Monday 05 September 2022 11:38 AM IST

‘മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുമ്പോൾ സ്വന്തംകാര്യം മറന്നു പോകരുത് പെണ്ണുങ്ങളേ’: ഇന്ത്യയുടെ ബർഗർ ക്വീൻ പറയുന്നു

Shyama

Sub Editor

burger-queen

ലോകമാകെയുള്ള ഭക്ഷണപ്രിയരുടെ രുചിമുകുളങ്ങളെ ഒരു ബർഗർ കൊണ്ട് കണ്ണടച്ച് ‘ആഹാ’ എന്ന് പറയിപ്പിച്ച ബ്രാൻഡ്. 1953 മുതൽ ആ പേര് ബർഗർ കിങ്ങിന് സ്വന്തം. ഇന്ത്യ യിലെ ആ ശൃംഖലയുടെ തലപ്പത്തുള്ളതോ? ഒരു മലയാളി പെൺബുദ്ധി. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരി സിസിലി തോമസ്. ബർഗർ കിങ് ഇന്ത്യയുടെ പ്രസിഡന്റ്. ഫാഷൻ ഡിസൈനിങ് രംഗത്ത് വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കെ തന്നെയാണ് അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഭക്ഷണവ്യവസായത്തിലേക്ക് സിസിലി കടന്നത്. ‘‘ബർഗർ കിങ്, ഇന്ത്യയിൽ ആദ്യമായി വന്ന സമയത്ത് എടുത്ത ജോലിക്കാരിൽ ഒരാളാണ് ഞാനും. 2014 തൊട്ട് തുടങ്ങിയതാണ് ബർഗറിനൊപ്പമുള്ള ഈ യാത്ര. റസ്റ്ററന്റ് ബ്രാൻഡ്സ് ഏഷ്യ ലിമിറ്റഡ് (ആർബിഎ) എന്ന് പ്രധാന കമ്പനിക്ക് കീഴിൽ വരുന്ന സ്ഥാപനമാണ് ബർഗർ കിങ്. ആര്‍ബിഎയുടെ സിഇഒ രാജ് വിക്രമനും ഞാനും ചേർന്നാണ് ഇന്നത്തെ നിലയിലേക്ക് വളർത്തിയതെന്ന് പറയാം.

തുടക്കത്തിൽ വളരെയധികം വെല്ലുവിളികളുണ്ടായിരുന്നു. അതിലൊരു പ്രധാന ഘടകം ഇന്ത്യയുടെ രുചിവൈവിധ്യം തന്നെയാണ്. ലോകം മുഴുക്കെ ബർഗർ കിങ്ങിന് ഒരു തരം അടുക്കള മാത്രമേയുള്ളൂ... ഇന്ത്യയിൽ വന്നപ്പോൾ വെജ്–നോൺ വെജ് എന്നിങ്ങനെ രണ്ടെണ്ണമായി.

സംശയങ്ങൾക്ക് വിജയത്തിന്റെ മറുപടി

ആദ്യകാലത്ത് മിക്കവർക്കും സംശയമായിരുന്നു. ഇന്നാട്ടിൽ തുടങ്ങുന്ന പുതിയ ബ്രാൻഡ്. എല്ലാത്തിനും മുൻകയ്യെടുക്കുന്നതൊരു സ്ത്രീ. അങ്ങനെ പലതും. പക്ഷേ, പടിപടിയായി വിജയം തേടിയെത്തിയതോടെ സംശയങ്ങൾ മാഞ്ഞു. ഞാൻ ആദ്യം ജോലി ചെയ്തിരുന്നത് ബ്രാൻഡ് സ്റ്റാൻഡേഡ്സ് വിഭാഗത്തിലായിരുന്നു. കമ്പനിയുടെ തുടക്കം മുതൽ ഒപ്പമുള്ളതുകൊണ്ട് വൈകാരികമായ അടുപ്പമുണ്ട്. തസ്തികകൾ പലതും മാറി മാറി കൈകാര്യം ചെയ്താണ് നിലവിലെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ബർഗർ കിങ്ങിൽ ആദ്യം വരുമ്പോൾ ബർഗർ ഒരു സ്നാക് അല്ല അതൊരു കംപ്ലീറ്റ് മീൽ ആണെന്ന് ആളുകളെ മനസ്സിലാക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വലിയ ബർഗറുകളുണ്ട്.

ഇതിനു മുൻപ് ഫാഷൻ മേഖലയിലാണ് ജോലി ചെയ്തത്. റിലയൻസ് ബ്രാൻഡിനൊപ്പം. അവിടെയും തുടക്കത്തിലെ പത്ത് പേരിൽ ഒരാളായിരുന്നു. പല വിഭാഗക്കാർക്കായുള്ള വസ്ത്ര ബ്രാൻഡ് രൂപകൽപന ചെയ്തു. അക്കാലത്ത് ഹാംലെയ് എന്ന കളിപ്പാട്ട നിർമാതാക്കളുമായും റിലയൻസിനെ കൂട്ടിയിണക്കി ജോലി ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ അക്കാലത്തെ ഒട്ടുമിക്ക കുട്ടികളെയും പോലെ ഞാനും ബോർഡിങ് സ്കൂളിലാണ് പഠിച്ചത്. തമിഴ്നാട്ടിലെ യേർക്കാടുള്ള സേക്രഡ് ഹാർട്ട്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ബിരുദം ബെംഗളൂരു ജെ എൻസിയിൽ. ബെംഗളൂരുവിൽ നിന്ന് എംബിഎയും ചെയ്തു. ഇൻഷുറൻസ് മേഖലയിലാണ് കരിയർ തുടങ്ങിയത്. പിന്നീട് കുറച്ച് നാൾ ഫൈൻ ആർട് സെക്ടറിൽ. അതിനു ശേഷം ഫാഷൻ. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ഭക്ഷ്യവിഭവങ്ങളിലേക്കുള്ള കടന്നുവരവ്.

പൂർണരൂപം വനിത ഓഗസ്റ്റ് അവസാന ലക്കത്തിൽ വായിക്കാം

ശ്യാമ