Thursday 20 October 2022 11:42 AM IST

‘രാശിയില്ല, സമയം നോക്കിയിട്ടാണോ അവിടെ താമസിച്ചത്’: വീട് വില്ലനാകുകയാണോ എന്ന് തോന്നിയ നിമിഷം’: മധുപാൽ

V.G. Nakul

Sub- Editor

madhupal-home-14

പ്രിയപ്പെട്ട ഓരോ വീടിനും പറയാനുണ്ടാകുമൊരു ജീവിതം. ഇവർ പങ്കുവയ്ക്കുന്നു, ഓർമയുടെ തുമ്പത്ത് മായാതെ തിളങ്ങുന്ന വീടിന്റെ കഥ

ഒരു വീടും ശാശ്വതമല്ല– മധുപാൽ

തിരുവനന്തപുരത്തിന്റെ പലഭാഗങ്ങളിലായി 15 വാടകവീടുകളിലായിരുന്നു താമസം. 1990 മുതൽ 2022 തുടക്കം വരെ. ഈ വർഷമാണ് ഞാൻ മണ്ണാമൂലയിലെ സ്വന്തം വീട്ടിലേക്ക് മാറിയത്.

ചിലയിടങ്ങളിൽ ഒരു വർഷമൊക്കെയേ താമസിച്ചിട്ടുള്ളൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്നു തോന്നിയിട്ടുള്ളത് പണ്ഡിറ്റ് കോളനിയിലെ ‘ഉഷസ്സ്’ എന്ന വീടാണ്: ഞങ്ങളുടെ പതിനൊന്നാമത്തെ വാടകയിടം...

അമേരിക്കൻ മലയാളി രവിനാഥ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആ വീട്, അദ്ദേഹത്തിന്റെ ബന്ധുവും എന്റെ ഭാര്യയുടെ സഹപ്രവർത്തകയുമായ ലത നായർ വഴിയാണ് ഞങ്ങളിലേക്കെത്തിയത്. ആദ്യം ഒരു കൂട്ടർ താമസിച്ചു. രണ്ടാമതായാണ് ഞങ്ങൾ എത്തിയത്. അവിടെ താമസിച്ച അഞ്ചു വർഷം എന്നെ സംബന്ധിച്ചു ഒരുപാട് ഉ യർച്ചകളുടേയും താഴ്ചകളുടേതുമാണ്.

നാലാൾ പൊക്കത്തിലുള്ള വലിയ പില്ലറുകളും വിശാലമായ മുറികളുമൊക്കെയായി അമേരിക്കൻ സ്റ്റൈലിലാണ് അതിന്റെ നിർമാണം. മുകളിൽ ഒരു വലിയ ബെഡ്റൂമും ഹാളും. താഴെ അടുക്കളയും ഹാളും മൂന്നു ബെഡ്റൂമും. ഓരോ മുറിയും ഒരു കോർട്ടിന്റെയൊക്കെ വലുപ്പത്തിലാണ്. ജനാലകളും വാതിലുകളുമൊക്കെ അത്തരത്തിലാണ്. എപ്പോഴും കടന്നു വരുന്ന കാറ്റും വെളിച്ചവും.

വലിയ മുറ്റം. ധാരാളം മരങ്ങളും ചെടികളുമൊക്കെയായി ഒരു കാടിന്റെ അനുഭവം. മുറ്റത്ത് ഇരിക്കാൻ പീഠം പോലെ ഒന്നുണ്ട്. ആ വീട്ടിലെ എന്റെ പ്രിയപ്പെട്ട ഇടം.

ഞാൻ സംവിധാനം ചെയ്ത‘തലപ്പാവ്’ സിനിമയുടെ റിലീസിനു മുൻപാണ് ആ വീട്ടിലേക്ക് താമസം മാറുന്നത്. ആ വീട്ടിലെത്തിയ ശേഷം റിലീസ് സംബന്ധിച്ച് ചില പ്രതിസന്ധികളുണ്ടായി. വീടു മാറിയതിന്റെതാണ്, വീടിന് രാശിയില്ല, സമയമൊക്കെ നോക്കിയിട്ടാണോ എന്നൊക്കെയുള്ള ചില ചർച്ചകൾ അപ്പോഴാണുണ്ടായത്. അത്തരം കാര്യങ്ങളൊന്നും ചിന്തിക്കാത്ത ആളാണ് ഞാൻ. പക്ഷേ, അതൊക്കെ താണ്ടി സിനിമ തിയറ്ററിലെത്തി. എനിക്കു സംസ്ഥാന പുരസ്കാരമുൾപ്പടെയുള്ള അംഗീകാരങ്ങൾ ലഭിച്ചു.

എന്റെ കരിയറിലെ വഴിത്തിരിവും ആ വീടാണ്. ആ സന്തോഷം വീടിനോടുള്ള സ്നേഹമായിക്കൂടി പരിണമിക്കുന്നു. ആ വീട്ടില്‍ നിന്നാണ് ‘ഒഴിമുറി’ എന്ന സിനിമയും സംഭവിച്ചത്. അപ്പോഴുമുണ്ടായി നിരവധി പ്രതിസന്ധികൾ. ആ കഥയുടെ ആദ്യ ചർച്ച കഴിഞ്ഞു അർധരാത്രി കനത്ത മഴയത്തു ഞാൻ തിരികെ വീട്ടിലേക്കു വരുമ്പോൾ, റോഡിനു കുറുകേ ഒരു വലിയ തേക്കുമരം മറിഞ്ഞു വീണു.

എനിക്കു മുന്നോട്ടു പോകാനായില്ല. ഒരു വണ്ടി മാത്രം കടന്നു പോകുന്ന ആ വഴിയിൽ ഞാൻ വന്ന അത്രയും അത്രയും ദൂരം റിവേഴ്സിൽ പോയി, ഹോട്ടലിലെത്തി തിരക്കഥാകൃത്ത് ജയമോഹനൊപ്പം കഴിഞ്ഞു.

ആ സിനിമ ചെയ്യാൻ തീരുമാനിച്ച രാത്രിയിൽ വീട്ടിലേക്കു പോലും പോകാൻ പറ്റാത്ത തരത്തിൽ ആ വീടെന്നെ മാറ്റി നിർത്തുകയായിരുന്നു.

വീണ്ടും ഈ വീടൊരു വില്ലനാകുകയാണോ എന്ന സംശയം തോന്നിത്തുടങ്ങി. അവിടെയും തീർന്നില്ല, ഷൂട്ടിങ് തീരുമാനിച്ച്, അഡ്വാൻസ് വരെ കൊടുത്ത ശേഷം പെട്ടെന്നൊരു ദിവസം നിർമാതാവ് വിളിച്ചു പറഞ്ഞു, പിൻമാറുകയാണെന്ന്.

ആ വീട്ടിൽ സിനിമയുടെ ക്രൂവിനൊപ്പമുള്ള ചർച്ചകൾ നടക്കുകയായിരുന്നു അപ്പോഴും. വീണ്ടും കുഴപ്പങ്ങൾ. ആരോടും ഒന്നും പറയേണ്ട, നാളെയാകട്ടേ എല്ലാം വിശദമായി അവരെ പറഞ്ഞു മനസ്സിലാക്കാം എന്നു ഞാനും ഭാര്യയും ചേർന്നു തീരുമാനിച്ചു.

പിറ്റേന്നു രാവിലെ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ നിർമാതാവിന്റെ കോൾ വന്നു, ‘മധുപാല്‍ നമുക്കീ സിനിമ ചെയ്യാം!’

വീണ്ടും വീടൊരു മാജിക്കു കാണിച്ചിരിക്കുന്നു. ആ സിനിമയ്ക്ക് ദേശീയ പുരസ്കാരമുൾപ്പടെയുള്ള അംഗീകാരങ്ങൾ കിട്ടി. 10 വർഷം കഴിഞ്ഞും ഇപ്പോഴും ആ സിനിമയെക്കുറിച്ചു ആളുകൾ സംസാരിക്കുന്നു. അപ്പോഴൊക്കെ ഞാൻ ആ വീടിനെയും ഓർക്കും. ടെൻഷൻ ഉണ്ടാകുമെങ്കിലും ഒടുവിൽ സന്തോഷത്തിന്റെ മാജിക് കാട്ടിത്തന്ന സ്നേഹമുള്ള വീട്.

സന്തോഷമുദിച്ച ഉഷസ്സ്

‘‘ഒരു വീടും ശാശ്വതമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടച്ചിട്ട വീടുകളാണ് കേരളത്തിൽ ഏറ്റവും കൂടുതലുള്ളത്. അച്ഛന്റെ ജോലി സംബന്ധമായി, കുട്ടിക്കാലം മുതൽ പല ദേശങ്ങളിൽ പല വീടുകളില്‍ താമസിച്ചിട്ടുള്ള ആളാണ് ഞാൻ. പല സ്വഭാവമുള്ള വീടുകളായിരുന്നു അവയൊക്കെയും. ശാന്തമായി, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഇടം, അതാണെനിക്കു വീട്.

ഇത്രയും വാടകവീടുകളിൽ മാറി മാറി താമസിച്ചതിനു പിന്നിൽ എന്റെ ഒരു ശീലവും കാരണമായിട്ടുണ്ട്. അതായത്, ഒരേയിടത്ത് കുറച്ചധികം കാലം തുടർച്ചയായി താമസിച്ചാൽ, ഒരു ഘട്ടം കഴിയുമ്പോൾ എനിക്കു തോന്നും, മാറാം. അങ്ങനെ നോക്കുമ്പോൾ ‘ഉഷസ്സി’ല്‍ താമസിച്ച 5 വർഷം ഒരു നീണ്ട കാലമാണ്.’’