Tuesday 12 April 2022 04:55 PM IST

‘ഉമ്മയെ ഖബറടക്കിയത് എന്റെ ഉമ്മ അല്ലാതെ, അലവിക്കുട്ടിയുടെ ഭാര്യയല്ലാതെ’: മൻസിയ അനുഭവിച്ച ജീവിത പോരാട്ടം

Binsha Muhammed

mansiya-alavikutty

മതാന്ധതയ്ക്ക് കല കൊണ്ട് മറുപടി പറഞ്ഞവൾ. തന്നെ അടയാളപ്പെടേണ്ടതും ഉൾക്കൊള്ളേണ്ടതും മതം കൊണ്ടല്ല, മറിച്ച് തന്നില്‍ അന്തർലീനമായിരിക്കുന്ന നൃത്തം കൊണ്ടാണെന്ന് പറയാതെ പറഞ്ഞവൾ. മൻസിയ എന്ന പേരിന് ഇന്ന് നിലപാടെന്നു കൂടി അർഥമുണ്ട്. ജന്മം കൊണ്ട് മുസ്ലീമായി എന്നതിന്റെ പേരിൽ മൻസിയക്കു മുന്നിൽ കലയുടെ വേദി കൊട്ടിയടയ്ക്കപ്പെട്ടത് അടുത്തിടെ. എന്നാൽ ആ വലിയ നിഷേധത്തിലും അവളെ ചേർത്തു പിടിക്കാനും വേദിയൊരുക്കാനും ആയിരംപേർ മുന്നോട്ടു വന്നു. തെരഞ്ഞെടുത്ത കലയുടെ പേരിൽ മതവും സമൂഹവും വിലക്കിയ പെണ്ണ് ചിലങ്കയെ ഹൃദയത്തോടു ചേർത്തു നിർത്തിയ കഥ ഇതാദ്യത്തേതല്ല. മൻസിയയുടെ ജീവിതാനുഭവങ്ങളും ഭൂതകാലവും അവഗണനയുടെ ആ കഥ നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വനിത ഓൺലൈനോട് മൻസിയ പങ്കുവച്ച വാക്കുകൾ... ആ നിലപാട്... ഒരിക്കൽ കൂടി...

മൻസിയ അലവിക്കുട്ടി! ആമുഖം വേണ്ടാത്ത ആ പേര് ആരും മറന്ന് പോയിട്ടുണ്ടാകില്ല. നൃത്തത്തെ ജീവിത സപര്യയാക്കിയതിന്റെ പേരിൽ മതത്തിന്റെ വിലക്കുകൾ നേരിടേണ്ടി വന്ന പെൺകൊടി. സ്വപ്നങ്ങള്‍ തേടിയുള്ള വഴിയിൽ ബന്ധങ്ങൾ ബന്ധനങ്ങളായി മാറിയ മലപ്പുറംകാരി. മൈബൈൽ നമ്പറെന്നു തെറ്റിദ്ധരിച്ച് പിന്നാലെ കൂടിയ ‘പാതിരാക്കോഴികളുടെ’ കഥ ഫെയ്സ്ബുക്കില്‍ കണ്ടപ്പോൾ അതന്വേഷിച്ചാണ് ഞങ്ങൾ മൻസിയയെ തേടിപ്പോകുന്നത്. പക്ഷേ അവൾക്ക് പറയാനുണ്ടായിരുന്നത് ഒത്തിരി കാര്യങ്ങൾ. നൃത്തം തെരഞ്ഞെടുത്തതിന്റെ പേരിൽ മതം കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും ഒന്നും അവസാനിച്ചിട്ടില്ലെന്ന് മൻസിയ വനിത ഓൺലൈനിനോടു പറയുന്നു.

ഒരിക്കൽ തോറ്റുപോയാൽ ജീവിതാന്ത്യം വരെയും നമ്മൾ തോറ്റു പോയെന്നു വരും, അതാണ് ഈ ലോകം. നമ്മളെ വേണ്ടെന്നു വയ്ക്കുന്നവരെ, നമ്മുടെ ഇഷ്ടങ്ങൾക്കു പുല്ലുവില കൽപ്പിക്കുന്നവവരെ നമ്മളും വേണ്ടെന്നു വയ്ക്കുന്നതല്ലേ നാട്ടു നടപ്പ്. ഇവിടേയും ഞാൻ അതേ ചെയ്യുന്നുള്ളൂ. എന്റെ നൃത്തത്തിന് വിലക്ക് നൽകുന്നവരെ എനിക്കും എന്റെ കുടുംബത്തിനും വേണ്ട.

‘ഞാനും എന്റെ ഉപ്പയും ഇത്തയുമെല്ലാം ഇന്നും പള്ളിക്ക് പുറത്താണ്. ഇടയ്ക്ക് അവരുടെ വക ഒരു ഓഫറുണ്ടായിരുന്നു. നൃത്തമെല്ലാം പൂട്ടിക്കെട്ടി, പരസ്യമായി മാപ്പു പറഞ്ഞാൽ വീണ്ടും തിരിച്ചു കയറാം. പക്ഷേ നൃത്തം വിട്ടൊരു കളിക്കും ഞാനില്ല....’

‘കുറേ നാൾ ഞങ്ങൾ പിടിച്ചു നിന്നു, പോരാടി, വേദനകളും ഒറ്റപ്പെടുത്തലുകളും സഹിച്ചു. അതെല്ലാം എന്റെ ഉമ്മയ്ക്ക് വേണ്ടിയായിരുന്നു. നിങ്ങൾക്കറിയോ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉമ്മച്ചി കാൻസർ വന്ന് മരിക്കുന്നത്. ഉമ്മയുടെ മയ്യിത്ത് പോലും ഞങ്ങളുടെ പള്ളിയിൽ‌ അടക്കില്ല എന്നു പറഞ്ഞു. ഒടുവിൽ ഉമ്മയുടെ പള്ളിയിൽ കൊണ്ടു പോയി അടക്കേണ്ടി വന്നു. അവിടെയും കണ്ടീഷൻസ് ഉണ്ടായിരുന്നു. അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയയുടേയും റൂബിയയുടേയും ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ അതായിരുന്നു എന്റെ ഉമ്മയ്ക്ക് അവർ നൽകിയ അഡ്രസ്, എന്താല്ലേ’....–മൻസിയയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.

‘എന്റെ മതവും ജീവനും ജീവിതവുമെല്ലാം നൃത്തമാണ്. എന്നെ മുന്നോട്ടു നയിക്കുന്നതും അതു തന്നെ. അവിടെ വിലക്കുകൾക്കും ഭ്രഷ്ടുകൾക്കും സ്ഥാനമില്ല. പിന്നെ ഇന്നാട്ടില്‍ ജീവിക്കാനും ഭക്ഷണം കഴിക്കാനും ഇവരുടെ ആരുടേയും സർട്ടിഫിക്കേറ്റ് വേണ്ടല്ലോ?–മൻസിയ ചോദിക്കുകയാണ്.

manzi-cover

മതം വിലക്കിയ മൻസിയയുടെ ജീവിതത്തിൽ ഇന്ന് സ്വപ്നങ്ങൾക്ക് വിലക്കുകളില്ല. സ്വന്തമായൊരു നൃത്ത വിദ്യാലയം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ മലപ്പുറംകാരി. ആഗ്നേയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയത്തിലെ ടീച്ചറുടേയും ഉടമയുടേയും റോളിലാണ് ഈ പെൺകൊടി. ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, മോഹിനിയാട്ടം എന്നിങ്ങനെ വിവിധ നൃത്തവിദ്യകൾ ഇവിടെ അഭ്യസിപ്പിച്ചു വരുന്നു. പലരുടേയും ചിന്താഗതികൾ മാറുന്നുണ്ട്. പല വീട്ടമ്മമാരും നൃത്തത്തോടുള്ള അവരുടെ അഭിനിവേശം എന്നോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ മതം, യാഥാസ്ഥിതിക ചുറ്റുപാട് എന്നിങ്ങനെ അവരെ തടഞ്ഞു നിർത്തുന്ന സംഗതികൾ ഒരുപാടുണ്ട്. എല്ലാവർക്കും മൻസിയ ആകാൻ പറ്റിയെന്നു വരില്ലല്ലോ...നമുക്ക് പ്രതീക്ഷിക്കാം. മാറ്റത്തിലേക്ക് ഇനി അധികം ദൂരമില്ല.

manzi-4

പുതിയ വിവാദങ്ങള്‍ തളർത്തില്ല

എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്, അഭിപ്രായങ്ങളുണ്ട് അതിനും അപ്പുറമാണ് എനിക്ക് എന്റെ കല. അതിൽ മതത്തിന്റെ വേലിക്കെട്ടുകളില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. മൻസിയക്ക് ക്ഷേത്രത്തിനകത്ത് കയറാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്, വിമർശിക്കുന്നവരുണ്ട്. അവർ വിമർശിച്ചു കൊണ്ടേയിരിക്കട്ടെ. ഓരോ ക്ഷേത്രങ്ങളിലേയും ആചാരങ്ങളെക്കുറിച്ചും കീഴ്‍വഴക്കങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്. അതിനെ ഞാന്‍ മാനിക്കുന്നു.

പിന്നെ എല്ലാവരും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി ഉള്ളവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ക്ഷേത്ര കല ജീവിത സപര്യയാക്കിയവളാണ് ഞാൻ. ഞാൻ ഇതുവരെയും ക്ഷേത്രങ്ങളിലാണ് നൃത്തം അവതരിപ്പിച്ചു പോന്നിട്ടുള്ളത്. അവരാരും എന്നെ മുസ്ലീമാണ്, അഹിന്ദുവാണ് എന്ന് പറഞ്ഞു മാറ്റിനിർത്തിയിട്ടില്ല. ഈ ഘട്ടങ്ങളിൽ ഭർത്താവ് ശ്യാം കല്യാണും അദ്ദേഹത്തിന്റെ കുടുംബവും നൽകിയ പിന്തുണ ഒരിക്കലും മറക്കില്ല. അവർക്കും ഇത്തരം വിവാദങ്ങളിൽ കഴമ്പില്ല എന്നറിയാം. കാരണം, അവരുടേത് കലാ കുടുംബമാണ്. കലകൊണ്ട് ജീവിക്കുന്നവരാണ്.– മൻസിയ പറഞ്ഞു നിർത്തി.