിരുന്നു ക്യാംപിങ്.
മടക്കം ലോറിയിൽ
കശ്മീരിൽ നിന്നു തിരിക്കുമ്പോഴേയ്ക്കും കോവിഡ് രണ്ടാം വ്യാപനം ആരംഭിച്ചിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര കടന്നു കർണാടക വഴി നാട്ടിലെത്താനായിരുന്നു പ്ലാൻ. പക്ഷേ, വിഷുവിന്റെ പിറ്റേന്നു ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ‘ഓൾ ഇന്ത്യ ട്രാവലർ’ എന്ന പരിഗണന നൽകി പൊലീസുകാർ ഡൽഹിയിൽ നിന്നു കടത്തി വിട്ടു. നോയിഡയിൽ എത്തിയപ്പോഴേയ്ക്കും നിയന്ത്രണം കടുത്തു. റോഡുകൾ വിജനമായി. ഹോട്ടലുകൾ അടച്ചു. ഡൽഹിയിൽ പരിചയപ്പെട്ട ഒരാളെ വിളിച്ച് നാട്ടിലെത്താൻ മാർഗം അന്വേഷിച്ചു. സിക്കന്ദർപൂരിൽ നിന്ന് ഒരു ലോറി കേരളത്തിലേക്കു പോകുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് മുഖേന അറിയാൻ സാധിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ഫരീദാബാദ് വഴി ഉത്തർപ്രദേശിലെ സിക്കന്ദർപൂരിലേക്കു നീങ്ങി. ഒഴിഞ്ഞ വയറുമായി നാൽപത്തി രണ്ടു കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അവിടെ എത്തിയത്. ടൈൽസുമായി തിരുവനന്തപുരത്തേയ്ക്കു പോകുന്ന ലോറിയായിരുന്നു അത്. സേലം സ്വദേശികളായ ‘അണ്ണനും കിളിയും’ അവർക്കു കഴിക്കാനുണ്ടാക്കിയ ചോറും സാമ്പാറും എനിക്കും വിളമ്പി. ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ അവർക്കൊപ്പം ഒരുപാടു വർത്തമാനം പറഞ്ഞ് അഞ്ചു ദിവസത്തിനു ശേഷം തൃശൂരിൽ മടങ്ങിയെത്തി.
ഇനി വേൾഡ് ടൂർ
ജനുവരി ഒന്നിന് വടക്കുന്നാഥന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ രാജസ്ഥാൻ എവിടെയാണെന്നോ മഹാരാഷ്ട്ര എവിടെയെന്നോ എനിക്ക് അറിയുമായിരുന്നില്ല. ഇപ്പോൾ ആ സ്ഥലങ്ങൾ എനിക്ക് തൃശൂർ റൗണ്ടിലെ റോഡുകൾ പോലെ പരിചിതമാണ്. ഈ യാത്രയിൽ ഒരുപാടു കാര്യങ്ങൾ പഠിച്ചു. ഒരു പുഞ്ചിരിയിലൂടെ നമ്മൾ മറ്റുള്ളവർക്കു പകർന്നു നൽകുന്ന ഊർജത്തിന്റെ മൂല്യം ഞാൻ തിരിച്ചറിയുന്നു. വിശപ്പും ദാഹവും സഹിച്ച് ട്രാഫിക് സിഗ്നലിൽ എത്തിയ ദിവസം അപരിചിതനായ ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആരെന്നറിയാത്ത ഒരാളിലൂടെ ആ നിമിഷം എനിക്കു പകർന്നു കിട്ടിയ ഊർജം ഒരു നേരത്തെ ഭക്ഷണത്തേക്കാൾ വിലപ്പെട്ടതാണ്. നാലു മാസം നീണ്ട യാത്രയിലെ ഓരോ അനുഭവങ്ങളും ഇതുപോലെ ഓർത്തുകൊണ്ടാണ് ഞാൻ ആവർത്തിച്ചു പറയുന്നത്, എനിക്ക് ഇനിയും യാത്ര ചെയ്യണം...