Wednesday 30 March 2022 04:20 PM IST

തന്ത്രികുമാരൻ–യക്ഷി പ്രണയം മൊട്ടിട്ടത് എട്ടാം ക്ലാസിൽ: ‘നീലി’ പ്രേമിച്ചത് മുറച്ചെറുക്കനെ: ആ വൈറൽ കഥ

Binsha Muhammed

horror-wedding-story

‘പാലപ്പൂ മണമൊഴുന്ന രാപ്പാത. കൂമനും കുറുനരിയും ഇരതേടിയിറങ്ങുന്ന കൊടുങ്കാട്. അവിടുത്തെ ഇലയനക്കങ്ങളിൽ പോലും ഭയം ഒളിഞ്ഞിരിപ്പുണ്ട്. ആ ഒറ്റയടിപ്പാതയിൽ അവന്റെ വരവും കാത്ത് അവളുണ്ടായിരുന്നു. അഞ്ജനമെഴുതിയ മിഴികളും ആരെയും മയക്കുന്ന വശ്യമായ ചിരിയുമായി നീലി!’

കേട്ടു പഴകിയ കഥയിലെ കുമാരൻമാരോട് ഇരുളിൽ മറഞ്ഞിരുന്ന്, അന്ന് നീലി ചോദിച്ചത് ചുണ്ണാമ്പാണത്രേ. പക്ഷേ ഇക്കഥയിലെ ന്യൂജനറേഷൻ നീലി നമ്മുടെ തന്ത്രി കുമാരനോട് ചോദിച്ചതാകട്ടെ അനുരാഗവും. കഴുത്തിലെ ചോരയൂറ്റി കുടിച്ച് കഥയവസാനിപ്പിച്ച അന്നത്തെ നീലിക്കു പകരം, ഇവിടെ തന്ത്രി കുമാരനൊപ്പം പുതിയൊരു ജീവിതം തുടങ്ങി അഭിനവ നീലി.

കരയിലും വെള്ളത്തിലും ഒരുപോലെ സേവ് ദി ഡേറ്റ് പരീക്ഷിച്ച ന്യൂജൻ പിള്ളേർ ഇക്കുറി എത്തി നിൽക്കുന്നത് ഒരു യക്ഷിക്കഥയിലാണ്. അമ്പരക്കേണ്ട ഇവിടെ യക്ഷി കല്യാണപ്പെണ്ണാണ്. ചെക്കൻ സാക്ഷാൽ തന്ത്രികുമാരൻ. ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് സേവ് ദി ഡേറ്റിൽ അൽപം ഹൊറർ മിക്സ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്.

മുണ്ടക്കയം സ്വദേശികളായ അർച്ചന–അഖിൽ എന്നിവരുടെ കല്യാണക്കുറിമാനമാണ് പേടിയും പ്രണയവും നിറയുന്ന വെറൈറ്റി സംഭവമായി മാറിയത്. മുത്തശ്ശിക്കഥകളിലൂടെ സുപരിചിതയായ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് വധുവരന്മാർ എത്തിയത്. ആ കഥയിൽ അൽപം ‘ദുരൂഹതയും ’ഭയവും കൂടി ഇഴചേർന്നതോടെ സംഗതി ഉഷാർ. പരീക്ഷണം കൊണ്ടും പ്രമേയം കൊണ്ടും ഈ ‘കല്യാണം’ ശ്രദ്ധ നേടുമ്പോൾ ആ വൈറൽ യക്ഷിയെ കണ്ടെത്തിയിരിക്കുകയാണ് വനിത ഓൺലൈൻ. കാടും മന്ത്രവാദക്കളവും ഇടിഞ്ഞുപൊളിയാറായ കോവിലകവും പശ്ചാത്തലമായ വൈറൽ കല്യാണം വിളിയുടെ കഥ അർച്ചന പറയുന്നു...

പോരുന്നോ... യക്ഷിയാകാൻ

12 കൊല്ലം നീണ്ടു നിൽക്കുന്ന വിപ്ലവ പ്രണയം. കൃത്യമായി പറഞ്ഞാൽ എട്ടാം ക്ലാസിൽ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയകഥ. മുറച്ചെറുക്കനെ കെട്ടുന്നതിൽ ആദ്യം കുടുംബക്കാർക്കിടയിൽ ഇത്തിരി എതിർപ്പൊക്കേ ഉണ്ടായിരുന്നു കേട്ടോ... ഒടുവിൽ വീട്ടുകാർ പച്ചക്കൊടി കാട്ടി കല്യാണത്തിലെത്തിയതാണ്. ആ കല്യാണം ഇത്തിരി വെറൈറ്റി ആക്കണമെന്നേ കരുതിയുള്ളൂ. അതിങ്ങനെ വൈറലാകുമെന്ന് ആരു കണ്ടു– അർച്ചന ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ്.

മുണ്ടക്കയമാണ് ഞങ്ങളുടെ സ്വദേശം. അഖിലും ഞാനും കുടുംബക്കാർ. എന്റെ മുറച്ചെറുക്കനാണ് കക്ഷിയെന്ന് ആദ്യമേ പറഞ്ഞല്ലോ. രക്തബന്ധത്തിലുള്ള വിവാഹം കഴിച്ചാൽ ശരിയാകുമോ എന്നൊക്കെ പറഞ്ഞ് ആദ്യം ചെറിയ കശപിശയൊക്കെ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞാണ് എല്ലാവരേയും ഒന്നു സമ്മതിപ്പിച്ചെടുത്തത്.

വിവാഹം ഉറപ്പിച്ചപ്പോൾ ആത്രേയ വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ ജിബിൻ ജോയിയോടു കാര്യം പറഞ്ഞു. സംഭവം കളറാകണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പുള്ളിക്കാരന്റെ തലയിൽ പണ്ടെങ്ങോ മിന്നിയ ഈ ഐഡിയ പങ്കുവച്ചത്. യക്ഷിയും അവളെ പ്രണയിച്ച തന്ത്രി കുമാരനും. പലരോടും പറഞ്ഞെങ്കിലും അവരെല്ലാം നോ പറഞ്ഞത്രേ. പക്ഷേ ഞാനും അഖിലും ആലോചിച്ചപ്പോൾ സംഗതി കൊള്ളാം എന്നു തോന്നി. ഈ കഥയിൽ വേറൊരു യാദൃശ്ചികത കൂടിയുണ്ട്. എന്റെ കണ്ണ് അൽപം നീണ്ടതും വലുതുമാണ്. പണ്ടു മുതലേ കൂട്ടുകാരൊക്കെ നിനക്ക് യക്ഷി കണ്ണാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. ഫൊട്ടോഗ്രഫി ജോലി ഏൽപ്പിക്കുമ്പോൾ തന്നെ ജിബിൻ അതു ശ്രദ്ധിച്ചിരുന്നു. ‘എന്റെ പുട്ടിയിടാത്ത’ ഒരു പടം കൊടുക്കണം എന്നും തമാശയായി പറഞ്ഞു. അതും കൂടി കണ്ട ശേഷമാണ് ജിബിന്റെ കഥയിലെ യക്ഷിയാകാൻ എന്നെ ക്ഷണിക്കുന്നത്.

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തും സമീപ പ്രദേശത്തും വച്ചായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും രംഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിലും കുറേ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഹൊറർ ഫീൽ കിട്ടുന്നതിനു വേണ്ടി കുട്ടിക്കാനത്തെ പഴയ അമ്മച്ചി കൊട്ടാരവും ലൊക്കേഷനായി മനസിൽ കണ്ടിരുന്നു. പക്ഷേ അതിന്റെ നടത്തിപ്പുകാരൻ തമിഴൻ ചേട്ടൻ എന്തു പറഞ്ഞിട്ടും അകത്തേക്കു കയറാൻ സമ്മതിക്കുന്നില്ല. ഒടുവിൽ പുള്ളിയുടെ കാലും പിടിച്ചും ഇത്തിരി കാശൊക്കെ കൊടുത്തുമാണ് അമ്മച്ചി കൊട്ടാരം തരമാക്കിയത്. ഉച്ചയ്ക്കു തുടങ്ങയ ഷൂട്ട് പൂർത്തിയാകുന്നതു വരെയും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അതെങ്ങനെയാ... ഇതെങ്ങനെയെങ്കിലും നടന്നു കിട്ടേണ്ടേ. ശരിക്കും പറഞ്ഞാൽ ഒത്തിരി കഷ്ടപ്പെട്ടു.

വിഡിയോയും ചിത്രങ്ങളും കണ്ട് ഒരുപാട് പേര്‍ നല്ലതു പറഞ്ഞു. വെറൈറ്റി ആയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ കഥയുടെ ഫ്ലാഷ് ബാക്കിനൊടുവിൽ തന്ത്രി കുമാരൻ മരിക്കുന്നതായി കാണിച്ചിട്ടുണ്ട്. വിവാഹം പോലെ ഒരു മംഗളകരമായ സംഗതി ചിത്രീകരിക്കുമ്പോൾ അതിൽ മരണം കൊണ്ടു വരണോ എന്നതായിരുന്നു പലരുടേയും സംശയം. ഇതിനെ ഒരു കൺസപ്റ്റായി കാണണം എന്നതാണ് വിനീതമായ അപേക്ഷേ. വീട്ടുകാരും ആദ്യമൊക്കെ സംഭവം എതിർത്തിരുന്നു. പക്ഷേ വൈറലായതോടെ അവരും ഹാപ്പി. പിന്നെ വിവാഹ ശേഷവും കല്യാണ ചെക്കന്റെ ചോര ‘നീലിയായ’ ഞാൻ ഊറ്റിക്കുടിക്കുമോ എന്ന ചോദ്യം. ഒന്നുകൊണ്ടും പേടിക്കേണ്ട ചെക്കനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. അപ്പോ ഏപ്രിൽ 28നാണ് വിവാഹം. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണേ...– അർച്ചന ചിരിയോടെ പറഞ്ഞു നിർത്തി.

horror-1

ഫൊട്ടോഗ്രാഫർ ജിബിൻ ജോയ് പറയുന്നു

ശരിക്കും അതൊരു ചലഞ്ചായിരുന്നു. ലൊക്കേഷൻ, പ്രോപ്പർട്ടീസ്, ൈടമിങ്. മുന്നിൽ കടമ്പകൾ ഒരുപാടുണ്ടായിരുന്നു. അതെല്ലാം താണ്ടി ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കാനായതിൽ സന്തോഷം. ഏതാനും ട്വിസ്റ്റുകൾ കൂടി ഉൾപ്പെടുത്തിയാണു കഥ വികസിപ്പിച്ചത്. പകൽ സമയത്തായിരുന്നു ചിത്രീകരണം. വിഎഫ്എക്സ് ഉപയോഗിച്ചിട്ടില്ല. ദൃശ്യങ്ങളും ശബ്ദവും മികച്ച രീതിയിൽ സംയോജപ്പിച്ച് ഹൊറർ ഫീൽ കൊണ്ടുവരാനായിരുന്നു ശ്രമം. ഒരു സിനിമ കണ്ടതു പോലെ തോന്നി എന്നതുൾപ്പടെയുള്ള അഭിനന്ദനം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു.

മുത്തശിയായി വേഷമിട്ടിരിക്കുന്നത് ആർട്ടിസ്റ്റു കൂടിയായ മേരിയമ്മയാണ്. കഥ കേൾക്കുന്ന കുട്ടിയുടെ റോളിലെത്തിയത് മിന്നു. ഡബിങ് ആർട്ടിസ്റ്റ് ആയ സൂസൻ ആണ് മുത്തശ്ശിക്ക് ശബ്ദം നൽകിയത് നിതിൻ റോയ് വിഡിയോയും ഗോകുൽ എഡിറ്റിങും ചെയ്തിരിക്കുന്നു.