Tuesday 27 September 2022 04:43 PM IST

അച്ഛൻ മരിച്ച് മൂന്നാം ദിവസം ജപ്തി നോട്ടീസെത്തി, ആരും കാണാതെ കരഞ്ഞ നാളുകൾ: പെയിന്റിങ്ങിനിറങ്ങി ചൈത്ര

Chaithra Lakshmi

Sub Editor

chaithra

ഈ ജോലി പെൺകുട്ടികൾക്ക് പറ്റിയതാണോ? കുടുംബത്തിന് താങ്ങാകാനും സ്വന്തം കാലി ൽ നിൽക്കാനും പഠനത്തിനൊപ്പം ജോലിചെയ്യാൻ തീരുമാനിച്ച ഈ പെൺകുട്ടിയും കേൾക്കേണ്ടി വന്ന ചോദ്യമാണിത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തും അധ്വാനിക്കാനുമുള്ള മനസ്സും കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായ മിടുക്കി. കെ. ആർ. ചൈത്ര മോൾ, പറയുന്നു തന്റെ ജീവിതകഥ...

‘സഹോദരങ്ങളെ പഠിപ്പിക്കണം’ –കെ. ആർ. ചൈത്ര മോൾ

രണ്ട് മൂന്ന് ദിവസം വെയിലത്ത് േജാലി ചെയ്തത് കൊണ്ടാകാം ശരീരം മുഴുവൻ ചൂടുകുരു നിറ ഞ്ഞു. അതെല്ലാം പൊട്ടി വെള്ളം വരാൻ തുടങ്ങി. പിറ്റേന്ന് അതുംവച്ചാണ് പെയിന്റിങ് പണിക്ക് പോയത്. പണിക്കിടെ പൊടിയെല്ലാം ചൂടുകുരുവിന് മുകളിലേക്ക് വീഴുമ്പോൾ നീറും. തിരികെ വരുന്ന വഴിയിൽ ആരും കാണാതെ ഒരിടത്തിരുന്ന് കരഞ്ഞു. അച്ഛൻ മരിച്ചത് കൊണ്ടല്ലേ എനിക്ക് ഈ അവസ്ഥ വന്നതെന്നോർത്തു.

ആരുടെയും മുന്നിൽ കരയുന്നത് എനിക്ക് ഇഷ്ടമില്ല. അതുകൊണ്ട് ചിരിക്കുന്ന മുഖവുമായാണ് അന്നും ഞാൻ വീട്ടിലെത്തിയത്. ആ ദിവസം മാത്രമേ ഞാൻ കരഞ്ഞുള്ളൂ. ഇപ്പോൾ ഏഴ് മാസമായി പെയിന്റിങ് ജോലി ചെയ്യുന്നു. കെ.ആർ. ചൈത്ര മോളുടെ മുഖത്ത് തിളങ്ങുന്ന പുഞ്ചിരി. ആലപ്പുഴ കാട്ടൂർ കറുത്ത കണ്ടംപറമ്പിൽ രാമചന്ദ്രന്റെ അപ്രതീക്ഷിത മരണമാണ് മകൾ ചൈത്രയുടെ ജീവിതം മാറ്റി മറിച്ചത്.

പൊലീസ് യൂണിഫോമാണ് സ്വപ്നം

‘‘പനമ്പും പലകയും കൊണ്ട് തീർത്ത ഷെഡ്ഡിലാണ് ഞ ങ്ങൾ താമസിച്ചിരുന്നത്. അടുത്ത് തോടുള്ളത് െകാണ്ട് മഴ പെയ്താൽ വീടിനുള്ളിൽ മുട്ടൊപ്പം വെള്ളം കയറും. മൂന്നു വർഷം മുൻപ് സ്വർണം വിറ്റും വായ്പയെടുത്തുമാണ് ഞങ്ങൾ വീട് വച്ചത്. കഴിഞ്ഞ വർഷം തിരുവോണത്തിന്റെ പിറ്റേന്നാണ് മത്സ്യത്തൊഴിലാളിയായ അച്ഛൻ മരിച്ചത്. മൂന്നാം ദിവസം ബാങ്കിൽ നിന്ന് വീട് ജപ്തി ചെയ്യാനുള്ള നോട്ടീസെത്തി. ഒരുവിധത്തിൽ കടം വാങ്ങി തുക അടച്ച് ജപ്തി ഒഴിവാക്കി.

ആ സമയത്ത് ഒരു ലോട്ടറി കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന എനിക്ക് കിട്ടുന്ന കുറഞ്ഞ ശമ്പളവും അമ്മ യമുന തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛമായ തുകയും ഒന്നിനും തികഞ്ഞിരുന്നില്ല. ഇളയ സഹോദരങ്ങ ളുടെ പഠനം. കടം, ലോൺ, ടൂവീലറിന്റെ സിസി... മുന്നോട്ട് ഇരുൾ മാത്രമെന്നു തോന്നിയ ദിവസങ്ങൾ.

അച്ഛന്റെ സുഹൃത്തുക്കളോട് മത്സ്യബന്ധനത്തിന് കൊണ്ടു പോകുമോയെന്ന് ചോദിച്ചു. സ്ത്രീകളെയും കൊണ്ട് രണ്ട് മൂന്ന് ദിവസം ബോട്ടിൽ യാത്ര ചെയ്യാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ആ സമയത്താണ് പെയിന്റിങ് ജോലി െചയ്യുന്ന റെഞ്ചി എന്ന സുഹൃത്തിനോട് ജോലി കിട്ടാത്ത അവസ്ഥയെക്കുറിച്ച് പറഞ്ഞത്. ‘ഞങ്ങളുടെ കൂടെ പണിക്ക് പോരൂ’ എന്നായിരുന്നു അവന്റെ മറുപടി. അവൻ തമാ ശ പറഞ്ഞതാണെങ്കിലും ഞാനത് കാര്യമായെടുത്തു.

അങ്ങനെയാണ് റെഞ്ചിയുടെ സഹോദരിയുടെ ഭർത്താവായ ഷോണിയെ വിളിക്കുന്നത്. പെൺകുട്ടിയെ ജോലിക്കെടുക്കാൻ അദ്ദേഹത്തിന് മടിയായിരുന്നു. എന്നെ അറിയാവുന്ന അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പിന്തുണ നൽകിയത് കൊണ്ടും എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടും ഒടുവിൽ ആശാൻ എന്നെ േജാലിക്കെടുത്തു.

കയർ മാറ്റിൽ ടെൻസ്‌ലിങ് പെയിന്റിങ് േജാലിക്ക് പോകുകയാണെന്നാണ് വീട്ടിൽ പറഞ്ഞത്. ഒരു മാസം കഴിഞ്ഞ് വീട് പെയിന്റ് ചെയ്യാനാണ് പോകുന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായി. ഹിസ്റ്ററിയിൽ ബിരുദവും പിജിഡിസിഎയും നേടിയെങ്കിലും ഈ യോഗ്യത കൊണ്ട് നല്ല വരുമാനമുളള േജാലി കിട്ടില്ല. കഷ്ടപ്പാടാണെങ്കിലും പെയിന്റിങ് ജോലി അത്യാവശ്യം വരുമാനം നൽകും.

കടം വീട്ടണം, ബിരുദം നേടിയ അനിയത്തി ചിത്രയ്ക്ക് നഴ്സിങ്ങിന് പോകണമെന്നുണ്ട്. അനിയൻ ചന്തു പോളിടെക്നിക് വിദ്യാർഥിയാണ്. ആൺകുട്ടിയായ താനാണ് ജോലിക്ക് പോകേണ്ടതെന്നാണ് ചന്തു പറയാറ്. ഞാനത് സമ്മതിച്ചില്ല. അവരെ രണ്ടുപേരെയും പഠിപ്പിക്കണം. ജോ ലി കഴിഞ്ഞ് തിരികെയെത്തിയാൽ രാത്രി ഏഴ് മണിക്ക് പിഎസ്‌സി ക്ലാസിന് പോകും. പത്തരയാകും തിരിച്ചെത്തുമ്പോൾ. പൊലീസ് ഉദ്യോഗസ്ഥയാകണമെന്നാണ് എന്റെ മോഹം. പൊലീസ് യൂണിഫോം അണിഞ്ഞ ശേഷം സിവിൽ സർവീസ് എഴുതണമെന്നുമുണ്ട്. കൂടെ ജോലി ചെയ്യുന്ന ആളുടെ സഹോദരന്റെ സുഹൃത്താണ് ഞാൻ പെയ്ന്റിങ് ചെയ്യുന്ന വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അത് വൈറലായി. അതുകഴിഞ്ഞ് തുണിക്കടയിൽ ചെന്നപ്പോൾ ചേച്ചിമാർ വന്നു കെട്ടിപ്പിടിച്ചു. ജീവിതത്തിൽ ഒന്നുമില്ലെന്ന് കരുതിയിരുന്ന കുറേ ചേച്ചിമാർ ഞാൻ അവർക്ക് പ്രചോദനമായെന്ന് പറഞ്ഞു. ഒരാളുടെ ജീവിതത്തിലെങ്കിലും ഞാൻ കാരണം എന്തെങ്കിലും വ്യത്യാസമുണ്ടായാൽ വലിയ കാര്യമല്ലേ.’’