Wednesday 21 June 2023 12:15 PM IST

അവർ ചെത്തി നടക്കുകയാണ്: നുരപതയുന്ന കള്ളിന്റെ നാട്ടിലേക്കുള്ള വഴി

Baiju Govind

Sub Editor Manorama Traveller

Photos: Sibu Bhuvanendan Photos: Sibu Bhuvanendan, Malayala Manorama

ആരാണാവോ ഇങ്ങനെയൊരു മരാമത്ത് കണ്ടുപിടിച്ചത്. കായ്ക്കാനിരിക്കുന്ന തെങ്ങിൻ പൂക്കുലയെ മസാജ് ചെയ്യുമ്പോൾ ഇളനീര് മരനീരായി മാറുന്നു. ചേറ്റുമണ്ണും കത്തിയും തൊട്ടുണർത്തുമ്പോഴാണ് പൂക്കുലയുടെ കതിര് മധുരക്കള്ളാകുന്നത്. ഒറ്റത്തടി വൃക്ഷത്തിന്റെ ഇളംകാതൽ അടിച്ചു കലക്കിയാൽ ഇരുട്ടി വെളുക്കുമ്പോൾ മരനീരായി മാറുമെന്നു കണ്ടെത്തിയ മഹാനാര്? അനന്തം, അജ്ഞാതം, അവർണനീയം... അന്തിക്കള്ള് മോന്തിയ മണിയേട്ടൻ തെങ്ങിന്റെ മണ്ടയിലെ കൗതുകത്തിന് അടിക്കുറിപ്പെഴുതി. ‘‘കുലങ്കുഷമായി ചിന്തിക്കേണ്ട വിഷയമാണിത്’’ പാടവരമ്പത്തെ അന്തിച്ചർച്ചയിൽ അഭിപ്രായം രൂപപ്പെട്ടു. മരനീരിലാറാടിയ നാട്ടുകൂട്ടത്തിന്റെ വർത്തമാനം പിന്നീടുള്ള നിമിഷങ്ങളിൽ ന്യൂസ് റൂം ചർച്ചയെ അനുകരിച്ചു. സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്ന പോലെ നൂലാമാല പിടിച്ച പ്രോഗ്രാമിങ്ങാണ് കള്ളുചെത്ത്. ഡിജിറ്റൽ പ്ലാറ്റ്ഫോം ഭാഷയിൽ പറഞ്ഞാൽ മാൽബോൽഗ. അതിസങ്കീർണമായ പ്രോഗ്രാമിങ് ലാങ്വേജാണു മാൽബോൽഗ. അതിന്റെ ഉ പജ്ഞാതാവ് ബെൻ ഓംസ്റ്റഡാണെന്നു ടെക്കികൾക്ക് അറിയാം. എന്നാൽ, ആദ്യമായി കള്ളുണ്ടാക്കിയ ആളാര് എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല. തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണ തത്വം തേടിപ്പോയ ഐസക് ന്യൂട്ടന്റെ ബ്രില്യൻസ് കള്ളുചെത്തിന്റെ ആവിഷ്കാരത്തിലും കണ്ടെത്താൻ കഴിയും. അമൂല്യമായ സംഭാവന നൽകിയ ആ മഹാനുഭാവനു വേണ്ടി ഇതാ നാലു വരി കവിത:

kallu-2

"വെള്ളം ചേർക്കാതെടുത്തോര മൃതിനു സമമാം

നല്ലിളം കള്ള് ചില്ലിൻ വെള്ളഗ്ലാസിൽ പകർന്നങ്ങനെ

രുചികരമാം മത്സ്യമാംസാദികൂട്ടി ചെല്ലും തോതിൽ

ചെലുത്തിക്കളിചിരികൾ തമാശൊത്തു മേളിപ്പതേക്കാൾ

സ്വർലോകത്തും ലഭിക്കില്ലുപരിയൊരു സുഖം, പോക വേദാന്തമേ നീ!’’

കള്ളുമേളത്തിനു മംഗളഗാനം പാടാൻ ചങ്ങമ്പുഴയുടെ വരികളെയാണു മണിയേട്ടൻ കൂട്ടുപിടിച്ചത്. പാലക്കാടിനു സമീപത്തു കള്ളു ചെത്തുന്ന സ്ഥലം പരിചയപ്പെടുത്താൻ വഴികാട്ടിയായി എത്തിയതാണു മണിയേട്ടൻ. ‘‘എല്ലാ കഥയും പറഞ്ഞു തരാം. പക്ഷേ, ഒരു കണ്ടീഷൻ. എന്റെ ഫോട്ടോ എടുക്കരുത്. പബ്ലിസിറ്റിയിൽ താൽപര്യം ഇല്ലാത്തതു കൊണ്ടല്ല. കള്ള് എനിക്ക് ഫേവറിറ്റാണ്. എന്നാൽ, എന്നെ ഫേവറിറ്റായി കരുതുന്ന ഭാര്യക്ക് കള്ളിന്റെ മണം ഇഷ്ടമല്ല.’’ മണിയേട്ടൻ ഉള്ളകാര്യം തുറന്നു പറഞ്ഞു. അദ്ദേഹത്തിനു നൽകിയ വാക്കു പാലിച്ചുകൊണ്ട് കള്ളു ചെത്തു കേന്ദ്രങ്ങളിലേക്കു നടത്തിയ യാത്രയിൽ കണ്ടതും കേട്ടതും...

kallu-5

കള്ള് രണ്ടു വിധം – മധുരക്കള്ള്, അന്തിക്കള്ള്. രണ്ടിനും ലഹരിയുണ്ട്. ആയതിനാൽ, നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. കേരളത്തിൽ നാലായിരത്തിലേറെ കള്ളുഷാപ്പുകൾ ഉണ്ടെന്നാണ് വിവരം. അവിടങ്ങളിൽ തെങ്ങിൻ കള്ളും പനംകള്ളും വിൽക്കുന്നുണ്ട്. മനോരമ ട്രാവലറിലെ ഈ യാത്രാവിവരണത്തിന് ആ കള്ളുമായി യാതൊരു ബന്ധവുമില്ല. അഥവാ, കള്ളിന്റെ ഗുണം ഉപയോക്താക്കൾ സ്വയം ഉറപ്പു വരുത്തുക. ആഫ്രിക്കയിലും ശ്രീലങ്കയിലും ഫിലിപ്പീൻസിലും തെങ്ങു ചെത്തി കള്ള് ഉൽപാദിപ്പിക്കുന്നുണ്ട്. തമിഴ്നാട്, ആ ന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കള്ളുണ്ട്. എങ്കിലും ‘സ്വയമ്പൻ മധുരക്കള്ള് ’ കേരളത്തിലേതാണെന്ന് ഈ പാനീയം നുകർന്നവർ അഭിപ്രായപ്പെടുന്നു.

kallu-3

തെങ്ങിലും പനയിലും രുചി വേറെ

‘‘ചെളിച്ചെത്ത്, നാടൻ ചെത്ത് എന്നിങ്ങനെ രണ്ടു രീതിയിലാണ് കേരളത്തിലെ കള്ളുചെത്ത്. തമിഴ്നാട്ടിൽ ഇതു പാണ്ടിച്ചെത്ത്, ചെളിച്ചെത്ത് എന്നിങ്ങനെ അറിയപ്പെടുന്നു. ആറു വർഷം മുതൽ മുപ്പതു വർഷം വരെ പ്രായമുള്ള തെങ്ങുകളിൽ കള്ള് ഉൽപാദിപ്പിക്കാം. ഒരു തെങ്ങ് ഒരു ദിവസം ശരാശരി നാലു ലീറ്റർ കള്ള് ചുരത്തും. പച്ചരിപ്പരുവം എത്തിയ പൂക്കുലയാണ് കള്ള് ഉൽപാദിപ്പിക്കാൻ നല്ലത്.’’ പാലക്കാടുകാരൻ സുമേഷ് തെങ്ങുചെത്തിന്റെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകി. ആറ്റു ചെളി, കത്തി, കത്തിക്കൂട്, കള്ളുകുടം, ബ്ലാങ്കൽ എന്നിവയാണ് ചെത്തുകാരന്റെ പണിയായുധങ്ങൾ. മ്ലാവിന്റെ കൊമ്പാണ് ഒട്ടുമിക്ക ചെത്തുകാരുടെയും ‘ബ്ലാങ്കൽ’. പൂക്കുലയുടെ പുറത്ത് ബ്ലാങ്കൽ ഉപയോഗിച്ച് മൃദുവായി അടിച്ചാണ് നീരുണ്ടാക്കുന്നത്. ‘മസാജ്’ ചെയ്യുന്ന പോലെയുള്ള തടവലാണ് കള്ളിന്റെ അളവ് നിയന്ത്രിക്കുന്നത്. പൂക്കുലയുടെ അഗ്രഭാഗം മുറിച്ച ശേഷം തേയ്ക്കാനാണ് ആറ്റുചെളി. പുലരും വരെ കാത്തിരിപ്പ് കള്ളുചെത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ധാരണ ആയതിനു ശേഷം ദിനേശിനൊപ്പം വണ്ടിത്താവളത്തെ തെങ്ങിൻതോട്ടത്തിലേക്കു നടന്നു. പത്തു വർഷമായി ചെത്തുകാരനാണ് ദിനേശ്. തെങ്ങിൽ കയറുന്നതിനു മുൻപ് അ ദ്ദേഹം കത്തിയുടെ മൂർച്ച കൂട്ടി, തടിയിൽ നിർമിച്ച പരന്ന അറയിൽ കത്തി വച്ചു. ചേറ്റുമണ്ണു നിറച്ച ചിരട്ടയും ബ്ലാങ്കലും അതേ കൂടിന്റെ ഇരുവശങ്ങളിലാക്കി അരയിൽ കെട്ടി. തെങ്ങിൽ ചവിട്ടിക്കയറാൻ ചകിരിത്തൊണ്ട് കെട്ടിയിട്ടുണ്ട്. കാൽത്തഴമ്പും കൈത്തഴമ്പും കരുത്താക്കിയ ദിനേശ് അനായാസം തെങ്ങിനു മുകളിലെത്തി. പച്ചനിറമുള്ള ഓലമെടലിൽ മുറുകെ പിടിച്ച് ചാഞ്ഞു നിൽക്കുന്ന ഓലത്തണ്ടിൽ ഇരുന്നു. തെങ്ങിന്റെ പൂക്കുല പതുക്കെ ചായ്ച്ചു. ബ്ലാങ്കൽ ഉപയോഗിച്ച് പൂക്കുലയുടെ മുകളിൽ നിന്നു താഴേക്കും എതിർ ദിശയിലും അടിച്ചു. പൂവിനും പൂക്കുലയുടെ തൊണ്ടിനും പരിക്കേൽപ്പിക്കാതെ താളാത്മകമായിരുന്നു ആ കൊട്ട്. പിന്നീട് പൂക്കുലയുടെ വായ്‌വട്ടം ചെത്തി. പൂക്കൾ താഴേക്കു ചിതറി. ആറ്റു ചേറ് പൂക്കുലയുടെ വായ്ഭാഗത്തു തേച്ചു. കുരുത്തോല പിരിച്ച് കയറു പോലെയാക്കി വായ്‌വട്ടം കെട്ടിമുറുക്കി. ഇത്രയും ചെയ്തപ്പോഴേക്കും പൂക്കുലയുടെ അഗ്രഭാഗം വെള്ളം പ്രവഹിക്കുന്ന പൈപ്പിന്റെ അറ്റം പോലെയായി. ഏഴു ലീറ്റർ കള്ളു നിറയുന്ന ‘മാട്ട’ത്തിലേക്ക് ആ പൂക്കുലയുടെ അറ്റം കയറ്റി. കള്ള് ശേഖരിക്കാനുള്ള മൺകുടമാണു മാട്ടം. ഓലമെടലിന്റെ കടയ്ക്കലേക്ക് മാട്ടം ചാരിവച്ചു. ഒരു നേരത്തെ ചെത്ത് അതോടെ അവസാനിച്ചു. ഒരു മണിക്കൂറിൽ ദിനേശ് എട്ടു തെങ്ങുകൾ ചെത്തി. അപ്പോഴേക്കും നേരം ഇരുട്ടി. പിറ്റേന്നു പുലർച്ചെ നാലരയ്ക്ക് അതേ സ്ഥലത്തു വീണ്ടും കാണാമെന്നു വാക്കു നൽകി തൽക്കാലം പിരിഞ്ഞു.

kallu-4

തെളിനീരിന് പുതുമഴയുടെ ഗന്ധം

kallu-6

‘‘പൂക്കുല പരുവപ്പെടുത്താൻ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും തെങ്ങിൽ കയറണം’’ – ദിനേശ് തെങ്ങിന്റെ മണ്ടയിലേക്കു കുതിച്ചു, പുറകേ ക്യാമറയും. ഓലത്തുമ്പത്തു കൂടുണ്ടാക്കിയ കുരുവിയെ ഉണർത്താതെ തെങ്ങിൽ കയറാൻ പ്രാഗത്ഭ്യം നേടിയവരാണ് ചെത്തുകാർ. മെയ്‌വഴക്കത്തിലൂടെ അതു വ്യക്തമാക്കിയ ദിനേശ് തെങ്ങിന്റെ മണ്ടയിൽ ചാഞ്ഞിരുന്നു. മാട്ടം ചെരിച്ച് നുരയും പതയും ഊതി മാറ്റി. പുതുമഴയുടെ ഗന്ധവുമായി അതാ ഒഴുകുന്നു തെളിനീരുപോലെ മധുരക്കള്ള്. ഇനി യാത്ര ഷാപ്പിലേക്കാണ്. മരനീരിന്റെ ഉന്മേഷം ലൈഫ് സ്റ്റൈലിന്റെ ഭാഗമാക്കിയ മണിയേട്ടൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. തണുത്ത തെളിനീര് ഒരു ‘കോപ്പ’ കുടിച്ചപ്പോൾ അദ്ദേഹം പാണ്ടിച്ചെത്തിനെക്കുറിച്ചു വാചാലനായി. തമിഴ്നാട്ടിലെ കള്ളുചെത്താണ് പാണ്ടിച്ചെത്ത്. അവിടെ തെങ്ങിനേക്കാൾ കൂടുതൽ പനയാണ്. കത്തിക്കു പകരം ചെത്താൻ ഉപയോഗിക്കുന്നതു വെട്ടുകത്തിയാണ്. പനയുടെ കൂമ്പ് ചെത്തുമ്പോൾ ചേറ് തേക്കാറില്ല. കൂമ്പിന്റെ അടിഭാഗം ചവിട്ടി വളച്ചാണ് കുടത്തിലേക്ക് വയ്ക്കാറുള്ളത്. ‘പനം ചക്കര’ എന്നറിയപ്പെടുന്ന ശർക്കര നിർമിക്കാനാണ് തമിഴ്നാട്ടിൽ പനംകള്ള് കൂടുതലും ഉപയോഗിക്കുന്നത്. ‘‘വിശ്വാസങ്ങളെ മുറുകെ പിടിച്ചിരുന്ന കേരളത്തിലെ പഴയ തലമുറ കള്ളു ചെത്താനുള്ള ആയുധങ്ങൾ പൂജിച്ചിരുന്നു. മ്ലാവിന്റെ കൊമ്പാണ് ബ്ലാങ്കലായി ഉപയോഗിച്ചിരുന്നത്. മജ്ജ നീക്കം ചെയ്ത് പച്ചമരുന്നുകളും നെയ്യും മറ്റു മിശ്രിതങ്ങളും നിറച്ച് കോലരക്കുകൊണ്ടാണ് കൊമ്പിലെ ദ്വാരം അടച്ചിരുന്നത്. ഈ ചടങ്ങുകൾ പൗർണമി രാത്രിയിൽ ചെയ്യണമെന്നായിരുന്നു വിശ്വാസം. ഇങ്ങനെ തയാറാക്കിയ ബ്ലാങ്കൽ കൈവശം വയ്ക്കുന്നത് അക്കാലത്തെ ചെത്തുകാർ അവകാശമായും അഭിമാനമായും കരുതി.’’ പന ചെത്തുകാരൻ‌ ഇജേഷ് ആധികാരികമായ കാര്യങ്ങൾ വിശദീകരിച്ചു.

kallu-7

നുരയുന്നതെല്ലാം കള്ളല്ല

വിശ്വാസികളുടെ മനസ്സിലും ലഹരി പടർത്തിയ പാനീയമാണു കള്ള്. മലബാറിൽ ചിലയിടങ്ങളിൽ പൂജാദ്രവ്യമായി കള്ള് സമർപ്പിക്കുന്നവരുണ്ട്. ജീവകവും അമ്ലവും ഉൾപ്പെടുന്നുണ്ടെങ്കിലും സ്ഥിരമായി കള്ള് കുടിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമെന്നുള്ള തിരിച്ചറിവുണ്ടായതോടെ കുറേയാളുകൾ കള്ളിനോടു മുഖം തിരിച്ചു. ‘‘പാലക്കാടിനു സമീപം 1200 തോപ്പുകളിൽ ചെത്തിയിറക്കുന്ന ആകെ കള്ള് മൂന്നു ലക്ഷം ലീറ്റർ. ഇതു കേരളത്തിലെ പന്ത്രണ്ടു ജില്ലകളിലും എത്തുന്നുണ്ട്. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ പ്രാദേശികമായി ചെത്തുന്ന കള്ളാണ് വിൽക്കുന്നത്’’ പാലക്കാട്ടെ കള്ളിനെക്കുറിച്ചു മനസ്സിലാക്കിയിട്ടുള്ള ആധികാരിക വിവരങ്ങളും മണിയേട്ടൻ പങ്കുവച്ചു. പുളിക്കാത്ത കള്ള് ശേഖരിച്ച് ‘നീര’ എന്നൊരു പാനീയം നിർമിച്ച് വിതരണം ചെയ്തുവെങ്കിലും സർക്കാരിന്റെ ആ പദ്ധതി ജനപ്രീതി നേടിയില്ല. വിനാഗിരിയാണ് കള്ളിൽ നിന്നുണ്ടാക്കുന്ന മറ്റൊരു ഉൽപന്നം. പാചകത്തിന്റെ ചേരുവയ്ക്ക് ഈസ്റ്റിനെക്കാൾ നല്ലത് കള്ളിൽ നിന്നുണ്ടാക്കിയ വിനാഗിരിയാണെന്ന് അറിയാത്തവരില്ല. നല്ല കള്ളിന്റെ ഗുണങ്ങൾ പറഞ്ഞതിനൊപ്പം രഹസ്യമായി കണ്ടെത്തിയ വ്യാജക്കള്ളിന്റെ വിവരങ്ങളും മണിയേട്ടൻ വെളിപ്പെടുത്തി. ‘പഴയകള്ള്, സ്പിരിറ്റ്, ടൈറ്റാനിയം ഡയോക്സൈഡ് (സിലോൺ പേസ്റ്റ്), സാക്കറിൻ, വെള്ളം എന്നിവ ചേർത്താണ് വ്യാജക്കള്ളിനു മിശ്രിതം തയാറാക്കുന്നത്. സോഡിയം ലോറൽ സൾഫേറ്റ് കലക്കി നുരയും പതയും ഉണ്ടാക്കുന്നു. രാസവസ്തുക്കൾ കുടിച്ചാൽ ആരോഗ്യത്തിന് എന്തു സംഭവിക്കുമെന്ന് പ്രത്യേകം വിശദീകരിക്കണോ ?’’ മാരകരോഗങ്ങൾ സൃഷ്ടിക്കപ്പെടുന്ന വഴികൾ മണിയേട്ടൻ ചൂണ്ടിക്കാട്ടി. കള്ളിന്റെ ഉറവിടങ്ങളി ൽ കണ്ടതും കേട്ടതുമായ കഥകളിൽ ഏറ്റവും ഗുരുതരമായി തോന്നിയത് വ്യാജക്കള്ള് നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. തെങ്ങു ചെത്ത് ഉപജീവനമാക്കിയ ആയിരക്കണക്കിന് ചെത്തുകാരുടെ തൊഴിലിനെ അട്ടിമറിച്ച് വ്യാജക്കള്ള് നിർമിക്കുന്നവർ രാസവസ്തുക്കളിലൂടെ മാരക രോഗങ്ങൾ പരത്തുന്നു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് സ്വയം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ ജീവഹാനി സംഭവിക്കും. അതു തന്നെയാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്; രാസലഹരി നിങ്ങളെ നിത്യമയക്കത്തിലേക്കു നയിക്കും....

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം.)