Wednesday 25 April 2018 05:14 PM IST

'പിന്നെയും അമ്പതു വർഷം എനിക്കു കാത്തിരിക്കേണ്ടി വന്നു വൃദ്ധനാകാൻ'- അലൻസിയർ മനസ്സു തുറക്കുന്നു

V R Jyothish

Chief Sub Editor

alenc456 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കടപ്പുറത്താണു ജനിച്ചത്. കടൽക്കാറ്റേറ്റാണു വളർന്നത്. എന്നിട്ടും ക്ലീറ്റസ് ലോപ്പസ് നീന്തൽ പഠിച്ചില്ല. മാത്രമല്ല മകൻ അലൻസിയറെ നീ ന്തൽ പഠിക്കാൻ അയച്ചതുമില്ല! അങ്ങനെ നീന്തൽ അറിഞ്ഞുകൂടാത്ത അപൂർവം പേരിൽ ഒരാളായി അലൻസിയർ കടപ്പുറത്തു വളർന്നു. പക്ഷേ, കുറച്ചു മുതിർന്നപ്പോൾ ഒഴുക്കിനെതിരെ നീന്തി. നാലാം വയസ്സിൽ നാടകത്തിൽ നീന്തിത്തുടങ്ങിയ അലൻസിയർ ഒറ്റയ്ക്കു തുഴഞ്ഞത് അമ്പതു വർഷങ്ങൾ. അങ്ങനെ സിനിമയുെട മറുകരയിലെത്തിയപ്പോഴിതാ നല്ല സ്വഭാവനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും.

‘‘അവാർ‍ഡ് കിട്ടിയതിൽ സന്തോഷം. എന്നാൽ അമിതമായി സന്തോഷിക്കുന്നില്ല. കാരണം, പിന്നീട് കിട്ടാതെ വന്നാൽ കഠിനമായ ദുഃഖം തോന്നും. അതു പാടില്ല’’ കടലിനെ സാക്ഷിയാക്കി അലൻസിയർ ചിരിക്കുന്നു. പുത്തൻതോപ്പിലെ വീട്ടിൽ അപൂർവമായതെന്തോ സംഭ വിച്ചു എന്ന ഭാവമില്ല അലൻസിയർക്ക്. എന്നാൽ കടപ്പുറം ഒന്നാകെ ഇളകി വന്നതു പോലെയുള്ള തിരക്കുണ്ട് അവിടെ. കാരണം, തങ്ങളോടൊപ്പമുള്ള ഒരാളെ  വെള്ളിത്തിരയിൽ കാണുന്നതിലെ കൗതുകം. മറ്റൊന്ന് സിനിമയിൽ അവാർഡ് കിട്ടിയ ഒരാളെ ആദ്യമായി കാണുകയാണ് അവരിൽ പലരും.

തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമാണു പുത്തൻതോപ്പ്. പണ്ടു ഞാറമുഖം എന്നായിരുന്നു ഈ നാടിനു പേര്. ഞാറമരങ്ങളായിരുന്നു കടൽക്കരയ്ക്കു ചുറ്റും. പിന്നീടു വന്നവർ ഞാറമരങ്ങൾ മുറിച്ചു മാറ്റി തെങ്ങു വച്ചു. അങ്ങനെ പുത്തൻതോപ്പ് ഉണ്ടായി. 16–ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു വിശ്വസിക്കുന്ന സെന്റ് ഇഗ്‌നേഷ്യസ് ലയോള പള്ളി പുതിയ മുഖത്തോടെ ഇപ്പോൾ തലയുയർത്തി നിൽക്കുന്നു.

‘ഒരു തെരുവു നാടകമാണ് തന്റെ ജീവിതം’ എന്നു പറഞ്ഞാണ് അലൻസിയർ സംഭാഷണം തുടങ്ങിയത്. നാടകത്തിനു വേണ്ടി ഒരു ജന്മം തന്നെ മാറ്റിവച്ചതുകൊണ്ടായിരിക്കും സിനിമയിൽ അലൻസിയർ അദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ കണ്ട പൊലീസുകാരനും മഹേഷിന്‍റെ പ്രതികാര’ത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയും ഒക്കെ കണ്ട് ഇത് അഭിനയിക്കുകയാണോ ജീവിക്കുകയാേണാ എന്നറിയാതെ നമ്മള്‍ അദ്ഭുതപ്പെട്ടു. സംസ്ഥാന അവാർഡ് ജൂറിയും പ റഞ്ഞു, ‘‘ഇയാൾ നടനാണോ കഥാപാത്രമാണോ എന്നു തിരിച്ചറിയാൻ ഞങ്ങളും പലപ്പോഴും പ്രയാസപ്പെട്ടു.’’ എന്ന്.

പോർച്ചുഗീസുകാരുടെ പേരും നാടകത്തോടുള്ള അഗാധപ്രണയവുമായി അലൻസിയർ ലെ ലോപ്പസ് എന്ന നടൻ മലയാള സിനിമയിലെത്തിയിട്ടു വർഷം പത്തിരുപതായി.  ‘‘പുത്തൻതോപ്പിൽ ഫുട്ബോളും നാടകവുമാണ് എല്ലാവരുടെയും ജീവവായു. വെയിലാറിയാൽ ഇരുട്ടു വീഴുന്നതുവരെ ഫുട്ബോൾ. പിന്നെ, നാടകം. അതാണ് ഇവിടുത്തെ രീതി. സ്വാതന്ത്ര്യലബ്ധിക്കും മുൻപേ നാട്ടിൽ സ്ഥാപിക്കപ്പെട്ട ജ യ്ഹിന്ദ് ഗ്രന്ഥശാല ഞങ്ങളുടെ നാടകക്കളരിയായിരുന്നു. 1946–ലാണ് അതു സ്ഥാപിച്ചത്. അന്നു പുത്തൻതോപ്പിൽ ന ല്ലൊരു വീടു പോലുമില്ല.

എന്റെ അപ്പൂപ്പൻ ലിയോൺ ലോപ്പസിന്റെ പേരിലുള്ള ഏഴു ദിവസത്തെ നാടകോത്സവം അക്കാലത്തെ ജനകീയോത്സ വമായിരുന്നു. കേരളത്തിലെമ്പാടുമുള്ള അമച്വർ നാടകങ്ങൾ അവിടെ വരും. പിന്നീട് ടെലിവിഷന്റെ വരവ് നാടിന്റെ നാടകജീവിതത്തെ മാറ്റി മറിച്ചുകളഞ്ഞു.’’ കടൽക്കരയിൽ അലക്ഷ്യമായി നടന്നു കൊണ്ട് അലൻസിയർ സംസാരിക്കുമ്പോൾ അതിലൊരു താളമുണ്ട്. തെരുവിൽ അലക്ഷ്യരായി നിൽക്കുന്ന സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന നാടകതാളം.

‘‘ഇവിടെ കച്ചവടത്തിനു വന്നവർ മതപരിവർത്തനം കൂ ടി നടത്തിയതു കൊണ്ടാണ് എന്റെ പേര് അലൻസിയർ എ ന്നായത്. അല്ലെങ്കിൽ ശങ്കരനെന്നോ േഗാവിന്ദനെന്നോ ആ യിരുന്നേനെ. എന്തായാലും ഈ മണ്ണിന്റെ കറകളഞ്ഞ മകനാണു ഞാൻ.’’  നടന്നു നടന്ന് ജയ്ഹിന്ദ് വായനശാലയിലെത്തുമ്പോൾ തി രക്കൊഴിഞ്ഞ ഒരു േകാണിലിരുന്ന് അലന്‍സിയര്‍ പറഞ്ഞു, ‘‘ഈ വായനശാലയാണ് എന്റെ അടിത്തറ. ഇവിടെയാണ് എന്റെ ജീവിതം. ഇനി ഇവിടെയിരുന്ന് സംസാരിക്കാം.’’

നാടകത്തോട് ഇപ്പോഴും കട്ട പ്രണയമാണല്ലോ?

സ്കൂൾ അടച്ചുകഴിഞ്ഞാൽ പിന്നെ വായനശാല സജീവമായിരിക്കും. നാടകവും ഫുട്ബോളുമാണു ഞങ്ങളെ സജീവമാക്കുന്നത്. നാടകത്തിന്റെ പേരിൽ അച്ഛനിൽ നിന്ന് ഒരുപാടു തല്ലു കിട്ടിയിട്ടുണ്ട്. അച്ഛൻ ഇടതുെെക െകാണ്ട് എന്നെ തല്ലുകയും വലതു െെക കൊണ്ട് അലങ്കാരപ്പണികൾ ചെയ്യുകയും ചെയ്യുന്ന കലാകാരനായിരുന്നു.

നാടകക്കാരൻ ആയതിന്റെ പേരിൽ ഒരുപാടു തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പല മേഖലകളിൽ നിന്നും അവഗണനകൾ നേരിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോലും നാടകക്കാരൻ എന്ന ലേബൽ വിലങ്ങുതടിയായി. ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂളില്‍ പോകുമ്പോള്‍ വീട്ടിൽ നിന്നു കള്ളിമുണ്ടും അമ്മയുടെ കരിമഷിയും ടാൽക്കം പൗഡറുമൊക്കെ മോഷ്ടിച്ചു െകാണ്ടാണു പോകുക. അവിടെ ചെന്നു നാടകം കളിക്കലാണ്. സ്കൂളിൽ ഞാൻ അവതരിപ്പിച്ചതിൽ കൂടുതലും വൃദ്ധന്റെ വേഷങ്ങളാണ്. പിന്നെ അമ്പതു വർഷം കാത്തിരിക്കേണ്ടിവന്നു എനിക്കു സിനിമയിൽ വൃദ്ധനായി അഭിനയിക്കാൻ.

ഈ പാരമ്പര്യവുമായാണോ  യൂണിവേഴ്സിറ്റി കോളജിൽ എത്തിപ്പെട്ടത്?

നാടകത്തിന് പറ്റിയ മണ്ണായിരുന്നു തിരുവനന്തപുരം. കോള ജിൽ പഠിക്കുന്ന കാലത്തേ അമച്വർ നാടകങ്ങളിൽ പങ്കാളിയായി. നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രൻ സാറുമെല്ലാം പുതിയ വഴി തുറന്നിട്ടു. വീട്ടുകാരെയെല്ലാം ധിക്കരിച്ച് നാട കം തന്നെ ജീവിതം എന്ന് തീരുമാനിക്കുകയായിരുന്നു. പുത്ത ൻതോപ്പുകാരെല്ലാം മക്കളെ ഒന്നുകിൽ സർക്കാരുദ്യോഗസ്ഥരാക്കും. അതിനു പറ്റാത്തവരെ വിദേശത്തു പറഞ്ഞയക്കും. ഞാൻ രണ്ടിനും തയാറായില്ല. അഭിനയം തന്നെ ജീവിതം എന്ന് നിശ്ചയിച്ചു. ഭരത്േഗാപിചേട്ടന്റെ ശിക്ഷണത്തിൽ ഞാൻ നാടകം കളിച്ചിട്ടുണ്ട്. പിന്നെ കാവാലം സാർ, നെടുമുടി വേണു ചേട്ടൻ, എം.പി. സുകുമാരൻ നായർ, രാജീവ് വിജയരാഘവൻ, കവി അൻവർ അലി, പി.െക. രാജശേഖരൻ... അങ്ങനെ ഒത്തിരിപ്പേരുടെ സാന്നിധ്യവും സഹായവും കിട്ടിയിട്ടുണ്ട്. മുഖ്യധാരയിലേക്കു കൊണ്ടുവന്നത് രാജീവ് രവിയാണ്. രാജീവ് സംവിധാനം െചയ്ത ‘അന്നയും റസൂലും’ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്നീ സിനിമകൾ വഴിയാണ് ‘മഹേഷിന്റെ പ്രതികാര’ത്തിൽ എത്തുന്നത്.

ഉപജീവനമാർഗം എന്ന നിലയിൽ സിനിമയിൽ ജോലി ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. കാരണം, എനിക്ക് അറിയാവുന്ന ജോലി അഭിനയം മാത്രമാണ്. പക്ഷേ, എന്റെ അപകർഷതാബോധം കൊണ്ടാകണം ഒരു സംവിധായകനെയും കാണാൻ ശ്രമിച്ചിട്ടില്ല. നെടുമുടി വേണു ചേട്ടനാണ് പല സം വിധായകരെയും പരിചയപ്പെടുത്തിത്തന്നത്.

alencier0100

രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇരുപത്തിമൂന്ന് സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് ‘മഹേഷിന്റെ പ്രതികാ ര’ത്തിലൂടെ ജനകീയനാവുന്നത്?

എല്ലാവരും കരുതുന്നത് ‘മഹേഷിന്റെ പ്രതികാരം’ എന്റെ ആദ്യ സിനിമയാെണന്നാണ്. എന്റെ ഇരുപത്തിമൂന്നാമത്തെ സിനിമയാണ് അത്. പ്രേംകുമാർ നായകനായ ‘സഖാവ്; വിപ്ല വത്തിന്റെ ശുക്രനക്ഷത്രം’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. നിർഭാഗ്യവശാൽ ആ സിനിമ റിലീസായില്ല. പി ന്നെ വേണു സംവിധാനം െചയ്ത ‘ദയ’യിൽ മഞ്ജു വാരിയര്‍ക്കൊപ്പം അഭിനയിച്ചു. ചെറുപ്പത്തിൽ എനിക്കു സത്യനോടു തോന്നിയ ആരാധന പിന്നീടു തോന്നിയിട്ടുള്ളത് മഞ്ജുവിനോടാണ്. ഇരുപതു വർഷങ്ങൾക്കുശേഷം ‘ഉദാഹരണം സുജാത’യിൽ അഭിനയിച്ചു. ആ സിനിമയുടെ ചർച്ചകൾക്കിടയിൽ മാർട്ടിൻ പ്രക്കാട്ട് വിളിച്ചു. ‘ചേട്ടാ ഒരു സീനേയുള്ളൂ...’ ഞാൻ പറഞ്ഞു: ‘മഞ്ജുവിനോടൊപ്പമാണെങ്കിൽ ഒരു സീനിലായാലും വന്ന് അഭിനയിക്കും.’

കുട്ടിക്കാലത്ത് നാടകമായിരുന്നോ സിനിമയായിരുന്നോ മനസ്സിൽ?

നാടകത്തിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ തോന്നിയ ഒരാഗ്രഹം സത്യൻമാഷിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നതായിരുന്നു. സത്യനോട് അത്രയ്ക്കും ആരാധനയുണ്ടായിരുന്നു. സത്യൻ മരിച്ച ദിവസം ഞാൻ സ്കൂളിൽ നിന്നു നേ രത്തെ വന്നു. അച്ഛനും അമ്മയും കൂടി തിരുവനന്തപുരത്ത് പോകാൻ നിൽക്കുന്നു. സിനിമയ്ക്കു പോകാനാണ് എന്നാണു കരുതിയത്. അച്ഛൻ പറഞ്ഞു,‘സത്യൻ മരിച്ചു. മൃതദേഹം വി.ജെ.ടി.ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. കാണാൻ പോകുകയാണ്.’ കൂടെപ്പോകാൻ ഞാനും നിർബന്ധം പിടിച്ചു. പക്ഷേ, എന്നെ കൊണ്ടുപോയില്ല. അപ്പോൾ എന്റെ മറുപടി ഇ ങ്ങനെയായിരുന്നു, ‘ഇനി പ്രേംനസീർ മരിക്കുമ്പോൾ എന്നെ വിളിക്കരുത് കേട്ടോ...’

നരേന്ദ്രപ്രസാദുമായുള്ള സൗഹൃദം ഏറെ ഹൃദ്യമായിരുന്നുവല്ലേ?

യൂണിേവഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനായിരുന്നു പ്രസാദ്സാർ. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി. ഞാെനാരു നാടകനടനാണ് എന്നതായിരുന്നു ആ സൗഹൃദത്തിനു പിന്നിലുള്ള പ്രചോദനം. അക്കാലത്താണ് അദ്ദേഹം സിനിമയിലെത്തുന്നത്. പഠനത്തിനു ശേഷം തൊഴിൽരഹിതനായി പ്രസാദ് സാ റിന്റെ പിറകെ നടന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സെറ്റിൽ പോകുക. ഭക്ഷണം കഴിക്കുക. അദ്ദേഹത്തിന്റെ മുറിയിൽ ഉറങ്ങുക. അതായിരുന്നു പരിപാടി. ഈ സമയത്തു ഞാനൊരു കാമുകനും കൂടിയാണ്. കല്യാണം കഴിക്കണം. പക്ഷേ, തൊഴിലില്ല. അതുകൊണ്ടു പല ബിസിനസുകളും ചെയ്തുേനാക്കി. ഹോട്ടൽ നടത്തി, തുണിക്കച്ചവടം നടത്തി. എല്ലാം പൊളിഞ്ഞപ്പോഴാണ് സാറിന്റെ പിറകേ കൂടിയത്. അന്നു പ്രസാദ് സാർ പറഞ്ഞു, ‘അലൻസിയർ സിനിമയിൽ എന്തെങ്കിലും ജോലി െചയ്തു ജീവിക്കേണ്ട ആളല്ല. അലൻസിയർ ഒരു നടനാണ്. സിനിമയിൽ നടനാകണം. പക്ഷേ, കാത്തിരിക്കേണ്ടിവരും. കാത്തിരിക്കണം.’ അദ്ദേഹത്തിന്റെ സ്വരത്തിന് ഒരു പ്രവചനസ്വഭാവമുണ്ട്. ഒരു കാര്യം നടക്കും എന്നു പറഞ്ഞാൽ അതു നടന്നിരിക്കും. ആ വിശ്വാസമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്.

വിവാഹം നടക്കാനും നരേന്ദ്രപ്രസാദ് ഇടപെട്ടതായി കേ ട്ടിട്ടുണ്ട്?

എന്റെ പ്രണയം കത്തിനിൽക്കുന്ന കാലം. സുശീലയ്ക്കാണെങ്കിൽ കല്യാണലോചനകൾ വരുന്നു. ഞാൻ തൊഴിൽരഹിതനായി അലഞ്ഞു നടക്കുന്നു. അതുകൊണ്ടു കല്യാണത്തിന് രണ്ടു വീട്ടുകാർക്കും കടുത്ത എതിർപ്പ്. ഒരു ദിവസം ഞാനും സാറും അദ്ദേഹത്തിന്റെ ഹോട്ടൽ മുറിയിലിരുന്നു സംസാരിച്ചു. അങ്ങനെ സംസാരിച്ചിരുന്ന് അദ്ദേഹം ഉറങ്ങി.
എനിക്കൊരു െഎഡിയ തോന്നി. അദ്ദേഹത്തിന്റെ  ഫോണെടുത്ത് എന്റെ അച്ഛനെ വിളിച്ച് അദ്ദേഹത്തിന്‍റെ ശബ്ദ ത്തില്‍ ‘ഞാൻ നരേന്ദ്രപ്രസാദാണ്’ എന്നു പറഞ്ഞ് സംസാരിച്ചു. ‘അലൻസിയർ നല്ല പയ്യനാണ്. അവൻ രക്ഷപ്പെടും. അ വന്റെ കല്യാണം നടത്തിക്കൊടുക്കണം’ എന്നൊക്കെ പറഞ്ഞു. ഇതേ കാര്യം സുശീലയുടെ അപ്പനെയും ബന്ധുക്കളെയും വിളിച്ചു പറഞ്ഞു. പ്രസാദ് സാറാണെന്നു കരുതി ആർക്കും എതിർത്തു പറയാൻ വയ്യ. അങ്ങനെ കല്യാണത്തിന് വീട്ടുകാർ സമ്മതിച്ചു.  

പിറ്റേന്നു രാവിലെ പ്രസാദ് സാർ എന്നോടു പറഞ്ഞു, ‘യുദ്ധം ജയിക്കാനും പ്രണയം സഫലമാകാനും ചെറിയ ചതികളൊക്കെ ചെയ്യാം എന്ന് പുരാണങ്ങൾ പറയുന്നുണ്ട് അലൻസി യറേ, എന്റെ ശബ്ദം ഒന്നു കൂടി അനുകരിച്ചേ..’ ഞാൻ ആവുന്നതുപോലെ ശ്രമിച്ചു. പക്ഷേ, ആ രാത്രിക്കു മുമ്പോ അതിനുശേഷമോ പ്രസാദ് സാറിന്റെ ശബ്ദത്തിൽ ഒരു വാക്കു പോലും പറയാൻ എനിക്കു കഴിഞ്ഞിട്ടില്ല. ഭാര്യ സുശീല ജോർജ് അധ്യാപികയാണ്. മക്കൾ അലൻ സാവിയോ ലോപ്പസും അലൻ സ്റ്റീവ് ലോപ്പസും.  

സംവിധായകന്‍ കമൽ ഇന്ത്യ വിട്ടു പോകണം എന്നു ചിലര്‍ പറഞ്ഞപ്പോഴായിരുന്നു നാലാൾ അറിഞ്ഞ് അലന്‍സിയര്‍ പ്രതിഷേധിച്ചത്. അതു കമലിന്റെ സിനിമയിൽ റോളിനു വേണ്ടിയാണ് എന്നു വരെ പറച്ചിലുണ്ടായി?

പഴയൊരു സംഭവം പറയാം. സുഹൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞിട്ട് ഞാൻ കമലിനെ കാണാൻ പോയി. രാവിലെ അ ഞ്ചു മണിക്കു പുത്തൻതോപ്പിൽ നിന്നിറങ്ങി. പത്തു മണിക്കു മുമ്പ് എറണാകുളത്തു കമൽ താമസിക്കുന്ന ഫ്ലാറ്റിലെത്തി കാത്തിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പറഞ്ഞു പത്തുമണിക്കു കാണാം. അതു പന്ത്രണ്ടായി, മൂന്നായി, അഞ്ചായി, ഏഴായി. അദ്ദേഹത്തിനു നല്ല തിരക്കുള്ള ദിവസമായിരിക്കണം.

ഏഴുമണി കഴിഞ്ഞപ്പോൾ ഞാൻ സുഹൃത്തിനോടു പറ ഞ്ഞു. ഇനി കമലിനെ കണ്ടിട്ടേ പോകുന്നുള്ളൂ.  ഞാൻ നേരേ അദ്ദേഹത്തിന്റെ അപാര്‍ട്ട്െമന്‍റിലേക്കു ചെന്നു. അദ്ദേഹവും കുറച്ചുപേരും എന്തോ ചർച്ചയിലാണ്. ഞാൻ ഒരു കസേര വലിച്ചു കമലിന്റെ മുന്നിലിട്ടിരുന്നു. എന്നിട്ടു പറഞ്ഞു: ‘സാർ എന്റെ പേര് അലൻസിയർ. ഒരു നാടകനടനാണ്. താങ്കളുടെ ഒരു അസിസ്റ്റന്റ് പറഞ്ഞതനുസരിച്ചു റോൾ ചോദിക്കാൻ വ ന്നതാണ്. രാവിലെ ഒന്‍പതു മണി മുതൽ ഈ ഫ്ലാറ്റിനു മു ന്നിൽ നിൽക്കുകയാണ്. ഞാനൊരു കലാകാരനാണ്. നാടകത്തിനുവേണ്ടി ഒരുപാട് ഉറക്കമൊഴിച്ച ഒരാളാണ്. നിങ്ങളുടെ സിനിമയിൽ റോൾ േവണ്ട. പക്ഷേ, ഇതുപോലെ, ഭിക്ഷക്കാരോടെന്ന പോലെ ഒരു പുതുമുഖങ്ങളോടും പെരുമാറരുത്.’ ഇത്രയും പറഞ്ഞു ഞാൻ ആ മുറിയിൽ നിന്ന് ഇറങ്ങി. ഇതാണ് കമലുമായുള്ള ബന്ധം. ആ കമലിനോട് നാടു വിടാൻ ചിലര്‍ പറഞ്ഞപ്പോഴാണ് ഞാൻ പ്രതിഷേധിച്ചത്. എന്നെ പുറത്തു നിർത്തിയ സംവിധായകനു വേണ്ടിയല്ല ഇന്ത്യയിൽ ജീവിക്കുന്ന ഒരു പൗരനുവേണ്ടിയാണ് ഞാൻ പ്രതിഷേധിച്ചത്. വിശദമായി പറഞ്ഞതു കമലിന്റെ സിനിമയിൽ എനിക്കു റോളു കിട്ടിയിട്ടില്ല എന്നു പറയാൻ വേണ്ടിയാണ്. എതിരഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും നല്ലതല്ല.

അന്ധമായ ആരാധനയല്ലേ ഇന്ന് സിനിമയുെട ശാപം?

‘തോപ്പിൽ ജോപ്പൻ’ എന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുമ്പോൾ എന്റെ രണ്ട് ആൺമക്കളും സ്കൂളിൽ നിന്ന് അവധിയെടുത്ത് മമ്മൂക്കയെ കാണാൻ വന്നു. ക്ലാസ്ടീച്ചര്‍ ചോദിച്ചപ്പോള്‍ പനിയായിരുന്നു എന്നു പറഞ്ഞ് ഒരുത്തന്‍  രക്ഷപ്പെട്ടു. രണ്ടാമത്തെയാൾ സത്യസന്ധമായി പറഞ്ഞു, ‘മ മ്മൂക്കയെ കാണാൻ പോയതാണ്’ എന്ന്. അവനെ ക്ലാസ്സിൽ നിലത്തിരുത്തി. വീട്ടിൽ വന്നു പരാതി പറഞ്ഞപ്പോള്‍ ഞാന്‍ ഗുണദോഷിച്ചു, ‘മോൻ വിഷമിക്കേണ്ട. അച്ഛനുള്‍പ്പെടെയുള്ള സിനിമാക്കാർക്ക് ഇത്രയൊക്കയേ വിലയുള്ളൂ...’

alansiar987

സിനിമാക്കാരോടുള്ള ആരാധന കേവലം ബാഹ്യമായ കൗതുകം മാത്രമാണെന്നു സിനിമാക്കാർ തിരിച്ചറിയണം. അതറിയാത്തതാണു പലരുടേയും കുഴപ്പം. സിനിമയിലെ ഒരു സുഹൃത്ത് പറഞ്ഞ സംഭവമാണ്. ഒരു ദിവസം സെറ്റിൽ നിന്നു അല്‍പം നേരത്തെ അദ്ദേഹം മടങ്ങി. ഹോട്ടല്‍മുറിയിലെത്തുമ്പോൾ കാണുന്ന കാഴ്ച അദ്ദേഹത്തിന്റെ ടൂത്ബ്രഷ് എടുത്ത് റൂം ബോയി വാഷ്ബേസിൻ വൃത്തിയാക്കുന്നതാണ്. ചോദ്യം ചെയ്തപ്പോൾ കുറച്ചു ദിവസമായി തുടരുന്നുണ്ട് ഈ കലാപരിപാടി. ഈ നടനോടുള്ള എന്തെങ്കിലും അനിഷ്ടമായിരിക്കാം കാരണം. ഇതൊക്കെയാണു യാഥാർഥ്യങ്ങൾ.

സിനിമാക്കാേരാട് എന്തുകൊണ്ടാണ് ഇത്ര ആരാധന എ ന്നു ചോദിച്ചാൽ സിനിമാക്കാരെ നമ്മൾ പല മടങ്ങ് വലുപ്പത്തി ലാണ് സ്ക്രീനിൽ കാണുന്നത്. നമ്മളെക്കാൾ വലുപ്പമുള്ളവരോട് നമുക്ക് ആരാധന കൂടുതലാണ്. നാടകക്കാരനെ പക്ഷേ, നമ്മുടെ തന്നെ വലിപ്പത്തിലാണ് കാണുന്നത്. അതുകൊണ്ട് അവിടെ ആരാധകർ കുറവാണ്.’’ പണ്ട് ഞാറമരങ്ങൾ വളർന്നു നിന്ന കടപ്പുറം ഇപ്പോൾ ഉത്സവലഹരിയിലാണ്. മലയാള സിനിമയിലെ നല്ല സ്വഭാവനടനെ വരവേൽക്കാനുള്ള തയാറെടുപ്പിൽ ജയ്ഹിന്ദ് വായനശാലയുെട മുറ്റമൊരുങ്ങുന്നു; ജയിച്ചു വരുന്ന മകനെ സ്വീകരിക്കാൻ തയാറെടുക്കുന്ന അമ്മയെപ്പോലെ...

അച്ചനാകാന്‍ പോയപ്പോൾ

ഞാൻ പള്ളിയിൽ പോയി പ്രാർഥിക്കുകയോ കുമ്പസാരിക്കുകയോ ചെയ്യുന്ന ആളല്ല. എന്നാൽ രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ ഞാൻ പ്രാർഥിക്കുകയും െെദവത്തിനു നന്ദി പറയുകയും ചെയ്യാറുണ്ട്. അത് എന്റെ മുത്തശ്ശി പഠിപ്പിച്ച പാഠമാണ്. ഒരു തുള്ളി വെള്ളം കുടിക്കുമ്പോഴും ഒരു നേരത്തെ ആഹാരം കഴിക്കുമ്പോഴും ഞാൻ െെദവത്തിനു നന്ദി പറയുന്നു. പ്രീഡിഗ്രിക്കാലം വരെ ഞാൻ പള്ളിയിൽ സ്ഥിരമായി പോകുകയും കുർബാന െെകക്കൊള്ളുകയും ചെയ്തിരുന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഞാനൊരു അൾത്താരബാലനാണ്. സാധാരണ പത്താം ക്ലാസ്സു കഴിഞ്ഞവരാണ് ആ ജോലിയിലേക്കു വരുന്നത്. അന്ന് ഫാ ദർ ജോൺ പനയ്ക്കൽ എന്ന അച്ചനാണ് പള്ളിവികാരി. എന്നിൽ ഒരു കലാകാരനുണ്ടെന്നും എനിക്ക് താളബോധമുണ്ടെന്നും എന്നെ ബോധ്യപ്പെടുത്തിയത് പനയ്ക്കലച്ചനാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ആഗ്രഹപ്രകാരം സെമിനാരിയിൽ അച്ചനാകാൻ വേണ്ടി പോയി. അതേ വർഷം തന്നെ തിരിച്ചുപോന്നു.

പ്രതിഷേധിച്ചതിൽ ആരും പ്രതികരിച്ചില്ല

ഇതുവരെ ജീവനു ഭീഷണി ഉണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനേ. കാരണം, നമ്മുടെ പ്രതിഷേധം ഫലം കാണുന്നു എന്നല്ലേ അതിന്റെ അർഥം. എന്നാൽ അനാവശ്യമായ ഒരു ഫോൺകോൾ പോലും ഞാൻ ആർക്ക് എതിരാണോ പ്രതിഷേധിച്ചത് അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വ്യക്തിപരമായി ഒരു മോശം വാക്കുപോലും അവർ എനിക്കെതിരെ പറഞ്ഞില്ല.

എന്നെ വിഷമിപ്പിച്ചത് ഞാൻ പ്രതിഷേധിച്ചതറിഞ്ഞ് ചില ആൾക്കാർ എനിക്കു പാരിതോഷികവും കൊണ്ടുവന്നു എന്നതാണ്. സ്വർണമാല കൊണ്ടുവന്നവരുണ്ട്. വില കൂടിയ തുണിത്തരങ്ങളും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവ ന്നവരുണ്ട്. അവരോടൊക്കെ ഞാൻ പറഞ്ഞു. ‘‘ഞാൻ ഇതിനൊന്നുംവേണ്ടി പ്രതിഷേധിച്ച ആളല്ല. ഞാനൊരു കലാകാരനാണ്. നാടകക്കാരനാണ്. അനീതിക്കെതിരെ ശ ബ്ദിക്കുക എന്നത് എന്റെ രക്തത്തിൽ ഉള്ള കാര്യമാണ്. അതുകൊണ്ട് ഈ പാരിതോഷികങ്ങൾ തിരിച്ചു കൊണ്ടുപൊയ്ക്കൊള്ളൂ. നിങ്ങളിൽ നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ പറയാം.’'

alenciar0200