Saturday 21 November 2020 02:24 PM IST

ജീൻസിൽ തൊട്ടാൽ വൈറസ് ചാകുമോ? ഉത്തരവുമായി കോവിഡ് ട്രെൻഡ്

Delna Sathyaretna

Sub Editor

Diesel-01

മെട്രോ സ്റ്റേഷനിലൂടെ നടന്നു പോകുകയായിരുന്ന സ്നേഹിതൻ ആഞ്ഞൊന്നു തുമ്മി... ഹാച്ചൂയ്യ്... ഹാച്ചൂയോയ്.. ഹാച്ചൂയയോയ്യ് .. ആ ഒച്ചയങ്ങനെ മെട്രോ തൂണുകളെ വിറങ്ങൽ കൊള്ളിച്ചു. അതിവേഗ ട്രെയിൻ കടന്നു പോകുന്പോഴും ഇത്രേം വിറച്ചിട്ടില്ല ഒരു തൂണും. കാര്യമെന്താണ്? തൂണിനോട് തന്നെ ചോദിക്കാം. തൂണ് പറഞ്ഞു.. സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ ഹൃദയങ്ങളും ഒരുമിച്ചിടിച്ചത് എന്നെ വിറപ്പിച്ചു കളഞ്ഞെന്ന്.   കൊറോണക്കാലല്ലേ.. ആരാനും തുമ്മിയാൽ എല്ലാരുടെ അമ്മയ്ക്കും ഭ്രാന്തു പിടിക്കും! നഗരത്തിലൂടൊന്നു കറങ്ങാനിറങ്ങ്യാലോ കുറേ പുതിയ ഫ്ളക്സുകൾ കാണാം. സാനിറ്റിസർ കൊണ്ട് കണ്ണടയ്ക്ക് കേടു വരാതെ വൃത്തിയാക്കാൻ മാർഗങ്ങൾ, പച്ചക്കറിയിലെ വിഷം കഴുകാൻ പുതിയ ലായനി, തുണി അലക്കാൻ ആന്റി ബാക്റ്റീരിയൽ ഡീറ്റെർജന്റ് അങ്ങനെ എന്തെല്ലാം എന്തെല്ലാം കൊറോണ പുതുമകൾ. എല്ലാം വൃത്തിയും ആരോഗ്യവും പ്രമേയമാക്കിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ. തുണിയുടെ കാര്യം പറഞ്ഞു നിർത്തിയേടത്തു നിന്ന് നമുക്ക് തുടങ്ങാം. അന്നം മുട്ടിയവരുടെ എണ്ണം കൂടിയ നേരത്താ ഒരു തുണി! പക്ഷെ, തുണിയില്ലാണ്ടും പറ്റില്ലല്ലോ ആശാനേ. അതോണ്ട് തുണിക്കഥയിലേക്ക് അല്പം ആഴ്ന്നിറങ്ങാം, മുങ്ങാംകുഴിയിട്ട് മുത്തുമായി പൊങ്ങി വരാം..
   

Diesel-02

കൊറോണയും ലോക്ഡൗണും വന്നതോടെ മാസ്കും സാനിറ്റിസറും ഒഴികെ,വാങ്ങലും വിൽക്കലുമെല്ലാം എല്ലാ രംഗത്തും അല്പം മാന്ദ്യത്തിലാണ്. പിന്നെ ഫാഷന്റെ കാര്യം പറയണോ.. സീസണനുസരിച്ച് മാറിക്കൊണ്ടിരുന്ന ഫാഷൻ മാറി. മലയാളി മോഡലാണ് ഇപ്പോ അഗോളിക്കും താല്പര്യം. വർഷം മുഴുവൻ ഓടിക്കാൻ പറ്റുന്ന, നന്നായി വൃത്തിയാക്കാൻ പറ്റുന്ന ഉടുപ്പുകൾ മതി എല്ലാർക്കും. പിന്നെ ദേ സ്റ്റാറായി സിൽക്ക്. സിൽക്കിന് പ്രകൃതിദത്തമായി തന്നെ അണുക്കളെ പ്രതിരോധിക്കാൻ കഴിവുണ്ടത്രേ. പട്ടുനൂലിൽ കോപ്പറിന്റെ സാന്നിധ്യം ഉള്ളതിന്റെ മേന്മ. ന്നാലും പട്ടൊക്കെ എപ്പഴും ഇടാൻ പറ്റോ.. വാങ്ങുന്നത് കുറഞ്ഞെങ്കിലും വാങ്ങുന്പോൾ നല്ലത് നോക്കി വാങ്ങാൻ എല്ലോരും ശ്രദ്ധിക്കുന്നുണ്ടെന്നാണ് പൊതുവെ സംസാരം. ഒന്നലക്കിയാൽ കേടാകുന്ന അൾട്രാ ഗ്ലാമർ ഉടുപ്പും കൊണ്ട് അല്ലേലും കൊറോണക്കാലത്ത് പിടിച്ചു നിൽക്കാനാകില്ലാലോ. കൊറോണയെ  പ്രത്യേകം ലക്ഷ്യമിട്ട് ജീൻസ് നിർമാതാക്കളായ diesel ഡിസൈൻ ചെയ്ത ജീൻസുകളും ടി ഷർട്ടുകളും എല്ലോർക്കും ആശ്വാസവും കണ്ണിനു കുളിർമയുമായി എത്തിയിരിക്കുകയാണ്.

ആന്റി മൈക്രോബിയൽ കോട്ടിങ്ങാണ് ഇതിന്റെ പ്രത്യേകത. മുൻപ് മാസ്കുകളിൽ ഉണ്ടായിരുന്നെങ്കിലും ഡെയ്‌ലി വെയ്റിലേക്ക് ഇങ്ങനൊരു മാസ്സ് ട്രെൻഡ് പുതുമയാണ്. സ്വീഡിഷ് മൈക്രോബിയൽ  കന്പനിയുമായി സഹകരിച്ചാണ് ഇങ്ങനൊരു ട്രെൻഡ് diesel ജനങ്ങളിലേക്കെത്തിച്ചത്. മറ്റു ചില ബ്രാന്റുകളും മെറ്റൽ ത്രെഡ് ഉപയോഗിച്ച് ജാക്കറ്റും ആന്റി മൈക്രോബിയൽ തുണികളും വിൽക്കുന്നുണ്ട്. അന്പതോളം തവണ കഴുകിയാലും പോകാത്ത തരത്തിലാണ് ഈ ഫിനിഷുകൾ തുണിയിൽ കൊടുക്കുന്നത്. സിൽവർ, കോപ്പർ നാനോ മോളിക്യൂളുകൾ തുണിയുമായി ചേർത്താണ് സംഗതി നടപ്പിലാക്കിയെടുക്കുന്നത്. കെമിക്കൽ ഫിനിഷിലെ മോളിക്യൂളുകൾ വൈറസിന്റെ പ്രോട്ടീനുമായി പ്രവർത്തിച്ച് രണ്ടു മണിക്കൂറിൽ കൂടുതൽ തുണിയിൽ പിടിച്ചു നിൽക്കാൻ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്. മുൻപ് സിൽവർ നാനോ മോളിക്യൂളുകൾ തുണിയിൽ ചേർത്ത് വിയർപ്പു നാറ്റം കുറയ്ക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. പക്ഷെ മെറ്റൽ നാനോ പാർട്ടിക്കിളുകൾ ചർമത്തിനും വെള്ളത്തിലലിഞ്ഞാൽ സൂക്ഷ്മ ജീവികൾക്കും നാശകരമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നു  അധികം പ്രചാരം നേടിയില്ല. സംഭവം എന്നും കഴുകണ്ടാത്ത ആന്റി മൈക്രോബിയൽ ജീൻസൊക്കെ കയ്യിൽ കിട്ടിയാലും മാസ്കും സാനിറ്റൈസറുമില്ലാതെ രക്ഷയില്ല. തുണിയിലൂടെ പകരുന്നതിനേക്കാൾ വായുവിലൂടെയാണ് ഈ വൈറസ് കൂടുതൽ അപകടമുണ്ടാക്കുന്നത്. ന്നാലും പുറത്തു പോയി വീട്ടിൽ തിരികെയെത്തുന്പോൾ ദേഹത്തു വലിഞ്ഞു കേറാൻ കുഞ്ഞുങ്ങളൊക്കെ വീട്ടിൽ കാത്തിരിക്കുന്നവർക്ക് ഈ ട്രെൻഡ് ഒരു അനുഗ്രഹം തന്നെ.