Wednesday 17 January 2018 12:20 PM IST : By സ്വന്തം ലേഖകൻ

ടെറസ്സിൽ മാത്രമായി തക്കാളി കൃഷി; മാസം തോറും പതിനായിരത്തിലേറെ വരുമാനവുമായി ലത്തീഫ!

latheefa1

ഒരു കുറ്റി മുല്ലയാണ് ഞാൻ ടെറസ്സില്‍ ആദ്യമായി നട്ടുപിടിപ്പിച്ചത്. പിന്നെ, പല പൂക്കളും വളർത്തിത്തുടങ്ങി. പൂവ് വിൽക്കുന്നതിനൊപ്പം തൈകൾ എടുത്തും ചെടി കൊടുത്തുമൊക്കെയായി കച്ചവടം പൊടിപൊടിച്ചു. അതിനിടയിലാണ് എനിക്ക് തക്കാളിയോട് ഇഷ്ടം കൂടി വന്നത്. ടെറസ്സിൽ തക്കാളി വിത്തിട്ട് തുടങ്ങിയപ്പോൾ തന്നെ നല്ല കായ്ഫലം കിട്ടി. അത് കണ്ടിട്ട് നാട്ടുകാർ എനിക്കൊരു പേരുമിട്ടു ‘തക്കാളി താത്ത’യെന്ന്. കൊല്ലം  മുട്ടത്തുകാരി ലത്തീഫയ്ക്ക് ടെറസ്സിലെ തക്കാളി കൃഷിയാണെല്ലാം.  

ലത്തീഫ കൃഷികൾ തുടങ്ങിയത് ടെറസ്സിൽ ആയിരുന്നില്ല. എല്ലാവരെയും പോലെ കുടുംബശ്രീയിൽ നിന്ന് കിട്ടിയ വിത്തുകൾ വീട്ടുമുറ്റത്ത് നട്ട് പിടിപ്പിക്കുകയായിരുന്നു ലത്തീഫയും. അങ്ങനെയാണ് വീടിന്റെ ഭംഗിക്കായി തുടങ്ങിയ പണി ഒരു വരുമാന മാർഗമാക്കിയാലോ  എന്ന്  ലത്തീഫ ചിന്തിച്ചത്. പൂക്കൾ വിൽക്കണമെങ്കി ൽ നല്ലതു പോലെ വളർത്തുകയും വേണം. കിട്ടിയ സ്ഥലത്തൊക്കെ ചെടി നട്ടപ്പോൾ വെറുതെ ഒരു ചാക്ക് ടെറസ്സിൽ വച്ച് നോക്കിയതാണ്. അവിടെ കുറ്റിമുല്ല ഹിറ്റായപ്പോൾ, കൃഷി ടെറസ്സിലേക്കും വളർന്നു. അപ്പോഴും കൂടുതൽ കൃഷി മണ്ണിൽ തന്നെ. പക്ഷേ, പൂക്കളുടെ മാർക്കറ്റ് ഇടിഞ്ഞെന്ന് തോന്നിയപ്പോൾ പുതിയ പ്ലാനിടാൻ ലത്തീഫ തീരുമാനിച്ചു. ചെടികളും വിത്തുകളുമൊക്കെ വർക്കലയിൽ കൊണ്ടുപോയി വിറ്റ് അടുത്ത കൃഷി തുടങ്ങി.

‘സുഗന്ധവ്യഞ്ജനങ്ങളായിരുന്നു ഞാൻ  പുതിയ ബിസിനസ്സിനായി കണ്ടുപിടിച്ചത്. വാനിലയും  കുരുമുളകുമൊക്കെ  മുറ്റത്ത് നിറഞ്ഞു നിന്നപ്പോൾ പിന്നെയും ആവേശമായി. ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ഡബിൾ സെറ്റർ വാഴയുമൊക്കെയായി വലിയ കൃഷിക്കാരിയായി വളർന്നു. ആ സമയത്തൊക്കെ  മൂന്ന് ഏക്കർ വരെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിട്ടുണ്ട്. ചീരയും പാവലും പയറും നിറഞ്ഞു നിന്നിരുന്ന കൃ ഷി സ്ഥലം നേരിൽ കണ്ട്  പച്ചക്കറി വാങ്ങാൻ എല്ലാവരും എ ന്റെയടുത്തേക്ക് വരുമായിരുന്നു.
മൂന്ന് പെൺമക്കളുടെ കല്യാണത്തിനു ശേഷം കൃഷിയുണ്ടായിരുന്ന വീടും സ്ഥലവുമൊക്കെ വിൽക്കേണ്ടി വന്നു. പുതിയ വീട്ടിലേക്ക് മാറിയപ്പോൾ അവിടെ കൃഷിക്കുള്ള സ്ഥലമൊന്നും  ഇല്ലായിരുന്നു. പക്ഷേ, കൃഷി ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല. ടെറസ്സിൽ മണ്ണ് നിറച്ച്  ചാക്കും  വച്ച് ഞാൻ  വീണ്ടും ടെറസ്സിലേക്ക് നടന്ന് കേറി.  ആ ചെടികൾക്കൊപ്പം ഞാനറിയാതെ വേറെ കുറച്ചു വിത്തുകൾ ദൈവം വളർത്തുന്നുണ്ടായിരുന്നു.

വന്നു ചേർന്ന ഭാഗ്യം

എങ്ങനെയോ അറിയാതെ  വീണുപോയൊരു തക്കാളി വിത്തായിരുന്നു അത്. നന്നായി വളർന്നു കണ്ടപ്പോൾ സന്തോഷം. പണ്ട് മുതലേ എനിക്ക് തക്കാളിയോട് താൽപര്യമുണ്ടായിരുന്നു. തക്കാളി കൃഷി വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പലരും  നിരുൽസാഹപ്പെടുത്തിയതു കൊണ്ട് തക്കാളി വളർത്തി നോക്കിയിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ തക്കാളി വളർന്ന് കേറി. മണ്ണില്ലാത്തതുകൊണ്ട് കമ്പ് വച്ച് ഊന്നുകൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ടെറസ്സിലെ കൃഷിക്കായി പന്തല്‍ കെട്ടിയിരുന്നതിലേക്ക് ഞാൻ ആ വള്ളി വെറുതെ കയറ്റി വിട്ടു. എന്നെ ഞെട്ടിച്ചുകൊണ്ട് അതിൽ നിറയെ കായ്കൾ വളർന്നു വന്നു. ഞാൻ നടാതെ മുളച്ച ചെടിയിൽ നിന്ന് 12 തക്കാളി കിട്ടിയപ്പോൾ ഇതാണ് എന്റെ കൃഷിവഴി എന്ന വെളിച്ചം മനസ്സിൽ നിറഞ്ഞു.

കൊട്ടാരക്കരയിലെ കൃഷിവിജ്ഞാനകേന്ദ്രത്തിൽ പോയി മൂന്നു തരം തക്കാളി വിത്തുകൾ വാങ്ങിച്ചു– അനശ്വര, മനുലക്ഷ്മി, അനഘ.  അവിടെ നിന്ന് എങ്ങനെയാണ് തക്കാളി വളർത്തേണ്ടതെന്നു പഠിച്ചു. അതിനു ശേഷമാണ് കുറച്ചുകൂടെ വിപുലമായി തക്കാളികൃഷി തുടങ്ങിയത്,  ഇപ്പോൾ തക്കാളി വഴിയാണ് പ്രധാന വരുമാനം.

latheefa2

കൂട്ടുകൃഷിയും ടെറസ്സിൽ

സ്ഥിരമായി തക്കാളി മാത്രം വളർത്തിയാൽ മതിയെന്ന് ആ സമയത്ത് ആലോചിച്ചിരുന്നു. ഭർത്താവ് ഹനീഫയും അതിന് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. അങ്ങനെയിരിക്കെ തമിഴ്നാട്ടിൽ നിന്ന് തക്കാളിയുടെ വരവ് കൂടി. നമ്മുടെ തക്കാളിക്ക് മാർക്കറ്റ് കിട്ടാതെയായി. നാട്ടിലെ കടകളിലൊന്നും എടുക്കാതെയായി.

നഷ്ടം വരാതിരിക്കാനായി ഞാൻ തക്കാളി ഉണക്കി പൊടിച്ച് പൗഡറാക്കി വച്ചു. ഒരു കിലോ തക്കാളി പൊടിച്ചാലേ 50 ഗ്രാം പൗഡർ കിട്ടൂ. പക്ഷേ, കുറച്ച് നുള്ള് ഇട്ടാൽ തന്നെ ഭയങ്കര ടേസ്റ്റാ. പൗഡർ ഒരെണ്ണത്തിന് പത്തു രൂപയെന്ന നിലയിലാണ് വിറ്റത്. അതുകൊണ്ട് ആ സമയത്ത് ഉണ്ടായ വലിയ നഷ്ടം പരിഹരിക്കാന്‍ പറ്റി.

അതൊരു പുതിയ പാഠമായിരുന്നു. തക്കാളി മാർക്കറ്റ് പെട്ടെന്ന് ഇല്ലാതെ പോയാൽ സംഗതി പ്രശ്നമാകുമെന്ന് മനസിലായി. അങ്ങനെ വഴുതന, മുളക്, കോവൽ, ചതുരപയർ, കുക്കുമ്പർ, കോളിഫ്ലവർ, കാപ്സിക്കം  ഇവയൊക്കെ എന്റെ ടെറസ്സിൽ തക്കാളിയുടെ സഹതാരങ്ങളായി.

പെൺമക്കൾ മൂന്നുപേരുടെ വീട്ടിലേക്കും പച്ചക്കറി കൊടുക്കാറുണ്ട്. ഇളയ മകൻ ഷമാസാണ് ഇപ്പോൾ കൃഷിക്ക് വേണ്ട സഹായം ചെയ്യുന്നത്. പുതിയ പച്ചക്കറികൾ കൂടെ വന്നപ്പോൾ വരുമാനമാർഗത്തിനു  മാത്രമല്ല പരിഹാരമായത്, തക്കാളിക്കുണ്ടാകുന്ന അസുഖങ്ങളും കുറഞ്ഞു വന്നു.

ഉൽപാദനക്ഷമത കുറഞ്ഞ വിത്ത്, വേരിനുള്ള വാട്ടരോഗം  എന്നിവ തക്കാളി കൃഷിയെ ദോഷമായി ബാധിക്കാം. ടെറ സ്സിൽ ചെടികൾ മാറ്റി പരീക്ഷിക്കുമ്പോൾ അത് മണ്ണിന്റെ  പ്രതിരോധശേഷി വർധിപ്പിക്കും. ഇത് തക്കാളിയുടെ വളർച്ചയ്ക്ക് ഗുണകരവുമാകും.

Keep in mind

ഒരുപാട് വെള്ളം ഒഴിക്കുന്നത് ചെടികളിൽ വേര് ചീയൽ രോഗമുണ്ടാക്കും. മാത്രമല്ല, വെള്ളത്തിന്റെ അളവ് കൂടുന്നതു വഴി വാർക്കയിലെ ഈർപ്പത്തിന്റെ അളവ് കൂട്ടാനിടയാകും. ചെടികൾക്കായി ഒഴിക്കുന്ന വെള്ളം  വാർക്കയിൽ പടരരുത്. ടെറസ്സിൽ മണ്ണ് നിറച്ച ചാക്ക് വയ്ക്കുമ്പോൾ ത ന്നെ ഇതിനുള്ള ക്രമീകരണം ചെയ്യണം. രാവിലെയും  വൈകിട്ടും  ചെടികളെ ശ്രദ്ധിക്കണം. കീടാണുബാധ കണ്ടെത്തുമ്പോൾ തന്നെ പരിഹാരവും ചെയ്യണം.  ഏത് ഭാഗത്താണോ കേട് വരുന്നത്, തണ്ടിന്റെ  ആ വശത്തു നിന്ന് മുറിക്കുകയും വേണം.

latheefa3