Thursday 09 September 2021 12:06 PM IST

‘ഈ കാലുംവച്ച് നീ ജിമ്മിൽപോയി എന്ത് കാണിക്കാനാ’: മറുപടി മിസ്റ്റർ കേരള അഖിൽ നാഥ്: പിന്നിൽ അതിജീവന കഥ

Binsha Muhammed

mr-kerala-akhil

‘നടക്കാൻ ആവതില്ല. അതിനിടയ്ക്കാണ് മിസ്റ്റര്‍ കേരള മോഹം. തന്നെക്കൊണ്ടൊന്നും കൂട്ടിയാ കൂടില്ലടോ.’

കാലിന് സ്വാധീനമില്ലാത്തവന്‍ എന്ന മേൽവിലാസത്തെയും അതിലേക്ക് കൊണ്ടെത്തിച്ച വിധിയും അഖിൽനാഥ് എന്നോ മറന്നിരുന്നു. ‘സ്വന്തം കാലിൽ’ നിൽക്കുമെന്ന കരളുറപ്പ് ഒന്നു കൊണ്ട് കൊണ്ട് മാത്രമാണ് ഇത്രയും നാൾ പരിഹാസങ്ങളേയും ദൈന്യത നിറഞ്ഞ നോട്ടങ്ങളേയും അഖിൽ പടിക്കു പുറത്തു നിർത്തിയത്. പക്ഷേ ഈ കേട്ട പരിഹാസം തന്റെ വ്യക്തിത്വത്തിന് മാത്രമല്ല, മനസിന് തന്നെയേറ്റ മുറിവായി. മറക്കാൻ ശ്രമിച്ചിട്ടും തികട്ടി വന്ന ആ പരിഹാസം നെഞ്ചിലെ നീറ്റലായി മാറിയപ്പോൾ അഖിൽ ഒന്നുറപ്പിച്ചു. വൈകല്യമുള്ളവനെന്ന് മുദ്രകുത്തിയവരുടേയും പറ്റില്ലെന്ന് പരിഹസിച്ചവരുടെയും മുന്നിൽ അന്തസോടെ ജയിച്ചു കാണിക്കും. സ്വാധീനമില്ലാത്ത കാലുകളിലല്ല, തോൽക്കാത്ത മനസിലാണ് കാര്യമെന്ന് തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയ അഖിലിന്റെ കഥയുടെ ക്ലൈമാക്സ് എന്തെന്ന് കഴുത്തില്‍ മിന്നുന്ന മിസ്റ്റർ കേരള മെഡൽ പറയും. 110 കിലോ ഭാരം ഉരുക്കിക്കളയാൻ ജിമ്മിന്റെ പടി കയറിയവൻ പരിഹാസങ്ങളും മുൻവിധികളും താണ്ടി മിസ്റ്റര്‍ കേരളയായ കഥ സിനിമാക്കഥ പോലെ കേട്ടിരിക്കാം...

വേദനിപ്പിച്ചു വിധി...

ഞാനെന്താണ് എന്നറിയും മുന്നേ എനിക്കു സംഭവിച്ച വിധിയെന്തെന്നറിയണം. ചില സമയങ്ങളിൽ കണ്ണീരും കദനങ്ങളുമാണ് നമ്മുടെ ജീവിതത്തിൽ മുന്നോട്ട് ജീവിക്കാനുള്ള ഊർജമെന്ന് പറയാറില്ലേ. പത്താം വയസിൽ സ്വാധീനം നഷ്ടപ്പെട്ട ദേ... ഈ കാലാണ് എന്റെ മുന്നോട്ടുള്ള യാത്രയുടെ ഗതിമാറ്റിയത്. കരയരുത്... കരുത്തോടെ മുന്നേറണം എന്നെന്നെ പഠിപ്പിച്ചത്– ശുഷ്കിച്ച ഇടംകാലിൽ കൈ കൊണ്ട് തടവി അഖിൽ പറഞ്ഞു തുടങ്ങുകയാണ്.

കായംകുളമാണ് എന്റെ സ്വദേശം. അച്ഛൻ വിശ്വനാഥൻ, അമ്മ ശ്യാമള. സന്തോഷകരമായ ജീവിതം ബാല്യം കടന്ന് കൗമാരത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കാറായപ്പോഴാണ് എന്നെ വേദനിപ്പിച്ച വിധിയെത്തുന്നത്. ഇടംകാലിലെ അസഹനീയമായ വേദനയിൽ നിന്നായിരുന്നു  ജാതകം തിരുത്തിയെഴുതിയ ആ സംഭവം നടക്കുന്നത്. വേദനയുടെ വേരുകൾ തേടിപ്പോയപ്പോൾ കേട്ടത് നിനച്ചു പോലും നോക്കാത്ത പരീക്ഷണം. കുട്ടിക്കാലത്തെപ്പോഴോ വീണൊരു വീഴ്ച. ആ വീഴ്ചയിൽ എന്റെ ഇടുപ്പിന് ക്ഷതമേറ്റുവത്രേ. അന്ന് ആ ദുർഘടഘട്ടം മാഞ്ഞുപോയെങ്കിലും ഞരമ്പുകളിൽ ആ വേദനയുടെ വേരുകൾ മായാതെ കിടന്നു കാലങ്ങളോളം. വേദനയിൽ തുടങ്ങിയ ബുദ്ധിമുട്ട് ഇടുപ്പിൽ പഴുത്ത് വ്രണമായത് ദിവസങ്ങളുടെ വ്യത്യാസത്തിൽ. ജീവനു തന്നെ ഭീഷണി ആകുന്ന ഘട്ടത്തിൽ ഡോക്ടർ അവസാന വാക്കുപറഞ്ഞു, ‘ അടിയന്തര സർജറി വേണം, അല്ലെങ്കിൽ ജീവനു തന്നെ ആപത്താണ്.’ അന്ന് സർജറിയുടെ ഊഴംകാത്ത് ഉയിരും വാരിപ്പിടിച്ചു കിടക്കുമ്പോഴും ഞാനിങ്ങനെ ആകുമെന്ന് കരുതിയില്ല. പക്ഷേ എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ എന്റെ ഇടംകാലിലെ കരുത്ത് ശോഷിച്ചു തുടങ്ങി. എന്റെ കാല് ചുരുങ്ങി എല്ലൊട്ടി നിൽക്കുന്ന അവസ്ഥയായി. അന്നു തുടങ്ങിയതാണ് എന്റെ ജീവിതം മാറ്റിമറിച്ച പരീക്ഷണം. വികലാംഗനെന്നും, വൈകല്യമുള്ളവനെന്നും വിളിച്ചു തുടങ്ങിയ ദുർവിധി. ഞാൻ ജന്മനാ... വികലാംഗനല്ല. എന്നെ ഇങ്ങനെ ആക്കിയതാണ് ആ വേദന.

തടിയെ പിടിച്ചു കെട്ടാൻ

പഠനം കഴിഞ്ഞ് എഡിറ്റിങ് മേഖലയിലേക്കാണ് തിരിഞ്ഞത്. എന്റെ ശരീരത്തിനും ആരോഗ്യത്തിനും കഴിയുന്ന ജോലി. ചെറിയൊരു സ്റ്റുഡിയോ ഉണ്ടായിരുന്നു. ഫ്രീലാൻസായി വർക്കുകൾ ചെയ്യും. പ്രത്യേകിച്ച് വെഡ്ഡിങ് വർക്കുകൾ എഡിറ്റ് ചെയ്യും. ഇരുന്നുള്ള ജോലി എന്റെ ശരീരത്തിനും സാഹചര്യത്തിനും ഇണങ്ങുന്നതായിരുന്നു. പക്ഷേ ആ ‘ഒരേ ഇരിപ്പ്’ എന്നെ തടിയനാക്കി. വെറും തടിയല്ല, പൊണ്ണത്തടി സെഞ്ച്വറിയും കടന്ന് 110 നോട്ട് ഔട്ട്. അതു മാത്രമല്ല, ജോലി സംബന്ധമായി കുറേനാൾ ഞാൻ ആലപ്പുഴയിലായിരുന്നു. അന്ന് ഹോട്ടൽ–ഫാസ്റ്റ്ഫുഡുകളുടെ പുറകേ പോയതോടെ വണ്ണം എന്റെ ശരീരത്തിനു താങ്ങാൻ കഴിയാത്തതായി. ഈ പോക്ക് ശരിയാകില്ലെന്ന ബോധോദയമാണ് ജിം ട്രെയിനറായ മനു മന്ദഹാസിന്റെ അടുക്കൽ എത്തിക്കുന്നത്.

തടിയുടെ പേരിലുള്ള കമന്റുകൾ അവസാനിപ്പിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് ജിമ്മിൽ വലംകാൽ വച്ചു കയറി. ഒരു ഘട്ടത്തിൽ പോലും മടിച്ചില്ല, ഉഴപ്പിയില്ല. ചിട്ടയായ ഡയറ്റും കൃത്യതയുള്ള വ്യായാമവും അവിടെ തുടങ്ങി. ചോറു പാടെ കുറച്ചു. ഓയിലി ഭക്ഷണത്തിനു കണ്ണുംപൂട്ടി ഗെറ്റൗട്ട് അടിച്ചു. ആദ്യ ആഴ്ചകളിലെ മാറ്റം കണ്ടു തുടങ്ങുകയായിരുന്നു. ഫലം കാത്തുള്ള ദിവസങ്ങളിൽ 5 കിലോയോളം ഉരുകിയിറങ്ങി. പക്ഷേ അതുകൊണ്ട് നിർക്കിത്തിയില്ല, കാർഡിയോ–വെയിറ്റ് എക്സർസൈസുകളുടെ പാഠങ്ങളുമായി ട്രെയിനർ മനു കൂടി എത്തിയതോടെ തടിയെ കടിഞ്ഞാണിടാനായി. മാസങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ് തോറ്റുതുന്നം പാടിയ തടി ആ മാന്ത്രിക സംഖ്യ ശരീരത്തിൽ കാട്ടിയത്. 110 കിലോയിൽ നിന്നും 80 കിലോയിലെത്തി ഞാൻ. വെറും ഭാരം കുറയ്ക്കുക മാത്രമല്ല. ശരീരം നല്ല രീതിയിൽ ഷേപ്പ് ചെയ്തെടുത്തു. ശരിക്കും പറഞ്ഞാൽ കരിവീട്ടി കടഞ്ഞെടുത്ത പോലെ എന്റെ ബോഡിയെ മനു ഫിറ്റും സൗന്ദര്യമുള്ളതുമാക്കി. ആത്മവിശ്വാസത്തോടെ ജിമ്മിന്റെ പടവുകളിറങ്ങും മുന്നേ മനു ഒരു സ്വപ്നം കൂടി എന്റെ മനസിലേക്കിട്ടു. ഇത്രയും ബോഡി ഫിറ്റാക്കി വയ്ക്കുന്ന എനിക്ക് എന്തു കൊണ്ട് മിസ്റ്റര്‍ കേരള മത്സരത്തിൽ പങ്കെടുത്തു കൂടാ എന്ന ഒറ്റ ചോദ്യം. അതിൽ ഞാൻ വീണു പോയി.

ആ ചോദ്യം തമാശയായിരുന്നില്ല. മനു ചെറിയ പുള്ളിയുമായിരുന്നില്ല. മിസ്റ്റർ കേരള-എൻപിസി’ മത്സരത്തിൽ വെങ്കല മെഡൽ ജേതാവാണ് മനു. നിരവധി പേരെ ബോഡി ബിൽഡിങ് പരിശീലിപ്പിച്ചു വിജയിപ്പിച്ച ട്രെയിനർ. കോഴിക്കോടുകാരൻ കെ.ടി.റാഷിദിന് കായംകുളത്തിരുന്ന് വാട്ട്സാപ്പിലൂടെ പരിശീലനം നൽകി, മിസ്റ്റർ ഇന്ത്യമത്സരത്തിനു യോഗ്യത നേടിക്കൊടുത്തത് മനുവാണ്. ഒട്ടേറെപ്പേർക്ക് ഓണ്‍ലൈനിലൂടെ ഇന്നും ട്രെയിനിങ് നൽകുന്നു.

ഇത്രയും സാധിച്ച എനിക്ക് എനിക്ക് ആ ലക്ഷ്യവും സാധിക്കുമെന്ന ഉൾവിളി മനുവിന്റെ വിളികേൾക്കാൻ എന്നെ പ്രേരിപ്പിച്ചു. പക്ഷേ കേട്ടു നിന്ന ചിലർക്ക് അത് പരിഹാസമായിരുന്നു. എന്നെക്കൊണ്ട് ഈ കാലും വച്ച് അതിനൊന്നും പറ്റില്ലെന്ന പരിഹാസം. മിസ്റ്റർ കേരളയിൽ അംഗപരിമിതർക്ക് പ്രത്യേകം കാറ്റഗറി ഇല്ലാ എന്നറിയാതെയാണ് അവർ അതു പറഞ്ഞത്. പക്ഷേ എങ്കിലും ആ കമന്റ് കേട്ടപ്പോൾ വല്ലാതെ മനസു നൊന്തു. ആ നിമിഷം തീരുമാനിച്ചു. മിസ്റ്റർ കേരളയുടെ മെഡൽ എന്റെ കഴുത്തിലും വീഴും, നോക്കിക്കോ...

akhil-2

മിസ്റ്റർ ‘കോൺഫിഡന്റ്’

അന്നു വരെയില്ലാത്ത കടുത്ത പരീശീലനത്തിന്റെ നാളുകളായിരുന്നു പിന്നീട്. ശരീരം ഫിറ്റാക്കി തന്നെ നിലനിർത്തി. ഒരു ഘട്ടത്തിൽ പോലും ഡയറ്റിൽ വിട്ടു വീഴ്ച ചെയ്തില്ല. ഫയൽവാൻമാർ ബോഡിയൊക്കെ വിരിച്ച് ഞെളിഞ്ഞു നിൽക്കുന്ന പോലൊക്കെ നിൽക്കാൻ എനിക്ക് ആദ്യമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു. ഒരു പൊസിഷനിൽ ഈ വയ്യാത്ത കാലും വച്ച് ഏറെ നേരം സ്ട്രെച്ച് ചെയ്ത് നിൽക്കുന്നതെങ്ങനെയാ? പക്ഷേ കടുത്ത പരിശീലനത്തിലൂടെ ആ ബുദ്ധിമുട്ടിനെ അതിജീവിച്ചു. ആദ്യപടിയായ മിസ്റ്റർ ആലപ്പി ടൈറ്റിലിൽ എത്തുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. പക്ഷേ എന്റെ കഠിനാദ്ധ്വാനം വെറുതെയായില്ല. ടൈറ്റിൽ വിൻ ചെയ്ത് ആദ്യ വരവറിയിച്ചു. രണ്ട് മാസത്തിനു ശേഷമുള്ള മിസ്റ്റർ കേരള മത്സരത്തിനുള്ള തയ്യാറെടുപ്പായി പിന്നീട്. ശരീരവവും ഭാരവും ആരോഗ്യത്തോടെ നിലനിർത്തി. ചിക്കനും മുട്ടയുടെ വെള്ളയും മാത്രമായിരുന്നു ഡയറ്റ്. പ്രോട്ടീൻ കണ്ടന്റില്ലാത്ത ഭക്ഷണത്തിലേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. കൂടാതെ നിർത്താതെയുള്ള പരിശീലനവും. അങ്ങനെ കാത്തിരുന്ന ദിനമെത്തി... ഓഗസ്റ്റ് 14ന് ഞാൻ കാത്തിരുന്ന മിസ്റ്റർ കേരള ടൈറ്റിൽ വിന്നറിനായുള്ള മത്സരം.

akhil-1

ടെൻഷനെന്തെന്നാൽ പാലായിൽ നടന്ന മത്സരം കാണാൻ എന്റെ അച്ഛനും അമ്മയും ഫ്രണ്ട്സുമൊക്കെ എത്തി. അവരുടെ മുന്നിൽ ജയിക്കാന്‍ കഴിയുമോ എന്നതായിരുന്നു എന്റെ പേടി. പക്ഷേ തോറ്റുപോകാൻ തയ്യാറല്ലാത്ത മനസ് എന്നെ മുന്നോട്ടു നയിച്ചു. ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ നിന്ന് ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു. ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ ടൈറ്റിൽ വിന്നറായി എന്റെ പേര് പറയുമ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. ആ സന്തോഷമാണ് ദേ എന്റെ കഴുത്തിൽ തിളങ്ങി കിടക്കുന്നത്. പരിഹസിച്ചവരോടും പുച്ഛിച്ചവരോടും എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്നെപ്പലെയുള്ളവർക്ക് ഇതൊക്കെ വലിയ കാര്യമാണ്. ഞങ്ങളുടെ വേദനകളെ മറക്കാനുള്ള മരുന്നാണ്. സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്. സൗത്ത് ഇന്ത്യ തലത്തിൽ പോയി മാറ്റുരയ്ക്കുന്ന നാളിനായുള്ള കാത്തിരിപ്പിലാണ് ഞാൻ. അന്നും വിജയത്തിൽ കുറഞ്ഞൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. പരിഹസിച്ചവർ അന്നും ഇവിടെയൊക്കെയുണ്ടാകും– ആത്മവിശ്വാസത്തോടെ അഖിലിന്റെ വാക്കുകൾ.