Thursday 22 September 2022 04:31 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മൂന്ന് പെൺകുട്ടികളുണ്ട്, അവർ വഴിയാധാരമാകും... കെഞ്ചി അച്ഛൻ’: അഭിരാമിയിൽ കണ്ടത് എന്നെ: കുറിപ്പ്

abhirami-deepa-devi

വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ അഭിരാമി നാടിനും വീടിനും വേദനയാകുകയാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും പാതിവഴിക്കാക്കി അഭിരാമി മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോൾ ആ വേദനയുൾക്കൊണ്ട് വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ദീപ ദേവി. അഭിരാമിയെ കണ്ടപ്പോൾ അന്നത്തെ ആ പതിമൂന്ന് വയസ്സുകാരിയെ ഞാൻ വെറുതെ ഓർത്തു പോയെന്നും ദീപ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വർഷങ്ങൾക്ക് മുമ്പ് എന്റെ പതിമൂന്നാം വയസ്സിൽ വീട്ടിൽ ജപ്തി നോട്ടീസ് പതിക്കാൻ ബാങ്കുകാർ വരുമ്പോൾ, ആത്മഹത്യ ചെയ്തെങ്കിലും ഈ വൃത്തികെട്ട സമൂഹത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് താൻ പ്രതിജ്ഞയെടുത്ത ഒരു ദിവസമുണ്ടായിരുന്നുവെന്ന് ദീപ കുറിക്കുന്നു,

വർഷങ്ങൾക്ക് മുമ്പ് എന്റെ പതിമൂന്നാം വയസ്സിൽ വീട്ടിൽ ജപ്തി നോട്ടീസ് പതിക്കാൻ ബാങ്കുകാർ വരുമ്പോൾ നാട്ടുകാർ അത് നോക്കി നിൽക്കുമ്പോൾ ആത്മഹത്യ ചെയ്തെങ്കിലും ഈ വൃത്തികെട്ട സമൂഹത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് ഞാൻ പ്രതിജ്ഞയെടുത്ത ഒരു ദിവസമുണ്ടായിരുന്നു. അഭിരാമിയെപ്പോലെ ... അന്ന് അഞ്ചാം ക്ലാസ് മുതൽ എല്ലാ വർഷവും school first ആണ്. മൂന്ന് രൂപ ഫീസ് കൊടുക്കാൻ പോലും വീട്ടുകാർ തരാതിരുന്നപ്പോൾ അത് അടച്ചത് വരദേശ്വരി ടീച്ചർ ആയിരുന്നു. Varadeswari K എല്ലാ കുട്ടികളും ട്യൂഷന് പോകുമ്പോൾ കച്ചവടം നഷ്ടത്തിലായി തെക്ക് വടക്ക് നടന്നിരുന്ന അച്ഛന് വിഷമമാകുമെന്ന് കരുതി ഞാൻ പ്രയാസമുള്ള വിഷയത്തിന് പോലും ട്യൂഷൻ വേണമെന്ന് പറഞ്ഞിരുന്നില്ല. മിക്ക വിഷയങ്ങൾക്കും full mark.

ഒന്നോ രണ്ടോ മാർക്ക് കുറഞ്ഞാൽ പിന്നെ നിരാശയും സങ്കടവുമായിരുന്നു. എല്ലാ കുട്ടികളും ലേബർ ഇന്ത്യ വാങ്ങിച്ചപ്പോൾ എനിക്ക് അത് വാങ്ങാനും പണമില്ലായിരുന്നു. പക്ഷേ വരദേശ്വരി ടീച്ചർ അതും വാങ്ങിത്തന്നു. അങ്ങനെ വളരെ കഷ്ടപ്പെട്ട് മുന്നോട്ട് പോകുമ്പോഴാണ് ഒരു പതിനായിരം രൂപയുടെ ലോൺ മുടങ്ങിയതിന് വീട്ടിൽ ജപ്തി നോട്ടീസ് വന്നത്. അതും പിടിച്ച് തകർന്നിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാൻ ഇന്നും ഓർക്കുന്നുണ്ട്. അച്ഛൻ അന്ന് തന്നെ പോയി ബാങ്ക് മാനേജരുടെ കാല് പിടിച്ചു കരഞ്ഞു. രാത്രി വീട്ടിൽ വന്ന് മക്കൾ ഉറങ്ങിയോ എന്നുറപ്പ് വരുത്തിയ ശേഷം അമ്മയോട് പറയുന്ന സംഭവങ്ങൾ ഉറക്കം നടിച്ച് കിടന്ന ഞാൻ കേട്ടു. മൂത്ത കുട്ടിയായ എനിക്ക് ഉറക്കം വന്നതേയില്ല. അന്നത്തെ ചില സിനിമകളിൽ ചെണ്ടകൊട്ടി നാട്ടുകാരെ അറിയിച്ച് വീട് ജപ്തി ചെയ്യുന്ന ചില സീനുകൾ ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിൽ ചെണ്ടകൊട്ടലിന് നടുവിൽ എന്റെ പ്രിയപ്പെട്ട വീട്ടിൽ ആരൊക്കെയോ കയറി ഞാൻ സൂക്ഷിച്ച എന്റെ പ്രിയപ്പട്ട സാധനങ്ങൾ പുറത്തേക്കെറിയുന്നതും പുസ്തകങ്ങൾ ചവിട്ടി കൂട്ടുന്നതും ഞാൻ സ്വപ്നം കണ്ട് ആശങ്കയോടെ സ്കൂളിൽ പോയി.

സ്കൂൾ വിട്ട് വരുമ്പോൾ വീട്ടിൽ ഈ പറഞ്ഞ സംഭവങ്ങൾ നടന്നു കാണുമോ എന്ന് ഓരോ ദിവസവും പേടിച്ചു. എന്നാലും ഒരു മാർക്കിന് പോലും ആരുടെയും മുന്നിൽ പരാജയപ്പെടരുതെന്ന നിർബന്ധ ബുദ്ധി എനിക്കുണ്ടായിരുന്നു. ബന്ധുക്കൾ ആരും തന്നെ ഞങ്ങളുടെ സമീപത്തേക്ക് പോലും വന്നില്ല. അച്ഛൻ കയറിച്ചെല്ലുമ്പോൾ അവിടെ വീട്ടുകാരൻ ഇല്ലെന്ന് വീട്ടിലെ സ്ത്രീകൾ നുണ പറഞ്ഞു. അത് കേൾക്കുമ്പോഴേ അച്ഛന് കാര്യം മനസ്സിലാവുന്നതു കൊണ്ട് വേഗം തിരിച്ചു വരും. ഞങ്ങളെ കാണുന്നിടത്തൊക്കെ വെച്ച് ബന്ധുക്കൾ കളിയാക്കി. കാരണം ഞാൻ അന്നും വലിയ സ്റ്റൈലിലാണ് നടന്നിരുന്നത്. വീട്ടിൽ ഇല്ലാത്തത് നാട്ടുകാർ അറിയരുതെന്ന അച്ഛന്റെ അഭിമാനം മകൾക്കും കിട്ടിയിരുന്നു. ആരുടെ മുന്നിലും തലകുനിക്കരുതെന്ന് അച്ഛൻ ഇടയ്ക്കിടെ മകളെ ഉപദേശിക്കും. ഒരു പക്ഷേ ആ ഉപദേശങ്ങളാണ് എന്നെ പതിമൂന്നാം വയസ്സിലെ ആത്മഹത്യയിൽ നിന്നും തിരികെ വിളിച്ചത്. അച്ഛൻ ഏതോ സുഹൃത്തിനോട് പണം കടം വാങ്ങി കുറച്ച് പൈസ ബാങ്കിലടച്ച് മാനേജരുടെ കാല് പിടിച്ച് കരഞ്ഞു. ""എനിക്ക് മൂന്ന് പെൺകുട്ടികളുണ്ട്. അവർ വഴിയാധാരമാവും. വീട് വിറ്റാണെങ്കിലും പണം തിരിച്ചടച്ചോളാം. സാവകാശം തരണം"...

അച്ഛന്റെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ഉള്ള പണം വാങ്ങി വെച്ച് ആറ് മാസത്തിനകം പണം തിരിച്ചടയ്ക്കാനുള്ള സാവകാശം നൽകി. പിന്നെ ആറ് മാസം കഴിഞ്ഞിട്ടും വീട് വിൽക്കാൻ കഴിഞ്ഞില്ല. പഴയ തറവാട് മോഡൽ വീടിനോട് ചേർന്ന് കുളവും ഉണ്ടായിരുന്നു. അച്ഛച്ഛൻ പണി കഴിപ്പിച്ച അച്ഛൻ ജനിച്ചു വളർന്ന തറവാട് വീടിന് ജപ്തി നോട്ടീസ് കിട്ടിയതറിഞ്ഞ് നാട്ടുകാരിൽ ചിലർ കളിയാക്കി ചിരിച്ചു. ചിലർ വീട് വാങ്ങാൻ വരുന്നവരെ തിരിച്ചയച്ചു. ബാങ്കിൽ നിന്നും വീണ്ടും നോട്ടീസ് വന്നു. ഒടുവിൽ പതിനായിരം രൂപയ്ക്ക് പകരം മുപ്പതിനായിരത്തിലധികം രൂപ അടയ്ക്കാൻ അച്ഛൻ വീട് പണയത്തിന് (ഒറ്റിയ്ക്ക്) കൊടുത്തു. ഒരു വർഷത്തിന് ശേഷം കിട്ടിയ വിലയ്ക്ക് ആ വീട് വിറ്റു.

എന്റെ പ്രിയപ്പെട്ട വീട് പതിനാലാം വയസ്സിൽ മറ്റാരുടെതോ ആയി. ഞങ്ങൾ സ്ഥിരം വാടകക്കാരായി....

ഇപ്പോൾ ആ വീട് തിരിച്ചു പിടിച്ചില്ലെങ്കിലും ബാക്കിയെല്ലാം സ്വന്തമായി. വീടും സ്ഥലവും ഇഷ്ടം പോലെ. അന്ന് അച്ഛൻ കാണിച്ച മനോധൈര്യം അതിന് അമ്മ കൊടുത്ത പിന്തുണ അതൊക്കെയാണ് ഇന്നത്തെ എന്നിലേക്ക് പടരുന്ന ശക്തികൾ.

അഭിരാമിയെ കണ്ടപ്പോൾ അന്നത്തെ ആ പതിമൂന്ന് വയസ്സുകാരിയെ ഞാൻ വെറുതെ ഓർത്തു പോയി.????

വാർത്തകൾ ശരിയാണെങ്കിൽ അതൊരു വല്ലാത്ത അവസ്ഥയാണ്. പിടിച്ചു നിൽക്കാൻ വലിയ മനശക്തി തന്നെ വേണം.

അഭിരാമി നിന്റെ വേദന മനസ്സിലാക്കുന്നു. എന്നാലും വേണ്ടായിരുന്നു മോളേ...