Friday 09 February 2018 03:32 PM IST

സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞും കൂട്ടരും അടിച്ചു പൊളിച്ച പോണ്ടിച്ചേരിയിൽ പോയിട്ടുണ്ടോ? ഫ്രണ്ട്സിന് അവിടം സ്വർഗമാണ്!

Baiju Govind

Sub Editor Manorama Traveller

1)Puthuchery റോക്ക് ബീച്ച്, ഫോട്ടോ: അജീബ് കോമാച്ചി

ചെറുപ്പക്കാർ സ്വസ്ഥമായി അവധി ആഘോഷിക്കാൻ പോകുന്ന സ്ഥലമാണ് പുതുച്ചേരി. യുവാക്കൾ തുള്ളിച്ചാടുന്ന ബീച്ചുകളാണ് പുതുച്ചേരിയുടെ ആവേശം. ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരിയുടെ പഴയകാല പ്രതാപം ഇന്നും അതേപടി നിലനിൽക്കുന്നു. മഞ്ഞയും കാവിയുമായി പെയിന്റിൽ മുങ്ങിയ കെട്ടിടങ്ങൾ. റിക്ഷകളുടെ മണിയടി ശബ്ദം. ആൺ–പെൺ വ്യത്യാസമില്ലാതെ നിക്കറും ഷർട്ടുമണി‍ഞ്ഞ് സൈക്കിളിൽ പായുന്ന നാട്ടുകാർ. പുതുച്ചേരിയെന്നു പേരു മാറ്റിയെങ്കിലും പോണ്ടിച്ചേരി ഇപ്പോഴും പഴയ പോണ്ടി തന്നെ.

2)Puthuchery പാരഡൈസ് ബീച്ച്

സുപ്രീകോടതിയുടെ ഉത്തരവിനു ശേഷം പോണ്ടിച്ചേരി ‘ഡ്രൈഡായി’. മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യശാലകൾ പൂട്ടിയെങ്കിലും ആ നാട്ടിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. ഫ്രഞ്ചുകാർ നിർമിച്ച വീടുകൾ കാണാനായി തെരുവിലൂടെ നടന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചത്. Rue saint Louis, Rue De La Marine, Rue Surcouf, Rue Romain Rolland... തെരുവുകളുടെ പേരുകൾ ഇങ്ങനെയൊക്കെയാണ്. ഇന്റർലോക്ക് ഹോളോ ബ്രിക്സ് പതിച്ച് ‘റ്യൂ’കൾ (റോഡ്) പുതുക്കിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് വാസ്തു വിദ്യയിൽ നിർമിച്ച കെട്ടിടങ്ങൾ അതേപടി നിലനിൽക്കുന്നു. ആനയ്ക്ക് കടക്കാവുന്നത്രയും വീതിയും ഉയരവുമുള്ള വാതിലും അതിന്റെ പകുതിയോളം വലുപ്പമുള്ള ജനലുകളുമുള്ള കെട്ടിടങ്ങളെല്ലാം ഫ്രഞ്ചുകാരുടേതാണ്. ടൂറിസം സീസണാകുമ്പോൾ അവർ ഫ്രാൻസിൽ നിന്നു പോണ്ടിച്ചേരിയിലെത്തും. ഒക്ടോബർ– ജനുവരി മാസങ്ങളിൽ പോണ്ടിച്ചേരിയിൽ ഫ്രഞ്ച് ചാകരയാണ്!

3)Puthuchery പാരഡൈസ് ബീച്ചിലെ മഴനൃത്തം

ഓറോവിൽ, അതാണ് പോണ്ടിച്ചേരിയിലെ വലിയ കാഴ്ച. സുവർണ ഗ്ലോബും അതിനെ ചുറ്റിയുള്ള ആശ്രമങ്ങളുമാണ് ഓറോവിൽ. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള ഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യത്തിലൊരു ക്രിസ്റ്റൽ ഗ്ലാസുണ്ട്. ആശ്രമ പരിസരവും കാനനവും ചുറ്റിക്കറങ്ങാൻ രണ്ടു മണിക്കൂർ പോരാ.

4)Puthuchery ഓറോവിൽ ഗോൾഡൻ ഗ്ലോബ്

പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമാണു പാരഡൈസ് ബീച്ച്. ബീച്ചിലെത്താൻ നീലത്തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യണം. കൂടല്ലൂർ മെയിൻ റോഡിനരികിലുള്ള ചുണ്ണാമ്പർ ബോട്ട് ഹൗസിൽ നിന്നാണ് ബോട്ട് പുറപ്പെടുന്നത്. ഡപ്പാൻകൂത്തിന്റെ അകമ്പടിയിൽ നനഞ്ഞൊലിച്ച് ചെറുപ്പക്കാർ‌ സ്വർഗത്തിലെത്തിയ പോലെ നൃത്തം ചെയ്തു. തിരമാലകളിലേക്ക് പാഞ്ഞു കയറിയും തീരത്ത് ഓടിക്കളിച്ചും വേറെ കുറേയാളുകൾ ആഘോഷത്തിന്റെ മധുരം ഇരട്ടിയാക്കി.

5)Puthuchery പ്രൊമനേഡ് ബീച്ച്

അരബിന്ദോ ആശ്രമമാണ് പോണ്ടിച്ചേരിയുടെ ലാൻഡ് മാർക്ക്. ജീവിത ലാളിത്യം പ്രചരിപ്പിച്ച അരവിന്ദ ഘോഷിന്റെ സ്മൃതികുടീരമാണ് അവിടെ കാണാനുള്ളത്. സ്വാന്ത്ര്യ സമര സേനാനിയായിരുന്ന അരവിന്ദ ഘോഷിന്റെയും അമ്മയുടെയും മൃദേഹങ്ങൾ സംസ്കരിച്ച സ്ഥലം പോണ്ടിയുടെ മുഖബിംബമായി ലോകം മുഴുവൻ അറിയപ്പെടുന്നു.

6)Puthuchery പുതുച്ചേരി നഗരത്തിലൂടെ റിക്ഷാ യാത്ര

പുതുച്ചേരിയിൽ സന്ദർശകരെ ആഹ്ലാദിപ്പിക്കുന്ന സ്ഥലമാണ് ബൊട്ടാണിക്കൽ ഗാർഡൻ. കുട്ടികളും കുടുംബങ്ങളുമായി കുറേയാളുകൾ അവിടെയുണ്ടായിരുന്നു. ജലധാരായന്ത്രം, കുട്ടികൾക്കുള്ള തീവണ്ടി, അലങ്കാരമത്സ്യ പ്രദർശനം, ജാപ്പനീസ് റോക്ക് തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്ത് തടിയൻ മരങ്ങളും ഔഷധച്ചെടികളും പടർന്നു പന്തലിച്ചു നിൽക്കുന്നു.

7)Puthuchery അരബിന്ദഘോഷ് ആശ്രമം

സായാഹ്നത്തിന്റെ തിരക്കിലേക്കു കടന്ന പോണ്ടിച്ചേരി നഗരം ഗതാഗതക്കുരുക്കിൽ സ്തംഭിച്ചു. റിക്ഷകളും സൈക്കിളുകളും കാറും ബസ്സുമെല്ലാം ഒപ്പത്തിനൊപ്പം നിരങ്ങി. ഈ തിരക്കിനിടയിലൂടെ ഒസുഡു തടാകം ലക്ഷ്യമാക്കി നീങ്ങി. പട്ടണത്തിൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് ഒസുഡു (Ousteri Lake). ദേശാടനപ്പക്ഷികൾ എത്തുന്ന തടാകത്തിൽ ബോട്ട് സവാരിയാണ് ആകർഷണം.

8)Puthuchery ഓറോവിൽ ബീച്ച്

വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ തിളങ്ങുന്ന നഗരത്തിൽ തിരിച്ചെത്തി. ഉത്സവപ്പറമ്പു പോലെ ആളുകൾ വർത്തമാനം പറഞ്ഞു നടക്കുന്നു. പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയിൽ റസ്റ്ററന്റുകളും തുണിക്കടകളും അതിഥികളെ തൃപ്തിപ്പെടുത്താൻ മത്സരിക്കുന്നു. തിരക്കിലും ബഹളത്തിലും മയങ്ങാതെ, പ്രായം പുറത്തു കാണിക്കാതെ, മഞ്ഞ നിറമുള്ള വീടുകൾ ഇരുട്ടിന്റെ മടിയിൽ തെളിഞ്ഞു നിന്നു.

9)Puthuchery ഫ്രഞ്ച് വാർ മെമ്മോറിയൽ

baijugovind@gmail.com

10)-Puthuchery പുതുച്ചേരി നഗരത്തിൽ റിക്ഷാ സവാരി