Saturday 23 July 2022 11:03 AM IST

സ്വപ്നം വിതച്ച് സ്വർണം കൊയ്യാം: സ്വപ്ന സ്വന്തം പുരയിടത്തില്‍ കണ്ടെത്തിയത്

Baiju Govind

Sub Editor Manorama Traveller

1 - agri

പുഴയെ പുൽകിയ പാലക്കാടൻ കാറ്റ് മരത്തലപ്പുകളെ തൊട്ടപ്പോൾ മഞ്ഞു തുള്ളികൾ ഉരുകിയിറങ്ങി. ഓലഞ്ഞാലികളുടെ കലപില ശബ്ദം ബാക്ക് ഗ്രൗണ്ട് മ്യൂസിക് പോലെ മധുരമായിരുന്നു. അൽപ്പം റൊമാന്റിക്കായി പറഞ്ഞാൽ പ്രഭാതത്തെ ഇതാ പ്രണയം തലോടുന്നു. കുളക്കാട്ടുകുറിശ്ശിയിൽ പണ്ടുണ്ടായിരുന്ന നെൽപ്പാടങ്ങൾ തോട്ടങ്ങളായി മാറിയെങ്കിലും ഗ്രാമച്ചന്തത്തിനു മാറ്റു കുറഞ്ഞിട്ടില്ല. തുപ്പനാട് പുഴയിലെ സമൃദ്ധമായ നീരൊഴുക്കും നൂറുമേനി വിളയുന്ന മണ്ണുമാണ് ഈ നാടിന്റെ ഐശ്വര്യമാണ്. അവിടെ സ്വപ്നം വിതച്ചു സ്വർണം കൊയ്ത ഒരു വീട്ടമ്മയെ പരിചയപ്പെടുത്താം. വേനലിൽ വെന്തുരുകുന്ന മണ്ണിൽ ‘കാർഷിക വിപ്ലവം’ നടത്തിയ കർഷകയുടെ പേര് സ്വപ്ന. കൃഷിയിടത്തിൽ നഷ്ടങ്ങളുടെ കണക്കു നിരത്തുന്നവരുടെ പാതയിൽ വേറിട്ട സഞ്ചാരമാണു സ്വപ്നയുടേത്.

‘‘വാഴയിൽ നഷ്ടം വന്നാൽ ചേനയിൽ ലാഭം. ഇഞ്ചിക്കു വിലയിടിയുമ്പോൾ മഞ്ഞളിൽ നേട്ടം. തേങ്ങയും കമുകും ചതിച്ചാൽ മാങ്ങയും ചക്കയും വിറ്റു നഷ്ടം നികത്തും. മൊത്തം കൃഷിയിനങ്ങൾക്കു മാർക്കറ്റ് കിട്ടാതായാൽ പശുവിനെയും ആടിനെയും മുയലിനെയും വിൽക്കും’’ കർഷകശ്രീ പുരസ്കാരവും ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും നേടിയിട്ടുള്ള സ്വപ്ന നയം വ്യക്തമാക്കി.

മണ്ണിന്റെ മനസ്സറിഞ്ഞു വിത്തെറിഞ്ഞതിന്റെ ഫലം തണലായി പന്തലിച്ച കൃഷിയിടത്തിലേക്ക് സ്വപ്നയോടൊപ്പം നടന്നു. അതിരാവിലെ കൃഷിയിടം കാണാനെത്തിയ ഒരു സംഘം അവിടെ ഉണ്ടായിരുന്നു. പ്രകൃതിയിലേക്ക് മടങ്ങാനുള്ള താൽപര്യവുമായി എത്തിയ വിനോദസഞ്ചാരികളാണ്. ‘‘ മീൻവളർത്തുന്ന കുളം ഇവർക്ക് ഇഷ്ടമായി’’ ഫാമിന്റെ ഉടമയും സ്വപ്നയുടെ ഭർത്താവുമായ ജയിംസ് ജോർജ് കൃഷിയിടത്തിലൂടെ അതിഥികൾക്കു വഴികാട്ടി.

2 - agri

പുഴയോരത്തെ സ്വപ്നലോകം

തീം പാർക്കുകളിൽ നിന്നു പ്രകൃതിയിലേക്കു മടങ്ങിയ സഞ്ചാരികൾ തുറന്നു കാട്ടിയ ‘ഫാം ടൂറിസ’ത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കർഷകരാണ് സ്വപ്ന–ജയിംസ് ദമ്പതികൾ. ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിലെ കൃഷിഭൂമിയിൽ ഇവർ മഴവെള്ള സംഭരണവും ജലസംരക്ഷണവും നടപ്പാക്കി. നെല്ലു മാത്രം കൃഷി ചെയ്തിരുന്ന നാട്ടിൽ കാപ്പിയും കൊക്കോയും ഏലവും വിളയുമെന്നു തെളിയിച്ചു. രാസവളം തൊടീക്കാതെ, ജൈവവളം ഉപയോഗിച്ചുള്ള കൃഷിയിലൂടെ മായം കലർന്ന പച്ചക്കറിയെ നാടുകടത്താനുള്ള വഴി കണ്ടെത്തുകയാണ് ഇവർ. മണ്ണിനെ സ്നേഹിക്കുന്ന മലയാളികൾ കൗതുകത്തോടെ അതു കണ്ടു മനസ്സിലാക്കാനെത്തുന്നു.

പാലായ്ക്കു സമീപം പ്ലാശനാലിൽ നിന്നു മുപ്പത്തഞ്ചു വർഷം മുൻപ് പാലക്കാട്ടേക്കു കുടിയേറിയ പി.ജെ വർക്കി പണ്ടു കടമ്പഴിപ്പുറത്തെ പറമ്പിൽ റബർ കൃഷിയാണ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ മകൻ ജയിംസിന്റെ ഭാര്യയായി പ്ലാശനാൽ സ്വദേശി സ്വപ്ന എത്തിയ ശേഷം കൃഷി രീതിയിൽ ചില മാറ്റങ്ങൾ വരുത്തി. റബർ റീപ്ലാന്റിങ്ങിനു സമയപ്പോൾ രണ്ടേക്കർ സ്ഥലത്തു വിഷമില്ലാത്ത പച്ചക്കറി കൃഷി ചെയ്തു. മണ്ണ് തട്ടുകളായി തരംതിരിച്ച് പറമ്പിന്റെ ഒരു ഭാഗത്ത് പ്ലാവും മാവിൻ തൈകളും നട്ടു. മഴവെള്ളം ചാലിലൂടെ ഒഴുക്കി ഒരു കുഴിയിൽ സംഭരിച്ചതോടെ മണ്ണിൽ നനവു പരന്നു. പറമ്പിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സംഭരിച്ച് മരങ്ങളുടെ കടയ്ക്കലേക്ക് ഒഴുക്കിയതോടെ കൊടും വേനലിലും മരങ്ങൾ പച്ചയണിഞ്ഞു. അതോടെ കൃഷിയൊന്നു വിപുലമാക്കാൻ അവർ പുഴക്കരയിൽ സ്ഥലം വാങ്ങി.

തെങ്ങ്, കമുക്, ജാതിക്ക, കൊക്കോ, കാപ്പി, ഏലം എന്നിങ്ങനെ ഇടുക്കി ഹൈറേഞ്ചിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ കുളക്കാട്ടുകുറിശ്ശിയിലെ കൃഷിയിടത്തിൽ നട്ടു. ഗുണമേന്മ കൂടിയ പാലിനായി വെച്ചൂർ പശുക്കളെ വാങ്ങി. മുയലിന്റെയും നാടൻ കോഴികളുടേയും എണ്ണം നൂറിലേറെയായി. മീനിനെയും താറാവിനെയും വളർത്താൻ വെവ്വേറെ കുളങ്ങളും നിർമിച്ചു. വാഴയും കോഴിയും ചീരയും കപ്പയും നെല്ലും ജാതിക്കയും റബറുമെല്ലാം വളർന്നു. അതോടെ സ്വപ്നയുടെയും ജയിംസിന്റെയും അഗ്രിക്കൾചറൽ ഫാം ‘ഏദൻതോട്ടമായി’. അടുക്കളയിൽ ബാക്കിയാകുന്ന ഭക്ഷണ സാധനങ്ങൾ പോലും കൃഷിയിടത്തിൽ വളമാകുന്നത് കൗതുകത്തോടെ കണ്ടാസ്വദിക്കുന്ന പുതുതലമുറയ്ക്കു മുന്നിൽ സ്വപ്നയും ജയിംസും ‘ട്രെൻഡ് സെറ്റിങ്’ കർഷകരാണ്.

3- - agri

ഓർഗാനിക് ഫാമിങ്, കുടുംബകൃഷി, സമ്മിശ്രകൃഷി, മഴവെള്ളസംഭരണം, ജലസംരക്ഷണം, മാലിന്യസംസ്കരണം, മണ്ണുസംരക്ഷണം എന്നിവയിൽ പാലിച്ച കൃത്യതയിലൂടെ ‘കർഷകശ്രീ’ പുരസ്കാരം സ്വപ്നയ്ക്കു ലഭിച്ചു. മണ്ണുത്തി കാർഷിക സർവകലാശാലയുടെ നാമനിർദേശ പ്രകാരം ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ഇന്നവേറ്റിവ് ഫാർമർ’ അവാർഡും സ്വപ്നയെ തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ ‘കർഷകതിലകം’ അവാർഡും ഈ കുടുംബത്തിലേക്കു വന്നണഞ്ഞതോടെ കൃഷിഫാമിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി.

പ്രകൃതിയിലേക്ക് മടങ്ങാൻ ഒരിടം

‘‘രാവിലെ വരുന്നവർക്ക് വെച്ചൂർ പശുവിന്റെ പാലൊഴിച്ച് ചായ നൽകും. അതിനു ശേഷം മീൻ വളർത്തുന്ന കുളം കാണാൻ കൊണ്ടുപോകും. അതിനു സമീപത്താണ് ജൈവകൃഷി തോട്ടം. തക്കാളിയും പച്ചമുളകും മാത്രമല്ല. ഓറഞ്ചും മുന്തിരിയും കായ്ച്ചിട്ടുണ്ട്.

സന്ദർശകരിൽ ചിലർക്കു വളർത്തു മൃഗങ്ങളെ കാണാനാണു താൽപര്യം. മുയൽ, നാടൻ കോഴി, താറാവ്, വളർത്തു തേൻ എടുക്കുന്ന രീതി ഇതൊക്കെയാണ് ചിലർക്കു പ്രിയം. ചക്ക ഉണക്കിപ്പൊടിക്കുന്നതും ജാതിക്ക ഉപയോഗിച്ച് വൈൻ ഉണ്ടാക്കുന്നതും നന്നാരി ചേർത്ത് സ്ക്വാഷ് തയാറാക്കുന്നതുമൊക്കെയാണ് പുതുതലമുറയ്ക്ക് കാണാൻ ഇഷ്ടം. അവരിൽ പലരും തേങ്ങയുണക്കുന്നതും ചക്ക പൊടിക്കുന്നതുമൊക്കെ ആദ്യമായി കാണുന്നവരാണ്. ഞങ്ങളോടൊപ്പം ചേരുമ്പോൾ സന്ദർശകർ ഡബിൾ ഹാപ്പി’’ സ്വപ്ന പറയുന്നു.

4 - agri

സന്ദർശകരുടെ തിരക്കേറിയപ്പോൾ തേനും വീഞ്ഞും ചക്കപ്പൊടിയും കൂവപ്പൊടിയും മറ്റുൽപന്നങ്ങളും പ്രദർശിപ്പിക്കാൻ ഒരു ഹാൾ നിർമിക്കുകയാണ് സ്വപ്ന. കൃഷിഫാം കാണാൻ ദൂരെ നിന്ന് എത്തുന്ന അതിഥികൾക്കു താമസിക്കാൻ കോട്ടേജും ഒരുങ്ങുന്നുണ്ട്.

ജാതിക്കയിട്ടു തയാറാക്കിയ വൈൻ, മുയലിറച്ചി, ശുദ്ധമായ പച്ചക്കറിയിൽ വീട്ടിലെ ഊണ്, കൃഷിയിടത്തിനു നടുവിൽ അന്തിയുറക്കം... കൊതിയാകുന്നുണ്ടോ? ട്രിപ്പ് പ്ലാൻ ചെയ്തോളൂ കുളക്കാട്ടുകുറിശ്ശിയിലേക്ക്....