Thursday 07 July 2022 03:37 PM IST

‘നീയും അവരുടെ കൂട്ടത്തിൽ ചേർന്നോ?’: പരിഹസിക്കുന്നവർ അറിയണം രാജേഷിന്റെ ജീവിതം: ആ വൈറൽ കഥയിങ്ങനെ

Binsha Muhammed

rajesh-story

ആയിരം വാക്കുകളുടെ സ്ഥാനത്ത് ഒരൊറ്റ ചിത്രം സംസാരിക്കും. അതിന്റെ രാഷ്ട്രീയവും നിലപാടും ശബ്ദവുമെല്ലാം ഉറച്ചതായിരിക്കും. ട്രാൻസ്ജെൻഡറുകളെന്നും ഗേയെന്നും കേട്ടാൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ള പ്രാകൃത ചിന്താഗതിക്കാരുടെ കാലത്ത് ചിത്രങ്ങൾ കൊണ്ട് സംവദിച്ച ഒരു കൂട്ടം കലാകാരൻമാർ. അവർ പങ്കുവച്ച സന്ദേശത്തിന്, പകർന്നു കൊടുത്ത ആശയത്തിന് പലരുടേയും കണ്ണു തുറപ്പിക്കാൻ കെൽപ്പുണ്ടായിരുന്നു. ആണും പെണ്ണുമെന്ന അതിരുകൾക്കപ്പുറം മറ്റൊരു ലോകമുണ്ടെന്നും അവിടെയും വേറിട്ട ചിന്തകളും അഭിരുചികളും താത്പര്യങ്ങളുമുള്ള മനുഷ്യരുണ്ടെന്നും പറയാതെ പറഞ്ഞ ഒരു കൺസപ്റ്റ് ഫൊട്ടോഷൂട്ട്. ആണുടലിൽ നിന്നും പെൺമയിലേക്ക് പ്രയാണം നടത്തുന്ന ഒരുവളുടെ കഥ ചിത്രങ്ങളിലൂടെ പങ്കുവച്ച ഫൊട്ടോഷൂട്ട്. ട്രാൻസ്ജെൻഡറുടെകളുടെ അസ്തിത്വവും വ്യക്തിത്വവും സ്വപ്നങ്ങളും അമ്മയാകാനുള്ള അവരുടെ കൊതിയുമൊക്കെ ക്യാമറ കണ്ണുകളിൽ മിന്നിമറഞ്ഞു.

സോഷ്യൽ മീഡിയയുടെ കൈക്കുമ്പിളിലേക്ക് അവ എത്തിയപ്പോൾ ചിലർ പതിവു പോലെ അതിനെ വിമർശനങ്ങൾ കൊണ്ട് മൂടി, തലച്ചോറു കൊണ്ടും ഹൃദയം കൊണ്ടും അതിനെ സ്വീകരിച്ച മറ്റുചിലർ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അപ്പോഴും കുറേ ചോദ്യങ്ങൾ ബാക്കിയായിരുന്നു. ‘താടിയുള്ള പെണ്ണോ, ട്രാൻസ്ജെൻഡറുകൾ ഗർഭം ധരിക്കുമോ തുടങ്ങിയ കൂരമ്പു പോലുള്ള ചോദ്യങ്ങൾ.

ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് കൺസപ്റ്റ് ഷൂട്ടിന്റെ ഭാഗമായ രാജേഷ് എന്ന കാലാകാരൻ. ‘എന്നിലെ പെണ്ണ്’ എന്ന് ചുരുക്കത്തിൽ പറഞ്ഞ് വിശാലമായ അർഥങ്ങളിലേക്ക് സഞ്ചരിച്ച ഫൊട്ടോഷൂട്ടിനു പിന്നിലെ കഥ വനിത ഓൺലൈനോട് രാജേഷ് പറയുന്നു.

നിയോഗം പോലെ ആ വേഷം

മോഡലല്ല, ക്യാമറയ്ക്കു മുന്നിൽ ഒത്തിരി പോസ് ചെയ്തുള്ള അനുഭവ സമ്പത്തുമില്ല. ആകെയുള്ളത് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന റീൽസ് വിഡിയോ തന്ന അനുഭവ–അഭിനയ പരിചയം മാത്രം. പക്ഷേ ഇതൊന്നുമില്ലെങ്കിലും ചില അവസരങ്ങൾ നിയോഗം പോലെ നമ്മളിലേക്ക് വന്നു ചേരും അങ്ങനെയൊന്നാണ് ഈ കൺസപ്റ്റ് ഷൂട്ട്.– സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ട മിക്കുവെന്ന രാജേഷ് പറഞ്ഞു തുടങ്ങുകയാണ്.

കൊല്ലം ആശ്രാമം ആണ് സ്വദേശം. മെക്കാനിക്ക് എന്നതാണ് ജീവിതം നൽകിയ മേൽവിലാസം. ഇൻസ്റ്റഗ്രാം റീൽസിലെ വിഡിയോസൊക്കെ കണ്ടിട്ടാകണം മഹേശ് എം അച്ചു എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്. പുള്ളിക്കാരൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്. ആണുടലിൽ വീർപ്പുമുട്ടലോടെ ജീവിക്കുന്ന, ഉള്ളിലെ പെൺമ പൂർണതയിലെത്താൻ സ്വപ്നം കാണുന്ന ജീവിതങ്ങളെക്കുറിച്ച് മഹേശ് സംസാരിച്ചു. അങ്ങനെയൊരു ആശയം ഫൊട്ടോസ്റ്റോറിയാക്കാൻ താത്പര്യമുണ്ടെന്നും ഭാഗമാകാമോ എന്നും ചോദിച്ചു. പുരുഷന്റെ ഉടലും സ്ത്രീയുടെ മനസുമായി ജീവിക്കുന്ന ഒരുവളുടെ സ്വപ്നത്തിലൂടെയാണ് മഹേശ് പങ്കുവച്ച ആശയം സഞ്ചരിക്കുന്നത്. ‘ട്രാൻസ് ജെൻഡർ എന്ന സ്വത്വം പേറുമ്പോഴും അമ്മയാകുക എന്ന അവരുടെ ആഗ്രഹം അതിവിദൂരതയിലാണ്. പക്ഷേ പ്രതിബന്ധങ്ങൾ മുന്നിലുള്ളപ്പോഴും അവളുടെ സ്വപ്നങ്ങൾ തടയിടാനാകുന്നില്ല.’ കേട്ടമാത്രയിൽ ആശയം മികച്ചതും വലിയൊരു സന്ദേശമുള്ളതാണെന്നും തോന്നി. അങ്ങനെയാണ് ഈ ഫൊട്ടോ സ്റ്റോറിയുടെ ഭാഗമാകുന്നത്.

rajesh-story-1

പൊന്നു സൂര്യയാണ് ക്യാമറക്കണ്ണുകളിലൂടെ അവളിലെ പെണ്ണിന് പുതുഭാഷ്യം നൽകിയത്. ആശയം പങ്കുവച്ച മഹേശ് അച്ചുവാണ് കൺസപ്റ്റ് ഷൂട്ടിനു വേണ്ടി എന്നെ ട്രാൻസ്ജെൻഡറാക്കി അണിയിച്ചൊരുക്കിയത്. കൊല്ലം ആശ്രാമം, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ഷൂട്ട് നടന്നത്. ഉടുക്കാനുള്ള സാരിയും നൈറ്റിയും ഉൾപ്പെടെയുള്ള ഫുൾ സെറ്റ് കോസ്റ്റ്യൂം മഹേശ് തന്നെയാണ് എത്തിച്ചത്. സാരിയൊക്കെയുടുത്ത് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് ഒരുങ്ങിയപ്പോൾ തുടക്കം ചെറിയ ചമ്മലുണ്ടായിരുന്നു. പതിയെ അതുമാറി. അല്ലെങ്കിലും ഓരോ പുരുഷന്റെ ഉള്ളിലും ഒരു പെണ്ണുണ്ടാകും എന്ന് പറയാറില്ലേ. അതു കൊണ്ട് ഈ അണിഞ്ഞൊരുങ്ങലിനോട് പതിയെ പൊരുത്തപ്പെട്ടു.

ഇസൈ തെൻട്രൽ എന് ഇൻസ്റ്റഗ്രാം പേജിനൊപ്പം കൊളാബ്രേഷനായാണ് ചിത്രങ്ങളും വിഡിയോസും പങ്കുവച്ചത്. സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച് ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ സ്വീകാര്യത കിട്ടി. ഞങ്ങൾ പങ്കുവച്ച സന്ദേശവും അതിലെ ആശയവും മനസിലാക്കി മനസു നിറഞ്ഞ അഭിനന്ദനവുമായി പലരുമെത്തി. പെൺമയിലേക്കുള്ള യാത്രയിൽ ഒത്തിരി കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുകളും ഏറ്റുവാങ്ങിയ നിരവധി ട്രാൻസ്ജെൻഡറുകള്‍ വിളിച്ച് നല്ലവാക്കു പറഞ്ഞതാണ് ഒത്തിരി സന്തോഷം നൽകുന്ന കാര്യം. പക്ഷേ ഇനിയും നേരം വെളുക്കാത്ത ചിലർ ഫൊട്ടോ സ്റ്റോറി കണ്ട് വഷളൻ ചിരിയും പരിഹാസവുമായെത്തി. ഞാൻ ജോലി ചെയ്യുന്ന വർക് ഷോപ്പിൽ വന്നിട്ട് ‘നീ അവരുടെ കൂടെ ചേർന്നോ, എന്തുവാടീ നിന്റെ കല്യാണം കഴിഞ്ഞോ, അറിയിച്ചില്ലല്ലോ’ എന്നൊക്കെ പറഞ്ഞു പരിഹസിച്ചവരുണ്ട്. അവരോടൊന്നും മറുപടിയില്ല. കാലം മാറിയില്ലേ, ഇനിയെങ്കിലും മാറിക്കൂടേ എന്ന ഉപദേശം മാത്രം.

പുതിയ സ്വപ്നങ്ങൾ പ്രതീക്ഷകൾ

ആ ചിത്രങ്ങളിൽ കണ്ടതുപോലെ നിറമുള്ള സ്വപ്നങ്ങളൊന്നും കടന്നു പോയ എന്റെ ജീവിതത്തിനില്ല. ചേട്ടനും ഞാനും മാത്രം ഒതുങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്. അമ്മ മൂന്നു വയസുള്ളപ്പോഴേ ഞങ്ങളെ വിട്ടു പോയി. അമ്മയുടെ മരണ ശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ചേട്ടൻ അപ്പച്ചിയുടെ വീട്ടിലും ഞാൻ വല്യമ്മച്ചിയുടെ വീട്ടിലുമായാണ് വളർന്നത്. പത്തു വരെ പഠിച്ച ശേഷം, ജീവിതം പിടിച്ചു നിർത്താൻ ഉപജീവനം തേടിയിറങ്ങി. വർക് ഷോപ്പിലെ കരിയും പുകയും നിറഞ്ഞ ലോകത്തേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനിടയിലെ നേരമ്പോക്കാണ് ഈ ഇൻസ്റ്റഗ്രാം ‘അഭ്യാസങ്ങൾ.’ ചേട്ടന് ജോലി പെയിന്റിങ്ങാണ്. അച്ഛന്റെ പേരിലുള്ള ഒരു ചെറിയ വീട്ടിലാണ് ഞാനും ചേട്ടനും ജീവിക്കുന്നത്. പക്ഷേ അതിന്റെ പേരിലും ഇപ്പോൾ അവകാശ തർക്കങ്ങൾ നടക്കുന്നുണ്ട്. എല്ലാം ശരിയാകും എന്ന പ്രതീക്ഷയുണ്ട്, ഒപ്പം പ്രാർഥനയും.