Friday 16 November 2018 11:08 AM IST : By സ്വന്തം ലേഖകൻ

കഠ്‌‌വ കൂട്ടമാനഭംഗക്കേസില്‍ ഇനി ദീപികയില്ല! വക്കാലത്ത് പിൻവലിക്കാൻ തീരുമാനിച്ച് ഇരയുടെ കുടുംബം

deepika-rajawath

രാജ്യത്തെ നടുക്കിയ കഠ്​വ കൂട്ടമാനഭംഗക്കേസിൽ നിന്നും അഭിഭാഷക ദീപിക സിങ് രജാവത്തിനെ മാറ്റിയതായി അറിയിച്ച് ഇരയുടെ കുടുംബം. ദീപികയുടെ ജീവന്റെ രക്ഷയെ കരുതിയാണ് അവരെ കേസിൽ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. കേസില്‍ ഹാജരാകാന്‍ അഭിഭാഷകയ്ക്ക് നല്‍കിയ വക്കാലത്തും കുടുംബം പിന്‍വലിക്കും.

കഠ്​വ കൂട്ടമാനഭംഗക്കേസ്‌ ഏറ്റെടുത്ത ശേഷം ദീപികയ്ക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വധഭീഷണി ഉൾപ്പെടെ ലഭിച്ചിരുന്നു. എന്നാൽ കേസിൽ നിന്നും പിന്മാറാതെ ഭീഷണികളെ കരുത്തോടെ നേരിടുകയായിരുന്നു ദീപിക. ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട എട്ടു വയസുകാരിയുടെ നീതിക്കായി ആദ്യം ശബ്ദമുയർത്തിയതും ദീപികയായിരുന്നു.

ഇതേ തുടർന്ന് ദീപികയ്‌ക്കെതിരെ അഭിഭാഷകർ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. മാനഭംഗപ്പെടുത്തുമെന്നും വധിക്കുമെന്നും പറഞ്ഞ് നിരവധി സന്ദേശങ്ങളാണ് ദീപികയ്‌ക്ക് ലഭിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും പുറകോട്ടില്ലെന്നും പെൺകുട്ടിയുടെ നീതിയ്ക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും അവർ ഉറക്കെ പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്ന് എട്ടുവയസുകാരിയെ കാണാതായത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷം ജനുവരി 17 ന് വനത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു. മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു മേൽജാതിയിൽപ്പെട്ട പ്രതികള്‍ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.