Monday 05 December 2022 11:32 AM IST

‘അമ്മേ, കല്യാണത്തിന് ഏത് നിറമാ എന്നെ ഇടീക്യാ’: മുല്ലപ്പൂ ചൂടി അവളെത്തിയ നിമിഷം: നോവായി ആ ചിത്രം

V N Rakhi

Sub Editor

rakhi

മലയാളി എങ്ങനെ മറക്കും ആ പുഞ്ചിരി. വിടരും മുമ്പേ വിധി തല്ലിക്കൊഴിച്ചു കളഞ്ഞ മലയാളത്തിന്റെ ശാലീന സൗന്ദര്യം. കാലമേറെ കഴിഞ്ഞാലും മോനിഷ മലയാളി മനസുകളിലെ ദീപ്തമായ ഓർമയാണ്. മോനിഷയുടെ വിയോഗം സംഭവിച്ച 30 ആണ്ടുകൾ പൂർത്തിയാകുമ്പോൾ വനിത ഓൺലൈൻ ആ ഓർമകളെ ഹൃദയത്തോടു ചേർക്കുകയാണ്. മോനിഷയുെട അമ്മ ശ്രീദേവി ഉണ്ണിയുടെ ഓർമചിത്രങ്ങളിലൂടെ ആ ജ്വലിക്കുന്ന ഓർമ പുനർജനിക്കുന്നു....

എല്ലാ കൊല്ലവും മോള്‍ക്കു േവണ്ടി മുടങ്ങാതെ ഞാൻ കണിയൊരുക്കും. രാവിലെ വിളക്കു കൊളുത്തി അവളെ വിളിക്കും. പരിഭവമെല്ലാം മറന്ന് അവൾ കണി കാണുന്നതു ഞാൻ ധ്യാനിക്കും. അതെന്റെ ഒരു സ്വകാര്യ ആനന്ദമാണ്. ആഘോഷങ്ങളിൽ അത്രയേറെ ആഹ്ലാദിച്ചിരുന്ന അവൾക്കു വേണ്ടി അത്രയെങ്കിലും ചെയ്യേണ്ടേ?’ മോനിഷയുെട അമ്മ ശ്രീദേവി ഉണ്ണിയാണ് പറയുന്നത്.

മോള്‍ പോയിട്ട് 30 വര്‍ഷമായി. എന്റെ മനസ്സിൽ അവൾക്കിന്നും ഇരുപത്തൊന്നു വയസ്സാണ്. അവളുമൊത്താഘോഷിച്ച എല്ലാ വിേശഷ ദിവസങ്ങളും ഇന്നലെയെന്ന പോലുള്ള ഓർമകളാണ്. വിഷുവും ഓണവും തിരുവാതിരയും നവരാത്രിയും പിറന്നാളുകളും... കണിയൊരുക്കാനും സദ്യയ്ക്കു വിഭവങ്ങള്‍ വിളമ്പാനും ഒാണപ്പൂക്കളമിടാനും ചിട്ടയായി പഠിച്ചിരുന്നു. തിരുവാതിരയ്ക്ക് പാതിരാപ്പൂ ചൂടലും ചടങ്ങുകളുമൊക്കെ തറവാട്ടിൽ പാലിക്കാറുണ്ട്. അതും അവൾക്കറിയാം.

വിഷുവിന്റെ പേരിലൊരു പരിഭവം

നാട്ടിൽ പോകാൻ പറ്റിയില്ലെങ്കിൽ ബെംഗളൂരുവിൽ തന്നെയാകും ഞ ങ്ങളുടെ വിഷു. കല്യാണം കഴിഞ്ഞ സമയത്ത് ഒരു പ്രത്യേക സാഹ ചര്യത്തിൽ എന്റെ കയ്യിൽ വന്നു ചേർന്ന ഒരു കൃഷ്ണബിംബമുണ്ട്. ആ കൃഷ്ണനെയാണ് ബെംഗളൂരുവില്‍ കണി കാണാറ്. മോനിഷയ്ക്കും അതേ കൃഷ്ണനെ കണി വയ്ക്കണം.

അന്നൊക്കെ മോൾക്ക് കോളജിലെ വെക്കേഷൻ ആകുമ്പോൾ ഞാ ൻ ദുബായിലേക്കു പോകും. മോനിഷയുടെ ഏട്ടൻ സജിത് അന്ന് ദുബായിലാണ്. ചെറിയ കുഞ്ഞുണ്ടായിരുന്നതുകൊണ്ട് അവിടെ അവന്റെ ചങ്ങാതിമാരെയൊക്കെ വിളിച്ച് വിഷു ഗംഭീരമായി ആഘോഷിക്കും. ഫോൺ വിളിച്ച് അതിന് അവൾ എന്നും എന്നോടു പരിഭവിക്കും, ‘അമ്മയ്ക്ക് എന്നോടിഷ്ടമില്ല, ഏട്ടനെയാണ് ഇഷ്ടം. അതോണ്ടല്ലേ വിഷുവിന് എന്നെ ഒറ്റയ്ക്കാക്കി പോകുന്നത്?’ എന്നും പറഞ്ഞ്.

ഞാനടുത്തില്ലെങ്കിലും, വളരെ ചിട്ടയോടെ അവള്‍ കണിയൊരു ക്കും. എന്നോടു മത്സരിക്കാൻ എന്ന മട്ടിൽ ആവുംപോലെ സദ്യയുണ്ടാക്കി, പാൽപായസവും വച്ച് ചങ്ങാതിമാരെയൊക്കെ വിളിച്ച് അവളും അച്ഛനും കൂടി വിഷു കേമമാക്കും. മൂന്നാല് വിഷുവിന് എന്നോടവൾ സങ്കടം തുടർന്നു. അവസാനം ഞാൻ പറഞ്ഞു, ‘എല്ലാ വിഷൂനും ഞാൻ ഏട്ടന്റടുത്തും ഓണത്തിന് നിന്റടുത്തും ആയിരിക്കും’ എന്ന്. എന്നെയങ്ങനെ പകുത്തു നൽകി ഒരുവിധത്തിൽ അവളെ സമാധാനിപ്പിച്ചു.

വെക്കേഷന് ഉണ്ണിയേട്ടന്റെ ഒഴിവ് നോക്കി ബെംഗളൂരുവിൽ നിന്ന് ഞങ്ങളെല്ലാരും കൂടി കോഴിക്കോട്ടേക്ക് ഡ്രൈവ് ചെയ്ത് പോകും. അ പ്പോഴേക്കും അവളുടെ മുത്തശ്ശി കണി ഒരുക്കാന്‍ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ടാകും. ഉരുളിയും കണ്ണാടിയും അഷ്ടമംഗല്യവും വച്ച് കണിവെള്ളരിയെ സ്വർണമാലയിട്ട് അണിയിച്ചൊരുക്കി, വാൽക്കണ്ണാടിയെ പട്ട് ഞൊറിഞ്ഞുടുപ്പിച്ച്...

ഫലങ്ങളിൽ ചക്ക, ഇരട്ട മാങ്ങ ഇതൊക്കെയേ അന്ന് വ യ്ക്കാറുണ്ടായിരുന്നുള്ളൂ. പറമ്പിൽ നിന്നു തന്നെ ഇടീപ്പിച്ച ചക്കയും മാങ്ങയും ആണ് അമ്മ കണി വയ്ക്കുക. എന്തൊക്കെയാണ് മുത്തശ്ശി കണിവച്ചിരിക്കണെ, എന്തിനാ ഇരട്ടമാങ്ങ വയ്ക്കണെ എന്നൊക്കെ വലിയ കൗതുകത്തോടെ ചോദിച്ചറിയും. കണിയൊരുക്കുമ്പോൾ അവളങ്ങനെ നോക്കി നിൽക്കുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടവും സന്തോഷവുമാണ്.

പടക്കം അവൾക്ക് ഭയങ്കര പേടിയാണ്. പൂത്തിരി, കമ്പിത്തിരി, നിലച്ചക്രം ഒക്കെയാണ് ഇഷ്ടം. കണി കണ്ടു കഴിഞ്ഞാൽ വീടിന്റെ വലിയ മുറ്റത്തേക്കിറങ്ങി അവളുടെ ഏട്ടനും കസിൻസുമായി ചേർന്ന് ഇതെല്ലാം കത്തിച്ചൊരു കളിയാണ്. അഞ്ചാറ് വയസ്സുള്ളപ്പോൾ കൈനീട്ടം കിട്ടിയാൽ തുള്ളിച്ചാടും. നിനക്കെത്ര കിട്ടി, എനിക്കിത്ര കിട്ടി എന്നൊക്കെ പറഞ്ഞ് മറ്റ് കുട്ടി കളുമായി ബഹളം വയ്ക്കും. കൈനീട്ടം കിട്ടിയ പൈസ മുഴുവൻ എന്നെ ഏൽപിക്കും. എന്തെങ്കിലും വാങ്ങണം എന്നു പറയും. ചിലപ്പോൾ വാങ്ങും, ചിലപ്പോൾ മറന്നു പോകും.

അവള്‍ ജനിച്ച് മൂന്നാം മാസത്തിൽ വിഷു എത്തി. കോഴിക്കോട് പന്നിയങ്കരയിലെ എന്റെ വീട്ടിലായിരുന്നു അവളുടെ ആദ്യ വിഷു. എല്ലാവരും കൂടി കണ്ണെഴുതി പൊട്ടുതൊട്ട്, കസവുമുണ്ടുടുപ്പിച്ച് സുന്ദരിക്കുട്ടിയാക്കി. മുത്തശ്ശനും മുത്തശ്ശിമാരും അമ്മാവൻമാരുമൊക്കെ ഓരോ ഉറുപ്യയുടെ നാണ്യം കയ്യിൽ വച്ചു കൊടുത്തു.

പിന്നെ, ഉണ്ണിയേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് പാറ്റ്നയിലേക്കു പോകേണ്ടി വന്നു. അങ്ങനെ മൂന്നാമത്തെ വിഷു പാറ്റ്നയിലായി. കണി കണ്ടു കഴിഞ്ഞ് പട്ടുപാവാടയിട്ട് തത്തിത്തത്തി നടന്നതൊക്കെ കണ്ണിലിപ്പോഴും ഞാൻ കാണാറുണ്ട്.

അവളുടെ പ്രിയപ്പെട്ട ഒാണം

അക്കാലത്ത് െബംഗളുരുവിൽ ഓണത്തിന് അവധിയില്ല. എ ന്നാലും അച്ഛൻ ലീവെടുത്ത് ഓണം ആഘോഷിക്കണം. അ മ്മയും ഏട്ടനും ചങ്ങാതിമാരും ഒപ്പം ഉണ്ടാകുകയും വേണം. അ തും നിർബന്ധമാണ്. അവളുടെ കോളജിലെ പ്രിൻസിപ്പൽ സിസ്റ്റർ ജിനേവിയ എന്നോടു പറയുമായിരുന്നു, ‘ഓണത്തിന്റെ തലേന്ന് മോനിഷ എന്റടുത്ത് വരും. സിസ്റ്റർ, റ്റുമോറോ ഇസ് ഓണം... എന്നേ പറയൂ. അപ്പോഴേ കാര്യം മനസ്സിലാകും. ശരി, നാളെ നീ വരേണ്ട, ലീവെടുത്തോളൂ എന്നു പറയും.’

തിരുവോണത്തിന് പായസം അടക്കമുള്ള സദ്യയൊക്കെ ഒ രുക്കി അവളുടെ കൂട്ടുകാരെ മുഴുവനും വിളിക്കും. വീട്ടില്‍ നിലത്ത് പായ വിരിച്ച് നാക്കിലയിട്ട് വിളമ്പാനും കൊടുക്കാനുമൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് അവൾ നല്ല കസവുമുണ്ടും വേഷ്ടിയുമൊക്കെ ഉടുത്ത് സുന്ദരിയാകും. ആദ്യമായി സെറ്റ് മുണ്ട് ഉടുക്കുന്നത് ‘നഖക്ഷതങ്ങളി’ലാണ്, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ. കോളജിലായപ്പോഴാണ് സ്വയം ഉടുപ്പുകൾ സെലക്ട് ചെയ്തു തുടങ്ങിയത്. അതുവരെ അമ്മ എടുത്തുകൊടുക്കുന്ന ഉടുപ്പുകളിട്ട് മാത്രം നടന്നിരുന്നവൾ.

rk33

എന്റെ കല്യാണത്തിന് എന്താ ഇടീക്യാ?

ഒരു സ്വപ്നജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടിക്കലായിരുന്നു അവളുടെ ചിന്തകൾ. എട്ടൊന്‍പതു വയസ്സായപ്പോൾ മുതലേ ‘അമ്മയെപ്പോഴും സ്വപ്നലോകത്താ. എനിക്കതൊന്നും പറ്റില്ലട്ടോ. ഐ ആം എ പ്രാക്ടിക്കൽ ഗേൾ. ’എന്നവൾ ഇടയ്ക്ക് പറയും. കളിചിരി തമാശയൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടി. എല്ലാം ആസ്വദിക്കും, പക്ഷേ, സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ഇഷ്ടമല്ലായിരുന്നു. ‘അതുകൊണ്ടൊന്നും ജീവിക്കാൻ പറ്റില്ലമ്മേ’ എന്ന് എന്നോടു പറയും.

‘എന്റെ കല്യാണത്തിന് എന്ത് നിറമാ എന്നെ ഇടീക്യാ? എ ല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ’ എന്നാകും ചിലപ്പോൾ. അപ്പോൾ ഞാൻ പറയും, ‘നിന്നെ അടിമുടി സ്വർണത്തിൽ പൊതിയും, സാരിയും ബ്ലൗസും എല്ലാം സ്വർണം.’ ‘എന്നാപ്പിന്നെ എന്റെ മുഖത്തും കൂടി സ്വർണം പൂശിക്കോളൂ, സ്വർണപ്രതിമയാകാലോ’ എന്നായിരുന്നു അവളുടെ മറുപടി.

നല്ല ഇംഗ്ലിഷ് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വേഗത്തിൽ വായിച്ചു തീർക്കും. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ്. ആ രോടും അത്രയ്ക്കങ്ങ് അടുക്കില്ല. ഒരേ മനസ്സുള്ള വിരലിലെണ്ണാവുന്ന ചങ്ങാതിമാരേ അവൾക്കുള്ളൂ. അവരുടെ കൂടെയാകുമ്പോൾ അവൾ വളരെ സന്തോഷവതിയാണ് .

പൂർണരൂപം വായിക്കാം