Friday 12 January 2018 12:35 PM IST : By സ്വന്തം ലേഖകൻ

വെള്ളത്തലമുടിയുമായി പിറന്ന കുഞ്ഞ്

white_hair

കുഞ്ഞുവാവയെ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ അവളുടെ തലയിലേക്കാണ് അമ്മയുടെ കണ്ണെത്തിയത്. ദൈവത്തിൻെറ കൈയ്യൊപ്പു പതിഞ്ഞ അടയാളം അവളുടെ നിറുകയിൽ കണ്ട് ആ അമ്മയുടെ കണ്ണും മനസ്സും നിറഞ്ഞു.

നോർത്ത് കാരലൈനയിലെ ബ്രിയാന വർത്തി എന്ന 23വയസുകാരിക്കു പിറന്ന പെൺകുഞ്ഞാണ് നിറുകയിൽ മാത്രം വെളുത്തതലമുടിയുമായി പിറന്നത്. ജന്മനാലുള്ള ഈ അടയാളം പാരമ്പര്യമായി ലഭിച്ചതാണെന്നാണ് ബ്രിയാനയുടെയും കുടുംബത്തിൻെറയും വാദം.

അമ്മയെയും അമ്മൂമ്മയെയും പോലെ നിറുകയിൽ മാത്രം വെളുത്ത തലമുടിയുമായി ജനിച്ച് സ്റ്റാർ ആയ കാര്യമൊന്നും കുഞ്ഞുമിലിയാനയ്ക്കറിയില്ല. പതിനെട്ടുമാസം പ്രായമുള്ള കുട്ടിക്കുറുമ്പിക്ക് ചിത്രങ്ങൾക്ക് പോസ്ചെയ്യാനൊക്കെ ഏറെയിഷ്ടമാണ്.

പോളിയോസിസ് എന്ന അവസ്ഥമൂലമാണ് ശിരസിലെ മുടിയിലെ കുറച്ചുഭാഗം വെളുത്തു പോകുന്നതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. മെലാനിൻെറ അഭാവം മൂലവും ഇതു സംഭവിക്കാമെന്നും അവർ പറയുന്നു. അങ്ങനെയാണ് തലമുടിയുടെ ചിലഭാഗങ്ങളിൽ ബ്ലീച്ച് എഫക്റ്റ് കിട്ടുന്നതെന്നും അവർ വിശദീകരിക്കുന്നു.

ഈ വെള്ളത്തലമുടി പാരമ്പര്യമായി കിട്ടുന്നതാണെങ്കിലും മകൾക്ക് ഈ തലമുടി കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും. താൻ പിറന്നശേഷം ഏറെക്കാലം കഴിഞ്ഞുണ്ടായ സഹോദരിക്ക് വെള്ളത്തലമുടി കിട്ടിയിരുന്നില്ലെന്നും ബ്രിയാന പറയുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ഈ വെള്ളമുടിയുടെ പേരിൽ നിരവധി കളിയാക്കലുകൾ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും മുതിർന്നപ്പോൾ പരിഹാസങ്ങളെ അതിൻെറ വഴിക്കു വിട്ട് ആത്മവിശ്വാസത്തോടെ ജീവിക്കാൻ തുടങ്ങിയെന്നും ബ്രിയാന വെളിപ്പെടുത്തുന്നു.

കുഞ്ഞുവാവയുടെ മുടി ഡൈ ചെയ്യാൻ ഉദ്ദേശമില്ലെന്നും ജന്മനാൽ ലഭിച്ച അടയാളവുമായി അന്തസ്സോടെ അതിലുപരി ആത്മവിശ്വാസത്തോടെ അവളെ ജീവിക്കാൻ പഠിപ്പിക്കുമെന്നും ഈ അമ്മ പറയുന്നു.