പഴയൊരു സിനിമാ പാട്ടിലൂടെയാണ് മണ്ണാർക്കാടിനെ മലയാളികൾ പരിചയപ്പെട്ടത്. മണ്ണാർക്കാടാണു വീടെന്നു പറഞ്ഞാൽ, പൂരം കഴിഞ്ഞോ എന്നാണ് ഇപ്പോഴും ആളുകൾ ചോദിക്കാറുള്ളത്. ‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം’ എന്ന ഗാനം മണ്ണാർക്കാട് എന്ന സ്ഥലപ്പേരിന് അത്രയേറെ സുഗന്ധം ചാർത്തിയിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്നു കാടിറങ്ങി മണ്ണാർക്കാട് പൂരം കാണാനെത്തുന്ന മലയരുടെ ചിത്രമാണ് ദേവരാജൻ മാസ്റ്ററും ഭാസ്കരൻമാഷും പാട്ടിലൂടെ വരച്ചിട്ടത്. പൊന്നി എന്ന സിനിമയിലെ ഗാനരംഗം മണ്ണാർക്കാടിന്റെ മുഖചിത്രമായി നിലനിന്നു; മധു എന്ന അട്ടപ്പാടിക്കാരനെ മണ്ണാർക്കാടുകാർ തല്ലിക്കൊന്ന ദിവസം വരെ.
മണ്ണാർക്കാട് പൂരം കൊടിയേറ്റിനു തലേന്നാളാണ് മധു കൊല്ലപ്പെട്ടത്. അല്ല, മധുവിനെ തല്ലിക്കൊന്നത്. വാഹനം തടഞ്ഞ് പകൽ പ്രതിഷേധം ഉണ്ടായെങ്കിലും അർധരാത്രിയായപ്പോഴേക്കും കുന്തിപ്പുഴയുടെ കടവിലേക്ക് ജനം ഒഴുകിയെത്തി; അരകുർശിയിലെ ദേവിയുടെ, തട്ടകത്തമ്മയുടെ ആറാട്ടിനു സാക്ഷ്യം വഹിക്കാൻ. ആദിവാസികളെന്നു വിളിക്കുന്ന അട്ടപ്പാടിയുടെ സന്തതികളുടെ തിരക്ക് പതിവുപോലെ കണ്ടില്ല.
അട്ടപ്പാടിയിലെ നിശബ്ദ താഴ്‌വരയ്ക്കുള്ളിൽ സൈരന്ദ്രി എന്നൊരു പ്രദേശമുണ്ട്. വനവാസ കാലത്ത് പാണ്ഡുപുത്രന്മാർ ദ്രൗപതിക്കൊപ്പം താമസിച്ച സ്ഥലമാണത്രെ സൈരന്ദ്രി. ദ്രൗപതിയുടെ മറ്റൊരു പേരാണ് സൈരന്ദ്രിയെന്നു പുരാണം. ശത്രുക്കളുടെ ചതി കാരണം വനവാസം തിരഞ്ഞെടുത്തവരാണ് കുന്തീപുത്രന്മാർ. അവർ താമസിച്ച അതേ വനത്തിലാണ് മധു എന്ന ആദിവാസിയും അഭയം തേടിയത്. പാണ്ഡുവിന്റെ മക്കളും ഭാര്യയും അന്തിയുറങ്ങിയ പോലെ ചെരിഞ്ഞ ഒരു പാറയുടെ താഴെ, ‘അള’യിലാണ് മധുവും ഉറങ്ങിയിരുന്നത്. അതിലുപരി, പൂർവികബന്ധം നോക്കി കുടികിടപ്പവകാശം പരിശോധിച്ചാൽ മുൻഗണന മധുവിനു തന്നെ. എന്നിട്ടും ‘പരിഷ്കാരികൾ’ എന്നു സ്വയം കരുതുന്ന കുറച്ചാളുകൾ കാട്ടിൽ ചെന്ന് മധുവിനെ ചവിട്ടി വീഴ്ത്തി. ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ചു. തല്ലി വാരിയെല്ലൊടിച്ചു. ദാഹജലം കൊടുക്കാതെ മുക്കാലി വരെ നടത്തിച്ചു. പട്ടിണി കിടന്ന് ഈർക്കിലി പരുവമായ മുപ്പതുകാരൻ അന്ത്യശ്വാസം വലിച്ചു. അനധികൃതമായി ഒന്നര കിലോ അരിയും ഒരു പായ്ക്കറ്റ് മസാലപ്പൊടിയും കൈവശം വച്ചതിന് നാട്ടുകാരുടെ തല്ലു കൊണ്ടു മരിക്കുന്ന ആദ്യത്തെ മണ്ണാർക്കാടുകാരൻ.
‘‘കണ്ടതൊക്കെ കക്കും. കച്ചോടക്കാര് നോക്കിരിക്ക്യേർന്നു. ന്നാലും ഒരാളെ തച്ച് കൊല്ലാനൊക്കെ പറ്റ്വോ? പടച്ചോൻ പൊറുക്കൂല? ’’ മധു കൊല്ലപ്പെട്ടു നാലാം നാൾ മുക്കാലിയിൽ നിന്നൊരാൾ പറഞ്ഞതിങ്ങനെ. എത്ര മാപ്പു പറഞ്ഞാലും, എന്തു പ്രായശ്ചിത്തം ചെയ്താലും ന്യായീകരിക്കാൻ പറ്റാത്ത അപരാധമാണു മധുവിന്റെ കൊലപാതകം. ഇനിയുള്ള കാലം മണ്ണാർക്കാടിന്റെ പേരിനൊപ്പം ഈ കളങ്കം ചേർന്നു നിൽക്കും.
സൈലന്റ് വാലി കാണാൻ അട്ടപ്പാടിയിൽ പോകുന്നവർ ജംഗിൾ സഫാരിക്കു ശേഷം അവിടുത്തെ കോളനികളും സന്ദർശിക്കുക. ആടും പശുക്കളും മനുഷ്യരും ഒരു കൂരയ്ക്കു കീഴെ ജീവിക്കുന്നതു കാണാം. ചിണ്ടക്കി ഊരിൽ ഒരിക്കൽ പോയ സമയത്ത് രണ്ടു പ്രസവിച്ച ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടു. ഭർത്താവിന്റെ പേരുൾപ്പെടെ, ഒന്നും ഓർത്തു വയ്ക്കാനുള്ള കഴിവ് ജന്മനാ അവൾക്കു കിട്ടിയിട്ടില്ല. അട്ടപ്പാടിയിലെ 192 കോളനികളിൽ ഇതുപോലെ എത്രയോ അമ്മമാരുണ്ട്. 174 ഊരുകളിൽ അവിവാഹിതരായ 343 പെൺകുട്ടികൾ പ്രസവിച്ചുവെന്നാണ് 2004ൽ നടത്തിയ സർവേ പറയുന്നത്. പ്രായം 16 – 25 വയസ്സ്.
അട്ടപ്പാടിക്ക് നിശബ്ദ താഴ്‌വരയെന്ന് ചെല്ലപ്പേരിട്ടത് ഇംഗ്ലിഷുകാരനായ റോബർട്ട് വൈറ്റാണ്, 1857ൽ. ചീവിടുകളുടെ ശബ്ദം പോലുമില്ലാത്ത നിശബ്ദതയുടെ താഴ്‌വരയിൽ മനുഷ്യരുടെ കരച്ചിലിന്റെ ശബ്ദവും പുറത്തു കേട്ടില്ല. ഒടുവിൽ, മധുവിനെ തല്ലിക്കൊന്ന് ഒരു സംഘമാളുകൾ സെൽഫിയെടുത്ത് രസം കണ്ടെത്തിയ ദിവസം കാടിന്റെ മക്കൾ ശബ്ദിച്ചു. മുതുവനും ഇരുളനും കുറുമ്പനുമെന്ന വ്യത്യാസമില്ലാതെ അവർ ഒന്നിച്ചു റോഡിലിറങ്ങി. നീതിയും നിയമപാലകരും അപ്പോഴാണ് ഉണർന്നത്.
പാലക്കാട് – കോഴിക്കോട് സംസ്ഥാന പാതയിൽ നൊട്ടമല വളവിറങ്ങിയാൽ വലത്തോട്ടു തിരിയുന്ന റോഡ് അട്ടപ്പാടിയിലേക്കാണ്. പുഞ്ചക്കോട്, തെങ്കര, ആനമൂളി, കൽക്കണ്ടി, മുക്കാലി. അഗളിയും കോട്ടത്തറയും ആനക്കട്ടിയുമാണ് ചെറിയ പട്ടണങ്ങൾ. മുക്കാലിയിലാണ് സൈലന്റ് വാലിയിലേക്കുള്ള പ്രവേശന കവാടം. ഇവിടെയൊരു ഇൻസ്പെക്‌ഷൻ ബംഗ്ലാവുണ്ട്. തൊട്ടടുത്തൊരു ഡോർമിറ്ററിയും. നേരത്തേ അനുമതി വാങ്ങി താമസവും ജംഗിൾ സഫാരിയും ബുക്ക് ചെയ്താൽ ജീപ്പിലിരുന്ന് വനത്തിനുള്ളിൽ 24 കിലോമീറ്റർ സഞ്ചരിക്കാം. സിംഹവാലൻ കുരങ്ങ്, 16 ഇനം പക്ഷികൾ, 34 ഇനം മൃഗങ്ങൾ, ഇത്രയുമാണ് സൈലന്റ് വാലിയുടെ വൈൽഡ് ലൈഫ്. ജീപ്പ് സഫാരിയിൽ ഇതെല്ലാം കാണാം. ഒരാൾ പൊക്കത്തിൽ നിൽക്കുന്ന പൂച്ചവാലി പുല്ല് നിറഞ്ഞ കാടിന്റെ ഉൾഭാഗത്ത് കുന്തിപ്പുറയ്ക്കു കുറുകെയൊരു തൂക്കുപാലമുണ്ട്. വാച്ച് ടവറാണ് മറ്റൊരു പോയിന്റ്. വാച്ച് ടവർ നിൽക്കുന്ന സ്ഥലമാണു സൈരന്ദ്രി. കുന്തിപ്പുഴ ഇവിടെ നിന്നു കുത്തിയൊലിച്ച് പാത്രക്കടവിലാണ് ചെന്നിറങ്ങുന്നത്. പാണ്ഡവർ ഭക്ഷണം പാകം ചെയ്ത ശേഷം പാത്രം വച്ചിട്ടുപോയ സ്ഥലമാണു പാത്രക്കടവെന്ന് നാട്ടുപുരാണം. പെരുമഴക്കാലത്ത് കുന്തിപ്പുഴ നിറഞ്ഞൊഴുകുമ്പോൾ പാത്രത്തിനു മീതെ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമത്രെ. ‘പാത്രക്കടവ് ഇരമ്പൽ’ എന്നാണ് മണ്ണാർക്കാടുകാർ ഇതിനു പറയുന്ന പേര്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിന്റെ വടക്കു കിഴക്കാണ് അട്ടപ്പാടി. വരക്കല്ല് എന്നറിയപ്പെടുന്ന വലിയൊരു പാറയെ ചുറ്റിയുള്ള പത്തു ഹെയർപിൻ വളവു കയറിയാൽ മലനിരയിലെത്താം. അട്ടപ്പാടിയിൽ നിന്നു മുള്ളി, മഞ്ചൂർ വഴി ഊട്ടിയിലേക്കു പോകാം. ആനക്കട്ടി കടന്ന് ചുരമിറങ്ങിയാൽ കോയമ്പത്തൂരിലെത്താം.
കൽക്കണ്ടി- അഗളി റൂട്ടിലാണ് ചെമ്മണ്ണൂർ. ശിവരാത്രിക്ക് അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാർ വിളക്കു തെളിക്കുന്ന ‘മല്ലീശ്വരൻമുടി’യാണ് ചെമ്മണ്ണൂരിന്റെ ഐതിഹ്യം. ഒരാഴ്ച വ്രതമെടുത്ത് ഗോത്ര വർഗക്കാർ മലയുടെ മുകളിൽ കയറും. അവിടെയുള്ള പൊയ്കയിൽ നിന്നു കോരിക്കൊണ്ടു വരുന്ന ജലം തീർഥമായി ജനങ്ങൾക്കു നൽകും.
ഐതിഹ്യങ്ങളും പഴമ്പുരാണങ്ങളും കെട്ടുകഥകളും നിറഞ്ഞ അട്ടപ്പാടിയുടെ നിശബ്ദത എന്നും അതു നിലനിൽക്കട്ടെയെന്ന് അവിടെ പോയവരെല്ലാം ആഗ്രഹിക്കുന്നു.
ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ കൊടിയേറ്റും ആറാട്ടുമൊക്കെ കാണാൻ അട്ടപ്പാടിക്കാർ വീണ്ടും മലയിറങ്ങി വരട്ടെ. കൈപിടിച്ച് കാവു ചുറ്റി ദേവിയെ കണ്ടനുഗ്രഹം വാങ്ങി സന്തോഷത്തോടെ മടങ്ങട്ടെ, മലയുടെ മക്കൾ.