Wednesday 25 January 2023 11:11 AM IST : By സ്വന്തം ലേഖകൻ

മകനെ വളർത്താൻ തയ്യൽ മെഷീൻ ചവിട്ടിയ അനിത, മൂന്നര സെന്റിലിരുന്ന് ജീവിതം സ്വപ്നം കണ്ട മനു: ഒടുവിൽ അവസാനയാത്ര

ambalapuzha-accident അമ്പലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ച മനു മോഹന്റെ അമ്മ അനിതയും സഹോദരി നീതുവും, അമ്പലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ച പ്രസാദിന്റെ അമ്മ ബിന്ദു

വീടെന്ന് വിളിക്കാനൊരു കെട്ടിടം മനുവിനെക്കാത്ത്

പെരുങ്കടവിള (തിരുവനന്തപുരം) ∙ മൂന്നു മക്കളുൾപ്പെടുന്ന കുടുംബത്തെ പുലർത്താനും മക്കളെ പഠിപ്പിക്കാനും തയ്യൽ മെഷീൻ ചവിട്ടി തളർന്ന കാലുകളാണ് അനിതയ‍ുടേത്. മൂത്ത മകന്റെ വേർപാടിൽ ആകെ തളർന്ന് ആ അമ്മ വീടിനുള്ളിൽ കിടപ്പാണ്. ആകെയുള്ള അഞ്ചു സെന്റ് ഭൂമിയിൽ റോഡ് വീതി കൂട്ടാനും മറ്റും വിട്ടു കൊടുത്തതിന്റെ ബാക്കി മൂന്നര സെന്റിലാണ് പരുക്കൻ സിമന്റ് കട്ടയ്ക്കു മുകളിൽ ആസ്ബറ്റോസ് ഷീറ്റിന്റെ മേൽക്കൂരയിട്ട കെട്ടിടം. വെറും സിമന്റ് തേച്ച തറ. രണ്ടു മുറികളും ഒരു ഹാളും അടുക്കളയുമുള്ളതിനാൽ വീടെന്നു വിളിക്കാം.

കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ അപകടത്തിൽ മരിച്ച അഞ്ചു പേരിൽ ഒരാളായ മനു മോഹന്റെ വീടാണത്. ബലമില്ലാത്ത വാതിലും അടയ്ക്കാൻ പാളികളില്ലാത്ത ജനലുകളുമാണ് വീടിന്. ആലത്ത‍ൂർ കാപ്പുകാട്ടുകുളത്തിൻ കരയിലെ സ്വന്തം വീട് പൂർത്തിയാക്കാനും അനുജത്തി നീനുവിനെ പഠിപ്പിക്കാനും അമ്മയ്ക്കു താങ്ങാകാനാണ് മനു പഠനം നിർത്തി നാട്ടിൽ ടൈൽസ് പണിക്കു പോയിരുന്നത്. പിന്നീട് കൊച്ചിയിൽ സ്വകാര്യ കമ്പനികളിൽ ജോലിയായി. അനുജത്തിക്ക് ഇടുക്കി ഗവ.നഴ്സിങ് കോളജിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.

നീനുവിന് പനിയായതിനാൽ ഇടുക്കിയിൽ നിന്ന് വീട്ടിൽ എത്തിക്കാനാണ് നാളുകൾക്കു ശേഷം മനു അവധിയെടുത്ത് നാട്ടിലെത്തിയത്. ഞായറാഴ്ച അനുജൻ സ്മിനുവിനൊപ്പം കൊച്ചിയിലേക്ക്  പോകാനായിരുന്നു തീരുമാനം. എന്നാൽ, നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തി മനുവിനെ വിളിച്ചപ്പോൾ, താൻ വരാൻ വൈകുമെന്ന‍ു മനു പറഞ്ഞു. അങ്ങനെ സ്മിനു ബസിൽ കൊച്ചിക്കു പുറപ്പെട്ടു. വഴിയിൽ സ്മിനുവിന്റെ ഫോൺ നഷ്ടമായി. കൊച്ചിയിൽ എത്തിയ ശേഷം കൈവശമുണ്ടായിരുന്ന മറ്റൊരു ഫോൺ ഓൺ ചെയ്തപ്പോഴാണ് മനുവിന് അപകടമുണ്ടായ വിവരം അറിഞ്ഞതെന്നു സ്മിനു പറയുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് മനു മോഹന്റെ വീട്ടിൽ മരണാനന്തര പ്രാർഥന.

ഒത്തുകൂടി ഒരു യാത്ര

പെരുങ്കടവിള ∙ കളിയിക്കാവിളയിൽ സുഹൃത്തിന്റെ വിവാഹത്തിനു പോകാനാണ് വിഎസ്‍എസ്‍സി കന്റീനിലെ ജീവനക്കാരായ നാലുപേരും ഒത്തുകൂടിയത്. ഷിജിനും പ്രസാദും നാട്ടുകാരും സുഹൃത്തുക്കളുമാണ്. പ്രസാദ് ജോലിക്കു പോകാത്ത ദിവസങ്ങളിൽ ശിങ്കാരി മേളത്തിനും കേറ്ററിങ് ജോലിക്കും പോകും. ശിങ്കാരിമേളത്തിലും കേറ്ററിങ് ജോലിക്കും പ്രസാദിന്റെ ഇണപിരിയാത്ത കൂട്ടായിരുന്നു ഹരി. 

ഒരു ബന്ധുവിന്റെ കാറുമായി വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ പ്രസാദ്, ഹരിയുടെ കാറ‍ിലാണ് തിരുവനന്തപുരത്ത് വിഎസ്എസ്‍സി കന്റീനിലേക്കു പുറപ്പെട്ടത്. അതിനിടയിൽ ഷിജിൻ ദാസിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഇതിനിടയിലാണ് ഷിജിൻ ദാസിന്റെ സുഹൃത്തും നാട്ടുകാരനുമായ മനു ക‍ാറിൽ കയറിയത്. തിരുവനന്തപുരത്തേക്കുള്ള യാത്ര എങ്ങനെ കൊച്ചിയിലേക്ക് നീണ്ടു എന്ന് വീട്ടുകാർക്ക് ഇപ്പോഴും അറിയില്ല. ഞായറാഴ്ച രാത്രി പത്തരയ്ക്കു പ്രസാദിനെ വിളിക്കുമ്പോൾ വി‍എസ്എസ്‍സിയിൽ എത്തിയെന്നും വസ്ത്രങ്ങൾ അടുക്കി വയ്ക്കുകയാണെന്നുമാണ് പറഞ്ഞത്. പിന്നീട് വിള‍ിച്ചില്ല. രാവിലെയാണ് മകനും സംഘവും അമ്പലപ്പുഴയിൽ അപകടത്തിൽപ്പെട്ടു എന്ന വിവരം അറിഞ്ഞതെന്ന് പ്രസാദിന്റെ അച്ഛൻ പറയുന്നു.

അമ്പലപ്പുഴ ദേശീയപാതയില്‍ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അ‍ഞ്ചു പേരാണ് മരിച്ചത്. കാർ യാത്രികരായ യുവാക്കളാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവ‍ർ ഐ എസ് ആ‍ർ ഒ ക്യാന്‍റീനിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.

More